ADVERTISEMENT

കേരളത്തിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഹൈക്കമാൻഡ് പ്രതിനിധിയും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയുമായ താരിഖ് അൻവർ സംസാരിക്കുന്നു

തദ്ദേശ തിരഞ്ഞെടുപ്പു തോൽവിക്കു ശേഷം താങ്കൾ ഒന്നിലേറെത്തവണ കേരളത്തിലെത്തി. എന്താണു വിലയിരുത്തൽ?

കോൺഗ്രസ് പ്രവർത്തകർ ആത്മവിശ്വാസത്തിലാണ്. ജയസാധ്യതയുള്ളവരെ സ്ഥാനാർഥികളാക്കണമെന്ന അവരുടെ ആവശ്യം ഹൈക്കമാൻഡ് നടപ്പാക്കും. പ്രാദേശികതലത്തിൽ സ്വീകാര്യരായ, മികച്ച പ്രതിഛായയുള്ളവരെ സ്ഥാനാർഥികളാക്കും. സാമുദായിക ഘടകങ്ങളും പരിഗണിക്കും.

ജയസാധ്യതയുള്ളവരെ നിർത്തുമെന്നതു പതിവു പല്ലവിയല്ലേ? ഒടുവിൽ ഗ്രൂപ്പ് വീതംവയ്പിലേക്കു കാര്യങ്ങളെത്തില്ലേ.

ഇത്തവണ അങ്ങനെയുണ്ടാവില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽനിന്നു പാർട്ടി പാഠം പഠിച്ചു. ദേശീയതലത്തിലും സംസ്ഥാനത്തും കോൺഗ്രസ് അധികാരത്തിലില്ല. അതുകൊണ്ടുതന്നെ പാർട്ടിയെ സംബന്ധിച്ച് ഇതു സുപ്രധാന തിരഞ്ഞെടുപ്പാണ്. കേരളത്തിലെ തിരഞ്ഞെടുപ്പു ഫലം ദേശീയതലത്തിൽ കോൺഗ്രസിനെ ബാധിക്കും. ഇത്തവണ റിസ്ക് എടുക്കാനാവില്ല. സ്ഥാനാർഥി നിർണയത്തിൽ തർക്കങ്ങൾ പാടില്ലെന്ന് സംസ്ഥാനത്തെ മുതിർന്ന നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൂർണ സഹകരണം അവർ വാഗ്ദാനം ചെയ്തിട്ടുണ്ട്. അവസാനനിമിഷമുള്ള സ്ഥാനാർഥി നിർണയം ഇക്കുറിയുണ്ടാവില്ല. പ്രചാരണം നടത്താൻ സ്ഥാനാർഥികൾക്ക് ആവശ്യത്തിനു സമയം ലഭിക്കുന്നുവെന്ന് ഉറപ്പാക്കും. റിബലുകൾ രംഗത്തു വരാതിരിക്കാനുള്ള ജാഗ്രതയുമുണ്ടാവും.

ശക്തികേന്ദ്രമായ മധ്യകേരളത്തിൽ തദ്ദേശതിരഞ്ഞെടുപ്പിൽ കോൺഗ്രസിനു തിരിച്ചടി നേരിട്ടു. മത, സമുദായ സംഘടനകളുടെ പിന്തുണ നഷ്ടമാവുകയാണോ. 

മധ്യകേരളത്തിലടക്കം നേരിട്ട തിരിച്ചടി പരിഹരിക്കാനുള്ള തീവ്രശ്രമം ആരംഭിച്ചുകഴിഞ്ഞു. പാർട്ടിയുടെ പ്രാദേശിക, ജില്ലാ നേതൃത്വങ്ങളെ അതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. മത, സമുദായ സംഘടനകളെ ചേർത്തുനിർത്തുന്ന പാർട്ടിയാണു കോൺഗ്രസ്. ആ പാരമ്പര്യം തുടരും. ഹൈക്കമാൻഡ് പ്രതിനിധിയെന്ന നിലയിൽ മത, സാമുദായിക നേതൃത്വങ്ങളുമായി ഞാൻ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ മാസം 17 – 19 തീയതികളിൽ വീണ്ടും കേരളത്തിലെത്തും.

താഴെത്തട്ടു മുതൽ പാർട്ടിയെ പുനരുജ്ജീവിപ്പിക്കുമെന്നാണ് ഹൈക്കമാൻഡ് പറയുന്നത്

തദ്ദേശതിരഞ്ഞെടുപ്പിൽ ബ്ലോക്ക്, മണ്ഡലം, ജില്ലാ നേതൃത്വങ്ങളുടെ പ്രകടനം വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റന്നാൾ റിപ്പോർട്ട് ലഭിക്കും. തുടർന്ന് തിരുത്തൽ നടപടികൾ സ്വീകരിക്കും. മോശം പ്രകടനം കാഴ്ചവച്ച ഏതാനും ജില്ലാ ഘടകങ്ങൾ അഴിച്ചുപണിയും. താഴെത്തട്ടിലും മാറ്റങ്ങളുണ്ടാവും. കേരളത്തിലെ രാഷ്ട്രീയസ്ഥിതി സംബന്ധിച്ചു ഞാൻ സമർപ്പിച്ച റിപ്പോർട്ട് സോണിയ ഗാന്ധി പരിശോധിച്ചു. പാർട്ടിയെ മുന്നോട്ടു നയിക്കാൻ ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കാൻ സോണിയ നിർദേശിച്ചിട്ടുണ്ട്.

കെപിസിസി നേതൃത്വത്തിൽ മാറ്റമുണ്ടാവുമോ?

നിലവിലെ സാഹചര്യത്തിൽ സംസ്ഥാന നേതൃത്വത്തെ മാറ്റേണ്ടതില്ലെന്നാണ് ഹൈക്കമാൻഡ് തീരുമാനം.കൂട്ടായ നേതൃത്വം അനിവാര്യമാണെന്നു ഹൈക്കമാൻഡ് പറയുന്നു. ആരാണു കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി. തിരഞ്ഞെടുപ്പിനു ശേഷം മാത്രമേ മുഖ്യമന്ത്രിയെ കോൺഗ്രസ് പ്രഖ്യാപിക്കൂ. അതാണു പാർട്ടിയുടെ രീതി. ആരു മുഖ്യമന്ത്രിയാവണമെന്ന് എംഎൽഎമാർ തീരുമാനിക്കും.

അതു ഗ്രൂപ്പ് പോരിനു വഴിവയ്ക്കില്ലേ?

ഒരിക്കലുമില്ല. എംഎൽഎമാർക്കിടയിൽ സമവായമുണ്ടാക്കാൻ ഹൈക്കമാൻഡ് മുൻകയ്യെടുക്കും. എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്താനാവില്ല. എന്നുവച്ച്, തീരുമാനങ്ങൾ ഹൈക്കമാൻഡ് അടിച്ചേൽപിക്കില്ല. ജനാധിപത്യപരമായ രീതിയിൽ എംഎൽഎമാരുടെ അഭിപ്രായമാരാഞ്ഞ ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കും.

ഉമ്മൻ ചാണ്ടിക്ക് എന്തെങ്കിലും പദവികൾ പരിഗണനയിലുണ്ടോ. 

ഉമ്മൻ ചാണ്ടി എഐസിസി ജനറൽ സെക്രട്ടറിയാണ്. പാർട്ടിയിൽ അതു വളരെ വലിയ പദവിയാണ്. തിരഞ്ഞെടുപ്പിനു മുൻപ് സംസ്ഥാനതലത്തിൽ ഏതെങ്കിലും പദവി അദ്ദേഹത്തിനു നൽകേണ്ട സാഹചര്യം വന്നാൽ അപ്പോൾ പരിഗണിക്കും. പാർട്ടി ഏൽപിക്കുന്ന ഏതു ദൗത്യവും ഏറ്റെടുക്കാൻ തയാറാണെന്ന് ഹൈക്കമാൻഡിനെ അദ്ദേഹം അറിയിച്ചിട്ടുണ്ട്.

അശോക് ഗെലോട്ടിനെ സംസ്ഥാനത്തെ മുതിർന്ന നിരീക്ഷകനാക്കിയതിനു പിന്നിൽ. 

കേരളത്തിലെ തിരഞ്ഞെടുപ്പിനു ഹൈക്കമാൻഡ് നൽകുന്ന പ്രാധാന്യത്തിനു തെളിവാണിത്. മുഖ്യമന്ത്രിയുടെ പദവിയിലുള്ള ഒരാളെ നിരീക്ഷകനാക്കുന്നത് ഇതാദ്യമാണ്. സംസ്ഥാനത്തു പാർട്ടിയുടെ പ്രചാരണം അടക്കമുള്ള കാര്യങ്ങളിൽ അദ്ദേഹം സഹായിക്കും.

സ്ഥാനാർഥി നിർണയത്തിൽ യൂത്ത് കോൺഗ്രസിന് എന്തു ലഭിക്കും. 

യുവാക്കൾ, വനിതകൾ എന്നിവർക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കും. നിശ്ചിത ശതമാനം സീറ്റുകൾ യുവാക്കൾക്കു നീക്കിവയ്ക്കുമെന്നല്ല അതിന്റെ അർഥം. അസംതൃപ്തിയുണ്ടാകാത്ത വിധം യുവാക്കൾക്കു സീറ്റുകൾ ഉറപ്പാക്കും.

ബംഗാളിൽ കോൺഗ്രസ് ഇടതുപക്ഷവുമായി കൈകോർത്തു. കേരളത്തിൽ പരസ്പരം പോരടിക്കുന്നു. എങ്ങനെ ന്യായീകരിക്കും. 

തിരഞ്ഞെടുപ്പു ധാരണകളും സഖ്യങ്ങളും ഓരോ സംസ്ഥാനത്തും വ്യത്യസ്തമാണ്. ബിഹാറിലും കോൺഗ്രസും ഇടതുപക്ഷവും സഖ്യത്തിലാണു മത്സരിച്ചത്. ബിജെപിയും സമാനരീതിയിൽ പ്രാദേശിക സഖ്യങ്ങളിലേർപ്പെട്ടിട്ടുണ്ട്. ദേശീയതലത്തിൽ അവസരവാദ രാഷ്ട്രീയം കളിക്കുന്നതു ബിജെപിയാണ്. രാജ്യത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കാൻ കോൺഗ്രസും ഇടതുമടക്കമുള്ള ജനാധിപത്യ പാർട്ടികൾ ദേശീയതലത്തിൽ ഒന്നിച്ചാണു നിൽക്കുന്നത്.

ഏതെങ്കിലും എംപി മത്സരിക്കുമോ?

എംപിമാർ ആരും മത്സരിക്കില്ല. നിലവിൽ ദേശീയതലത്തിലെ കോൺഗ്രസിന്റെ സാഹചര്യം പരിഗണിക്കുമ്പോൾ, എംപിമാരെ തിരികെ നാട്ടിലേക്ക് അയയ്ക്കാൻ കഴിയുന്ന സ്ഥിതിയല്ല. മത്സരിക്കണമെന്ന ആഗ്രഹവുമായി സംസ്ഥാനത്തെ എംപിമാരിൽ ആരും സമീപിച്ചിട്ടില്ല.

English Summary: Interview with aicc general secretary Tariq Anwar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com