ADVERTISEMENT

കൊച്ചി ∙ രാജ്യത്തെ 6 കേന്ദ്രങ്ങളിലെ തേയില ലേലം മൂന്നാഴ്ച നിർത്തിവയ്ക്കാൻ ടീ ബോർഡ് ഉത്തരവിട്ടു; ഇന്നലെ ലേലം നടക്കുന്നതിനു മണിക്കൂറുകൾക്കു മുൻപാണ് അപ്രതീക്ഷിത നടപടി. എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി ലക്ഷക്കണക്കിനു കിലോഗ്രാം തേയില എത്താനിരിക്കെയാണു ലേലം നിർത്തിവച്ചത്. തുടർച്ചയായ 3 ആഴ്ച ലേലം നിലയ്ക്കുന്നതോടെ തേയില ദൗർലഭ്യം രൂക്ഷമായേക്കും. ടീ ബോർഡ് നടപടിക്കെതിരെ തേയില വ്യവസായ മേഖലയിൽ നിന്നു കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. 

ലേലം രീതിയിൽ വീണ്ടും മാറ്റം വരുത്തുന്നതിനാണു ബോർഡ് ലേലം തന്നെ നിർത്തി വയ്ക്കുകയെന്ന ‘കടുപ്പമേറിയ’ തീരുമാനമെടുത്തത്. നിലവിലെ ഭാരത് ഓക്‌ഷൻ രീതി ഉപേക്ഷിച്ചു പഴയ ബ്രിട്ടിഷ് രീതിയിലേക്കു മടങ്ങാനാണു ബോർഡിന്റെ നീക്കം. എന്നാൽ, ചർച്ച കൂടാതെ ലേലത്തിനു തൊട്ടുമുൻപ് വ്യവസായത്തെ തന്നെ സ്തംഭിപ്പിക്കുന്ന രീതിയിൽ ലേലം നിർത്തിവച്ചതിലാണു വ്യവസായ മേഖലയുടെ പ്രതിഷേധം. ഭാരത് ഓക്‌ഷൻ ആദ്യം നടപ്പാക്കിയതു ദക്ഷിണേന്ത്യയിലാണ്. 

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നടപ്പാക്കിയതു സമീപകാലത്തും. പ്രത്യേകിച്ചു നേട്ടമൊന്നുമില്ലാത്ത ഭാരത് ഓക്‌ഷൻ പിൻവലിക്കണമെന്നു വടക്കു കിഴക്കൻ ലേല കേന്ദ്രങ്ങൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

 ബ്രിട്ടിഷ് – ഭാരത് 

ബ്രിട്ടിഷ് രീതിയിൽ ലേലം ആരംഭിച്ച ശേഷവും ബിഡ് ചെയ്യാമായിരുന്നു. പുതിയ രീതിയിലാകട്ടെ, ലേലം ആരംഭിക്കുന്നതിനു മുൻപു തന്നെ തുക ബിഡ് ചെയ്യണം. രാജ്യത്തെ 6 ലേലം കേന്ദ്രങ്ങളിൽ പ്രമുഖ സ്ഥാനമാണു കൊച്ചിക്ക്. കോവിഡ് കാലത്തു പോലും സുരക്ഷിതമായി ലേലം നടത്തുകയും തേയില ലഭ്യത ഉറപ്പാക്കുകയും ചെയ്ത കേന്ദ്രമാണു കൊച്ചി. കേരളത്തിലെയും തമിഴ്നാട്ടിലെയും തോട്ടങ്ങളിൽ നിന്നുള്ള തേയിലയാണു കൊച്ചിയിൽ ലേലം ചെയ്യുന്നത്. കൂനൂരും കോയമ്പത്തൂരുമാണു ദക്ഷിണേന്ത്യയിലെ മറ്റു കേന്ദ്രങ്ങൾ. കൊൽക്കത്ത, സിലിഗുഡി, ഗുവാഹത്തി എന്നിവയാണ് വടക്കു കിഴക്കൻ മേഖലയിലെ കേന്ദ്രങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com