ADVERTISEMENT

ഭരണഘടനയിൽ ഒപ്പുവച്ചത്  13 മലയാളികൾ 

ഭരണഘടനാ നിർമാണസഭയിലെ അംഗങ്ങളെന്ന നിലയിൽ ഭരണഘടനയിൽ ഒപ്പുവച്ചത് മൂന്നു വനിതകൾ ഉൾപ്പെടെ 13 മലയാളികൾ. മലയാളിയല്ലെങ്കിലും, പിന്നീട് കേരളത്തിൽനിന്ന് മൂന്നു വട്ടം ലോക്സഭയിലെത്തിയ എം.മുഹമ്മദ് ഇസ്മയിൽ സാഹിബും (മദ്രാസ്) ഒപ്പുവച്ചവരിലുൾപ്പെടുന്നു.

ഒപ്പു വയ്ക്കുന്നതിനു മുൻപ് തിരുവിതാംകൂർ – കൊച്ചി ലയനം നടന്നിരുന്നു (1949 ജൂലൈ 1). ഭരണഘടനാ നിർമാണസഭയിൽ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി) അംഗങ്ങളായിരുന്നെങ്കിലും ഭരണഘ‌ടനയിൽ ഒപ്പിടുന്നതിനു മുൻപു രാജിവച്ച 4 മലയാളികളുണ്ട് – എ. അച്യുതൻ, ആർ.വി.തോമസ് (ഇരുവരും തിരുവിതാംകൂർ ), ഇ.ജോൺ ഫീലിപ്പോസ് (തിരു – കൊച്ചി), കെ.മാധവമേനോൻ (മദ്രാസ്).

പ്രതിനിധീകരിച്ച സംസ്ഥാനം, ഭരണഘടനയിലെ ഒപ്പ്, സ്വദേശം – വഹിച്ച പ്രമുഖ പദവികൾ എന്നിവ ചേർത്തിരിക്കുന്നു. 

1. പനമ്പിള്ളി ഗോവിന്ദമേനോൻ, (ചാലക്കുടി സ്വദേശി, കൊച്ചി പ്രധാനമന്ത്രി, തിരു – കൊച്ചി മുഖ്യമന്ത്രി, കേന്ദ്രമന്ത്രി)

2. പി.എസ്. നടരാജപിള്ള, തിരുവിതാംകൂർ (തിരുവനന്തപുരം സ്വദേശി, തിരു–കൊച്ചി മന്ത്രി, ലോക്സഭാംഗം)

3. ആനി മസ്ക്രീൻ, തിരുവിതാംകൂർ തിരുവനന്തപുരം സ്വദേശി, തിരു–കൊച്ചി മന്ത്രി, ലോക്സഭാംഗം

sign
ഭരണഘടനാ നിർമാണസഭയിലെ അംഗങ്ങളെന്ന നിലയിൽ ഭരണഘടനയിൽ ഒപ്പുവച്ച ഉൾപ്പെടെ 13 മലയാളികളുടെ ഒപ്പുകൾ.

4. കെ.എ.മുഹമ്മദ്, തിരുവിതാംകൂർ, (കൊല്ലം ചവറ സ്വദേശി, ശ്രീമൂലം സഭ, തിരുവിതാംകൂർ, തിരു–കൊച്ചി നിയമസഭകളിൽ അംഗം)

5. ദാക്ഷായണി വേലായുധൻ, മദ്രാസ് (കൊച്ചി മുളവുകാട് സ്വദേശി, കൊച്ചി നിയമസമിതി, ഇടക്കാല പാർലമെന്റ് എന്നിവയിൽ അംഗം)

6. എ. കരുണാകര മേനോൻ, മദ്രാസ്, (പെരിന്തൽമണ്ണ സ്വദേശി, ഇടക്കാല പാർലമെന്റ് അംഗം)

7. ബി.പോക്കർ സാഹിബ്, മദ്രാസ്, (തലശ്ശേരി സ്വദേശി, മദ്രാസ് നിയമസഭാംഗം)

8. പട്ടം താണുപിള്ള, തിരുവിതാംകൂർ, (തിരുവനന്തപുരം സ്വദേശി, തിരുവിതാംകൂർ പ്രധാനമന്ത്രി, തിരു–കൊച്ചി മുഖ്യമന്ത്രി, കേരള മുഖ്യമന്ത്രി, പഞ്ചാബ് – ആന്ധ്ര ഗവർണർ)

9. ആർ. ശങ്കർ, തിരുവിതാംകൂർ, കൊല്ലം പുത്തൂർ സ്വദേശി, കേരള മുഖ്യമന്ത്രി. 

10. പി.ടി. ചാക്കോ, തിരുവിതാംകൂർ, കോട്ടയം വാഴൂർ സ്വദേശി കേരളത്തിൽ മന്ത്രി, പ്രതിപക്ഷ നേതാവ്, ലോക്സഭാംഗം)

11. അമ്മു സ്വാമിനാഥൻ, മദ്രാസ്, (ഒറ്റപ്പാലം ആനക്കര സ്വദേശി, ഇടക്കാല പാർലമെന്റ്, ലോക്സഭ, രാജ്യസഭ എന്നിവയിൽ അംഗം)

12. പി. കുഞ്ഞിരാമൻ, മദ്രാസ് (തലശ്ശേരി സ്വദേശി, ഇടക്കാല പാർലമെന്റ് അംഗം)

13. ഡോ. ജോൺ മത്തായി, യുണൈറ്റഡ് പ്രോവിൻസസ്,  കോഴിക്കോട് സ്വദേശി, സ്വതന്ത്ര ഇന്ത്യയിലെ ആദ്യ റെയിൽവേ മന്ത്രി, പിന്നെ ധനമന്ത്രി.

ചരിത്രം മാറ്റിയെഴുതി, ദാക്ഷായണി വേലായുധൻ

കേരളത്തിൽ ആദ്യമായി സ്കൂൾ ഫൈനൽ പാസായ പട്ടികജാതി വനിത, പട്ടിക ജാതിക്കാരിലെ ആദ്യ ബിരുദധാരിണി തുടങ്ങി ഒട്ടേറെ ചരിത്രനേട്ടങ്ങൾ സ്വന്തമാക്കിയ കെ.കെ. ദാക്ഷായണി ആദ്യം അധ്യാപികയായി. പക്ഷേ, ആ പ്രതിഭയെ കാത്തിരുന്നത് രാഷ്ട്രീയരംഗമായിരുന്നു. 

കൊച്ചി നിയമസമിതിയിലേക്ക് 1945ൽ 3 ദലിത് പ്രതിനിധികളെ നാമനിർദേശം ചെയ്യാൻ സർക്കാർ തീരുമാനിച്ചപ്പോൾ അതിലൊന്ന് ദാക്ഷായണി ആയിരുന്നു. അങ്ങനെ പട്ടികജാതിയിൽനിന്ന് എംഎൽസിയായ (മെംബർ ഓഫ് ലെജിസ്ലേറ്റീവ് കൗൺസിൽ) ഇന്ത്യയിലെ ആദ്യ വനിതയായി അവർ മാറി. കൊച്ചി മുളവുകാട് കല്ലച്ചംമുറി കുഞ്ഞന്റെയും എളങ്കുന്നപ്പുഴ തയ്യിത്തറ മാണിയുടെയും 5 മക്കളിൽ നാലാമത്തെയാളായി 1913 ജൂലൈ 8ന് ആയിരുന്നു കെ .കെ.ദാക്ഷായണിയുടെ  ജനനം. മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ ഇളയച്ഛൻ ആർ.വേലായുധനുമായി അവരുടെ വിവാഹം നടന്നത് വാർധയിൽ ഗാന്ധിജിയുടെ കാർമികത്വത്തിലായിരുന്നു. 

കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഏക പട്ടികജാതി വനിതയായിരുന്നു ദാക്ഷായണി. മദ്രാസിന്റെ പ്രതിനിധിയായാണു തിരഞ്ഞെടുക്കപ്പെട്ടത്. അയിത്തത്തിനെതിരെ വ്യക്തമായ വ്യവസ്ഥയുള്ളതാവണം ഭരണഘടനയെന്നും അധഃസ്ഥിതർക്കു യഥാർഥ സംരക്ഷണം ഉറപ്പാക്കണമെന്നും അവർ ഭരണഘടനാസഭയിൽ വാദിച്ചു. 

ഭർത്താവ് വേലായുധനും ഇവരോടൊപ്പം പ്രൊവിഷനൽ (ഇടക്കാല) പാർലമെന്റ് അംഗമായി. 1971ൽ അടൂർ ലോക്സഭാ മണ്ഡലത്തിൽനിന്നു ദാക്ഷായണി മത്സരിച്ചെങ്കിലും വിജയിച്ചില്ല. 1976 ജൂലൈ 20ന് അന്തരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com