ADVERTISEMENT

സൂചനാ സമരമെന്ന് നമ്മളൊരുപാട് കേട്ടിട്ടുണ്ട്. സൂചന കണ്ടു പഠിച്ചില്ലെങ്കിൽ, ഇന്നീ സമരം ആളിപ്പടരും, നീളെപ്പടരും തുടങ്ങിയ മുദ്രാവാക്യങ്ങളും കേട്ടു തഴമ്പിച്ചതാണ്. അമേരിക്കയിലെ ഡെട്രോയിറ്റ് നഗരത്തിൽ അങ്ങനെയൊരു ഗംഭീര സൂചനാ സമരം നടന്നു. ഫോഡ്, ജിഎം തുടങ്ങിയ കാർ കമ്പനികളിലെ 13000 തൊഴിലാളികൾ പങ്കെടുത്തത് ലോകം മുഴുവൻ വാർത്തയായി.

യുഎഡബ്ല്യു ട്രേഡ് യൂണിയൻകാരുടെ സമരമായിരുന്നു. ഓട്ടമൊബീൽ കമ്പനി ജീവനക്കാരുടെ യൂണിയനാകുന്നു യുണൈറ്റഡ് ഓട്ടോ വർക്കേഴ്സ് എന്ന യുഎഡബ്ല്യു. 36% ശമ്പള വർധന ആവശ്യപ്പെട്ടാണ് സൂചനാ പണിമുടക്ക്. 10 ദിവസം സമരം ചെയ്താൽ എത്ര ബില്യൻ ഡോളർ നഷ്ടം വരും എന്നൊക്കെ കണക്കുകളുണ്ടായി!

അമേരിക്കയിൽ വൻ പണിമുടക്കുകൾ പിന്നെയും വന്നു തുടങ്ങിയിട്ടുണ്ട്. എയർപോർട്ടുകളി‍ൽ വിമാനങ്ങളുടെ വരവുപോക്ക് നിയന്ത്രിക്കുന്ന എയർട്രാഫിക് കൺട്രോളർമാരുടേതായിരുന്നു അവസാനത്തെ വൻ സമരം. 1981ൽ! തങ്ങൾ സമരിച്ചാൽ ഒറ്റ വിമാനവും പൊങ്ങില്ല, താഴെ ഇറങ്ങില്ല എന്നായിരുന്നു അവരുടെ ഡംഭ്. പണിമുടക്കിയ എയർ ട്രാഫിക് കൺട്രോളർമാരെ മുഴുവനും പ്രസിഡന്റ് റോണൾഡ് റീഗൻ പിരിച്ചുവിട്ടു! അതോടെ യൂണിയനുകളുടെ നടുവൊടിഞ്ഞു.

ഇപ്പോഴത്തെ സ്ഥിതി എന്താന്നു ചോദിച്ചാൽ ഇത്രയും വലിയ വ്യവസായ രാജ്യമായിട്ടും ഒരു വർഷം 20ൽ താഴെ സമരങ്ങൾ മാത്രം. സ്വകാര്യ മേഖലയില 6% തൊഴിലാളികൾ മാത്രമേ ട്രേഡ് യൂണിയനിൽ അംഗങ്ങളായിട്ടുള്ളു. ഇക്കൊല്ലം തൊഴിൽ വിപണിയിൽ ക്ഷാമമായി, പുതിയ ജോലി കിട്ടാൻ പ്രയാസമായെന്നു മാത്രമല്ല എഐ, ചാറ്റ് ജിപിടി തുടങ്ങിയവ വന്ന്, ഉള്ള ജോലി കൂടി ഇല്ലാതാവുമോ എന്ന ഭീതിയും സകല മേഖലകളിലും പടർന്നു. അതോടെ യൂണിയനുകൾക്ക് പിന്തുണ കൂടി.

മാസങ്ങളായി ഹോളിവുഡിലെ തിരക്കഥ എഴുത്തുകാരും നടീനടൻമാരും പ്രതിഫലം കൂട്ടണമെന്ന് ആവശ്യപ്പെട്ട് പണിമുടക്കിയതു കാരണം അനേകം പടങ്ങളുടെ ഷൂട്ടിങ് തന്നെ മുടങ്ങിയിരിക്കുകയാണ്. എയർലൈൻ കമ്പനികളിലെ ഫ്ലൈറ്റ് അറ്റൻഡന്റുമാരും സമരം തുടങ്ങാൻ പോവുകയാണത്രേ. വിമാനക്കമ്പനി ശമ്പളത്തിൽ എന്തൊരു വീഴ്ച! അതു പോരാഞ്ഞ് ജോലിയുടെ പേരിൽ തന്നെ എന്തൊരു അധഃപതനം! എയർ ഹോസ്റ്റസ് എന്ന ഗ്ലാമർ പേരുതന്നെ ഇല്ലാതായി– കാബിൻ ക്രൂ. അതും കഴി‍ഞ്ഞ് ഫ്ലൈറ്റ് അറ്റൻഡന്റ്. സമരം ചെയ്തില്ലെങ്കിലേ അദ്ഭുതമുള്ളു!

പക്ഷേ, അവിടൊക്കെ പണിമുടക്കണോ വേണ്ടേ എന്ന കാര്യത്തിൽ ജീവനക്കാർക്കിടയിൽ ആദ്യം റഫറണ്ടം നടത്തും. ഭൂരിപക്ഷം കിട്ടിയാൽ മാത്രമേ പണിമുടക്കുള്ളൂ!

ഒടുവിലാൻ∙ഏത് ഇംഗ്ലിഷ്‌ വാക്കിനും അമേരിക്കക്കാർ ഒരു മാറ്റം വരുത്തും. പെട്രോൾ പമ്പിനെ ഗ്യാസ് സ്റ്റേഷൻ ആക്കിയ പോലെ. സ്ട്രൈക്കിന് അമേരിക്കയിലെ വാക്ക് ഇൻഡസ്ട്രിയൽ ആക്‌ഷൻ! ഇവിടെ ഓട്ട് കമ്പനി– കശുവണ്ടിയാപ്പീസ് സമരങ്ങളെയും ഇനി വ്യവസായ ഏക്‌ഷൻ എന്നു വിളിക്കുമായിരിക്കും!

Content Highlight: Industrial Strike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com