ADVERTISEMENT

കേരളത്തിലെ ചില മാധ്യമപ്രവർത്തകർക്കെതിരെ സൈബർ ആക്രമണം നടന്ന നാളുകളിലാണ്, സൈബർ അധോലോകത്തിന്റെ ഭയപ്പെടുന്ന ഭൂമിശാസ്ത്രം തുറന്നു കാണിക്കുന്ന പോളിഷ് ചിത്രം യാദൃച്ഛികമായി കാണാനിടയായത് – യാൻ കോമാസയുടെ സംവിധാനത്തിൽ ഈ വർഷം പുറത്തിറങ്ങിയ ‘ദ് ഹേറ്റർ’. ഒരു ചെറുപ്പക്കാരൻ, ആദ്യം ട്രോൾ ഫാമിൽ (കമ്പനി) ചേർന്നും പിന്നീടു സ്വന്തം നിലയ്ക്കും വിദ്വേഷവും കപടവാർത്തകളും പരത്തുന്നതാണു കഥ.

വ്യാജ ഐഡികൾ ഉപയോഗിച്ച് വ്യക്തികളെ വെട്ടുക്കിളിക്കൂട്ടം പോലെ ആക്രമിക്കുക, അഭയാർഥികളെ ഭീകരവാദികളായി ചിത്രീകരിക്കുക തുടങ്ങി, ഇപ്പോഴത്തെ പല കാര്യങ്ങൾക്കും പിറകിലുള്ള ദീർഘമായ ആസൂത്രണങ്ങൾ നമുക്ക് ഈ ചിത്രത്തിൽ കാണാം. അതിനു പുറമേയാണ് ഇന്റർനെറ്റിലും സമൂഹത്തിലും കടുത്ത വികാരങ്ങൾ പരത്താൻ വാടകക്കാരെ വച്ചു കൃത്രിമമായി സംഭവങ്ങൾ സൃഷ്ടിക്കുന്നത്. നിസ്സംഗനും നിർവികാരനുമായ ചെറുപ്പക്കാരൻ വെറും ഇന്റർനെറ്റ് ഉപയോഗിച്ച് ഒരു കുടുംബത്തെയും പല പ്രമുഖരെയും നശിപ്പിക്കുന്നു; അക്രമങ്ങൾക്കും മരണങ്ങൾക്കും കാരണമാകുന്നു. തികച്ചും കാലികമായ ചിത്രമാണ് ‘ദ് ഹേറ്റർ’.

ഈ സിനിമയിലെ ഒരു സംഭാഷണം എന്നെ അദ്ഭുതപ്പെടുത്തി. കൂടുതൽ വ്യാജ ഐഡികളുടെ ആവശ്യം വന്നപ്പോൾ ട്രോൾ ഫാമിന്റെ ഉടമ പറഞ്ഞത് അവ ഇന്ത്യയിൽനിന്നു വാങ്ങാം എന്നാണ്; യൂറോപ്പിൽ അതിന് ആളുകളെ കിട്ടുകയില്ലെന്ന്. ഇന്ത്യയാണു വ്യാജ ഐഡികൾ ഇറക്കുമതി ചെയ്യാൻ ഏറ്റവും പറ്റിയ സ്ഥലമെന്നു ലോകം കരുതുന്നു! മൊബൈൽ ഫോണുകളും സാക്ഷരതയും അഭിപ്രായങ്ങളുമെല്ലാം കൂടുതലുള്ള കേരളം ഒരുപക്ഷേ, ഇക്കാര്യത്തിൽ ഇന്ത്യയിൽത്തന്നെ മുൻപിലായിരിക്കാം. മൊബൈൽ ഫോണും മലയാളിയുടെ വിരലുകളും ചേർന്നു കഴിഞ്ഞാൽ എന്താണു സംഭവിക്കുക എന്നതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് മാധ്യമപ്രവർത്തകർക്കെതിരെ നടന്ന ട്രോൾ ആക്രമണം. അതിനു പ്രകോപിപ്പിച്ച കാര്യങ്ങൾ നോക്കുമ്പോൾ, പിന്നിലുള്ളവർ ഇടതുപക്ഷ അനുഭാവികളാണെന്നു മനസ്സിലാക്കാം.

ഈ സംഭവത്തെക്കുറിച്ചു മുഖ്യമന്ത്രി നൽകിയ ദീർഘമായ ഉത്തരം, മറ്റുള്ളവർ (മിക്കവാറും കോൺഗ്രസുകാർ) നടത്തിയ സൈബർ ആക്രമണങ്ങൾ എണ്ണിയെണ്ണി പറയുന്നതായിരുന്നു. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്ന ഒരാൾക്ക് ഈ ഉത്തരം തൃപ്തികരമാകണമെന്നില്ല. ഒരു ആരോപണം ഉന്നയിക്കുമ്പോൾ ‘എന്തുകൊണ്ട് മറ്റേതിനെപ്പറ്റി പറയുന്നില്ല’ എന്ന മറുപടി സർവസാധാരണ തന്ത്രമായതുകൊണ്ട് സമൂഹമാധ്യമങ്ങളിൽ ആ പ്രതിഭാസത്തിന് ഒരു പേരു തന്നെയുണ്ട്: വാട്ടെബൗട്ടറി (whataboutery). ഉദാഹരണം, വടക്കേ ഇന്ത്യയിൽ യുവാവിനെ ആൾക്കൂട്ടക്കൊല നടത്തിയതിനെ അപലപിക്കുമ്പോൾ ചോദിക്കും, തൊടുപുഴയിലെ കൈവെട്ടു കേസിനെപ്പറ്റി എന്തുകൊണ്ടു പറയുന്നില്ല എന്ന്!

എല്ലാ പാർട്ടികൾക്കും ഐടി സെല്ലുകൾ ഉണ്ടെന്നതാണു സത്യം. അഭിപ്രായ രൂപീകരണം സ്വപക്ഷത്താക്കാനും എതിരാളികളെ താറടിക്കാനുമായി അതൊരു ആവശ്യം പോലെ എല്ലാവരും കൊണ്ടുനടക്കുന്നു. ഇത്തരം സംഘടിതശ്രമങ്ങൾ വ്യാപകമായ ട്രോളിങ്ങിന്റെ ചെറിയ ഭാഗമേ ആകുന്നുള്ളൂ. ആയിരക്കണക്കിന് ഒറ്റയാന്മാർ, മുഖം മറച്ച് എന്തും വിളിച്ചുപറഞ്ഞു കൂടെച്ചേരുന്നു. അവർക്കു രാഷ്ട്രീയ അനുഭാവം പോലും ഉണ്ടാകണമെന്നില്ല.

barbera-sreesand
ബാർബറ സ്ട്രീസാൻഡ്

ഇത്തരം ആക്രമണങ്ങൾ എങ്ങനെ നേരിടണം? മുഖമില്ലാത്തവരെ തിരിച്ച് ആക്രമിക്കുക പ്രയാസമാണ്. മിണ്ടാതിരിക്കുക എന്നത് ഒരു നല്ല നയമാണ്. ഒരുപക്ഷേ, ഏറ്റവും നല്ല നയം. മുൻ ഹോളിവുഡ് അഭിനേത്രിയും ഗായികയുമായ ബാർബറ സ്ട്രീസാൻഡ്, തന്റെ കൂറ്റൻ ബംഗ്ലാവിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത വെബ്സൈറ്റിനെതിരെ, സ്വകാര്യത ലംഘിക്കുന്നെന്നു പറഞ്ഞു കേസു കൊടുത്തു. അതോടെ ഇന്റർനെറ്റിലൂടെ ലോകം മുഴുവൻ സ്ട്രീസാൻഡിന്റെ ബംഗ്ലാവിന്റെ കാര്യമറിഞ്ഞു. വളരെ കുറച്ചുപേർ അറിയുന്ന കാര്യം ഇത്തരം പ്രതികരണങ്ങളിലൂടെ പ്രചാരം നേടുന്നതിനെ ഇപ്പോൾ ‘സ്ട്രീസാൻഡ് ഇഫക്ട്’ എന്നാണു വിളിക്കുന്നത്. സഹിക്കുന്നതിലും അപ്പുറമാണു കാര്യങ്ങളെങ്കിൽ കേസു കൊടുക്കാം. അതോടെ പ്രശ്നം പരിഹരിക്കപ്പെടുമെന്നു കരുതരുത്. ദുർഗ വധിച്ച രക്തബീജൻ എന്ന അസുരനെപ്പോലെയാണു ട്രോളുകൾ. രക്തബീജനെ വധിക്കുമ്പോൾ അയാളുടെ ദേഹത്തുനിന്നു വീഴുന്ന ഓരോ തുള്ളി ചോരയിൽനിന്നും മറ്റൊരു അസുരൻ ജനിക്കും.

അടിസ്ഥാനപരമായ പ്രശ്നം ഫെയ്സ്ബുക്, ട്വിറ്റർ തുടങ്ങിയ പ്ലാറ്റ്ഫോമുകളാണ്. ‘ദ് ഹേറ്റർ’ എന്ന സിനിമയിൽ, ചെറുപ്പക്കാരനു ലഭിച്ച ഒരു ഉപദേശം, സക്കർബർഗിനെ മുഷിപ്പിക്കരുത് എന്നാണ്. എന്തു ചെയ്താലും ഫെയ്സ്ബുക്കിന്റെ നയങ്ങൾക്കുള്ളിൽ നിന്നു ചെയ്യുക. അയാൾ നടത്തിയ എല്ലാ ആക്രമണങ്ങളും ഫെയ്സ്ബുക് ചട്ടങ്ങൾക്ക് അകത്തുനിന്നു കൊണ്ടായിരുന്നു. 

യുഎസിൽ ജോർജ് ഫ്ലോയ്ഡിന്റെ മരണത്തെത്തുടർന്നുണ്ടായ കലാപകാലത്ത് ട്രംപും അദ്ദേഹത്തിന്റെ അണികളും വംശീയതയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പെരുമാറിയപ്പോൾ ഫെയ്സ്ബുക് കണ്ടില്ലെന്നു നടിച്ചു. അവരുടെ നയങ്ങൾ ലംഘിക്കുന്നില്ല എന്നതായിരുന്നു വിശദീകരണം. ഇതു യുഎസിൽ വലിയ പ്രതിഷേധത്തിനു വഴിവച്ചു. വൻകിട കമ്പനികൾ കോടിക്കണക്കിനു ഡോളറുകളുടെ പരസ്യങ്ങൾ നിർത്തലാക്കി. ഫെയ്സ്ബുക് വെറുപ്പു വിറ്റാണു കാശുണ്ടാക്കുന്നതെന്ന മുദ്രാവാക്യങ്ങൾ ഉയർന്നു.

രണ്ടു ദിവസം മുൻപു ബെംഗളൂരുവിൽ മതവിദ്വേഷം പരത്തുന്ന ഒരു ഫെയ്സ്ബുക് പോസ്റ്റിന്റെ പേരിൽ നടന്ന കലാപങ്ങളും മരണങ്ങളും വീണ്ടും സമൂഹമാധ്യമങ്ങളുടെ നിസ്സംഗതയും ലാഭേച്ഛയും വെളിവാക്കുന്നു. വിദ്വേഷം പരത്തുന്ന ഓരോ പോസ്റ്റ് പ്രത്യക്ഷപ്പെടുമ്പോഴും നിശ്ശബ്ദരായി പ്രേരണക്കുറ്റം ചെയ്യുകയാണ് ഈ സമൂഹമാധ്യമങ്ങൾ.

  ഇസബെൽ ജാതിയെക്കുറിച്ച്...

യുഎസിലെ പത്രപ്രവർത്തക ഇസബെൽ വിൽകെർസണിന്റെ ഈയിടെ പുറത്തിറങ്ങിയ ‘Caste: The Origins of Our Discontents’ (ജാതി: നമ്മുടെ അസന്തുഷ്ടികളുടെ മൂലകാരണങ്ങൾ) 2020ൽ തന്നെ ഇറങ്ങേണ്ട പുസ്തകമാണ്. യുഎസിൽ വംശീയ വിവേചനം ജനങ്ങളെ റോഡുകളിലിറക്കിയ കാലമാണിത്. അവിടത്തെ കറുത്ത വർഗക്കാർ അനുഭവിക്കുന്ന വിവേചനം, ഇന്ത്യയിലെയും നാത്‌സി ഭരണകാലത്തെ ജർമനിയിലെയും ജാതിവ്യവസ്ഥ എന്നിവ ചേർത്തുവച്ചുള്ള ഒരു പഠനമാണ്, ന്യൂയോർക്ക് ടൈംസ് ‘തൽക്ഷണ ക്ലാസിക്’ എന്നു വിശേഷിപ്പിച്ച ഈ ഗ്രന്ഥം.

ജാതിവ്യവസ്ഥയ്ക്ക് 8 ലക്ഷണങ്ങളുണ്ടെന്നാണ് ഇസബെൽ വിൽകെർസൺ പറയുന്നത്. ഓരോ ലക്ഷണത്തെയും അവർ യുഎസ്, ഇന്ത്യ, നാത്‌സി ജർമനി എന്നിവിടങ്ങളിലെ സമൂഹവ്യവസ്ഥയുമായി താരതമ്യം ചെയ്യുന്നു. ഉദാഹരണത്തിന്, ജാതിവ്യവസ്ഥ ദൈവകൽപിതമാണെന്ന മൂന്നിടങ്ങളിലെയും വിശ്വാസമാണ് ആദ്യ ലക്ഷണം. ഇന്ത്യയിൽ ചാതുർവർണ്യത്തിന്റെ തുടക്കത്തെക്കുറിച്ചു പുരാണങ്ങൾ പറയുന്നതു നമുക്കറിയാം. യുഎസിൽ കറുത്ത വർഗക്കാരെ അടിമകളായി കാണുന്നതിനു ദൈവികമായ അനുവാദമുണ്ട് എന്നതിനു പ്രമാണമായി പറയുന്നതു ബൈബിളിലെ ഉൽപത്തി പുസ്തകത്തിൽ നോഹ, തന്റെ പൗത്രനായ കാനാനെ ‘അവൻ തന്റെ സഹോദരന്മാർക്കു ദാസനായിത്തീരും’ എന്നു ശപിച്ച കഥയാണ്. കാനാന്റെ വംശജരാണു കറുത്തവർഗക്കാർ എന്നാണ് ഇക്കൂട്ടർ പറയുന്നത്. എന്നാൽ, ബൈബിളിൽ കാനാന്റെ വംശം, തൊലിയുടെ നിറം എന്നിവയെക്കുറിച്ച് ഒരു പരാമർശവുമില്ല.

യുഎസിലെ വർണവിവേചനം ഇന്ത്യയിലെ ജാതിവ്യവസ്ഥയുടെ ചട്ടക്കൂടിലൂടെ കാണിച്ചു കൊടുക്കുകയാണ് ഇസബെൽ വിൽകെർസൺ. ഇത്തരം മോശം സമൂഹവ്യവസ്ഥകളെ തുറന്നുകാട്ടാൻ ഇന്ത്യയിലെ ജാതിവ്യവസ്ഥയെയാണ് ഉപയോഗിക്കുന്നതെന്നത് നമുക്കും ലജ്ജാകരമാണ്. ഗ്രന്ഥകർത്താവിന്റെ ഈ വാക്കുകൾ മനസ്സിൽനിന്നു പോകുന്നില്ല – ‘ജാതി കൊണ്ടുവരുന്ന വിപത്ത്, അത് എല്ലാ ജാതികളെയും അധഃപതിപ്പിക്കും എന്നതാണ്’.

സ്കോർപ്പിയൺ കിക്ക്: ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥർക്ക് ഓൺലൈൻ പെരുമാറ്റ പരിശീലനം നൽകുമെന്ന് മുഖ്യമന്ത്രി.

അവർക്കു മാത്രം മതിയോ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com