വൃക്ക രോഗം: ശസ്ത്രക്രിയയ്ക്കായി സുമനസ്സുകളുടെ സഹായം തേടി പൊന്നപ്പൻ
Mail This Article
കോട്ടയം ∙ വൃക്ക രോഗ ശസ്ത്രക്രിയയ്ക്കായി ഓടിത്തളർന്ന് പെരുമ്പായിക്കാട് മള്ളുശേരി എ.കെ.പൊന്നപ്പൻ (71). രാത്രി ഉറക്കം കട വരാന്തകളിലും മെഡിക്കൽ കോളജ് വരാന്തയിലും. 28 വർഷം മുൻപ് ഭാര്യ അമ്മിണി മരിച്ചു. 2 പെൺമക്കളെയും വിവാഹം ചെയ്തയച്ചു. അവരും ബുദ്ധിമുട്ടിലാണ്.
വർഷങ്ങൾക്ക് മുൻപുണ്ടായ വീഴ്ചയിൽ വാരിയെല്ലിന് പൊട്ടലുണ്ടായി. ചികിത്സയ്ക്കായി ആകെയുണ്ടായിരുന്ന 3 സെന്റ് കിടപ്പാടം വിറ്റു. ഇതോടെ കടത്തിണ്ണയും മെഡിക്കൽ കോളജ് വരാന്തയിലുമാണ് പൊന്നപ്പൻ രാത്രി ഉറങ്ങുന്നത്.
വൃക്ക രോഗത്തെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തമെന്നാണ് മെഡിക്കൽ കോളജ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. ശസ്ത്രക്രിയയ്ക്കുള്ള പരിശോധനകൾ പൂർത്തിയായി. പണം ഇല്ലാത്തതും കൂട്ടിരിപ്പിന് ആളില്ലാത്തതും കാരണം തനിക്കെന്തെങ്കിലും സംഭവിച്ചാൽ മെഡിക്കൽ കോളജ് വിദ്യാർഥികൾക്ക് പഠനത്തിന് ശരീരം നൽകാമെന്നുള്ള ആലോചനയിലാണ് പൊന്നപ്പൻ.
മരുന്നിനും ചെലവുകൾക്കുമായി രാവിലെ വീടുകളിലും ദേവാലയങ്ങളിലുമെത്തി പിരിവെടുക്കും. തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന പൊന്നപ്പൻ മുൻപ് തെങ്ങുകയറാൻ പോയ സ്ഥലങ്ങളിലുമെത്തി സഹായം സ്വീകരിച്ചാണ് ജീവിതം മുന്നോട്ട് തള്ളിനീക്കുന്നത്. ചികിത്സാ സഹായത്തിനായി എസ്ബിഐയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് നമ്പർ : 67310186235
ഐഎഫ്എസ്‌സി കോഡ് : SBIN0070854
ഫോൺ : 9539312390