കർമയോഗി മന്നത്തു പത്മനാഭൻ (1878 –1970)
Mail This Article
സാമൂഹിക പരിഷ്കർത്താവ് എന്ന പതിവു വിശേഷണത്തിനപ്പുറം വളർന്ന വ്യക്തിത്വമായിരുന്നു മന്നത്തു പത്മനാഭന്റേത്. 50 ാം ചരമവാർഷിക ദിനത്തിൽ ചരിത്രത്തിന്റെ കണ്ണാടിയിൽ തെളിയുന്ന കാഴ്ചകൾ...
മന്നത്തെക്കുറിച്ച് ഞാൻ ആദ്യം കേൾക്കുന്നത് 1956ൽ കെ.കേളപ്പനിൽനിന്നാണ്. അച്ഛനോട് അൽപം പ്രിയമുണ്ടായിരുന്നതുകൊണ്ട് അദ്ദേഹം വല്ലപ്പോഴും വരുമായിരുന്നു. ‘മന്നത്തെപ്പോലെ ഒരാൾ ഇവിടെ ഇല്ലാത്തതാണ് ഒരു കാരണം’ എന്നതായിരുന്നു ആ പ്രസ്താവം. മലബാറിൽ നായർ സമുദായത്തിന്റെ സ്ഥിതിയെപ്പറ്റിയാണ് അവർ പറഞ്ഞുകൊണ്ടിരുന്നത്.
പിന്നെ മന്നത്തെക്കുറിച്ചു കേൾക്കുന്നത് വിമോചനസമരകാലത്താണ്. സമരത്തിൽ തെക്കൻ കേരളത്തിലെ കടിഞ്ഞാൺ അദ്ദേഹത്തിന്റെ കയ്യിലായിരുന്നു എന്നാണ് അറിഞ്ഞത്. പട്ടിണി കിടന്നാലും പഠിക്കണം എന്നു നിശ്ചയിച്ചിറങ്ങിയ ഞാൻ അന്ന് ‘പഠിപ്പ് നമ്മുടെ ജന്മാവകാശം’ എന്നു മുദ്രാവാക്യം വിളിക്കുന്നവരുടെ കൂടെ ആയിരുന്നു.
ആളുകൾ നിയമാനുസൃതം തിരഞ്ഞെടുത്ത ഒരു സർക്കാരിനെ ബഹളം കൂട്ടി പറഞ്ഞയയ്ക്കാൻ മുതിരുന്നതിനു തികച്ചും എതിരായിരുന്നെന്നാലും അച്ഛൻ അപ്പോഴും മന്നത്തെ അപലപിക്കാൻ തയാറായില്ല. ‘അദ്ദേഹം നയിക്കുന്ന പ്രസ്ഥാനവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നമുണ്ടാവാം. നമുക്കറിയില്ലല്ലോ.’
സമുദായം തിരിച്ച് എന്തിനാണു സംഘടനകൾ എന്ന് അച്ഛനോടു ഞാൻ ചോദിച്ചത് അപ്പോഴാണ്. എന്റെ അറിവില്ലായ്മയുടെ നേർക്ക് അച്ഛൻ ചിരിച്ചു, ‘താൻ സയൻസ് പഠിക്കാനല്ലേ ശ്രമം? ഒരു യന്ത്രത്തിന്റെ ശേഷി അതിന്റെ ഭാഗങ്ങളുടെ ശേഷികളുടെ ആകെത്തുകയല്ലേ?’
തൊഴിൽവിഭജനം ജാതിത്വത്തിന്റെ ഉച്ചനീചത്വമായി കെട്ടുപോയതിനു പരിഹാരമായി ഗാന്ധിജി കണ്ടത് ഓരോ സമുദായത്തിന്റെയും ഉയിർപ്പാണ്. അനാചാരങ്ങളിൽനിന്നു മോചനം, വിദ്യാഭ്യാസം, പരസ്പരസഹായം എന്നിവയിലൂടെ വളർന്ന് ഓരോ സമുദായവും കരുത്തുനേടി ദേശീയ പ്രസ്ഥാനത്തിൽ പങ്കാളികളാകണം.
ഈ ദൗത്യമാണ് നായർ സമുദായത്തിൽ മന്നം ഏറ്റെടുത്തതെന്നും ശ്രീനാരായണഗുരുവും അയ്യങ്കാളിയുമൊക്കെ ഇതേ പാതയിൽ നേരത്തേ സ്വേച്ഛയാ എത്തിയവരാണെന്നും കൂടി അച്ഛൻ പറഞ്ഞു. അതെ തുടർന്നാണ് ‘സർവീസ്’ എന്ന പ്രസിദ്ധീകരണത്തിന്റെ ലക്കങ്ങൾ മേശയിൽനിന്നെടുത്തുതന്നത്. ദേഹത്തെ ചുമക്കുന്നതുകൊണ്ട് അടിമയുടെ അപമാനമല്ല, ഉദ്ധാരകന്റെ അഭിമാനമാണ് കാലുകൾക്കു വേണ്ടതെന്ന് അതിൽ ഞാൻ വായിച്ചു.
മന്നത്തിന്റെ ദീർഘദൃഷ്ടി കേരളത്തിൽ വിദ്യാഭ്യാസ മേഖലയിലും കാർഷികരംഗത്തും അനാചാര നിരാസത്തിലും എന്തുമാത്രം ആശാവഹമായ മാറ്റം വരുത്തിയെന്നറിയാൻ ആ ഇടപെടലുകളില്ലായിരുന്നെങ്കിൽ കാര്യങ്ങൾ എങ്ങനെ ഇരിക്കുമെന്ന് വെറുതെ ആലോചിക്കുകയേ വേണ്ടൂ.
പിൻപേ വന്നവർ വഴി വിട്ടുപോകാതിരിക്കാൻ ജാഗ്രത പുലർത്തിയതിനാൽ ലക്ഷ്യം തെറ്റിയിട്ടില്ലെന്നതും ആ മഹാനുഭാവൻ ഇല്ലാത്ത അരനൂറ്റാണ്ടിൽ അദ്ദേഹത്തിന്റെ ദൂരക്കാഴ്ചയുടെ മികവിനു തെളിവായി ഇരിക്കുന്നുവല്ലോ.