ADVERTISEMENT

ഗാന്ധിജിയുടെ ആത്മകഥ മലയാളികൾ ആദ്യം വായിച്ചത് ‘മനോരമ’യിലൂടെയാണ്.  നവജീവനിൽ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിനൊപ്പം തൽസമയം അതു വിവർത്തനം  ചെയ്തു കൊടുക്കുകയായിരുന്നു. ഗാന്ധിജിയുടെ ആഫ്രിക്കൻ ജീവിതകാലം മുതൽ സമഗ്രമായ റിപ്പോർട്ടുകളും ലേഖനങ്ങളും മുഖപ്രസംഗങ്ങളും മനോരമ പ്രസിദ്ധീകരിച്ചു.

manoramanews2

‘എന്റെ സത്യാന്വേഷണ  സംരംഭം’

മഹാത്മാഗാന്ധിയുടെ ആത്മകഥ ഗുജറാത്തി, ഇംഗ്ലിഷ് ഭാഷകളിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു വരുന്ന അതേ സമയം തന്നെ മലയാളത്തിൽ വായിക്കാനുള്ള ഭാഗ്യം ലഭിച്ചവരാണ് കേരളീയർ. ഗുജറാത്തി ഭാഷയിൽ ‘നവജീവനി’ലും ഇംഗ്ലിഷിൽ ‘യങ് ഇന്ത്യ’യിലും ഗാന്ധിജിയുടെ ജീവിതകഥ അച്ചടിച്ചു വരുമ്പോൾ ‘മലയാള മനോരമ’യാണ് തത്സമയം മലയാള വിവർത്തനം പ്രസിദ്ധീകരിച്ചു വായനക്കാരെ വിസ്മയിപ്പിച്ചത്.

ഗുജറാത്തി ഭാഷയിൽ പുറത്തിറങ്ങിയിരുന്ന നവജീവനിൽ 1925 നവംബർ 25 മുതൽ 1929 ഫെബ്രുവരി 3 വരെയാണ് 'സത്യ നാ പ്രയോഗോ' എന്ന തലക്കെട്ടും ആത്മകഥ എന്ന ചെറുതലക്കെട്ടുമായി ഗാന്ധിജീവിതം വെളിച്ചം കണ്ടത്. അതേ സമയത്തു തന്നെ മഹാദേവ് ദേശായി നിർവഹിച്ച ഇംഗ്ലിഷ് പരിഭാഷ ‘യങ് ഇന്ത്യ’യിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. അതിനൊപ്പമാണ് 1925 ഡിസംബർ 17മുതൽ മനോരമയിൽ ഖണ്ഡശ്ശയായി മലയാള പരിഭാഷ വന്നത്. 1929 ഫെബ്രുവരി 14ന് പരിഭാഷയുടെ അവസാനഭാഗം പ്രസിദ്ധീകരിച്ചു. മലയാള പരിഭാഷയ്ക്കു മനോരമ നൽകിയ തലക്കെട്ട് : എന്റെ സത്യാന്വേഷണ സംരംഭം.

manoramanews

മലയാളികൾ ഗാന്ധി ജീവിതകഥ ഏറെ കൗതുകത്തോടെ മനോരമയിൽ വായിക്കുന്ന കാലത്താണ് 1927ൽ അദ്ദേഹം കേരളത്തിലേക്കു വീണ്ടും വരുന്നത്.

ആഫ്രിക്കയിലെ ഗാന്ധി

1913ൽ ഗാന്ധിജി ദക്ഷിണാഫ്രിക്കയിലായിരുന്ന കാലത്തുതന്നെ അദ്ദേഹത്തിന്റെ ജീവചരിത്ര സംഗ്രഹം മനോരമ മുഖപ്രസംഗരൂപത്തിൽ പ്രസിദ്ധീകരിച്ചു. നവംബർ 29ന് ആദ്യ ലക്കം. ‘‘ അസാധാരണങ്ങളായ പല ഉത്തമഗുണങ്ങളുടെ ഒരു വിളനിലമാണ് ഗാന്ധി എന്ന പേരിനാൽ അറിയപ്പെടുന്ന ദേഹം’’ എന്ന് പത്രാധിപർ അദ്ദേഹത്തെക്കുറിച്ച് എഴുതി.

സുദീർഘമായ മുഖപ്രസംഗം സമാപിക്കുന്നതിങ്ങനെ: ‘‘ ഒരു അസാധാരണ പുരുഷനും ടോൾസ്റ്റോയിയെപ്പോലെ ചില പ്രത്യേകതരം തത്വങ്ങൾ പാലിച്ചുവരുന്ന ആളുമാണ് മോഹൻദാസ് ഗാന്ധി. എങ്കിലും അദ്ദേഹം വളരെ ആലോചനാശക്തിയും ദീർഘദൃഷ്ടിയും കാര്യപ്രാപ്തിയും ഭരണനൈപുണ്യവും ഉള്ള മഹാനായ ഒരു രാജ്യതന്ത്രജ്ഞനും അത്യന്തം ഉത്കൃഷ്ടനായ ഒരു രാജ്യാഭിമാനിയുമാണെന്നാണ് മഹാനായ ഗോഖലെയുടെ ദീർഘകാല പരിചയത്തിന്റെ ഫലമായി ഗാന്ധിയെക്കുറിച്ചുള്ള മതിപ്പെന്നും കൂടെ ഇവിടെ പ്രസ്താവിക്കേണ്ടിയിരിക്കുന്നു’’. 4 തിരുവിതാംകൂർ സന്ദർശനവേളകളിലും മുഖപ്രസംഗം എഴുതി സ്വാഗതം ചെയ്തു. ഗാന്ധിജിയുടെ വേർപാടിനെത്തുടർന്ന് 1948 ജനുവരി 30ന് എഴുതിയ മുഖപ്രസംഗത്തിന്റെ തലക്കെട്ട് : 'പൊലിഞ്ഞുപോയ വിശ്വദീപം'.

gandhimanorma

ഗാന്ധിജിയുടെ കത്തുകൾ

1923 ഏപ്രിൽ 14 മുതൽ 'മഹാത്മാഗാന്ധിയുടെ കത്തുകൾ' മനോരമ പ്രസിദ്ധീകരിച്ചു തുടങ്ങി. മുപ്പതോളം കത്തുകളാണ് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചത്. മകൻ മണിലാലിനെ അഭിസംബോധന ചെയ്തുള്ളതായിരുന്നു ചില കത്തുകൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com