ചെയർമാന്റെ സങ്കടമാരറിയുന്നു!
Mail This Article
കേരളത്തിൽ ദാരിദ്ര്യരേഖയ്ക്കു കീഴെയുള്ളവരിൽ ഏറ്റവും താഴേത്തട്ടിലാണു പിഎസ്‌സി ചെയർമാന്റെ സ്ഥാനമെന്ന് ദാരിദ്ര്യരേഖയുമായും പിഎസ്‌സിയുമായും ഒരുപോലെ അടുപ്പമുള്ളവർ പറയുന്നു. ഒന്നര ലക്ഷം രൂപ ശമ്പളം, ഔദ്യോഗിക വസതി, കാർ (ഒന്നിലധികം), ഡ്രൈവർ തുടങ്ങിയവ കൊണ്ട് ഇക്കാലത്ത് ഒരു സാധാരണക്കാരനു പോലും മാന്യമായി ജീവിക്കാൻ കഴിയില്ല. പിന്നെയല്ലേ പിഎസ്‌സി ചെയർമാൻ?
യാത്രകളിൽ ഭാര്യ അനുഗമിക്കുന്നുണ്ടെങ്കിൽ അതിന്റെ ചെലവു സർക്കാർ വഹിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം സർക്കാരിനു കത്തു നൽകിയത് എന്തോ മഹാപാപമായിപ്പോയി എന്ന മട്ടിൽ ചിലർ പ്രചാരണം നടത്തുന്നുണ്ട്. ഇവർ ആദ്യം മനസ്സിലാക്കേണ്ടത് കത്തു നൽകിയത് അദ്ദേഹമല്ലെന്നാണ്.
അതു ചെയ്തതു പിഎസ്‌സിയാണ്. പിഎസ്‌സി ഒരു ഭരണഘടനാ സ്ഥാപനമാണെന്ന് ഇത്തരക്കാർ മനസ്സിലാക്കണം. പിഎസ്‌സി ഒരു കാര്യം ആവശ്യപ്പെട്ടാൽ അതു ചെയ്തുകൊടുക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്ന് ബി.ആർ.അംബേദ്കർ മുതൽ സോളി സൊറാബ്ജി വരെയുള്ളവർ അടിവരയിട്ടു പറഞ്ഞിട്ടുണ്ട്.
ഒന്നര ലക്ഷം രൂപ ശമ്പളംകൊണ്ടു കഷ്ടിപിഷ്ടിയാണു ചെയർമാൻ ജീവിക്കുന്നത്. അതിന്റെ കൂടെ യാത്രകളിൽ ഭാര്യയുടെ ചെലവും കൂടി വഹിക്കണമെന്നു വന്നാൽ ഇപ്പോൾ കുടിക്കുന്ന കഞ്ഞിയിൽ കാണുന്ന അപൂർവം വറ്റുകളും വേണ്ടെന്നു വയ്ക്കേണ്ടിവരും. ഉപ്പും മുളകും ഉടച്ചത് സാമ്പത്തിക കാരണങ്ങളാൽ നേരത്തേ തന്നെ ഉപേക്ഷിച്ചതാണ്.
പിഎസ്‌സി ചെയർമാൻ അന്യസംസ്ഥാനങ്ങളിൽ പോകുമ്പോൾ എന്തുകൊണ്ടും അദ്ദേഹത്തിന്റെ ഭാര്യ കൂടി ഉണ്ടായിരിക്കുന്നതാണു നല്ലത്. പത്നീസമേതനായി ചെയർമാനെ കാണുമ്പോൾ മറ്റു സംസ്ഥാനക്കാർക്ക് ഒരു നിറവും തികവുമൊക്കെ തോന്നും. ചെയർമാന്റെ അന്തസ്സല്ല ഇതിലൂടെ ഉയരുന്നത്, കേരളത്തിന്റെ മൊത്തം അന്തസ്സാണ്. ഈ ചെലവു കൊടുക്കാൻ പറ്റില്ലെങ്കിൽ അന്യസംസ്ഥാനങ്ങളിൽ നടക്കുന്ന യോഗങ്ങളിലേക്കു ചെയർമാന്റെ ഭാര്യയെ ക്ഷണിക്കരുതെന്നു സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടണം.
മുഖ്യമന്ത്രി വിദേശത്തു പോയപ്പോൾ ഭാര്യയെക്കൂടെ കൊണ്ടുപോയില്ലേ? ഇതിന്റെ ചെലവ് ആരാണു വഹിച്ചതെന്ന് ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ല. കേരളത്തെ പൊളിച്ചു പണിയണമെങ്കിൽ സഹസ്രകോടികൾ ചെലവാക്കേണ്ടി വരും. അതിനിടയിൽ കടുകു ചോരുന്നത് അന്വേഷിക്കുന്നതു മാന്യതയല്ല. എന്നാൽ, ഇതൊന്നും ബോധ്യപ്പെടാതെയാണ് സർക്കാർ പിഎസ്‌സി ചെയർമാന്റെ ആവശ്യം നിഷ്കരുണം തള്ളിയത്.
ഇങ്ങനെയൊക്കെ ചെയ്താൽ ഒരു അപകടം സംഭവിക്കാൻ സാധ്യതയുണ്ട്. ഭാവിയിൽ കേരളത്തിൽ പിഎസ്‌സി ചെയർമാനാവാൻ ഒരുവിധം കൊള്ളാവുന്ന ഒരാളെയും കിട്ടാതെവരും. മുൻഗണനാപട്ടികയിലെ റേഷൻ കാർഡുമായി റേഷൻകടയ്ക്കു മുന്നിൽ ക്യൂ നിന്നു ജീവിക്കാൻ പിഎസ്‌സി ചെയർമാന്റെ പദവിയും പത്രാസുമൊന്നും വേണമെന്നില്ല. മാനംമര്യാദയ്ക്കു ജീവിക്കണമെങ്കിൽ ചെയർമാനും ഭാര്യയ്ക്കും മാസാമാസം അരി, പലവ്യഞ്ജനങ്ങൾ, പാൽ, മീൻ, ഇറച്ചി, മുട്ട തുടങ്ങിയ സാധനങ്ങൾ വീട്ടിലെത്തിക്കണം. ഇല്ലെങ്കിൽ ചെയർമാൻ പട്ടത്തെ പിഎസ്‌സി ഓഫിസിനു മുന്നിൽ കുത്തുപാളയുമായോ തോർത്തു വിരിച്ചോ പിച്ചതെണ്ടുന്നതു കാണേണ്ടിവരും.
മോദിശാസ്ത്രം
മോദിജിയുടെ വിദ്യാഭ്യാസയോഗ്യതയെക്കുറിച്ചുള്ള തർക്കങ്ങളിൽ ഇപ്പോഴും തീർപ്പായിട്ടില്ല. അദ്ദേഹത്തിന് ബിഎയും എംഎയും ഉണ്ടെന്നു പറയുന്നത് അദ്ദേഹം തന്നെയാണ്. അതെല്ലാം മാനവിക വിഷയങ്ങളിലാണ്. എന്നാൽ, അദ്ദേഹത്തിനു കൂടുതൽ പാണ്ഡിത്യം ശാസ്ത്രവിഷയങ്ങളിലാണെന്ന വാർത്തകളാണ് അടുത്ത കാലത്തായി പുറത്തുവരുന്നത്.
ആകാശം മേഘാവൃതമായതിനാൽ പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ മിന്നലാക്രമണം നടത്തുന്നതിനു വ്യോമസേനയിലെ ഉന്നതർ മടിച്ചുനിന്നപ്പോൾ, കാർമേഘങ്ങൾ ഉണ്ടെങ്കിൽ ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ പാക്കിസ്ഥാന്റെ റഡാർ കണ്ണുകളിൽ പെടില്ലെന്ന് ഉപദേശിച്ചതു മോദിജിയല്ലാതെ മറ്റാരുമല്ല.
ഇതിനെ പലരും പരിഹസിക്കുകയും മോദിജിക്കു ശാസ്ത്രബോധം കമ്മിയാണെന്നു വിലയിരുത്തുകയും ചെയ്തിരുന്നു. മോദിജിയുടെ ശാസ്ത്രവിജ്ഞാനത്തെക്കുറിച്ച് അടിസ്ഥാനപരമായ ധാരണയില്ലാത്തവരാണ് ഇക്കൂട്ടർ. മോദിജിയുടെ നിർദേശപ്രകാരം ക്ലൗഡ് സീഡിങ് നടത്തിയാണ് മിന്നലാക്രമണ ദിവസം പാക്ക് അന്തരീക്ഷത്തിൽ കാർമേഘങ്ങൾ സൃഷ്ടിച്ചത് എന്നത് അധികമാർക്കും അറിയാത്ത രഹസ്യമാണ്. ഇതിനുവേണ്ട സിൽവർ അയഡൈഡ് ഉൽപാദിപ്പിച്ചതും അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ തന്നെ.
റഡാർ സാങ്കേതികവിദ്യ അദ്ദേഹത്തിന് ഉള്ളംകയ്യിലെ നെല്ലിക്കയാണ്. റഡാറുകൾ ഘടിപ്പിച്ച യുഎസ് നിർമിത വിമാനങ്ങൾ 1732 മണിക്കൂർ പറപ്പിച്ചതിന്റെ ലോക റെക്കോർഡ് അദ്ദേഹത്തിനല്ലാതെ മറ്റാർക്കുമല്ല. അത്യാവശ്യം വരുമ്പോൾ റഡാർ കാര്യങ്ങൾ ചർച്ച ചെയ്യാൻ യുഎസ് ആശ്രയിക്കുന്നതു നമ്മുടെ മോദിജിയെയാണ്. അതൊന്നും കൊട്ടിപ്പാടി നടക്കുന്ന ശീലം അദ്ദേഹത്തിനില്ല.
ഡിജിറ്റൽ ക്യാമറയും ഇ മെയിലും കണ്ടുപിടിച്ചത് അദ്ദേഹമാണെന്ന കാര്യം ജപ്പാൻകാർ പോലും സമ്മതിച്ചതാണ്. പ്ലാസ്റ്റിക് സർജറിയും ഐവിഎഫ് ചികിത്സയും കണ്ടുപിടിച്ചതു പുരാതന ഇന്ത്യക്കാരാണെന്ന് അദ്ദേഹം പറഞ്ഞപ്പോൾ പലരും ചിരിച്ചു.
എന്നാൽ, ഇപ്പോൾ അദ്ദേഹത്തിന്റെ കണ്ടെത്തൽ ശരിയാണെന്നു ലോകപ്രശസ്ത ഗവേഷകർ രാജ്യാന്തര ജേണലുകളിൽ പ്രസിദ്ധീകരിക്കുന്ന പ്രബന്ധങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഇതൊന്നും കാണുകയും കേൾക്കുകയും വായിക്കുകയും ചെയ്യാത്ത കൂപമണ്ഡൂകങ്ങളാണു മോദിജിക്കെതിരെ വാളോങ്ങുന്നത്.
പാലം കടന്നപ്പോൾ സഖാവ് പുലിയായി
സി.ദിവാകരൻ സഖാവിനെ മെംബർ ഓഫ് പാർലമെന്റ് ആക്കിയില്ലെങ്കിലും എംപി (മെംബർ ഓഫ് പഞ്ചായത്ത്) ആക്കാൻ അടുത്ത തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തുകാർ ശ്രദ്ധിക്കണം. കാരണം, അദ്ദേഹത്തിനു മന്ത്രിയാകുന്നതിലും ഇഷ്ടം പഞ്ചായത്ത് മെംബർ ആകുന്നതാണെന്നു പറഞ്ഞത് അദ്ദേഹം തന്നെയാണ്.
പഞ്ചായത്ത് മെംബറായാൽ ലൈഫ് പദ്ധതിയിൽപെടുത്തി രണ്ടു വീടെങ്കിലും പാവങ്ങൾക്കു ശുപാർശ ചെയ്യാമായിരുന്നു എന്നതാണ് അദ്ദേഹം കാണുന്ന ഗുണം. മന്ത്രിയായതു കൊണ്ട് ആർക്കെങ്കിലും ചില്ലിപ്പൈസ പോലും കൊടുക്കാൻ പറ്റില്ലെന്ന് അനുഭവത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം പറയുന്നു.
തോമസ് ഐസക്കിന്റെ പിട്ടുംപിരട്ടുമൊന്നും ദിവാകരൻ സഖാവിന്റെ അടുത്തു ചെലവാകില്ല. ഐസക്കിനെന്താ കൊമ്പുണ്ടോ എന്ന് അദ്ദേഹത്തിന്റെ മുഖത്തുനോക്കി ചോദിച്ച ധീരനാണു ദിവാകരൻ സഖാവ്്. ഐസക്കിനു കൊമ്പു മാത്രമല്ല, കുളമ്പും വാലുമുണ്ടെന്നു വിശ്വസിക്കുന്നവരുണ്ട്. അദ്ദേഹത്തെ ഈ രൂപത്തിൽ കണ്ടവരുണ്ടത്രെ.
ഒടിവിദ്യ അറിയാവുന്നതു കൊണ്ടാണത്രെ ഇതു സാധിക്കുന്നത്. ഒടിയന്റെ മുന്നിൽ മായംതിരിഞ്ഞിട്ടു കാര്യമില്ലെന്നു ദിവാകരൻ സഖാവ് ഇതുവരെ മനസ്സിലാക്കിയിട്ടില്ല.
ഐസക്കിനോടു ക്ഷോഭിക്കുക മാത്രമല്ല, മന്ത്രിസഭായോഗത്തിൽ ഫയൽ വലിച്ചെറിഞ്ഞ ചരിത്രവും ദിവാകരൻ സഖാവിനുണ്ട്. ഫയൽ വലിച്ചെറിഞ്ഞ ശേഷം ‘ഫയലിൽനിന്നു വയലിലേക്ക്’ എന്ന മുദ്രാവാക്യം മുഴക്കി മന്ത്രിപ്പണി വേണ്ടെന്നുവച്ചോ എന്ന കാര്യം ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ല. ഐസക്കിനോടു മാത്രമല്ല, വിഎസിനോടും സഖാവിനു പഴയ മമതയില്ല. എന്തിനാണു ഭരണപരിഷ്കാര കമ്മിഷൻ എന്നൊക്കെ പരസ്യമായി ചോദിക്കാൻ അപാരമായ തന്റേടം വേണം.
ഇതെല്ലാം പറയാൻ വോട്ടെടുപ്പു കഴിയുന്നതുവരെ കാത്തുനിന്നതിൽനിന്ന് ദിവാകരൻ സഖാവിനു തന്റേടം മാത്രമല്ല, അപാരമായ ബുദ്ധിയുമുണ്ടെന്നു വ്യക്തം. പാലം കടക്കുവോളം നാരായണ, പാലം കടന്നാൽ കൂരായണ. അത്ര തന്നെ!
സ്റ്റോപ് പ്രസ്: താൻ കവിത എഴുതുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
മുജ്ജന്മത്തിൽ കാളിദാസൻ എന്ന പേരിൽ ശാകുന്തളവും മേഘസന്ദേശവുമെല്ലാം എഴുതുകയുണ്ടായി.