കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 7 മെഗാ പദ്ധതികൾക്കു തുടക്കം
Mail This Article
നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 7 മെഗാ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സമൂഹത്തിനാകെ ഉപകരിക്കുന്ന വ്യവസായങ്ങൾ നടത്തുന്നതോ കമ്പോളത്തിൽ ഇടപെടുന്നതോ സർക്കാരിന്റെ കടമയല്ലെന്ന ഉദാരവൽക്കരണ ചിന്തയ്ക്ക് ബദൽ മാതൃകകളാണ് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കേന്ദ്രം വിൽപനയ്ക്ക് വയ്ക്കുന്ന സ്ഥാപനങ്ങളെ വരെ ഏറ്റെടുത്തു നടത്തുന്ന സംസ്ഥാന സർക്കാരിന്റെ വികസന കാഴ്ചപ്പാടിന്റെ മികച്ച ഉദാഹരണമാണ് സിയാൽ എന്ന് മുഖ്യമന്ത്രി പറഞ്ഞു.ഇംപോർട്ട് കാർഗോ ടെർമിനൽ, ഡിജി യാത്രാ സംവിധാനം. വിമാനത്താവള സുരക്ഷാ സംവിധാനങ്ങളുടെ ആധുനികവൽക്കരണം എന്നിവയുടെ ഉദ്ഘാടനവും രാജ്യാന്തര ടെർമിനൽ വികസനം ഒന്നാം ഘട്ടം, ഗോൾഫ് ടൂറിസം, എയ്റോ ലൗഞ്ച്, വിമാനത്താവളത്തിന് ചുറ്റും ഇലക്ട്രോണിക് സുരക്ഷാ വലയം എന്നിവയുടെ നിർമാണോദ്ഘാടനവുമാണ് നടന്നത്.
മന്ത്രി പി.രാജീവ് അധ്യക്ഷനായിരുന്നു. മന്ത്രിമാരായ കെ.രാജൻ, പി.എ.മുഹമ്മദ് റിയാസ്, എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം.ജോൺ, സിയാൽ ഡയറക്ടർമാരായ എം.എ.യൂസഫലി, ഇ.കെ.ഭരത് ഭൂഷൺ, അരുണ സുന്ദരരാജൻ, എൻ.വി.ജോർജ്, ഡോ. പി.മുഹമ്മദലി, ചീഫ് സെക്രട്ടറി ഡോ. വി.വേണു, സിയാൽ എംഡി എസ്.സുഹാസ്, നഗരസഭാധ്യക്ഷൻ മാത്യു തോമസ്, കമ്പനി സെക്രട്ടറി സജി കെ.ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
Content Highlight: Chief Minister Pinarayi Vijayan inagurate seven projects of CIAL