ADVERTISEMENT

ഭഗവാൻ തന്നെ അദ്ദേഹത്തിനടുത്തേക്കു വലിച്ചടുപ്പിച്ചു ചേർത്തുനിർത്തിയ ജീവിതമാണു ഞങ്ങളുടേത്. ജന്മാഷ്ടമിയെത്തുമ്പോൾ എന്റെ മനസ്സിൽ കൂടുതൽ സന്തോഷം നിറയും. പ്രത്യേകിച്ചും ഈ ജന്മാഷ്ടമിക്ക്. ഗുരുവായൂരിൽ തൊഴാനായി ഞാനെത്തുന്ന ആദ്യ ജന്മാഷ്ടമിയാണിത്. 

ജീവിതത്തിൽ ആദ്യം പാടി റിക്കോർഡ് ചെയ്തതു കൃഷ്ണനെക്കുറിച്ചുള്ള പാട്ടാണ്. ‘എന്റെ പേരു കണ്ണനുണ്ണി’ എന്ന പാട്ട് ആകാശവാണിക്കായി പാടുമ്പോൾ എനിക്ക് 5 വയസ്സാണ്. എം.ജി.രാധാകൃഷ്ണൻ ചേട്ടൻ ചിട്ടപ്പെടുത്തിയ പാട്ടായിരുന്നു അത്; ജന്മാഷ്ടമിക്കു പ്രക്ഷേപണം ചെയ്യാനുള്ള സംഗീതശിൽപത്തിലെ കൃഷ്ണന്റെ ഭാഗത്തിനുവേണ്ടിയുള്ള പാട്ട്. പിന്നീട് ജീവിതം പാട്ടു മാത്രമായി മാറിയപ്പോൾ കൃഷ്ണഭഗവാനെക്കുറിച്ചുള്ള എത്രയോ പാട്ടുകൾ പാടി. പലതും എന്നെ കൂടുതൽ കൂടുതൽ ആളുകളിലേക്ക് എത്തിച്ചു. 

ദാസേട്ടൻ പാടിയ ‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം...’ എന്ന പാട്ടു പാടാൻ മിക്ക വേദികളിലും എന്നോട് ആളുകൾ ആവശ്യപ്പെടാറുണ്ട്.‘ഗുരുവായൂർ ഓമനക്കണ്ണനാമുണ്ണിക്ക്’ എന്ന പാട്ടും പലതവണ പാടിപ്പിക്കും. നാമം ജപിക്കുന്നതുപോലെ എന്നെക്കൊണ്ടു വീണ്ടും വീണ്ടും അതു പാടിക്കുകയായിരിക്കാം. 

ഞങ്ങളുടെ കുഞ്ഞിനെ നഷ്ടപ്പെട്ട ശേഷം ഒരു പരിപാടിക്കു തൃശൂരിലെത്തിയപ്പോൾ അവർ താമസസൗകര്യം നൽകിയതു  ഗുരുവായൂരമ്പലത്തിനോടു ചേർന്നുള്ള സ്ഥലത്താണ്. അന്നത്തെ ജീവിതവും മനസ്സിന്റെ അവസ്ഥയും വല്ലാത്തതായിരുന്നു. പക്ഷേ, ഗുരുവായൂർ ഭഗവാനെ കണ്ടിറങ്ങിയതോടെ അവിടെനിന്നു ഞങ്ങൾക്കു കിട്ടിയതു പുതിയൊരു ജീവിതവും മനസ്സുമാണ്. ഗുരുവായൂരിൽ പോയി താമസിക്കാൻ ആഗ്രഹിക്കുക പോലും ചെയ്യാത്ത ഞങ്ങൾ അവിടെയൊരു കൊച്ചു ഫ്ലാറ്റ് വാങ്ങി. ജീവിതം കൈവിട്ടുപോകുമെന്നു തോന്നിച്ച സമയത്തു കൈപിടിച്ചുയർത്തിയത് ഗുരുവായൂരപ്പന്റെ നിറഞ്ഞ സ്നേഹമാണ്. 

‘കളഭം തരാം’ എന്ന പാട്ടുപാടി പുറത്തുവന്നപ്പോൾ അതെഴുതിയ ഗിരീഷ് പുത്തഞ്ചേരി എന്നോടു പറഞ്ഞു, ‘തരാമെന്നു ചിത്ര പറഞ്ഞാൽ അതു കിട്ടാൻ ഭഗവാനു മോഹം തോന്നും. പറഞ്ഞു മോഹിപ്പിച്ചാൽ പോരാ, കളഭം ചാർത്തിക്കൊടുക്കണം’. സാധാരണ സിനിമാ പാട്ടുപോലെ പാടിയിറങ്ങിയ ആ പാട്ട് അദ്ദേഹം ഹൃദയത്തോട് എത്രയേറെ അടുത്തുവച്ചിരിക്കുന്നു എന്നെനിക്കു ബോധ്യപ്പെട്ടത് അപ്പോഴാണ്. സത്യത്തിൽ അതു ഭഗവാൻ എന്നോടു പറഞ്ഞതുതന്നെയായിരിക്കണം. പിന്നീടു ഞാൻ ഗുരുവായൂരിൽ കളഭച്ചാർത്തു നടത്തി. ഉഡുപ്പി, അമ്പലപ്പുഴ തുടങ്ങി എത്രയോ കൃഷ്ണക്ഷേത്രങ്ങളിലും പോയി തൊഴുതിട്ടുണ്ട്. അവിടെനിന്നെല്ലാം മനസ്സിൽ നിറയുന്നതു സ്നേഹവും സമാധാനവുമാണ്. 

ഗുരുവായൂരിലെ തിരക്കിനിടയിലും സ്നേഹപൂർവം അവർ എന്നെ അകത്തു കടത്തിവിടാറുണ്ട്. നടയിലേക്കുള്ള വഴിയുടെ വശത്തുനിന്നു തൊഴുതോളൂ എന്നു പറയാറുണ്ട്. പക്ഷേ, കൂടുതൽ നേരം നിൽക്കാൻ തോന്നാറില്ല. മണിക്കൂറുകളായി എത്രയോ പേർ ഒരു നിമിഷ ദർശനത്തിനായി കാത്തുനിൽക്കുമ്പോൾ ഞാനൊരു മറയായി മാറുന്നത് ആലോചിക്കാനേ വയ്യ. അതുകൊണ്ടു ഞാൻ കഴിവതും പെട്ടെന്നു മാറും. പക്ഷേ, പോരുന്നതിനു മുൻപ് കണ്ണുനിറച്ചു കാണും.  

ഞാൻ എന്നും തൊടുന്നതു ഭഗവാന്റെ കളഭമാണ്. ഓരോ പരിപാടിക്കും വേദിയിലേക്കു കയറുമ്പോഴും സ്റ്റുഡിയോയിലേക്കു കയറുമ്പോഴും കണ്ണടച്ചു മനസ്സിൽ കാണുന്നത് ആ വിഗ്രഹമാണ്. കണ്ണൻ എനിക്കൊരു ധൈര്യമാണ്. എല്ലാ പ്രതിസന്ധികളിലും നിറഞ്ഞ ചിരിയോടെ കടന്നുപോകാനുള്ളൊരു ധൈര്യം. എന്നെ സത്യത്തിൽ വലിച്ചടുപ്പിച്ചു നിർത്തിയതാണ്, കൈപിടിച്ചു കയറ്റിയതാണ്. വളരെ കരുതലോടെ ചേർത്തുപിടിച്ചു നിർത്തിയിരിക്കുന്നുവെന്ന് എത്രയോ തവണ തോന്നിയിട്ടുണ്ട്. ഓരോ കൃഷ്ണാഷ്ടമിയും എന്നെ കൂടുതൽ കൂടുതൽ ഭഗവാനിലേക്ക് അടുപ്പിക്കുകയാണ്. ഭഗവാനും, എന്നും നെറ്റിയിൽ തൊടുന്ന ആ കളഭത്തിന്റെ ഗന്ധവും എനിക്ക് ഓരോ കടമ്പയും കടന്നുപോകാനുള്ളൊരു ധൈര്യമാണ്. കണ്ണടയ്ക്കുമ്പോഴെല്ലാം ഉള്ളിൽ നിറയുന്നതും ഭഗവാനാണ്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com