ADVERTISEMENT

‘‘പ്രായമല്ല, വ്യക്തിത്വവും പെരുമാറ്റവുമാണ് പക്വത നിശ്ചയിക്കുന്നത്. കഴിവിൽ സംശയം പ്രകടിപ്പിച്ചവർക്കുള്ള മറുപടിയാകും 5 വർഷത്തെ ‌പ്രവർത്തനം...’’മനോരമ സംഘടിപ്പിച്ച ഓൺലൈൻ ചർച്ചയിൽ യുവ ജനപ്രതിനിധികൾ കാഴ്ചപ്പാട് വ്യക്തമാക്കുന്നു

‘പഞ്ചായത്ത് ഓഫിസിലേക്ക് ഒരു പാൽക്കുപ്പി കൂടി വാങ്ങിച്ചുവച്ചോ, 5 കൊല്ലം കഴിയുമ്പോഴെങ്കിലും വലുതാക്കി വിടണ്ടേ എന്നു കളിയാക്കിയവരുണ്ട്’ - 23–ാം വയസ്സിൽ വയനാട്ടിലെ പൊഴുതന പഞ്ചായത്ത് പ്രസിഡന്റായപ്പോൾ ഉയർന്ന പരിഹാസങ്ങളുടെ കഥകൾ അനസ് റോസ്ന സ്റ്റെഫി പറഞ്ഞുതുടങ്ങിയതിങ്ങനെ. തദ്ദേശസ്ഥാപനങ്ങളിലെ യുവ ജനപ്രതിനിധികൾക്കായി മലയാള മനോരമ സംഘടിപ്പിച്ച ഓൺലൈൻ ചർച്ചയിൽ പങ്കെടുത്ത എല്ലാവർക്കും പറയാനുണ്ടായിരുന്നത് സമാന അനുഭവങ്ങൾ തന്നെ.

പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായ രേഷ്മ മറിയം റോയിക്ക് നോമിനേഷൻ നൽകുന്നതിന്റെ തലേന്നാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ട പ്രായമായ 21 തികഞ്ഞത്. താൻ രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ മെംബറായിരുന്ന ആളെയാണു തോൽപിച്ചതെന്നു പറഞ്ഞപ്പോൾ രേഷ്മയുടെ വാക്കുകളിൽ അഭിമാനം.

‘വ്യക്തിത്വവും പെരുമാറ്റവുമാണു പക്വത നിശ്ചയിക്കുന്നത്. ഭരണഘടന അനുവദിച്ച പ്രായമായിട്ടുണ്ട്. തിരഞ്ഞെടുത്തതു ജനങ്ങളാണ്. അനുഭവപരിചയം തീർച്ചയായും കുറവാണ്. അതു നേടിയെടുക്കുക തന്നെ ചെയ്യും’ - രേഷ്മയ്ക്കു സംശയമില്ല.

‘പാർട്ടി പറഞ്ഞാലും നോ പറഞ്ഞുകൂടേ?’

മേയറാകാൻ പാർട്ടി പറഞ്ഞപ്പോൾ എന്തുകൊണ്ട് നോ പറഞ്ഞില്ല എന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ ചിലരുടെ ചോദ്യമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ‘നോ പറഞ്ഞിരുന്നെങ്കിൽ നിന്നെ അംഗീകരിച്ചേനേ എന്നാണ് ഇക്കൂട്ടരുടെ വാദം. നോ പറയുന്നതിലാണോ അംഗീകാരം ഇരിക്കുന്നത്?’

anas
സി. സുധീഷ്, അനസ് റോസ്ന സ്റ്റെഫി

പ്രായക്കുറവും മെലിഞ്ഞ ശരീരവും പൊക്കമില്ലായ്മയുമൊക്കെ ഒരു കുറവായി കാണുന്ന ഒട്ടേറെപ്പേർ ഇപ്പോഴുമുണ്ടെന്ന് അനസിന്റെ പരിഭവം. ‘എന്നാലും അതെല്ലാം മറികടക്കാനുള്ള പിന്തുണ പാർട്ടി നൽകുന്നതാണു ധൈര്യം’.

മത്സരിക്കാനിറങ്ങിയപ്പോൾ ഈ ചെറിയ ചെക്കനാണോ മത്സരിക്കുന്നത് എന്നു ചോദിച്ച് പലരും പരിഹസിച്ചുവെന്ന് ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റായ ജോണിസ് പി.സ്റ്റീഫൻ പറഞ്ഞു.

ആരോപണം ഉന്നയിക്കുന്നവർക്കു വാക്കുകളെക്കാൾ പ്രവൃത്തിയിലൂടെ മറുപടി നൽകാനാണ് ആഗ്രഹമെന്ന് ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് പി.ശാരുതി. വരുംദിവസങ്ങളിൽ ഇതിനുള്ള മറുപടി ജനങ്ങൾക്കു ലഭിക്കുമെന്നും ശാരുതിയുടെ മറുപടി.

അപൂർവ ആദിവാസി ഗോത്രവിഭാഗമായ ചോലനായ്ക്കരിൽനിന്നുള്ള ആദ്യ ജനപ്രതിനിധിയായ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം സി.സുധീഷിന് ‘പിൻസീറ്റ് ഡ്രൈവിങ്’ എന്ന ആരോപണത്തെക്കുറിച്ചു പറയാനുണ്ടായിരുന്നത് ഇതാണ് – ‘നാട്ടിലാണു ഞാൻ പഠിച്ചത്, കാട്ടിലാണു വളർന്നത്. പ്ലാൻ തയാറാക്കൽ, മറ്റു നടപടിക്രമങ്ങൾ എന്നിവയിൽ സഹായം വേണ്ടിവന്നേക്കാം. പക്ഷേ, അതു വെറും സാങ്കേതിക കാര്യങ്ങളല്ലേ... കാഴ്ചപ്പാടല്ലേ പ്രധാനം? അതുണ്ട്. ബാക്കിയെല്ലാം പോകുന്ന വഴിക്കു പഠിച്ചെടുക്കാമല്ലോ.’

മേയർക്കും വ്യാജൻ!

ആര്യയെ മേയറായി നിശ്ചയിച്ച ദിവസം തന്നെ രംഗത്തെത്തിയ വ്യാജ ട്വിറ്റർ പ്രൊഫൈലിനെ പിന്തുടരുന്നത് 11,000 പേർ! ഓഗസ്റ്റിൽ ആര്യ തുടങ്ങിയ ഒറിജിനൽ പ്രൊഫൈലിൽ 5,200 ഫോളോവേഴ്സ് മാത്രം! ‘ഒരു മേയർക്ക് ഇതാണ് അവസ്ഥയെങ്കിൽ മറ്റുള്ളവർക്ക് എങ്ങനെയെന്നു നമുക്കു മനസ്സിലാകുമല്ലോ’ - ആര്യ മനസ്സു തുറന്നു.

‘പ്രസിഡന്റായി പരിഗണിച്ചത് മറ്റുള്ളവർക്കു സ്ഥാനം ദുരുപയോഗം ചെയ്യാനാണെന്ന തരത്തിലൊക്കെ, മോശം വാക്കുകളിലൂടെയാണു ചിലർ പ്രതികരിച്ചത്. അതു നേരെ വന്നു പറഞ്ഞാൽ കുഴപ്പമില്ല. ചീത്ത പറയുന്നതു ശരിയല്ല. സൈബറിടങ്ങളിൽ പ്രതികരിക്കുന്നവർക്കു തിരിച്ചറിവുണ്ടാകാതെ എന്തു നിയമം വന്നാലും കാര്യമില്ല.’ - രേഷ്മ നിലപാടു വ്യക്തമാക്കി.

മത്സരിച്ചു ജയിച്ചു കഴിഞ്ഞാലും‍ പഞ്ചായത്തിലെ ജനങ്ങളെ വിട്ട് വീണ്ടും സിവിൽ സർവീസിനു പോകുമോ എന്നു സംശയം പ്രകടിപ്പിച്ചവരുണ്ട്. എന്തുവന്നാലും നാട്ടുകാർക്കൊപ്പം ഈ അഞ്ചു വർഷക്കാലവും ഉറച്ചുനിൽക്കാൻ തന്നെയാണു തീരുമാനമെന്ന് അനസ് പറഞ്ഞു.

കുടുംബംഗങ്ങൾ കോൺഗ്രസ് അനുഭാവികളാണെങ്കിലും താൻ സ്വീകരിച്ച ഇടതുപക്ഷ രാഷ്ട്രീയത്തെക്കുറിച്ചു പറയാനുള്ള അവസരം വീട്ടുകാർ നൽകിയെന്ന് രേഷ്മ. ‘ഞാൻ ചെയ്യുന്നതു നല്ല കാര്യമാണെന്നു ബോധ്യപ്പെട്ടപ്പോൾ അവരുടെ എതിർപ്പു കുറ‍ഞ്ഞു. തിരഞ്ഞെടുപ്പിനു മത്സരിക്കാനിറങ്ങിയപ്പോൾ എനിക്കെതിരെയുണ്ടായ പ്രചാരണങ്ങൾ നേരിടാൻ കുടുംബം തന്നെ ഇറങ്ങി.’

തൊഴിൽ മുഖ്യ അജൻഡ

യുവജനശാക്തീകരണത്തിനു പഞ്ചായത്തിൽ യൂത്ത് ഹബ് സ്ഥാപിക്കാനുള്ള പദ്ധതി ശാരുതി വിവരിച്ചു. പിഎസ്‍സി കോച്ചിങ് ക്ലാസ്, കരിയർ ഡവലപ്മെന്റ്, വ്യക്തിത്വവികസന പരിശീലനം തുടങ്ങിയവ ഉൾപ്പെടുത്തി യുവാക്കളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതായിരിക്കും യൂത്ത് ഹബ്. വാർഡ് അടിസ്ഥാനത്തിൽ സ്വയംതൊഴിൽ പദ്ധതികൾ ആരംഭിക്കുന്നതിനാണ് ആര്യയുടെ മുൻഗണന. അതിൽനിന്ന് അധികമായി ലഭിക്കുന്ന ലാഭം വാർഡിലെ പൊതുകാര്യങ്ങൾക്ക് ഉപയോഗപ്പെടുത്തും.

സർക്കാർ ജോലി നേടാൻ പിഎസ്‌സി പഠനം തുടരുന്നതിനിടെയാണു താൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നും അതുകൊണ്ടുതന്നെ ജോലിയുടെ പ്രാധാന്യം നന്നായി അറിയാമെന്നും സുധീഷ്. വനവിഭവങ്ങൾ ശേഖരിക്കുന്ന സഹകരണസംഘങ്ങളെ ശക്തിപ്പെടുത്തി തൊഴിലവസരങ്ങൾ വർധിപ്പിക്കുകയാണ് അനസിന്റെ ലക്ഷ്യം.

പരിഹസിച്ചവർക്കുള്ള മറുപടി

കേരളീയ സമൂഹവും രാഷ്ട്രീയവും ഒരു പരിധിവരെ പുരുഷകേന്ദ്രീകൃതമാണെന്നു ശാരുതി. പലപ്പോഴും യോഗങ്ങൾ വിളിച്ചുചേർക്കുന്ന സമയവും സ്ഥലവുമൊക്കെ സ്ത്രീകൾക്ക് അപ്രാപ്യമാകുന്നതായിരിക്കാം അതിനു കാരണം.

നമ്മളെ പരിഹസിച്ചവർക്കുള്ള ഉറച്ച മറുപടിയായിരിക്കണം നമ്മുടെ 5 വർഷത്തെ പ്രവർത്തനമെന്ന ജോണിസിന്റെ അഭിപ്രായത്തോട് എല്ലാവർക്കും യോജിപ്പ്. നമ്മളെക്കൊണ്ടിതു പറ്റുമെന്നു കാണിച്ചുകൊടുക്കണമെന്ന് അനസിന്റെ ആഹ്വാനം. ‘നമ്മളെല്ലാവരും ഏറെക്കുറെ ഒരേ അനുഭവങ്ങളിലൂടെയാണു കടന്നുപോയതല്ലേ!’ – രേഷ്മയ്ക്ക് അദ്ഭുതം. പരസ്പരം ആശംസകൾ കൈമാറി എല്ലാവരും കർമപഥങ്ങളിലേക്ക്.

മനസ്സിലുണ്ട്, വികസന സ്വപ്നങ്ങൾ

കോർപറേഷൻ ഓഫിസിൽ ഏതെങ്കിലും സർട്ടിഫിക്കറ്റിനായി ഒരു അപേക്ഷ എത്തിയാൽ ഏതു ദിവസം അതു ലഭിക്കുമെന്ന് അപേക്ഷകനെ അന്നുതന്നെ അറിയിക്കും. ഓഫിസുകൾ കയറിയിറങ്ങുന്ന ബുദ്ധിമുട്ട് ഒഴിവാക്കുകയാണു ലക്ഷ്യം
ആര്യ രാജേന്ദ്രൻ
(21 വയസ്സ് – തിരുവനന്തപുരം കോർപറേഷൻ മേയർ)
.............................

കോന്നി മെഡിക്കൽ കോളജ് ഉൾപ്പെടുന്ന പഞ്ചായത്താണ് അരുവാപ്പുലം. എന്നാൽ, മെഡിക്കൽ കോളജിനും പഞ്ചായത്തിന്റെ പ്രധാന മേഖലയ്ക്കും ഇടയിൽ വലിയ പുഴയുണ്ട്. അവിടെയൊരു പാലത്തിനായി ശ്രമിക്കും.
∙ രേഷ്മ മറിയം റോയി
(21 വയസ്സ്, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ്, പത്തനംതിട്ട)
.............................

ട്ടേറെ ആദിവാസിക്കോളനികളുണ്ട് എന്റെ ഡിവിഷനിൽ. കോളനികളിലെ കുട്ടികളിൽ 10–ാം ക്ലാസ് കടക്കുന്നവർ അപൂർവം. കൊഴിഞ്ഞുപോകുന്നവരെ വീണ്ടും സ്കൂളിലെത്തിക്കാനുള്ള ക്യാംപെയ്ൻ നടത്തും. നൈപുണ്യകേന്ദ്രങ്ങളും സജ്ജമാക്കും.
∙ സി.സുധീഷ്
(21 വയസ്സ് – നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം, മലപ്പുറം)
.............................

തൊഴിലില്ലായ്മ പരിഹരിക്കാനായി യുവജനകൂട്ടായ്മ രൂപീകരിക്കും. ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ പിഎസ്‌സി പരിശീലനം നൽകും.
∙ അനസ് റോസ്ന സ്റ്റെഫി
(23 വയസ്സ് –പൊഴുതന പഞ്ചായത്ത് പ്രസിഡന്റ്, വയനാട്)
.............................

ഞ്ചായത്തിനെ ഭിന്നശേഷിസൗഹൃദ പഞ്ചായത്താക്കും. അവർക്കു വേണ്ടിയുള്ള ബഡ്സ് സ്കൂളിനു സ്വന്തമായൊരു കെട്ടിടം നിർമിക്കണം.
∙ പി.ശാരുതി
(22 വയസ്സ് – ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ്, കോഴിക്കോട്)
.............................

യോജനങ്ങൾക്ക് ഒരു ഡേ കെയർ സെന്റർ ആരംഭിക്കും. പഞ്ചായത്തിലെ സംവിധാനങ്ങൾ ഡിജിറ്റൈസ് ചെയ്യും.
∙ ജോണിസ് പി.സ്റ്റീഫൻ
(22 വയസ്സ് – ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ്, കോട്ടയം)

English Summary: Newly elected young leaders sharing their thoughts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com