തുടർച്ചയായി രോഗങ്ങൾ, ശസ്ത്രക്രിയകൾ; തീരാദുരിതത്തിൽ ഒരു കുടുംബം
Mail This Article
പനങ്ങാട്∙ രോഗങ്ങളുടെ നിരന്തര വേട്ടയാടലിൽ തളർന്നിരിക്കുകയാണ് താര- ഷിബിൻ ദമ്പതിമാർ. അർബുദ ബാധിതനായ മകൻ അഭയ് (11) വെല്ലൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. രണ്ട് ശസ്ത്രക്രിയകൾ കഴിഞ്ഞു. എന്നാൽ, അർബുദം വിട്ടൊഴിയുന്നില്ല. വീണ്ടുമൊരു ശസ്ത്രക്രിയക്കുള്ള തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ കുഴങ്ങുകയാണ് ഈ കുടുംബം.
പനങ്ങാട് എൻ.എം. ജംക്ഷനിൽ മസ്ജിദ് റോഡിൽ തുരുത്തിപ്പള്ളി കരീമിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണിപ്പോൾ ഈ കുടുംബം. രണ്ടു വർഷം മുമ്പാണ് അഭയിന് അർബുദബാധ കണ്ടെത്തിയത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂരിലെത്തി. ഇവിടെ നടത്തിയ പരിശോധനകളെത്തുടർന്ന് അടിയന്തരമായി മജ്ജമാറ്റിവയ്ക്കൽ നടത്തണമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. ഇതിനായി രണ്ട് ശസ്ത്ര ക്രിയകൾ നടത്തി. എന്നാൽ വീണ്ടും അഭയ് യുടെ ശരീരത്തിൽ മുഴകൾ വളരുകയാണ്.
കൂലിപ്പണിക്കാരനായ പിതാവ് ഷിബിൻ കരൾ ചുരുങ്ങുന്ന രോഗത്തെത്തുടർന്ന് ചികിത്സയിലാണ്. താരയ്ക്ക് നേരത്തെ അർബുദം ബാധിച്ച് ചികിത്സ തേടിയിരുന്നു. ഇളയമകളും രോഗങ്ങളുടെ പിടിയിലാണ്. മൂന്നുവർഷം മുമ്പ് ഒരു വാഹനാപകടത്തിൽ താരയ്ക്കും ഷിബിനും പരുക്കേറ്റിരുന്നു. അതുമായി ബന്ധപ്പെട്ട ചികിത്സകൾ ഇപ്പോഴും തുടരുകയാണ്. ഷിബിന്റെ തുച്ഛമായ വരുമാനമാണ് കുടുംബത്തിന്റെ ആകെയുള്ള ആശ്രയം. പലയിടത്തു നിന്നും കടം വാങ്ങിയാണ് ഇതുവരെയുള്ള ചികിത്സകൾ മുന്നോട്ടുകൊണ്ടുപോയത്. സുമനസ്സുകളുടെ കാരുണ്യമുണ്ടായാലേ അഭയിന് ശസ്ത്രക്രിയ നടത്താൻ കഴിയൂ. 70 ലക്ഷത്തോളമാണ് ചെലവ് വരുന്നത്. സഹായം സ്വരൂപിക്കുന്നതിനായി ആക്സിസ് ബാങ്കിന്റെ തൃക്കാക്കര ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
Name: shibin S.V.
AC:924010049240469
IFSC code:UTIB0001161
Branch:Thrikkakara
Google pay:9746025528.