70 വർഷത്തിനിടെ ഭരണഘടനാ ഭേദഗതികൾ 103
Mail This Article
ഭരണഘടനയുടെ ശിൽപി: ഡോ. ബി.ആർ. അംബേദ്കർ
ഭരണഘടനയുടെ കരടു തയാറാക്കാനുള്ള സമിതിയുടെ അധ്യക്ഷൻ ഡോ. അംബേദ്കറായിരുന്നു.
ഭരണഘടനാ ദിനം
2015 മുതലാണ് നവംബർ 26 ഭരണഘടനാ ദിനമായി (സംവിധാൻ ദിവസ്) ആചരിക്കുന്നത്. മുൻപു ദേശീയ നിയമദിനമായിരുന്നു. ഭരണഘടനാ നിർമാണസഭ ഭരണഘടന അംഗീകരിച്ച 1949 നവംബർ 26ന്റെ ഓർമ പുതുക്കലാണിത്. എന്നാൽ രണ്ടു മാസം കൂടി കഴിഞ്ഞാണു ഭരണഘടന നിലവിൽ വന്നത്, 1950 ജനുവരി 26ന്.
ഒറ്റനോട്ടത്തിൽ
∙ലോകത്തിലെ എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടന.
∙ഭരണഘടനാ നിർമാണസമിതിയിൽ 389 അംഗങ്ങൾ.
∙ ഇന്ത്യ – പാക്ക് വിഭജനശേഷം 299 അംഗങ്ങൾ.
∙ഒപ്പുവച്ചത് 284 പേർ.
പ്രധാന സവിശേഷതകൾ
∙പാർലമെന്ററി ജനാധിപത്യം ∙ഫെഡറലിസം
∙മൗലികാവകാശങ്ങൾ ∙മതനിരപേക്ഷത
∙അധികാര വിഭജനം ∙വ്യക്തി സ്വാതന്ത്ര്യം
∙സാമൂഹികനീതി ∙സാർവത്രിക വോട്ടവകാശം
∙ന്യൂനപക്ഷങ്ങളോടും വൈവിധ്യങ്ങളോടും ആദരം.
പ്രേം ബിഹാരി ‘എഴുതിയ’ ഭരണഘടന
ഇന്ത്യൻ ഭരണഘടനയുടെ ആദ്യ പതിപ്പ് പൂർണമായും കൈപ്പടയിൽ എഴുതപ്പെട്ടതാണ്. പ്രേം ബിഹാരി നാരായൻ റെയ്സാദാ എന്ന ഡൽഹിക്കാരനാണ് ഈ ചുമതല നിർവഹിച്ചത്. കാലിഗ്രഫിയിൽ നൈപുണ്യമുണ്ടായിരുന്ന പ്രേമിനെ ആ ദൗത്യമേൽപിച്ചത് പ്രധാനമന്ത്രിയായ ജവാഹർലാൽ നെഹ്റു ആയിരുന്നു. പ്രേം പ്രതിഫലമൊന്നും വാങ്ങിയില്ല.
താൻ എഴുതുന്ന എല്ലാ പേജിലും തന്റെ പേരു കൂടി ചേർക്കണമെന്നും അവസാന പേജിൽ, കാലിഗ്രഫിയിൽ വഴികാട്ടിയായ മുത്തച്ഛന്റെ പേരുകൂടി ഉൾപ്പെടുത്തണമെന്നും മാത്രമായിരുന്നു ആവശ്യം. ഭരണഘടന ആറുമാസം കൊണ്ടാണ് പ്രേം മനോഹരമായി എഴുതി പൂർത്തിയാക്കിയത്. പ്രേം എഴുതിയ ഭരണഘടനയുടെ ആദ്യ പ്രതി പാർലമെന്റിൽ സൂക്ഷിച്ചിട്ടുണ്ട്.
പൗരൻമാരാകും മുൻപ് വോട്ടർമാരായി
ഭരണഘടനയ്ക്ക് അംഗീകാരം ലഭിക്കുന്നതിനു മുൻപുതന്നെ പൊതു തിരഞ്ഞെടുപ്പിനുള്ള കരടു വോട്ടർപട്ടിക തയാറാക്കാൻ നടപടി തുടങ്ങിയിരുന്നു. അങ്ങനെ, പൗരൻമാരാകും മുൻപ് ഇന്ത്യക്കാർ വോട്ടർമാരായി! 1947 നവംബർ 17നാണ് വോട്ടർപട്ടിക തയാറാക്കിത്തുടങ്ങിയത്.
ഭാവിയിൽ പൗരന്മാരാകാൻ പോകുന്ന 21 വയസ്സെങ്കിലും ഉള്ളവരുടെ പേരാണു പട്ടികയിൽ ചേർത്തത്. പൗരത്വം സംബന്ധിച്ച വകുപ്പുകൾ ഭരണഘടനാസഭ അംഗീകരിച്ചത് 1949 ഓഗസ്റ്റിലാണ്.
അപ്പോഴേക്കും വോട്ടർപട്ടിക ഏതാണ്ടു തയാറായിരുന്നു. പട്ടിക തയാറാക്കുന്നതിനും ചുക്കാൻ പിടിച്ചത് ഭരണഘടനാ സഭയുടെ സെക്രട്ടേറിയറ്റാണ്. തിരുവിതാംകൂറിൽ വോട്ടർപട്ടിക തയാറാക്കാൻ അവലംബിച്ച രീതികളായിരുന്നു മാതൃക.
പോക്കറ്റിലിടാവുന്ന ഭരണഘടന വേണം
1949 നവംബർ 24ന്, കരട് ഭരണഘടന അംഗീകരിക്കാനുള്ള പ്രമേയത്തിന്റെ ചർച്ചയിൽ അമ്മു സ്വാമിനാഥൻ പറഞ്ഞു: ഈ ഭരണഘടന നീണ്ടതും വലുപ്പമുള്ളതുമായ വാല്യമാണ്. എന്റെ ഭാവനയിലുണ്ടായിരുന്നത് പഴ്സിലോ പോക്കറ്റിലോ കൊണ്ടുനടക്കാവുന്ന ചെറിയൊരു വാല്യമാണ്.
ഭരണഘടനാ നിർമാണസഭ വന്ന വഴി
1934ൽ, പ്രമുഖ കമ്യൂണിസ്റ്റ് നേതാവായിരുന്ന എം.എൻ.റോയി ആണു ഭരണഘടനാ നിർമാണ സഭ (കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി) എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. 1935ൽ ഇന്ത്യൻ നാഷനൽ കോൺഗ്രസും ഈ ആവശ്യമുന്നയിച്ചു രംഗത്തെത്തി.
ഇന്ത്യയ്ക്കു സ്വന്തം ഭരണഘടന എന്ന മുറവിളി ശക്തമായതോടെ 1940ൽ ബ്രിട്ടിഷുകാർ ഇതു തത്വത്തിൽ അംഗീകരിച്ചു. 1942ൽ സർ സ്റ്റഫോർഡ് ക്രിപ്സിനെ ഇതെക്കുറിച്ചു പഠിക്കാൻ ഇന്ത്യയിലേക്കയച്ചു. ഇതിനിടെ ഇന്ത്യാ വിഭജനം എന്ന ആവശ്യം ശക്തിപ്രാപിച്ചു.
1946ൽ ബ്രിട്ടിഷ് മന്ത്രിസഭ നിയോഗിച്ച ഒരു സമിതി (കാബിനറ്റ് മിഷൻ)യുടെ ശുപാർശ പ്രകാരം ഇന്ത്യയിൽ ആദ്യമായി ഭരണഘടനാ നിർമാണ സഭ രൂപവൽക്കരിച്ചു. തിരഞ്ഞെടുക്കപ്പെട്ടവരും നാമനിർദേശം ചെയ്യപ്പെട്ടവരും അടങ്ങുന്നതായിരുന്നു ഇത്.
1946 ഡിസംബർ ഒൻപതിനായിരുന്നു ആദ്യ യോഗം. മുതിർന്ന അംഗം ഡോ. സച്ചിദാനന്ദ് സിൻഹയായിരുന്നു ആദ്യ യോഗത്തിലെ അധ്യക്ഷൻ. തുടർന്ന് 11ന് ഡോ. രാജേന്ദ്രപ്രസാദിനെ അധ്യക്ഷനായും എച്ച്.സി. മുഖർജിയെ ഉപാധ്യക്ഷനായും തിരഞ്ഞെടുത്തു.
സ്വാതന്ത്ര്യത്തിനു ശേഷം കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി നിയമനിർമാണ സഭയായും (ഡൊമീനിയൻ പാർലമെന്റ്) പ്രവർത്തിച്ചു. ഫലത്തിൽ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പാർലമെന്റ്.
റിപ്പബ്ലിക്കായതോടെ, പ്രൊവിഷനൽ (താൽക്കാലിക /ഇടക്കാല) പാർലമെന്റ് (1950 – 1952) ആയി. പുതിയ ഭരണഘടന പ്രകാരം പൊതുതിരഞ്ഞെടുപ്പു നടത്തി പാർലമെന്റ് രൂപീകരിക്കുന്നതു (1952) വരെ ആ നിലയിൽ പ്രവർത്തിച്ചു.
ഇടക്കാല പാർലമെന്റിലെ തിരുവിതാംകൂർ – കൊച്ചിയുടെ 7 പ്രതിനിധികൾ: സി.ആർ.ഇയ്യുണ്ണി, എസ്. ശിവൻപിള്ള, പി.കെ. ലക്ഷ്മണൻ, വി.സി.അഹമ്മദുണ്ണി, കെ.എ.ദാമോദരമേനോൻ, എൻ.അലക്സാണ്ടർ, ആർ.വേലായുധൻ. മലബാർ പ്രദേശം ഉൾപ്പെട്ട പഴയ മദ്രാസ് സംസ്ഥാനത്തുനിന്ന് ദാക്ഷായണി വേലായുധൻ, അമ്മു സ്വാമിനാഥൻ, പി.കുഞ്ഞിരാമൻ, എ. കരുണാകര മേനോൻ, ഇ.മൊയ്തു മൗലവി, ഉത്തർപ്രദേശിന്റെ പ്രതിനിധിയായി ഡോ. ജോൺ മത്തായി എന്നീ മലയാളികൾ ഇടക്കാല പാർലമെന്റിൽ ഉണ്ടായിരുന്നു.