തൊഴിൽസ്വപ്നങ്ങളിൽ നിഴൽവീണുകൂടാ
Mail This Article
നിയമനങ്ങൾ അധികമൊന്നും നടക്കാതെതന്നെ, ഒട്ടേറെ പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുകയും അവസാനിക്കാൻ പോവുകയും ചെയ്യുന്ന ഈ സാഹചര്യം നിർഭാഗ്യകരമാണ്. നിയമനശുപാർശ പ്രതീക്ഷിച്ചിരുന്ന ഒട്ടേറെ ഉദ്യോഗാർഥികൾ, പിഎസ്‌സിയിലൂടെ സർക്കാർ ചെയ്യുന്ന ഈ ക്രൂരതമൂലം പെരുവഴിയിലാവുന്നു.
കോവിഡ് പശ്ചാത്തലത്തിൽ പിഎസ്‌സി കാലാവധി നീട്ടിനൽകിയ റാങ്ക് ലിസ്റ്റുകൾ ജൂൺ 19ന് അവസാനിച്ചുകഴിഞ്ഞു. ആരോഗ്യവകുപ്പിലെ അസിസ്റ്റന്റ് സർജൻ, സിവിൽ പൊലീസ് ഓഫിസർ ഉൾപ്പെടെയുള്ള ഒട്ടേറെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഈ മാസം 30നും അവസാനിക്കുകയാണ്. കഠിനമായ ഈ രോഗകാലത്ത് പല ആശുപത്രികളിലും ഇനിയും ഡോക്ടർമാർ ആവശ്യമായ സാഹചര്യത്തിലാണ് അസിസ്റ്റന്റ് സർജന്മാരുടെ നിയമനം പൂർത്തിയാക്കാതെ ലിസ്റ്റിന്റെ കാലാവധി അവസാനിപ്പിക്കുന്നതെന്നത് നമ്മുടെ നിരുത്തരവാദിത്തത്തിന്റെ അടയാളംകൂടിയാകുന്നു.
ലോക്ഡൗൺ കാലയളവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തു നിയമനം നടത്താനുള്ള ബുദ്ധിമുട്ടു ചൂണ്ടിക്കാട്ടിയാണു മാർച്ചിൽ വിവിധ ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസം നീട്ടിനൽകിയത്. പക്ഷേ, ലോക്ഡൗൺ മൂലം ഓഫിസുകൾ ഭാഗികമായി മാത്രം പ്രവർത്തിച്ചതോടെ ലിസ്റ്റുകളിൽനിന്നു കാര്യമായ നിയമനമൊന്നും നടന്നില്ല. ലോക്ഡൗൺ പിൻവലിച്ചപ്പോൾ റാങ്ക് ലിസ്റ്റ് നിലവിലില്ലാത്ത സാഹചര്യം കൂടിയായതോടെ, നിയമനശുപാർശ പ്രതീക്ഷിച്ചിരുന്ന ഒട്ടേറെ ഉദ്യോഗാർഥികളുടെ തൊഴിൽസ്വപ്നങ്ങളിൽ നിഴൽവീഴുകയും ചെയ്തു. ഒരിക്കൽക്കൂടി റാങ്ക് ലിസ്റ്റ് നീട്ടണമെന്ന ഇവരുടെ ആവശ്യം തള്ളിക്കളയാവുന്ന ഒന്നല്ല. ലോക്ഡൗൺ കാലത്തും റാങ്ക് ലിസ്റ്റുകളിൽനിന്ന് 7312 പേർക്കു നിയമനം നൽകിയിട്ടുണ്ടെന്നാണ് പിഎസ്‌സി പറയുന്നതെങ്കിലും ലിസ്റ്റിൽ എത്തിയിട്ടും നിയമനം കിട്ടാതെപോയ ആയിരക്കണക്കിനു പേർ അപ്പുറത്തുണ്ടെന്നതു കൂടി ഓർമിക്കാം.
മാർച്ച് 20 മുതലുള്ള നാളുകളിൽ കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളാണു സർക്കാർ ജൂൺ 19 വരെ നീട്ടിനൽകിയത്. കോവിഡ് സൃഷ്ടിച്ച അനിശ്ചിതത്വങ്ങളുടെയും ആശങ്കകളുടെയും അടിസ്ഥാനത്തിൽ ലിസ്റ്റുകൾക്ക് ആറു മാസമെങ്കിലും കാലാവധി നീട്ടണമെന്ന ആവശ്യമാണ് ഉദ്യോഗാർഥികൾ ഉയർത്തിയത്. എന്നാൽ, ഇതു മുഖവിലയ്ക്കെടുക്കാൻ തയാറാകാത്ത സർക്കാർ വെറും മൂന്നു മാസം വരെയുള്ള കാലാവധിയാണ് അനുവദിച്ചത്.
കാലാവധി നീട്ടിനൽകുന്നതിനായി ലിസ്റ്റുകൾ തിരഞ്ഞെടുത്തതിൽ സർക്കാർ വ്യത്യസ്ത നിലപാടു സ്വീകരിച്ചതും വ്യാപക പരാതികൾക്ക് ഇടയാക്കിയിരുന്നു. സിവിൽ എക്സൈസ് ഓഫിസർ, ചില വിഷയങ്ങളിലെ കോളജ് / ഹൈസ്കൂൾ അധ്യാപകർ എന്നിവ ഉൾപ്പെടെ നൂറോളം ലിസ്റ്റുകൾക്കു മാത്രമാണ് ജൂൺ 19 വരെ കാലാവധി നീട്ടിനൽകിയത്. ഈ മാസം കാലാവധി തീരുന്ന മറ്റു ലിസ്റ്റുകളിൽ ഉൾപ്പെട്ടവർക്കു നീട്ടലിന്റെ ആനുകൂല്യം ലഭിച്ചില്ല. മാർച്ചിൽ അവഗണിക്കപ്പെട്ടെങ്കിലും ജൂൺ 30നു മുൻപായി സർക്കാരിൽനിന്ന് അനുകൂല നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ഈ ലിസ്റ്റുകളിലെ തൊഴിലന്വേഷകർ. പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്ന കാര്യം ഇനി പരിഗണനയിലില്ലെന്ന് അറിഞ്ഞതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് ഇവർ.
നിയമന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്ന ഒന്നാണ് സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റ്. ഏഴു ബറ്റാലിയനുകളിലായി കഴിഞ്ഞ ജൂലൈ ഒന്നിനു നിലവിൽവന്ന ഈ ലിസ്റ്റുകളുടെ സ്വാഭാവിക കാലാവധി അടുത്തയാഴ്ച അവസാനിക്കും. അവശ്യ സർവീസെന്നു വിശേഷിപ്പിക്കുന്നെങ്കിലും, ആ ലിസ്റ്റിലെ പകുതിപ്പേർക്കു പോലും ഇതേവരെ നിയമനമായിട്ടില്ല.
ലോക്ഡൗൺ ഇളവുകളെത്തുടർന്ന് ജീവനക്കാർ പൂർണമായി ഓഫിസിലെത്താൻ തുടങ്ങിയിട്ട് അധികം നാളുകളായിട്ടില്ല. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതുൾപ്പെടെയുള്ള നടപടിക്രമങ്ങളും പുരോഗമിക്കുന്നതേയുള്ളൂ. ലോക്ഡൗണിൽ നിലച്ച നിയമനപ്രക്രിയയ്ക്കു ജീവൻ വയ്ക്കുമ്പോൾ റാങ്ക് ലിസ്റ്റ് നിലവിലില്ലാതെ പോകുന്ന സാഹചര്യം ദുഃഖകരമാണ്. കാലാവധി നീട്ടിയതിന്റെ യഥാർഥ പ്രയോജനം ഉദ്യോഗാർഥികൾക്കു ലഭിക്കണമെങ്കിൽ റാങ്ക് ലിസ്റ്റുകൾ തുടർന്നേ തീരൂ. നൂറിലേറെ ലിസ്റ്റുകളിലായി ആയിരക്കണക്കിനു യുവജനങ്ങളാണു സർക്കാരിൽനിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നത്.