ന്യൂനപക്ഷക്കരുത്തിൽ മമത; അവർ കൈവിട്ടാൽ?
Mail This Article
ബിജെപി എത്ര കളിച്ചാലും ബംഗാളിൽ തൃണമൂലിനെ പിഴുതുമാറ്റാനാവില്ലെന്നു മമത ബാനർജിക്ക് ഉറപ്പുണ്ട്. അതിന്റെ പ്രധാന കാരണം ന്യൂനപക്ഷ വോട്ടുകളാണ്. ആകെയുള്ള 42 ലോക്സഭാ മണ്ഡലങ്ങളിൽ 28ലും മുസ്‌ലിം വോട്ട് നിർണായകം. 27 % മുതൽ 70 % വരെയാണു വിവിധ മണ്ഡലങ്ങളിൽ ഈ വോട്ടിന്റെ ബലം. സംസ്ഥാന ജനസംഖ്യയുടെ 27– 28 ശതമാനമാണു മുസ്‌ലിംകൾ. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരുടെ ശതമാനമെടുക്കുമ്പോൾ അതു 30 ശതമാനമോ അതിൽ കൂടുതലോ ആവും. മണ്ഡലത്തിൽ വോട്ട് പലർക്കായി ചിതറാതിരിക്കാൻ ശ്രദ്ധിക്കുമെന്ന പ്രത്യേകതയുമുണ്ട്.
ഇടതുപക്ഷത്തിന് കൈമോശം വന്നത്
മറ്റു പല കാരണങ്ങളുമുണ്ടെങ്കിലും, ബംഗാളിൽ ഇടതുപക്ഷത്തിന്റെ അടിവേരിളകിയതിന്റെ പ്രധാന കാരണം ന്യൂനപക്ഷ വോട്ടുകൾ നഷ്ടപ്പെട്ടതാണ്. ‘2006ലെ സച്ചാർ കമ്മിറ്റി റിപ്പോർട്ട്, ബംഗാളിലെ മുസ്‌ലിംകളുടെ ദുരവസ്ഥ വെളിവാക്കി. അതു കണ്ണു തുറപ്പിച്ചു’ – യൂത്ത് ലീഗ് ദേശീയ അധ്യക്ഷൻ സാബിർ ഗഫാർ പറഞ്ഞു.
‘നിങ്ങൾ സുരക്ഷിതരാണല്ലോ എന്നാണ് ഇടതുസർക്കാർ പറഞ്ഞിരുന്നത്. ജീവന്റെ സുരക്ഷമാത്രം മതിയോ എന്ന ചോദ്യമുണ്ടായി. ഇടതു സർക്കാരിന്റെ കാലത്ത് രാജാർഹാട്ടിലെ ഭൂമി ഏറ്റെടുക്കൽ പ്രശ്നമുണ്ടായി. മരണങ്ങൾ സംഭവിച്ചു. റിസ്‍വാനുർ റഹ്മാൻ എന്ന ഗ്രാഫിക് ഡിസൈനറുടെ മരണവുമായി ബന്ധപ്പെട്ട വിവാദവും സിംഗൂർ, നന്ദിഗ്രാം പ്രശ്നങ്ങളുമൊക്കെ സമുദായത്തിനു വലിയ രോഷമാണുണ്ടാക്കിയത്. മദ്രസകൾ ഭീകരരെ സൃഷ്ടിക്കുന്ന ഫാക്ടറികളാണെന്ന ബുദ്ധദേവ് ഭട്ടാചാര്യയുടെ പരാമർശവും വലിയ അമർഷമുണ്ടാക്കി. ഇടതിനോടു പൊറുക്കാൻ സമുദായത്തിന് ഇനിയും മനസ്സുവന്നിട്ടില്ലെന്നതാണു വാസ്തവം’ – സാബിർ പറഞ്ഞു.
സാബിറിന്റെ വിലയിരുത്തലിനോടു യോജിക്കുകയാണ് കൊൽക്കത്തയിൽ സെന്റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസിലെ (സിഎസ്എസ്എസ്) രാഷ്ട്രമീമാംസ അധ്യാപകൻ ഡോ. മയ്ദുൽ ഇസ്‌ലാം: ‘2008നുശേഷമാണ് മുസ്‌ലിംകൾ ഇടതുപക്ഷത്തുനിന്നു മാറുന്നത്. അതിനു മുൻപ്, മമത ബാനർജി, 1998–2006വരെ ബിജെപി പക്ഷത്തായിരുന്നുവെന്നതും ശ്രദ്ധിക്കണം. ഭൂമി വിതരണത്തിനായി ഇടതുസർക്കാർ നടപ്പാക്കിയതാണ് ഓപ്പറേഷൻ ബർഗ. എന്നാൽ അതിനുശേഷം, ഭൂമി പിടിച്ചെടുക്കുന്നവരുടെ സർക്കാരെന്ന പേരായി. സിംഗൂരിലും നന്ദിഗ്രാമിലുമൊക്കെ പ്രശ്നം നേരിട്ടതേറെയും മുസ്‌ലിംകളാണ്. തനിക്ക് അധികാരം തന്നാൽ ആരുടെയും ഭൂമി നഷ്ടപ്പെടില്ലെന്ന സന്ദേശമാണു മമത നൽകിയത്.’
സംസ്ഥാന ജനസംഖ്യയുടെ മൂന്നിലൊന്നുണ്ടെങ്കിലും വോട്ട് നൽകുന്നതിനപ്പുറം രാഷ്ട്രീയശക്തിയായി വളരാൻ ബംഗാളിലെ മുസ്‌ലിം സമുദായത്തിനു സാധിച്ചില്ലെന്നതാണു വാസ്തവം. ‘ആരു നേതൃത്വത്തിലേക്കു വന്നാലും അവരെ തങ്ങളുടേതാക്കി മാറ്റാൻ പ്രധാന കക്ഷികൾക്കു സാധിച്ചു’ – മയ്ദുൽ പറഞ്ഞു.
സ്വാധീനങ്ങൾ മാറിമറിയാം
വിവിധ ക്ഷേമപദ്ധതികളിലൂടെയും മറ്റും മുസ്‌ലിം സമുദായത്തെ തന്റെ പക്ഷത്തു ചേർത്തുനിർത്തുന്നതിന് മമത കേട്ടതും കേൾക്കുന്നതുമായ വിമർശനം ചെറുതല്ല. അവഗണിക്കപ്പെട്ടവരെ കൈപിടിച്ചുയർത്തുന്നതിൽ എന്തു തെറ്റെന്നാണ് തൃണമൂലുകാരുടെ ചോദ്യം. അടിത്തറ ഇളകിയെന്നു ബോധ്യമായപ്പോൾ മാത്രമാണ് തൊഴിൽസംവരണത്തിലും മറ്റും ഇടതുപക്ഷം താൽപര്യമെടുത്തതെന്നും അവർ പറയുന്നു.
എന്നാൽ, മമതയുടെ പ്രീണനരാഷ്ട്രീയത്തെ ജനം ചോദ്യം ചെയ്യുന്നുവെന്നാണ് ബംഗാളിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‌വാർഗിയ പറയുന്നത്. ‘മസ്ജിദിനെയും മന്ദിറിനെയും മമത രണ്ടായിക്കാണുന്നു. അതിനു ഞങ്ങൾ എതിരാണ്. നുഴഞ്ഞുകയറ്റം അനുവദിച്ച് ബംഗാളിലെ ജനസംഖ്യാഘടന തന്നെ മാറ്റിയിരിക്കുകയാണ്. അതിലൂടെ ക്രമസമാധാനവും തകർന്നിരിക്കുന്നു.’
ബിജെപിയുടെ തന്ത്രം തിരിച്ചറിയുന്ന മമത, അതു മറികടക്കാൻ തന്റേതായ രീതിയിൽ ശ്രമിക്കുന്നു. എന്നാൽ, ബിജെപി കടന്നാക്രമണത്തിനു ശ്രമിക്കുമ്പോൾ മമതയ്ക്ക് എത്രകാലം പിടിച്ചുനിൽക്കാനാവുമെന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്.
ശ്രദ്ധേയമായ ചില മാറ്റങ്ങളുടെ സൂചനകളുണ്ട്. തൃണമൂലിന്റെ സ്വാധീനം നിലനിൽക്കുമ്പോഴും, എഐഎംഐഎം (ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ) നേതാവ് അസദുദ്ദീൻ ഉവൈസി യുവജനങ്ങൾക്കിടയിൽ സ്വാധീനം ഉറപ്പിക്കുന്നുവെന്ന റിപ്പോർട്ടുകളുണ്ട്. ഉവൈസിയുടേത് തീവ്രനിലപാടുകളായല്ല, സമുദായതാൽപര്യമറിഞ്ഞുള്ള ഉറച്ച ശബ്ദമായാണു പലയിടത്തും യുവാക്കൾ കാണുന്നതെന്നാണ് സാബിറിന്റെ വിലയിരുത്തൽ.
വലിയ വിഭാഗം ന്യൂനപക്ഷങ്ങളുടെയും പിന്തുണ നേടാൻ മമതയ്ക്കു സാധിച്ചപ്പോഴും, മാൾഡ, മൂർഷിദാബാദ് തുടങ്ങിയ പ്രദേശങ്ങളിൽ കോൺഗ്രസിന്റെ സ്വാധീനം നിലനിന്നു. അതു പക്ഷേ, പാർട്ടിയെക്കാളുപരി, എ.ബി.എ. ഗനി ഖാൻ ചൗധരിയെപ്പോലുള്ള ‘പ്രാദേശിക ചക്രവർത്തി’മാരുടെ സ്വാധീനമായാണു വിലയിരുത്തപ്പെടുന്നത്. 2004–08ലെ യുപിഎ – ഇടതു കൂട്ടുകെട്ട്, ബംഗാളിലെ ഇടതു ദുർഭരണത്തോടു ശക്തമായി പ്രതികരിക്കുന്നതിൽ കോൺഗ്രസിനു തടസ്സമായി. അതും മമതയ്ക്കാണു ഗുണമായത്.
തൃണമൂലിനെ അട്ടിമറിക്കാൻ ബിജെപിക്കായാൽ, വീണ്ടും ന്യൂനപക്ഷ വോട്ടിന്റെ കക്ഷിതാൽപര്യങ്ങളിൽ മാറ്റം വരാം. അപ്പോൾ ഇടതിനും കോൺഗ്രസിനും നേട്ടമുണ്ടാക്കാനാവുമെന്നത് ലളിതമായ യുക്തിയാണ്. അത്തരത്തിൽ വിശ്വാസ്യത നേടണമെങ്കിൽ അതിനു തക്ക കരുത്തു വേണം. ഇപ്പോഴത്തെ സ്ഥിതിയിൽ, കരുത്തു നേടുന്നതിന്റെയല്ല, ഉള്ളതുകൂടി നഷ്ടപ്പെടുത്തുന്നതിന്റെ ലക്ഷണമാണ് രണ്ടു കൂട്ടരും കാണിക്കുന്നത്. അതിനു സാബിർ മമതയെയും കുറ്റപ്പെടുത്തും: ‘പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള വ്യഗ്രതയിൽ, ഇടതിനെയും കോൺഗ്രസിനെയും ഇല്ലാതാക്കുകയാണ് തൃണമൂൽ ചെയ്തത്. ബിജെപിക്കു കടന്നുവരാനാകുമെന്ന് മമത കരുതിയതുമില്ല. എന്നാൽ, വ്യക്തമായൊരു മതനിരപേക്ഷ മുന്നണിയെ മുന്നിൽക്കാണാതെ ന്യൂനപക്ഷം മമതയിൽനിന്നു വിട്ടുവരില്ല.’