പെട്രോൾ, ഡീസൽ കയറ്റുമതി നിർത്തി റഷ്യ
Mail This Article
മോസ്കോ∙ രാജ്യത്തെ ദൗർലഭ്യം പരിഹരിക്കാനും വില നിയന്ത്രിക്കാനുമായി പെട്രോളിന്റെയും ഡീസലിന്റെയും കയറ്റുമതി നിരോധിക്കാനുള്ള റഷ്യയുടെ തീരുമാനത്തിനു പിന്നാലെ രാജ്യാന്തര വിപണിയിൽ ക്രൂഡ് വില ഉയർന്നു. ഇതോടെ ബ്രെന്റ് ക്രൂഡ് വില ബാരലിന് 94 ഡോളർ കടന്നു. യൂറോപ്പിലുൾപ്പെടെ പെട്രോൾ, ഡീസൽ വിലകളും ഉയർന്നു.
യൂറോപ്പിൽ 5 ശതമാനമാണ് ഡീസൽ വില ഉയർന്നത്. യൂറേഷ്യൻ ഇക്കണോമിക് യൂണിയനിൽപ്പെടുന്ന രാജ്യങ്ങൾക്കൊഴികെ ഇന്ധനം നൽകേണ്ടെന്നാണ് റഷ്യയുടെ തീരുമാനം. ബെലാറൂസ്, കസക്കിസ്ഥാൻ, അർമീനിയ, കിർഗിസ്ഥാൻ എന്നിവയാണ് യൂണിയനിലുള്ളത്.
ഒപെക് രാജ്യങ്ങൾക്കൊപ്പം ക്രൂഡ് ഉൽപാദനവും റഷ്യ വെട്ടിക്കുറച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഡീസൽ വിതരണ രാജ്യങ്ങളിലൊന്നാണ് റഷ്യ. കേന്ദ്രബാങ്കുകൾ പലിശനിരക്കുകൾ വെട്ടിക്കുറച്ച് വിലക്കയറ്റം പിടിച്ചുകെട്ടാൻ പാടുപെടുമ്പോഴാണ് റഷ്യയുടെ കുടുത്ത തീരുമാനം. ക്രൂഡ് വില 100 ഡോളർ വരെ കടന്നേക്കുമെന്നാണ് വിലയിരുത്തലുകൾ. കഴിഞ്ഞ ജൂണിനുശേഷം എണ്ണവില 30% ഉയർന്നിട്ടുണ്ട്.