'മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്: നിർഭയനായ വീരപുത്രൻ'
Mail This Article
1945 നവംബർ 24. റെയിൽവേ സ്റ്റേഷനില്ലാത്ത കോഴിക്കോട് നാലാം ഗേറ്റിനടുത്ത് ആരും ചുവപ്പുകൊടി കാണിക്കാതെ തീവണ്ടികൾ നിർത്തി. ഒരു ദിവസത്തേക്കു മാത്രമൊരു റെയിൽവേ സ്റ്റേഷൻ. ആളുകൾ വേവലാതിപ്പെട്ടു പുറത്തിറങ്ങി, തൊട്ടടുത്തുള്ള ‘ജോസ് വില്ല’യിൽ കിടത്തിയ പ്രിയനേതാവിന്റെ മുഖം അവസാനമായൊന്നു കാണാൻ വരിനിന്നു. ചിലർ സഹിക്കാനാവാതെ മതിൽചാടി അകത്തുകയറി. വിലാപയാത്രയിൽ, വിങ്ങിപ്പൊട്ടിയും കരഞ്ഞും ലക്ഷത്തോളം പേർ പങ്കെടുത്തു. കേരളമതുപോലെയൊരു വിലാപയാത്ര കണ്ടിട്ടില്ല. തലേന്ന് അന്തരിച്ച മുഹമ്മദ് അബ്ദുറഹിമാൻ ആയിരുന്നു ആ നേതാവ്.
കേരളമിന്നും അവിശ്വസിക്കുന്ന ഒരു ഞെട്ടലാണ് മുഹമ്മദ് അബ്ദുറഹിമാന്റെ ആകസ്മിക മരണം. മരിക്കുമ്പോൾ വയസ്സ് 47 മാത്രം. ബാല്യവും പഠനകാലവും കഴിഞ്ഞ് ജയിൽവാസവുമടങ്ങുന്ന ഒരു ജീവിതമാണ് അബ്ദുറഹിമാനെ ഇതിഹാസ പുരുഷനാക്കിയത്, കേരളത്തിന്റെ വീരപുത്രനാക്കിയത്.
അവിസ്മരണീയമായൊരു കൊള്ളിയാൻ മിന്നലായിരുന്നു അബ്ദുറഹിമാൻ. 1898ൽ കൊടുങ്ങല്ലൂരിലെ കറുകപ്പാടത്താണു ജനനം. അഞ്ചുപേരിൽ ആദ്യത്തെയാൾ. പത്തു തലമുറകൾക്കപ്പുറം പോർച്ചുഗീസുകാരോടു പടപൊരുതിയവരുടെ പിന്മുറക്കാരനായിരുന്നു അബ്ദുറഹിമാൻ. സന്ധിയില്ലാത്ത സമരത്തിന്റെ ആവേശം ആ രക്തത്തിലുണ്ടായിരുന്നു. അഴീക്കോട്ടും കൊടുങ്ങല്ലൂരും കോഴിക്കോട്ടും സ്കൂൾ പഠനം. മദിരാശിയിലെ മുഹമ്മദൻസിൽനിന്ന് ഇന്റർമീഡിയറ്റ് കഴിഞ്ഞ്, അവിടെത്തന്നെയുള്ള പ്രസിഡൻസി കോളജിൽ ബിഎയ്ക്ക് പഠിക്കുമ്പോൾ കൂടെ പഠിച്ച ചാവക്കാട്ടുകാരൻ മുഹമ്മദ് ഒരു രാത്രി മുറിയിലെത്തി. അയാൾ അബ്ദുറഹിമാനെ പുസ്തകപ്പുഴുവെന്നു പരിഹസിച്ചു. അബുൽ കലാം ആസാദ് എഴുതിയ ഒരു ചെറിയ പുസ്തകം നൽകി: ഇതു വായിക്ക്, രാജ്യത്തിനു വേണ്ടി ഇംഗ്ലിഷുകാരന്റെ വിദ്യാഭ്യാസം ഉപേക്ഷിക്ക്. അബ്ദുറഹിമാൻ രാത്രി ആ ഗ്രന്ഥം പലവട്ടം വായിച്ചു. രാവിലെ കൂട്ടുകാരന്റെ മുറിയിലെത്തി: ഞാൻ പഠനം ഉപേക്ഷിക്കാൻ തയാറാണ്, നീയോ? മുഹമ്മദ് ഞെട്ടി: അതിനു ബാപ്പയുടെ അനുവാദം വാങ്ങണ്ടേ?
സത്യത്തിന്റെ മാർഗത്തിൽ നടക്കാൻ എനിക്കാരുടെയും അനുമതി വേണ്ടെന്ന് അബ്ദുറഹിമാൻ ഉത്തരം പറഞ്ഞു. അബ്ദുറഹിമാൻ ജാമിയ മില്ലിയയിലെത്തി. അബ്ദുൽ ഗാഫർഖാൻ, സാക്കിർ ഹുസൈൻ തുടങ്ങിയവരുടെ സഹപാഠിയായി, ആസാദ്, മൗലാന മുഹമ്മദലി, അൻസാരി തുടങ്ങിയവരുടെ ശിഷ്യനുമായി. മുഹമ്മദ് എന്ന സഹപാഠി ബ്രിട്ടിഷ് ഉദ്യോഗസ്ഥനായി. പിൽക്കാലത്ത് അദ്ദേഹമൊരു ഗ്രന്ഥമെഴുതി: മാപ്പിളമാർ എങ്ങോട്ട്?
പക്ഷേ, എങ്ങോട്ടാണു പോകേണ്ടതെന്ന് അബ്ദുറഹിമാന് ഉറച്ച തീരുമാനമുണ്ടായിരുന്നു. 1921ൽ കേരളത്തിൽ തിരിച്ചെത്തി, ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തിൽ നിറഞ്ഞ സാന്നിധ്യമായിരുന്നു അദ്ദേഹം. അന്ന് അബ്ദുറഹിമാന് 23 വയസ്സ്. ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് എല്ലാവരും ഖിലാഫത്ത് സമരത്തിൽ പങ്കാളികളായപ്പോൾ മലബാറിൽ മാപ്പിളമാരെ പട്ടാളം വേട്ടയാടി. ആയുധങ്ങളുമായി പടയ്ക്കു പുറപ്പെട്ട മാപ്പിളമാരുടെ മുന്നിൽ അബ്ദുറഹിമാനെത്തി. ഒരു കാളവണ്ടിയിൽ കയറിനിന്ന് കലാപകാരികളോടു ചോദിച്ചു: നിങ്ങൾ വീരചരമം പ്രാപിച്ചാൽ നമ്മുടെ സ്ത്രീകളെയും കുട്ടികളെയും പട്ടാളം ആക്രമിക്കില്ലേ? അവരെ നരകത്തിലേക്കെറിഞ്ഞ് നിങ്ങൾക്കു സ്വർഗം പൂകാനാവുമോ? കലാപകാരികൾ മടങ്ങി. പക്ഷേ, ബ്രിട്ടിഷ് നരവേട്ടയിൽ കലാപം പടർന്നുപിടിച്ചു. കേരളം കണ്ട ഏറ്റവും ക്രൂരമായ മനുഷ്യനായാട്ടായിരുന്നു പിന്നെ.
അബ്ദുറഹിമാൻ ഹിന്ദു ദിനപത്രത്തിലെഴുതിയ ഒരു കുറിപ്പിൽനിന്നാണ് മലബാർ കലാപത്തിന്റെ കൊടുംക്രൂരതകൾ ദേശീയശ്രദ്ധയിലെത്തിയത്. സാമ്രാജ്യത്വക്കോടതി അതിനായി അബ്ദുറഹിമാനു നൽകിയത് രണ്ടു വർഷത്തെ ജയിൽ ജീവിതം. ജയിലിലും അദ്ദേഹം അടങ്ങിനിന്നില്ല. തടവുകാരോടുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റത്തിനെതിരെ അവരെ സംഘടിപ്പിച്ചു. ഭരണകൂടം അക്കാര്യം അന്വേഷിക്കാൻ ഉന്നതോദ്യോഗസ്ഥനെ ചുമതലപ്പെടുത്തി. കമ്മിഷനായെത്തിയത് എ.ആർ.നാപ്പ് എന്ന സായ്പ്. അയാൾ പറഞ്ഞു: ഇവനെ തൂക്കിക്കൊല്ലാനാണു വിധിക്കേണ്ടിയിരുന്നത്. അബ്ദുറഹിമാന്റെ മറുപടി: അങ്ങനെ ചെയ്തിരുന്നെങ്കിൽ നാടിനും നാട്ടാർക്കും വേണ്ടി മരിക്കാനായല്ലോ എന്ന് അഭിമാനിക്കാമായിരുന്നു.
നാപ്പിന്റെ കൂടെയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ചോദിച്ചു: നീ ആരോടാണു സംസാരിക്കുന്നതെന്ന് അറിയാമോ? അബ്ദുറഹിമാൻ: ആരായാലെന്ത്? അതിന് അബ്ദുറഹിമാനു കിട്ടിയ ശിക്ഷ: മദിരാശിയിലെ ജയിലിലേക്കു മാറ്റം. അവിടെ തടവുകാർക്കു നൽകിയിരുന്നത് മുട്ടുകാലിനു മീതെയുള്ള ട്രൗസറായിരുന്നു. അബ്ദുറഹിമാൻ നമസ്കരിക്കാൻ മുട്ടുകാൽ മറയ്ക്കുന്ന വസ്ത്രമാവശ്യപ്പെട്ടു. അതനുവദിച്ചു കിട്ടിയില്ല. അബ്ദുറഹിമാൻ നിരാഹാരസമരം തുടങ്ങി. 23–ാമത്തെ ദിവസം അനുകൂല നടപടിയുണ്ടായി. മുട്ടുമറയ്ക്കുന്ന ട്രൗസർ ആവശ്യമുള്ളവർക്കു ലഭിച്ചു.
ജയിലിൽനിന്നെത്തിയ ശേഷം അനീതിക്കും ഏകാധിപത്യത്തിനുമെതിരായുള്ള സമരം പലവിധത്തിലായിരുന്നു. മാപ്പിള പുരുഷന്മാരെ നാടുകടത്താൻ ബ്രിട്ടിഷുകാർ ആവിഷ്കരിച്ച ആൻഡമാൻ സ്കീമിനെതിരെ ശബ്ദമുയർത്തി വിജയം നേടി. വൈക്കം സത്യഗ്രഹത്തിൽ പങ്കാളിയായിരുന്നു.
അബ്ദുറഹിമാൻ പത്രാധിപരായുള്ള അൽഅമീൻ ഭരണാധികാരികളുടെ ഉറക്കം കെടുത്തി. സൈമൺ കമ്മിഷനെതിരായുള്ള സമരത്തിലും അദ്ദേഹം മുന്നിലുണ്ടായിരുന്നു. ഉപ്പുസത്യഗ്രഹത്തിലെ നായകനും മറ്റൊരാളായിരുന്നില്ല. 1930 മേയ് 12ന് കോഴിക്കോട് കടപ്പുറത്ത് ഉപ്പൂറ്റുമ്പോൾ ആമു സൂപ്രണ്ടും കൂട്ടരുമെത്തി. കേളപ്പൻ, മാധവൻ നായർ, പി.കൃഷ്ണപിള്ള, ആർ.വി. ശർമ തുടങ്ങിയവർ അബ്ദുറഹിമാന്റെ കൂടെയുണ്ടായിരുന്നു. പൊലീസുകാർ സമരക്കാരെ അടിച്ചൊതുക്കുമ്പോൾ പൊട്ടിയ ചട്ടിയുയർത്തി മുദ്രാവാക്യം വിളിച്ച അബ്ദുറഹിമാൻ സ്വാതന്ത്ര്യസമരത്തിലെ അനശ്വര ചിത്രമാണ്.
അബ്ദുറഹിമാന്റെ ശത്രുക്കൾ ബ്രിട്ടിഷുകാരോ ഭരണകൂടത്തെ പിന്താങ്ങുന്നവരോ മാത്രമായിരുന്നില്ല. നിലപാടുകളുടെ പേരിൽ മതനേതാക്കളും പ്രമാണിമാരും എതിരാളികളായി മാറി. എന്നാൽ, ഇവരെയൊന്നും കൂടാതെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് നേതൃത്വത്തിലുള്ള പലർക്കും അബ്ദുറഹിമാൻ അനഭിമതനായിരുന്നു. കോൺഗ്രസിൽ ഗ്രൂപ്പിസത്തിന്റെ വേരുകൾ അന്നേ പടർന്നുപിടിച്ചിരുന്നു. ഗാന്ധിസേവാസംഘം എന്ന പേരിലുള്ള വലതുപക്ഷത്തിന്റെ കണ്ണിലെ കരടായിരുന്നു അബ്ദുറഹിമാൻ. ഗ്രൂപ്പിസം വൻ ചുമരുകൾ പണിതിട്ടും 1938ൽ അബ്ദുറഹിമാൻ കെപിസിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
‘കേരളത്തിലെ പുതിയ കോൺഗ്രസ് പ്രവർത്തനം ഒരു ഞായറാഴ്ച വിനോദമെന്നതിൽ കവിഞ്ഞ് ബഹുജനാവേശത്തിന്റെയും ദേശീയതയുടെയും സമരമുന്നേറ്റമായി മാറിയത് അബ്ദുറഹിമാന്റെ നേതൃത്വത്തിന്റെ മേന്മകൊണ്ടായിരുന്നു. കേരളത്തിലെ കോൺഗ്രസിന്റെ ജനകീയ അടിത്തറ അബ്ദുറഹിമാന്റെ ധീരശബ്ദത്തിൽനിന്നാണു മുളപൊട്ടുന്നത്. എന്നാൽ, മദിരാശി നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടും അബ്ദുറഹിമാനെ മന്ത്രിയാക്കിയില്ല. പലവിധ അപമാനങ്ങളാൽ അദ്ദേഹം കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചു. 1940ൽ വീണ്ടും ജനങ്ങൾ അദ്ദേഹത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കുകയായിരുന്നു. ആരൊക്കെ എതിർക്കുമ്പോഴും അബ്ദുറഹിമാൻ ശക്തനായി, ജനഹൃദയങ്ങൾ കീഴടക്കി. ത്യജിക്കാൻ അറിഞ്ഞുകൂടാത്തവർക്കിടയിൽ ത്യാഗത്തിന്റെ ഒരു മഹാജന്മമുണ്ടായിരുന്നു – മുഹമ്മദ് അബ്ദുറഹിമാൻ’.
ഉയർന്ന മാനുഷികമൂല്യങ്ങളും തളരാത്ത നീതിബോധവുമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയാദർശത്തിന്റെ അടിത്തറ. പലവിധ സംഭവങ്ങൾ ജീവചരിത്ര ഗ്രന്ഥത്തിലുണ്ട്. അതിലൊന്ന്: ഒരുനാൾ വൈക്കത്തു നിന്നൊരാൾ അബ്ദുറഹിമാനെ കാണാനെത്തി. അൽഅമീൻ ലോഡ്ജിലപ്പോൾ അബ്ദുറഹിമാനുണ്ടായിരുന്നില്ല. രാത്രി തിരിച്ചെത്തിയപ്പോൾ ആരോ സന്ദർശകനെക്കുറിച്ചറിയിച്ചു. എവിടെ? കോലായയിൽ അപ്പോഴുമയാൾ കിടന്നുറങ്ങുന്നുണ്ടായിരുന്നു. അബ്ദുറഹിമാൻ അയാളെ വിളിച്ചുണർത്തി: ഭക്ഷണം കഴിച്ചോ? വന്നയാൾ മുന്നിൽ നിൽക്കുന്നത് ദൈവമെന്നറിഞ്ഞു. വന്നുകണ്ടയാൾ മറ്റൊരാളല്ല, എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീർ.നിർഭയനായ പോരാളി, ഭയംപോലും പേടിച്ച അബ്ദുറഹിമാൻ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 75 വർഷം തികയുന്നു.
എസ്.കെ.പൊറ്റെക്കാട്ട്, പി.പി.ഉമ്മർകോയ, കെ.എ.കൊടുങ്ങല്ലൂർ, എൻ.പി.മുഹമ്മദ് എന്നിവർ രചിച്ച ‘മുഹമ്മദ് അബ്ദുറഹിമാൻ’ എന്ന ജീവചരിത്ര ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരുന്നു: ‘കേരള ചരിത്രത്തിൽ കൊടുങ്കാറ്റുപോലെ അദ്ദേഹം വന്നു. കൊടുങ്കാറ്റുപോലെ ഒരിടത്തും തങ്ങിയില്ല. കൊടുങ്കാറ്റിന്റെ വേഗത്തിൽ പോവുകയും ചെയ്തു’.
(എഴുത്തുകാരനും കോഴിക്കോട് ഫാറൂഖ് കോളജ് മുൻ അധ്യാപകനുമാണു ലേഖകൻ)