ADVERTISEMENT

വ്യക്തികളെയും അഭിപ്രായങ്ങളെയും ഏറെ വിലമതിച്ചിരുന്നു കെ.ആർ. നാരായണൻ. കൂടെ ജോലി ചെയ്തിരുന്നവർക്കും ലഭിച്ചു, അത്രത്തോളം അഭിപ്രായസ്വാതന്ത്ര്യം

രാഷ്ട്രത്തിന്റെ പ്രഥമ പൗരനായിരുന്നപ്പോഴും ഇല്ലായ്മകളുടെ ഭൂതകാലം പങ്കിടാൻ മടിക്കാത്ത വ്യക്തിപ്രഭാവം;  ഇല്ലാത്തവരെക്കുറിച്ചു വ്യാകുലപ്പെട്ടിരുന്ന മനസ്സ്; ക്യൂവിൽ കാത്തുനിന്നു വോട്ടു ചെയ്യാൻ മടിയില്ലാത്ത, എഡിസിമാർക്കൊപ്പം ബാഡ്മിന്റൻ കളിച്ചിരുന്ന ഭരണഘടനാ തലവൻ... ഇന്ത്യയുടെ 10-ാം രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രസ് സെക്രട്ടറിയായി, 1997 സെപ്റ്റംബർ മുതൽ ജോലി ചെയ്ത രണ്ടരവർഷം സമ്മാനിച്ചത്, ഭൂമിയിലെ ഒരു സർവകലാശാലയ്ക്കും പകരാൻ കഴിയാത്ത വിനയലാളിത്യങ്ങളുടെ പാഠം.

സിറ്റിസൻ പ്രസിഡന്റ്

1998 ഫെബ്രുവരി 16: രാഷ്ട്രപതി ഭവൻ എസ്റ്റേറ്റിലെ സ്കൂളിൽ കെ.ആർ.നാരായണനും കുടുംബവും വോട്ട് ചെയ്യുന്നതു പകർത്താൻ ഫൊട്ടോഗ്രഫർമാരുടെ നീണ്ടനിര. ബാലറ്റ് പെട്ടി ചെറിയ ക്ലാസ് റൂമിനു പുറത്തെ വരാന്തയിലേക്കു നീക്കിവച്ച് ഫോട്ടോയ്ക്ക് അവസരമൊരുക്കുകയാണ് ഉദ്യോഗസ്ഥർ. പക്ഷേ, വോട്ട് ചെയ്യാൻ കാത്തുനിന്നവരുടെ ക്യൂ മുറിക്കാനുള്ള അവരുടെ ശ്രമം ഞാൻ തടഞ്ഞു. അപ്പോഴേക്കും രാഷ്ട്രപതിയെത്തി ക്യൂവിൽ ഇടംപിടിച്ചു. ജനാധിപത്യത്തിൽ ഏതു പദവിയും ജനത്തിനു പിന്നിലേയുള്ളൂ എന്നു തെളിയിച്ചു, ‘സിറ്റിസൻ‌ പ്രസിഡന്റി’ന്റെ ആ ഹൃദയവിശാലത.

അപൂർവമായേ അദ്ദേഹം അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുള്ളൂ. രാഷ്ട്രപതി ഭവന്റെ നിർദേശങ്ങളോടു ചില മന്ത്രാലയങ്ങൾ വേണ്ടത്ര നന്നായി പ്രതികരിക്കാത്ത സാഹചര്യങ്ങളിലാണത്. ഒരിക്കൽ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള റിപ്പോർട്ട് വായിച്ചിട്ട് എന്നെ നോക്കി ‘നിങ്ങളുടെ മന്ത്രാലയം’ അയച്ചതാണെന്നു പറഞ്ഞു. എന്നെപ്പോലെ, അതേ മന്ത്രാലയത്തിനു കീഴിൽ ജോലി ചെയ്തിരുന്ന അദ്ദേഹത്തെ ഞാൻ തിരുത്തി - ‘സർ, നമ്മുടെ മന്ത്രാലയം’. ആ കൂട്ടുത്തരവാദിത്തം ഒരു ചിരിയോടെ അദ്ദേഹം ഏറ്റെടുത്തു.

വ്യക്തികളെയും അഭിപ്രായങ്ങളെയും ഏറെ വിലമതിച്ചിരുന്നു. കൂടെ ജോലി ചെയ്തിരുന്നവർക്കും ലഭിച്ചു അത്രത്തോളം അഭിപ്രായ സ്വാതന്ത്ര്യം. ഒരിക്കൽ ഒരു പതിവു യോഗത്തിലെടുത്ത നിലപാട്, വിവാദത്തിനും മാധ്യമവിമർശനത്തിനും ഇടയാക്കില്ലേ എന്ന് ഞാൻ ആശങ്ക പങ്കുവച്ചു. രാഷ്ട്രീയത്തിൽ വിവാദങ്ങൾ തീർച്ചയായും അത്ര മോശം കാര്യമല്ലെന്നായിരുന്നു ചിരി കലർന്ന മറുപടി.

ആൻഡമാൻ സന്ദർശനവേള. മികവുറ്റ സജ്ജീകരണങ്ങൾക്കു ചുക്കാൻ പിടിച്ച കോട്ടയം നീണ്ടൂർ സ്വദേശിയും നാവികസേനാ ക്യാപ്റ്റനുമായ ഏബ്രഹാം ടി.ലൂക്കോസിലേക്കു രാഷ്ട്രപതിയുടെ ശ്രദ്ധ പതിഞ്ഞു. ഡൽഹിയിൽ തിരിച്ചെത്തേണ്ട താമസം, രാഷ്ട്രപതി ഭവനിൽ കൺട്രോളർ ഓഫ് പ്രസിഡന്റ്സ് ഹൗസ്ഹോൾഡ് ആയി ഏബ്രഹാമിനെ നിയമിച്ചു.

അതേസമയം, താനുമായുള്ള അടുപ്പം ദുരുപയോഗപ്പെടുത്താൻ ആരെയും അനുവദിച്ചിരുന്നുമില്ല. രാഷ്ട്രപതിയെ ഹിന്ദി പഠിപ്പിക്കുന്ന ആളെക്കുറിച്ചു പത്രത്തിൽ ഒരു റിപ്പോർട്ട് വന്നിരുന്നു. അതു ശ്രദ്ധയിൽപെടുത്തിയ നിമിഷം തീരുമാനം വന്നു, ആ പഠനം തുടരേണ്ടതില്ലെന്ന്.

ജൊഹാനസ്ബർഗിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഞാൻ ഡപ്യൂട്ടി കോൺസൽ ജനറലായിരുന്നപ്പോൾ അവിടെ ഹൈക്കമ്മിഷണർ ആയിരുന്നു ഗോപാൽകൃഷ്ണ ഗാന്ധി. അദ്ദേഹം പിന്നീട് രാഷ്ട്രപതിയുടെ സെക്രട്ടറിയായപ്പോഴാണ് പ്രസ് സെക്രട്ടറിയായി എന്നെ നിർദേശിച്ചത്. പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കാനെത്തിയ എന്നെ കെ.ആർ.നാരായണൻ നേരിട്ടാണ് ഇന്റർവ്യൂ ചെയ്തത്. അതുവരെ വഹിച്ച നയതന്ത്ര ചുമതലകളെക്കുറിച്ചുള്ള ഒരുപിടി സൗഹൃദ ചോദ്യങ്ങളും എന്നെക്കുറിച്ചു കേട്ടെന്നു പറഞ്ഞ നല്ല വാക്കുകളും ആ കൂടിക്കാഴ്ചയുടെ പിരിമുറുക്കം അയച്ചു.

kr-narayanan-manorama
കെ.ആർ.നാരായണൻ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട വാർത്തയുമായി 1997 ജൂലൈ 18ന് പ്രസിദ്ധീകരിച്ച മലയാള മനോരമയുടെ ഒന്നാം പേജ്.

അവസാനനിമിഷം‌ വരെ പുതുക്കുന്ന വാക്കുകൾ

എഴുതിക്കൊടുക്കുന്നവ അതേപടി പ്രസംഗിച്ച ചരിത്രമില്ല കെ.ആർ.നാരായണന്. എ4 വലുപ്പത്തിൽ ഇളംമഞ്ഞ കവറുള്ള വരയിട്ട നോട്ട്പാഡിലാണു പ്രസംഗം കുറിച്ചിരുന്നത്. അവസാന നിമിഷം വരെ പ്രസംഗം മെച്ചപ്പെടുത്തും. ചൈനയിലെ ബെയ്ജിങ് സർവകലാശാലയിൽ പ്രസംഗിക്കുന്ന ദിവസം പുലർച്ചെ 4നു വിളിച്ചുണർത്തി. ക്ഷമാപണം നടത്തിയ ശേഷം, പ്രസംഗത്തിലെ ഒന്നുരണ്ടു ഖണ്ഡിക മാറ്റണമെന്നു നിർദേശിച്ചു. ചൈനീസ് ഭാഷയിലേക്കു നേരത്തേ മൊഴിമാറ്റം നടത്തിയ പ്രസംഗത്തിൽ മാറ്റം വരുത്തി വേണം മാധ്യമങ്ങൾക്കും മറ്റും പകർപ്പെടുത്തു നൽകാൻ. പ്രസംഗത്തിലെ അവസാന നിമിഷ മിനുക്കുപണികൾ അക്കാലത്തെ വെല്ലുവിളിയായിരുന്നു.

പദവിയുടെ യശസ്സ് ഉയർത്തിയ നടപടികൾ

സർക്കാരിന്റെ തീരുമാനങ്ങൾക്ക് അതേപടി മൂളുന്ന രാഷ്ട്രപതി ആയിരുന്നില്ല അദ്ദേഹം. ഭരണഘടനാ പരിധിക്കുള്ളിൽ നിന്നു സർക്കാരിനു വഴികാട്ടിയാകുന്ന ഒരു ‘വർക്കിങ് പ്രസിഡന്റ്’ ആണു താനെന്നു പലകുറി തെളിയിച്ചു. ഭരണഘടനാ തലവന്മാരുടെ കീഴ്‍വഴക്കങ്ങൾ തിരുത്തിയെഴുതി അദ്ദേഹം പദവിയുടെ യശസ്സുയർത്തി. യുപിയിലും ബിഹാറിലുമൊക്കെ രാഷ്ട്രപതി ഭരണത്തിനായുള്ള ശുപാർശ മടക്കി, സർക്കാരിനെ പിന്തിരിപ്പിച്ചു. ഇത്തരം തീരുമാനങ്ങൾ രാജ്യത്തെ സാധാരണ പൗരനു വിശദീകരിച്ചു കൊടുക്കാനുള്ള ഉത്തരവാദിത്തവും സുതാര്യതയും രാഷ്ട്രപതിക്കുണ്ടെന്ന അപൂർവ ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു.

പുസ്തകക്കടയിൽ മണിക്കൂറുകളോളം

ഒരിക്കൽ സൗത്ത് ഡൽഹിയിലെ ഒരു പുസ്തകക്കടയിൽ പോയ അദ്ദേഹം മണിക്കൂറുകൾ ചെലവഴിച്ച് ഒരു പുസ്തകം തിരഞ്ഞെടുത്തു; മകൾ ചിത്രയ്ക്കുള്ള ജന്മദിന സമ്മാനം. ഒന്നു പറഞ്ഞിരുന്നെങ്കിൽ പുസ്തകക്കട രാഷ്ട്രപതി ഭവനിലെത്തിയേനെ! സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങളായിരുന്നു അദ്ദേഹത്തിന്റെ വായനയിൽ അധികവും.

(രാഷ്ട്രപതിയായിരിക്കെ കെ.ആർ.നാരായണന്റെ പ്രസ് സെക്രട്ടറിയായിരുന്നു ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com