ADVERTISEMENT

താൻപോരിമ കൊണ്ടുമാത്രം പിടിച്ചുനിൽക്കാനാകില്ലെന്ന് ജാർഖണ്ഡ് ഫലം പറയുന്നു

ജാർഖണ്ഡ് തിരഞ്ഞെടുപ്പു ഫലം ബിജെപിക്കു നൽകുന്നത് കനത്ത തിരിച്ചടി മാത്രമല്ല, മുന്നറിയിപ്പുമാണ്. ദേശീയ തലത്തിൽ തങ്ങളുടെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് ഒരു പുനർവിചിന്തനത്തിന് അതു ബിജെപിയെ നിർബന്ധിക്കും. ഒപ്പം ബിജെപിയെ പരാജയപ്പെടുത്താൻ പ്രതിപക്ഷകക്ഷികളുടെ സഖ്യത്തിനേ കഴിയൂ എന്ന് കോൺഗ്രസിനും ശക്തമായ സന്ദേശം നൽകുകയാണ് ഈ തിരഞ്ഞെടുപ്പു ഫലം.

അകലുന്ന ബന്ധുക്കൾ

ബിജെപിക്കു മുന്നിൽ ഇപ്പോഴുള്ള വെല്ലുവിളി അവരുടെ സഖ്യകക്ഷികൾ അകന്നു തുടങ്ങിയിരിക്കുന്നു എന്നതാണ്. പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചു പാ‍ർലമെന്റിൽ വോട്ടു ചെയ്യാൻ ബിജെപിയോടൊപ്പം നിന്ന സഖ്യകക്ഷികൾ പോലും ദേശീയ പൗരത്വ റജിസ്റ്റർ വിഷയത്തിൽ വേറിട്ട നിലപാടു സ്വീകരിക്കുകയാണ്.

ജനതാദൾ (യു), ലോക് ജനശക്തി, അകാലിദൾ, ബിജു ജനതാദൾ തുടങ്ങിയവരൊക്കെ ഇതിൽപെടും. ജനവികാരം മനസ്സിലാക്കി അവർ വ്യത്യസ്ത നിലപാടു സ്വീകരിക്കുകയാണ്. 

ജാർഖണ്ഡ് മുക്തി മോർച്ച മുൻപ് ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമായിരുന്നു. മഹാരാഷ്ട്രയിൽ ശിവസേന തിരഞ്ഞെടുപ്പിനു ശേഷം മറുപക്ഷത്തേക്കു പോയതു കണ്ടാണ് ജാർഖണ്ഡിൽ, ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയനുമായി (എജെഎസ്‍യു) ബിജെപി സഖ്യമുണ്ടാക്കാൻ മടിച്ചത്. എന്നാലിപ്പോൾ, മഹാരാഷ്ട്രയിലെപ്പോലെ ഭരണവും സഖ്യവും തങ്ങൾക്കു നഷ്ടപ്പെടുന്നതാണു ബിജെപി കാണുന്നത്.

പാതി മുറിഞ്ഞ ഹൃദയം

ജാർഖണ്ഡിൽ ഭരണം നഷ്ടപ്പെടുന്നതോടെ ഹിന്ദി ഹൃദയഭൂമിയിലെ 10 സംസ്ഥാനങ്ങളിൽ ബിജെപി (എൻഡിഎ) അഞ്ചിലേക്കൊതുങ്ങുന്നു – ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ബിഹാർ, ഹരിയാന.

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ജാർഖണ്ഡ് എന്നിവ യുപിഎ ഭരണത്തിലാണ്. ഡൽഹി ആം ആദ്മി പാർട്ടിയുടെ കയ്യിലും. ഇവയിൽ ബിഹാറും ഡൽഹിയും 2020ൽ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ്. ബിഹാറിൽ നിതീഷ് കുമാറുമായുള്ള ബിജെപിയുടെ ബന്ധം അനുദിനം ദുർബലമായി വരികയാണ്. ഡൽഹിയിലാകട്ടെ, അരവിന്ദ് കേജ്‍രിവാളിന്റെ ജനപ്രീതിയെ നേരിടാൻ ബിജെപിക്കു കരുത്തുറ്റ നേതൃത്വമില്ല.

ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം പിന്നീടു വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ആവർത്തിക്കാനാവില്ല എന്നും ഈ തിരഞ്ഞെടുപ്പുകൾ ബിജെപിക്കു മുന്നറിയിപ്പു നൽകുന്നു. 6 മാസം മുൻപ് ജാർഖണ്ഡിലെ 14 ലോക്സഭാ സീറ്റിൽ 11ലും ബിജെപി ജയിച്ചതാണ്. ഒരിടത്ത് അന്നത്തെ സഖ്യകക്ഷിയായ എജെഎസ്‍യുവും. അന്ന് ജാർഖണ്ഡ് മുക്തി മോർച്ചയ്ക്കും കോൺഗ്രസിനും ഓരോ സീറ്റ് മാത്രമാണു കിട്ടിയത്.

ഗ്രാമങ്ങൾ കൈവിടുന്നു

ജാർഖണ്ഡ് നൽകുന്ന മറ്റൊരു സൂചന ബിജെപിക്ക് ആദിവാസി മേഖലകൾ, ഗ്രാമങ്ങൾ എന്നിവിടങ്ങളിൽ ജനപിന്തുണ കുറയുന്നു എന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ആഭ്യന്തരമന്ത്രി അമിത് ഷായോ ദേശീയ വിഷയങ്ങളോ ഇവിടെ ബിജെപിയുടെ സഹായത്തിനെത്തുന്നില്ല.

അനുദിനം വഷളായി വരുന്ന സമ്പദ്‌വ്യവസ്ഥയും വ്യാപകമായ തൊഴിൽ നഷ്ടവും ഗ്രാമീണമേഖലയിലെ വരുമാനക്കുറവും അടച്ചുപൂട്ടിയ വ്യവസായങ്ങളുമൊക്കെ ഇനിയും ശ്രദ്ധിക്കാതിരിക്കാൻ ബിജെപിക്കു കഴിയില്ല. അവർക്ക് ഇനിയും തിരുത്തലിനു സമയമുണ്ട്, പക്ഷേ അതിനവർ തയാറാകുമോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com