ലാപ്ടോപ് ഇറക്കുമതി നിയന്ത്രണം ഒരു വർഷത്തേക്ക് മരവിപ്പിച്ചേക്കും
Mail This Article
ന്യൂഡൽഹി∙ വിദേശത്തുനിന്നുള്ള ലാപ്ടോപ്, പഴ്സനൽ കംപ്യൂട്ടർ (പിസി), ടാബ്‍ലെറ്റ് അടക്കമുള്ളവ ഇറക്കുമതി ചെയ്യുന്നതിന് ഒരു വർഷത്തേക്കു നിയന്ത്രണമുണ്ടാകില്ല. കേന്ദ്രം ഓഗസ്റ്റിൽ ഏർപ്പെടുത്തിയ ഇറക്കുമതി നിയന്ത്രണം നടപ്പാക്കുന്നത് ഒരു വർഷം നീട്ടിവയ്ക്കാൻ ധാരണയായി. ഇതുസംബന്ധിച്ച ഉത്തരവ് വൈകാതെ ഇറങ്ങിയേക്കും. ലാപ്ടോപ് കമ്പനികളുടെ പ്രതിനിധികളുമായി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ നടത്തിയ ചർച്ചയിലാണ് തീരുമാനം.
ഇതോടെ വിപണിയിൽ ഒരു വർഷത്തേക്ക് ലാപ്ടോപ്പുകളുടെ ലഭ്യത കുറയാനും, വിലകൂടാനുമുള്ള സാധ്യത ഒഴിവായി. ഇന്ത്യയിൽ തന്നെ ലാപ്ടോപ് അസംബ്ലിങ് പദ്ധതികൾ ആവിഷ്കരിക്കാൻ കമ്പനികൾക്ക് കൂടുതൽ സമയവും ലഭിക്കും.വിദേശത്തുനിന്നുള്ള ലാപ്ടോപ്, പഴ്സനൽ കംപ്യൂട്ടർ (പിസി), ടാബ്‍ലെറ്റ് അടക്കമുള്ളവയുടെ ഇറക്കുമതിക്ക് കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തിയത് ഓഗസ്റ്റ് ആദ്യവാരമാണ്. അപ്രതീക്ഷിതമായി ഇറങ്ങിയ ഉത്തരവ് വിപണിയിൽ കാര്യമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് വിമർശനമുയർന്നിരുന്നു.
തുടർന്ന് 3 മാസത്തേക്ക് തീരുമാനം മരവിപ്പിച്ചു. നവംബർ 1 മുതൽ നിയന്ത്രണം പ്രാബല്യത്തിൽ കൊണ്ടുവരാനാണ് തീരുമാനിച്ചതെങ്കിലും കമ്പനികൾ കൂടുതൽ സാവകാശം ആവശ്യപ്പെടുകയായിരുന്നു.ചൈനയിൽ നിന്നുള്ള ലാപ്ടോപ് ഇറക്കുമതിയെ ചെറുക്കുകയെന്നതാണ് കേന്ദ്രത്തിന്റെ പരോക്ഷ ലക്ഷ്യം. കംപ്യൂട്ടറിന് ആവശ്യമായ ഘടകങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണമില്ല. ഇവ ഉപയോഗിച്ച് ഇന്ത്യയിൽ തന്നെ അസംബ്ലി ചെയ്യണമെന്നതാണ് കേന്ദ്രം കമ്പനികൾക്കു നൽകുന്ന സന്ദേശം.
Content Highlight: Laptop import restrictions may be frozen for a year