ഭരണഘടനയുടെ ഉത്തമപാലകൻ
Mail This Article
ഭരണഘടനയുടെയും നിയമവാഴ്ചയുടെയും ഉത്തമ സംരക്ഷകനായിരുന്നു കെ.ആർ.നാരായണൻ. ഉപരാഷ്ട്രപതിയായിരിക്കെ രാജ്യസഭാ അധ്യക്ഷന്റെ കസേരയിലിരുന്നു നൽകിയ റൂളിങ്ങുകൾ, രാഷ്ട്രപതിയായിരിക്കെ വിവിധ സന്ദർഭങ്ങളിൽ നൽകിയ വിശദമായ മാർഗനിർദേശങ്ങൾ... എല്ലാം ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവ
1989ലെ ത്രിശങ്കു പാർലമെന്റ് മുതൽ ഒറ്റക്കക്ഷിക്കോ തിരഞ്ഞെടുപ്പു സഖ്യത്തിനോ ഭൂരിപക്ഷമില്ലാതെ വന്നപ്പോഴെല്ലാം തന്റെ മുൻഗാമികൾ അതെങ്ങനെ കൈകാര്യം ചെയ്തിരുന്നുവെന്ന് കെ.ആർ.നാരായണൻ സൂക്ഷ്മമായി പഠിച്ചു. ത്രിശങ്കുവായ മൂന്നു ഘട്ടങ്ങളിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുകയാണു രാഷ്ട്രപതി ചെയ്തത്. എന്നാൽ, മൂന്നു വട്ടവും വ്യത്യസ്തമായ ഫലങ്ങളാണ് ഉണ്ടായത്.
1989ൽ ലോക്സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിന്റെ നേതാവ് രാജീവ് ഗാന്ധി രാഷ്ട്രപതിയുടെ ക്ഷണം നിരസിച്ചു. അതോടെ രണ്ടാമത്തെ വലിയ കക്ഷിയുടെ തലവനായ വി.പി.സിങ്, ഇടതുപാർട്ടികളുടെയും ബിജെപിയുടെയും പിന്തുണയോടെ പ്രധാനമന്ത്രിയായി. 1991ൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവായ പി.വി.നരസിംഹറാവു ന്യൂനപക്ഷ സർക്കാരാണ് ഉണ്ടാക്കിയത്. ഒന്നര വർഷത്തിനു ശേഷം മറ്റു കക്ഷികളിൽനിന്ന് അടർത്തിയെടുത്തവരെക്കൊണ്ടാണു പാർലമെന്റിൽ റാവു സർക്കാർ ഭൂരിപക്ഷം നേടിയത്.
1996ൽ കെ.ആർ.നാരായണൻ ഉപരാഷ്ട്രപതിയായിരിക്കെയാണ് അന്നത്തെ രാഷ്ട്രപതി ശങ്കർദയാൽ ശർമ, ബിജെപിക്കു ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും എ.ബി.വാജ്േപയിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത്. എന്നാൽ, ലോക്സഭയിൽ വോട്ടെടുപ്പു നടക്കും മുൻപേ, 13 ദിവസം പ്രായമായ വാജ്പേയി സർക്കാരിനു രാജിവച്ച് ഒഴിയേണ്ടിവന്നു.
1997ലാണു കെ.ആർ.നാരായണൻ രാഷ്ട്രപതിയായത്. മാസങ്ങൾക്കകം ഐ.കെ.ഗുജ്റാൾ സർക്കാർ വീണു. തുടർന്നുള്ള തിരഞ്ഞെടുപ്പിലും ത്രിശങ്കുസഭ. വാജ്പേയിയുടെ നേതൃത്വത്തിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയും. വാജ്പേയിയെ രാഷ്ട്രപതി ഭവനിലേക്കു ക്ഷണിച്ച നാരായണൻ കീഴ്‌വഴക്കം ഭാഗികമായേ പിന്തുടർന്നുള്ളൂ. പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാമെന്നു ബിജെപിക്ക് ഉറപ്പുണ്ടോ എന്നാണു നാരായണൻ വാജ്പേയിയോടു ചോദിച്ചത്. ശിവസേന, അകാലിദൾ എന്നീ കക്ഷികളുടെ പിന്തുണയുണ്ടെങ്കിലും ബിജെപിക്കു സർക്കാരുണ്ടാക്കാൻ ആവശ്യമായ ഭൂരിപക്ഷമായിട്ടില്ലായിരുന്നു. വാജ്പേയി ഉടൻ സത്യപ്രതിജ്ഞ ചെയ്യണമെന്നാണു ബിജെപി നേതാക്കളുടെ ആവശ്യം. എന്നാൽ, ഭൂരിപക്ഷം സംബന്ധിച്ച് തനിക്കു തൃപ്തികരമായ മറുപടി ലഭിക്കും വരെ പ്രധാനമന്ത്രിയായുള്ള നിയമനക്കത്ത് നൽകാനാവില്ലെന്നു നാരായണൻ വ്യക്തമാക്കി. 273 എംപിമാരുടെ പിന്തുണക്കത്തുകൾ ഹാജരാക്കാൻ വാജ്പേയിക്കു നാരായണൻ ആവശ്യത്തിനു സമയവും അനുവദിച്ചു. ചെറുകിട പാർട്ടികളെല്ലാം ഉടനടി ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ചുവെങ്കിലും അണ്ണാ ഡിഎംകെ മേധാവി ജയലളിത പിന്തുണ പ്രഖ്യാപനം നീട്ടിക്കൊണ്ടുപോയത് ബിജെപിയെ മുൾമുനയിൽ നിർത്തി. പിന്തുണക്കത്തുകൾ ഹാജരാക്കിയ ഉടൻ വാജ്പേയിയോടു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാനും രാഷ്ട്രപതിഭവൻ നിർദേശിച്ചു. 1999ൽ തെലുങ്കുദേശം പാർട്ടിയുടെ പിന്തുണയോടെയാണു വാജ്പേയി ഭൂരിപക്ഷം തികച്ചത്. അവിടെയും പിന്തുണ ഉറപ്പുവരുത്തിയിട്ടേ വാജ്പേയിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചുള്ളൂ.
ഭാവി രാഷ്ട്രപതിമാർ യാന്ത്രികമായോ ഉത്തരവാദിത്തരഹിതമായോ തീരുമാനമെടുക്കാതിരിക്കാനുള്ള കീഴ്‌വഴക്കമാണു കെ.ആർ. നാരായണൻ ഇതിലൂടെ സൃഷ്ടിച്ചത്. പ്രധാനമന്ത്രിയെ നിയോഗിക്കുന്നതിലും ലോക്സഭ പിരിച്ചുവിടുന്നതിലും മാത്രമേ രാഷ്ട്രപതിക്കു സമ്പൂർണ അധികാരമുള്ളൂ എന്നു വിദഗ്ധർ ചൂണ്ടിക്കാട്ടാറുണ്ട്. ആ അധികാരങ്ങൾ ഉപയോഗിക്കുമ്പോഴും അതു ഭരണഘടനാ ധാർമികതയുടെ പരിധിക്കുള്ളിലായിരിക്കാൻ നാരായണൻ ശ്രദ്ധിച്ചിരുന്നു.
1997ൽ കോൺഗ്രസ് പിന്തുണ പിൻവലിച്ചതോടെ ഐക്യമുന്നണിയുടെ ന്യൂനപക്ഷ സർക്കാർ വീണപ്പോൾ ബിജെപിയും കോൺഗ്രസും ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാൻ പദ്ധതിയിട്ടു. ഉടനടി തിരഞ്ഞെടുപ്പിന് ആർക്കും താൽപര്യമില്ലായിരുന്നു. എന്നാൽ, പിന്തുണ ഉറപ്പുവരുത്താതെ ആരെയും സർക്കാരുണ്ടാക്കാൻ ക്ഷണിക്കില്ലെന്നു നാരായണൻ വ്യക്തമാക്കി.
1999ൽ 13 മാസം പ്രായമുള്ള ബിജെപി സർക്കാർ വീണപ്പോൾ എൻഡിഎ കൺവീനർ ജോർജ് ഫെർണാണ്ടസ് നാരായണനു മുന്നിൽ ഒരു നിർദേശം വച്ചു. കാർഗിൽ പ്രതിസന്ധി നേരിടാൻ വാജ്പേയിയുടെ നേതൃത്വത്തിൽ ഒരു ദേശീയ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുക. ഈ ആശയത്തെ പ്രതിപക്ഷകക്ഷികൾ പിന്തുണയ്ക്കാത്ത സാഹചര്യത്തിൽ നാരായണൻ അതിനു സമ്മതം മൂളിയില്ല. സഭയിൽ ഭൂരിപക്ഷം നഷ്ടമായ പ്രധാനമന്ത്രിക്കു തിരഞ്ഞെടുപ്പിലൂടെ ഭൂരിപക്ഷം നേടാതെ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പക്ഷേ, കാവൽസർക്കാരിനു തുടരാമെന്നും പറഞ്ഞു.
1999ൽ 273 എംപിമാരുടെ പിന്തുണയുണ്ടെന്ന് സോണിയ ഗാന്ധി അവകാശപ്പെട്ടപ്പോഴും രാഷ്ട്രപതി നാരായണൻ ചോദിച്ചത് 273 പേരുടെയും പിന്തുണക്കത്ത് കൈവശമുണ്ടോയെന്നാണ്. അതില്ലാതെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അന്നു സമാജ്‌വാദി പാർട്ടിയുടെ കൂടി പിന്തുണ കിട്ടുമെന്ന വിചാരത്തിലാണ് സോണിയ അമിത ആത്മവിശ്വാസം പ്രകടിപ്പിച്ചത്. രാഷ്ട്രപതി നിലപാടു വ്യക്തമാക്കിയതോടെ സർക്കാരുണ്ടാക്കാനുള്ള അവകാശവാദം സോണിയ പിൻവലിക്കുകയും ചെയ്തു.
വോട്ടു ചെയ്യുന്നില്ലെങ്കിൽ രാഷ്ട്രപതി അപൂർണനാണ്. വോട്ടു ചെയ്യുമ്പോഴും രാഷ്ട്രപതിക്കു നിഷ്പക്ഷനായിരിക്കാൻ കഴിയും. എനിക്ക് അക്കാര്യത്തിൽ ആത്മവിശ്വാസമുണ്ട്; രാജ്യത്തിന് എന്നിലും വിശ്വാസമുണ്ടാകണം. തിരഞ്ഞെടുപ്പിനുള്ള ഉത്തരവു ഞാൻ ഒപ്പിടുമ്പോൾ ഓരോ പൗരനോടും വോട്ടു ചെയ്യാൻ നിർദേശിക്കുകയാണു ചെയ്യുന്നത്. നിങ്ങൾ എന്നെ പ്രഥമ പൗരൻ എന്നു വിളിക്കുന്നുവെങ്കിലും ഞാൻ സാധാരണ പൗരനാണെന്ന കാര്യം ഞാൻ എപ്പോഴും ഓർമിക്കണം.(വോട്ട് ചെയ്താൽ രാഷ്ട്രപതിപദവിയുടെ നിഷ്പക്ഷത നഷ്ടമാകുമെന്ന വിമർശനങ്ങൾക്കു നാരായണൻ നൽകിയ മറുപടി)