ADVERTISEMENT

കുറുപ്പന്തറ ∙ അപൂർവ രോഗം ബാധിച്ച് രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നിർധന കുടുംബാംഗമായ യുവാവ് ചികിത്സയ്ക്കായി സഹായം തേടുന്നു. മാഞ്ഞൂർ സൗത്ത് 12–ാം വാർഡ് മൂശാരിപ്പറമ്പിൽ പ്രശോഭ് പുരുഷോത്തമൻ (20) ആണ് ജീവൻ നിലനിർത്താൻ ഉദാരമതികളുടെ സഹായം തേടുന്നത്. 

പോളിടെക്നിക് പഠനം കഴിഞ്ഞ പ്രശോഭിന് അടുത്തിടെ പനി ബാധിച്ചിരുന്നു ചികിത്സയ്ക്കു ശേഷം അപസ്മാര ബാധ ഉണ്ടായതിനെ തുടർന്ന് ആദ്യം കാരിത്താസ് ആശുപത്രിയിലും പിന്നീട് രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വച്ചാണ് പ്രശോഭിന് ട്യൂബർക്കുലോസിസ് മെനിഞ്ചൈറ്റിസ് എന്ന രോഗമാണ് ബാധിച്ചിരിക്കുന്നത് എന്നു കണ്ടെത്തിയത്. രണ്ടാഴ്ചയായി പ്രശോഭ് ബോധം നഷ്ടപ്പെട്ട് വെന്റിലേറ്ററിന്റെ സഹായത്തിലാണ് ജീവിക്കുന്നത്. 

ചികിത്സയ്ക്കായി 40 ലക്ഷം രൂപ ചെലവ് വരും എന്നാണ് ആശുപത്രി അധികൃതർ പ്രശോഭിന്റെ കുടുംബത്തെ അറിയിച്ചിരിക്കുന്നത്. ഈ തുക കണ്ടെത്താൻ നിർധനരായ പ്രശോഭിന്റെ മാതാപിതാക്കളായ പുരുഷോത്തമനും ഷൈലജയ്ക്കും കഴിയുന്നില്ല. കുറുപ്പന്തറയിൽ ഓട്ടോ വർക്‌ഷോപ് നടത്തിയാണ് കുടുംബം കഴിഞ്ഞിരുന്നത്. 11 സെന്റ് സ്ഥലവും ചെറിയൊരു വീടുമാണ് ഇവർക്കുള്ളത്. കടം വാങ്ങിയും വായ്പ എടുത്തുമാണ് രണ്ടാഴ്ച ചികിത്സ നടത്തിയത്. ഉടൻ പണം കണ്ടെത്തി നൽകണം എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. 

പഞ്ചായത്തംഗം സുനു ജോർജിന്റെ നേതൃത്വത്തിൽ ചികിത്സാ സഹായ ഫണ്ട് ശേഖരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കോതനല്ലൂർ ഫെഡറൽ ബാങ്കിൽ അക്കൗണ്ടും തുടങ്ങി. മോൻസ് ജോസഫ് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രൻ എന്നിവരാണ് രക്ഷാധികാരികൾ.  

അക്കൗണ്ട് നമ്പർ: 17800100048226

ഐഎഫ്എസ്‌സി– FDRL0001780

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com