ഹൃദ്രോഗം മൂലം ഗൃഹനാഥൻ കിടപ്പിൽ; പട്ടിണിയിൽ ഒരു കുടുംബം
Mail This Article
കൊല്ലം ∙ അപ്രതീക്ഷിതമായുണ്ടായ ഹൃദ്രോഗം മൂലം ഗൃഹനാഥൻ കിടപ്പിലായതോടെ തീർത്തും പട്ടിണിയിലായ അവസ്ഥയിലാണ് വെള്ളിമൺ ഇടവട്ടത്തുള്ള ഒരു കുടുംബം. അടിയന്തരമായി ശസ്ത്രക്രിയ ചെയ്തില്ലെങ്കിൽ ജീവൻ തന്നെ അപകടത്തിലാകുമെന്നു ഡോക്ടർമാർ പറഞ്ഞിട്ട് ആഴ്ചകളായി. പട്ടിണിയിൽ നിന്നു കരകയറാൻ ശ്രമിക്കുന്നതിനിടെ എങ്ങനെ ചികിൽസ എന്ന ചോദ്യത്തിന് പക്ഷേ, ഉത്തരമില്ല.
വെള്ളമൺ ഇടവട്ടത്ത് തിരുവാതിര ഭവൻ എന്ന വീട്ടിൽ വാടയ്ക്കു കഴിയുന്ന മണികണ്ഠനാണ് (45) ചികിൽസാ സഹായത്തിനായി സുമനസുകളുടെ കാരുണ്യം തേടുന്നത്. ഹോട്ടൽ ജോലിക്കാനായിരുന്നു മണികണ്ഠൻ. കൊറോണ വ്യാപിച്ചതോടെ ജോലിക്കു പോകാൻ കഴിയാതെയായി. കഴിഞ്ഞ 7 മാസമായി പണിയില്ല. ഇതിനിടെയാണു കഴിഞ്ഞ മാസം ഹൃദയാഘാതം ഉണ്ടായത്. ചികിൽസയ്ക്കു പണമില്ലാത്തതിനാൽ ആദ്യം ഗ്യാസ് ട്രബിളാണെന്നു കരുതി ആശ്വസിക്കാൻ ശ്രമിച്ചെങ്കിലും നെഞ്ചിനു വേദന സഹിക്കാൻ കഴിയാതപ്പോഴാണു നാട്ടുകാരുടെ സഹായത്തോടെ ഇവർ ആശുപത്രിയിലെത്തിയത്.
പരിശോധനയിൽ ഹൃദയത്തിന്റെ നില അപകടാവസ്ഥയിലാണെന്നു കണ്ടെത്തി. 7 വയസുകാരിയായ ഒരു മകളും ഭാര്യയും അടങ്ങുന്നതാണ് മണികണ്ഠന്റെ കുടുംബം. മണികണ്ഠനു ജോലിക്കു പോകാൻ കഴിയാതായതോടെ വീട്ടിലെ വരുമാനവും നിലച്ചിരിക്കുകയാണ്. ഇപ്പോൾ അയൽവാസികൾ നൽകുന്ന സഹായം കൊണ്ടാണ് ജീവിതം മുന്നോട്ടു പോകുന്നത്. വാടക പോലും ഇതു വരെ കൊടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഇവർ പറയുന്നു. കരുണയുള്ളവരുടെ സഹായം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണിവർ.
ചികിൽസാ ധന ശേഖരണത്തിനായി എസ്ബിഐ കുണ്ടറ ശാഖയിൽ ഭാര്യ ടി.ഡെയ്സിയുടെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ 67117088217. ഐഎഫ്എസ് കോഡ് – SBIN0070064. ഫോൺ: 81568 40756, 85901 19830