ബ്ലേഡ് ആപ്പുകൾക്കൊരു ബദൽ; ആർബിഐ നിയന്ത്രണത്തിൽ ഡിജിറ്റൽ വായ്പ
Mail This Article
വായ്പാ ആപ്പുകളുടെ ഭീഷണി മൂലം വായ്പയെടുത്തവരും കുടുംബങ്ങളും ആത്മഹത്യ ചെയ്യേണ്ടി വന്ന വാർത്ത ഈയടുത്തകാലത്താണ് നമ്മെ നടുക്കിയത്. നിയന്ത്രണങ്ങൾക്കൊന്നും വിധേയമല്ലാതെ പ്രവർത്തിക്കുന്ന ആപ്പുകളാണ് ഇതിലെ പ്രതികൾ. വായ്പാ തുകകളാവട്ടെ അത്ര വലുതല്ല താനും.
ചെറിയ തുകകൾ വായ്പയെടുക്കാൻ ആശ്രയിക്കാവുന്ന ‘ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ’ റിസർവ് ബാങ്കിന്റെ അനുമതിയോടെ പ്രവർത്തിക്കുന്നുണ്ട്. വായ്പകൊടുക്കാൻ തയാറുള്ളവരെയും ആവശ്യക്കാരെയും കൂട്ടിമുട്ടിക്കുന്ന ഡിജിറ്റൽ വേദികൾ എന്ന് ഇവയെ പറയാം. സാങ്കേതികമായി ‘പിയർ ടു പിയർ’ വായ്പാ ദാതാക്കൾ എന്ന നിലയ്ക്ക് റിസർവ് ബാങ്ക് നിയന്ത്രിക്കുന്നു. സമാനതകളുള്ള (പിയർ) വായ്പാ ആവശ്യക്കാരെയും ദാതാക്കളെയും നിയന്ത്രണങ്ങൾക്ക് വിധേയമായി കൂട്ടിമുട്ടിക്കുകയെന്ന പ്രക്രിയയാണ് ഈ ഡിജിറ്റൽ കമ്പനികൾ ചെയ്യുന്നത് .
വാർത്തകളിൽ വന്നതു പോലെയുള്ള ഭീഷണിയും മറ്റു ക്രിമിനൽ സ്വഭാവമുള്ള നടപടികളും ഇത്തരം നിയന്ത്രിതമായി പ്രവർത്തിക്കുന്ന പ്ലാറ്റ്ഫോമുകൾ വഴിയുള്ള വായ്പയെടുക്കുന്നവർക്കു നേരിടേണ്ടി വരാറില്ല. അതിക്രമങ്ങൾ ഉണ്ടായാൽ പരാതികളിൽ റിസർവ് ബാങ്കിന് ഇടപെടേണ്ട ഉത്തരവാദിത്തവുമുണ്ട്. ഈടില്ലാ വായ്പകൾക്കായി ഉപയോഗിക്കപ്പെടുന്ന ഈ മേഖല വഴി ഇന്ന് 5000 കോടി രൂപയോളം വായ്പകൾ നൽകപ്പെട്ടിട്ടുണ്ട്. വ്യക്തികൾ തമ്മിലാണെങ്കിൽ പരമാവധി വായ്പ തുക 50,000 രൂപയാണ്. 500/1000 രൂപ എന്നിങ്ങനെ ചെറിയ തുകകൾ വായ്പയായി കൊടുക്കുന്ന പ്ലാറ്റ്ഫോമുകളും പ്രവർത്തിക്കുന്നുണ്ട്. പരമാവധി ഒരു നിക്ഷേപകന് (വായ്പാദാതാവിന്) നൽകാൻ പറ്റുന്ന തുക 50 ലക്ഷം രൂപയായി റിസർവ് ബാങ്ക് നിജപ്പെടുത്തിയിട്ടുണ്ട്. വായ്പയുടെ കാലാവധി 36 മാസത്തിൽ കൂടാനും പാടില്ല. ഇവയെക്കുറിച്ചുള്ള അടിസ്ഥാനവിവരങ്ങൾ ചുവടെ .
ഈ വായ്പാ പ്ലാറ്റ്ഫോമുകൾക്ക് റിസർവ് ബാങ്ക് അനുമതിയുണ്ടോ ?
ആർബിഐ നിർദേശപ്രകാരം ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് ‘പി2പി’ പ്ലാറ്റ്ഫോമുകളായി പ്രവർത്തിക്കാൻ പ്രത്യേക റജിസ്ട്രേഷൻ ആവശ്യമുണ്ട്. ഇത്തരം കമ്പനികൾക്ക് ഏറ്റവും കുറഞ്ഞത് 2 കോടി രൂപയുടെയെങ്കിലും ആസ്തി വേണം. (ഈ പണം വായ്പ കൊടുക്കാനുള്ളതല്ല). ഈ കമ്പനികൾ വായ്പാദാതാക്കളെയും ആവശ്യക്കാരേയും ഒരേ വേദിയിലേക്ക് കൊണ്ടുവരുന്നു. ആർബിഐ അനുമതിയോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളായതു കൊണ്ട് ഈ ഡിജിറ്റൽ വായ്പാ വേദികൾ വിശ്വാസയോഗ്യമാണ്. ഇപ്പോൾ, 25 കമ്പനികൾക്ക് ഈ മേഖലയിൽ പ്രവർത്തിക്കാനുള്ള അനുമതിയുണ്ട് . ഇവയുടെ പൂർണ ലിസ്റ്റ് rbi.org.in വെബ്സൈറ്റിൽ ഉണ്ട്. ഇവയിൽ ദേശീയ തലത്തിൽ അറിയപ്പെടുന്നവ ലെൻഡൻ ക്ലബ്, ലിക്വി ലോൺസ്, ലെൻഡ് ബോക്സ്, ഫെയർ സെന്റ് തുടങ്ങിയവയാണ്.
എങ്ങിനെയാണ് ഇതിലെ വായ്പാ ഇടപാടുകൾ നടക്കുക ?
വളരെ ചുരുക്കത്തിൽ ഇതിനെ ഒരു ക്രൗഡ് ഫണ്ടിങ് പ്രക്രിയയോട് ഉപമിക്കാം. വായ്പ ആവശ്യമുള്ളവരും കൊടുക്കാൻ തയാറായിട്ടുള്ളവരും ഈ പ്ലാറ്റ്ഫോമുകളിൽ റജിസ്റ്റർ ചെയ്യണം. ബാങ്കുകളിലെ പോലെ ആധാർ, പാൻ കാർഡ് മുതലായ തിരിച്ചറിയൽ രേഖകളുടെ അടിസ്ഥാനത്തിലാണ് റജിസ്ട്രേഷൻ നടത്തുക. പണം നിക്ഷേപിക്കാൻ/ വായ്പയായി കൊടുക്കാൻ തയാറുള്ളവർ അവരുടെ നിക്ഷേപം ഈ കമ്പനികളുടെ പക്കൽ ഏൽപിക്കുന്നു. വായ്പ എടുക്കാനായി റജിസ്റ്റർ ചെയ്തവരുടെ സാമ്പത്തിക സ്ഥിതി വിശേഷങ്ങളടക്കമുള്ള വിവരങ്ങൾ ഈ കമ്പനികൾ സൂക്ഷിക്കുന്നു. ഇടപാടുകൾക്ക് ഒരു പൊതുസ്വഭാവമൊന്നും ഇതുവരെ രൂപപ്പെട്ടിട്ടില്ല. ചില കമ്പനികൾ വായ്പയെടുക്കുന്നവരെ സ്വയം തിരഞ്ഞെടുത്തു നൽകുമ്പോൾ, മറ്റു ചില കമ്പനികൾ ആർക്കു വായ്പ കൊടുക്കണം എന്ന തീരുമാനം നിക്ഷേപകർക്ക്/ വായ്പാദാതാക്കൾക്കു വിടുന്നു. പലിശ നിരക്കുകളിലും നിയന്ത്രണമില്ല. വായ്പ കൊടുക്കുന്നതും തിരിച്ചടവും ഈ കമ്പനികൾ വഴിയായതിനാൽ രണ്ടു വശത്തുനിന്നും നിശ്ചിത തുക ഫീസായി കമ്പനികൾ ഈടാക്കും
ആരൊക്കെയാണ് ഈ ഡിജിറ്റൽ വേദികളിലൂടെ വായ്പയെടുക്കുന്നവർ ?
ബാങ്കുകൾ അഥവാ മറ്റു ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ വായ്പാ നൂലാമാലകൾ ഇല്ലാതെ ചെറിയ തുകകൾ വായ്പയായി പെട്ടെന്നെടുക്കാൻ താൽപര്യമുള്ളവരാണ് ഈ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നത്. താഴ്ന്ന ക്രെഡിറ്റ് സ്കോർ ഉള്ളവരും ഇതിൽപെടും. അതുകൊണ്ട് ഇതിലെ പലിശ നിരക്കുകളും കൂടുതലായിരിക്കും. ഏകദേശം 15 മുതൽ 20% വരെ വാർഷിക പലിശ ഈ വായ്പകൾക്ക് ഈടാക്കപ്പെടുന്നു. പേപ്പർ വർക്ക് കൂടാതെ എളുപ്പത്തിൽ ആപ് വഴി എന്നപോലെ പെട്ടെന്ന് വായ്പകൾ കിട്ടുന്നുവെന്നതാണ് ആകർഷണം.
കിട്ടാക്കടത്തിന്റെ പ്രശ്നങ്ങൾ ഇല്ലേ ?
ഉണ്ട്. വേദിയൊരുക്കുന്നു എന്നതിൽ കവിഞ്ഞ ഒരു ഉറപ്പും ഈ കമ്പനികൾ നിക്ഷേപകർക്കോ വായ്പയെടുക്കുന്നവർക്കോ നൽകുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം. എങ്കിലും ലെൻഡൻ ക്ലബ് (lendenclub.com) പോലുള്ള സ്ഥാപനങ്ങൾ അവകാശപ്പെടുന്നത് നിക്ഷേപകർക്ക് ശരാശരി 12 ശതമാനത്തോളം നേട്ടം നൽകുന്നു എന്നാണ്. വായ്പ കിട്ടാക്കടമായാൽ അത് തിരിച്ചു പിടിക്കാൻ നിയമാനുസൃതമായി ഇവർ സഹായിക്കുമെങ്കിലും നഷ്ടം ബന്ധപ്പെട്ട വായ്പാദാതാവ് തന്നെ സഹിക്കണം. തിരിച്ചടവിൽ വീഴ്ച വരുത്തിയവരുടെ പേര് വിവരങ്ങൾ സിബിൽ പോലെയുള്ള കമ്പനികൾക്ക് കൈമാറും. നേരിട്ടുള്ള കൈവായ്പകളെ അപേക്ഷിച്ചു കുറേക്കൂടി നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒരു വായ്പാ വിപണിയായി ഈ ഡിജിറ്റൽ വേദികളെ കണക്കാക്കാം.
Content Highlight: RBI approved loan apps