വാചകമേള
Mail This Article
∙ആർ. ബാലകൃഷ്ണപിള്ള
ഒരിക്കൽ ഞാൻ വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ എന്റെ മുണ്ടും ഷർട്ടുമൊക്കെ കണ്ട് കൗതുകം തോന്നി ഹിന്ദി സിനിമാതാരം ധർമേന്ദ്ര അടുത്തെത്തി രാഷ്ട്രീയക്കാരനാണോ എന്നു ചോദിച്ചു. അതേ എന്നു പറഞ്ഞപ്പോൾ നാടെവിടെ എന്നായി ചോദ്യം. കൊട്ടാരക്കര എന്ന് എന്റെ മറുപടി. ഉടൻ വിടർന്ന കണ്ണുകളോടെ അദ്ദേഹം ചോദിച്ചു – അതൊരു മഹാനായ സിനിമാനടന്റെ പേരല്ലേ?
∙കെ.വി.ലേഖ ശശിധരൻ
ഒരമ്മ തന്റെ കുഞ്ഞിനെ മാറോടു ചേർത്തു സൂക്ഷിച്ചു കൊണ്ടുനടക്കുന്നതു പോലെ ആയിരുന്നു അച്ഛൻ (എം.കൃഷ്ണൻ നായർ) പുസ്തകങ്ങളെ കൊണ്ടുനടന്നിരുന്നത്. അമ്മയുടെ കയ്യിൽനിന്നു കുഞ്ഞു വീഴില്ല. അഥവാ വീണുപോയാൽ ആ അമ്മ എത്ര ദുഃഖിക്കും? അതുപോലെയാണ് അച്ഛന്റെ കയ്യിൽനിന്നു പുസ്തകങ്ങൾ വീണാലും. പക്ഷേ, ഒരിക്കലും അങ്ങനെ സംഭവിച്ചിട്ടില്ല.
∙ ടി.പി.ശ്രീനിവാസൻ
ഓരോ തവണ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പു നടക്കുമ്പോഴും നമുക്ക് അഭിമാനം തോന്നുന്നത് നമ്മുടെ തിരഞ്ഞെടുപ്പു പ്രക്രിയയെപ്പറ്റിയാണ്. അമേരിക്കയെക്കാൾ നാലിരട്ടി ജനസംഖ്യയുള്ള ഇന്ത്യയിൽ വോട്ടെണ്ണൽ ഒരു ദിവസംകൊണ്ടു കഴിയുന്നു.
ഏറ്റവും കൂടുതൽ അംഗങ്ങളുള്ള പാർട്ടിയുടെ നേതാവ് പ്രധാനമന്ത്രിയാകുന്നു. ഒരിക്കലും പ്രധാനമന്ത്രിപദം നിശ്ചയിക്കാനാകാതെ വരികയോ പഴയ പ്രധാനമന്ത്രി ചുമതല ഒഴിയാതെ ഇരിക്കുകയോ ചെയ്തിട്ടില്ല.
∙ ശ്രീകുമാരൻ തമ്പി
ഞാൻ ആദ്യമായി പാന്റ്സും ഷർട്ടും അണിഞ്ഞപ്പോൾ അതു കണ്ടുനിന്ന അമ്മയുടെ മുഖം ക്ലോസപ്പിലും മിഡിൽ ഷോട്ടിലും എന്റെ മനസ്സാകുന്ന ക്യാമറയിൽ പകർത്തിയത് ഇന്നും ഞാൻ ഓർമയിൽ എഡിറ്റ് ചെയ്തു സൂക്ഷിക്കുന്നു.