ഇനിയും ‘പൊങ്ങാത്ത’ മല്യയും ബ്രിട്ടൻ നയതന്ത്രവും
Mail This Article
ബ്രിട്ടനിലേക്കു മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യയിൽ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ ഇനിയും വിജയം കണ്ടിട്ടില്ല. വിജയ് മല്യയെ എന്നു ഹാജരാക്കുമെന്ന സുപ്രീം കോടതിയുടെ ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയാത്ത അവസ്ഥയിലാണു കേന്ദ്ര സർക്കാർ.
ഇന്ത്യയിലെ വിവിധ ബാങ്കുകളെ കബളിപ്പിച്ചു മുങ്ങിയ കേസിൽ മല്യയ്ക്കെതിരെ വാദം കേട്ടുകൊണ്ടിരിക്കുകയാണു സുപ്രീം കോടതി. മല്യയെ വിട്ടുകിട്ടാനായി ലണ്ടൻ കോടതിയിൽ കേസു നടത്താനും സിബിഐ ഓഫിസർമാരുടെ യാത്രച്ചെലവിനും മറ്റുമായി സർക്കാർ വലിയൊരു തുക ഇതിനകം ചെലവാക്കിക്കഴിഞ്ഞിട്ടും തീരുമാനമാകാത്തതിൽ പാർലമെന്റ് അംഗങ്ങളും ആശങ്ക പ്രകടിപ്പിച്ചു.
9 മാസമായി മല്യക്കേസിൽ ഒരു പുരോഗതിയുമില്ലെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു. മല്യയുടെ മറ്റൊരു രഹസ്യ കേസ് ലണ്ടനിൽ നടക്കുന്നുണ്ട്. ആ കേസ് തീർപ്പാകാതെ മല്യയെ വിട്ടുകിട്ടുന്ന കാര്യത്തിൽ അന്തിമ തീരുമാനമാകില്ലെന്നും ലണ്ടനിലെ നിയമനടപടികൾ അനിശ്ചിതമായി നീണ്ടുപോയേക്കാമെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.
മുതലും പലിശയുമായി ഇന്ത്യയിലെ 7 പൊതുമേഖലാ ബാങ്കുകൾക്കും ഒരു സ്വകാര്യ ബാങ്കിനുമായി 12,500 കോടി രൂപയാണു മല്യ നൽകാനുള്ളത്. മല്യ ബാങ്കുകളെ കബളിപ്പിച്ചു മുങ്ങിയതാണെന്നു ലണ്ടൻ മജിസ്ട്രേട്ട് കോടതി മുൻപാകെ സിബിഐ വിജയകരമായി വാദിച്ചു തെളിയിച്ചതാണ്. ലണ്ടനിൽ സുഖജീവിതം നയിക്കുന്ന മല്യ, ബാങ്കുകളുടെ മുതൽ തിരിച്ചുനൽകി കേസ് തീർക്കാൻ ഇതിനിടെ മുന്നോട്ടുവന്നെങ്കിലും കേന്ദ്രസർക്കാർ വഴങ്ങിയില്ല. ബാങ്കുകളെ കബളിപ്പിച്ചതിന് വിചാരണ ചെയ്തു ശിക്ഷിക്കണമെന്നാണു സർക്കാർ നിലപാട്.
രാഷ്ട്രീയ അഭയം തേടിയുള്ള മല്യയുടെ അപേക്ഷ പരിഗണനയിലുള്ളതുകൊണ്ടാണോ കേസ് നീളുന്നതെന്നു സ്ഥിരീകരിക്കാൻ ബ്രിട്ടിഷ് സർക്കാർ തയാറല്ല. ക്രിമിനൽ കേസുകളിൽ കോടതിയാണു തീരുമാനമെടുക്കേണ്ടതെന്നും കോടതി ഉത്തരവിട്ടാൽ ഇന്ത്യയ്ക്കു കൈമാറാമെന്നുമാണു ബ്രിട്ടിഷ് സർക്കാർ വ്യക്തമാക്കുന്നത്.
അതിനിടെ, 2018 ഡിസംബർ മുതൽ ഇന്ത്യയിലെ ജയിലിൽ കഴിയുന്ന ബ്രിട്ടിഷ് പൗരൻ ക്രിസ്റ്റ്യൻ മിഷേലിനെ വിട്ടുകൊടുക്കുന്ന കാര്യത്തിൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് അനുകൂല നടപടി, ബോറിസ് ജോൺസൻ സർക്കാർ പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്. 3600 കോടി രൂപയുടെ വിവിഐപി ഹെലികോപ്റ്റർ കേസിൽ ഇടനിലക്കാരനായി കോഴ വാങ്ങിയതിനാണു ക്രിസ്റ്റ്യൻ മിഷേൽ ജയിലിലായത്. ബ്രിട്ടിഷ് ഉടമസ്ഥതയിലുള്ള അഗസ്റ്റ വെസ്റ്റ്ലാൻഡ് കമ്പനിയിൽനിന്നു ഹെലികോപ്റ്ററുകൾ വാങ്ങാൻ യുപിഎ സർക്കാരിന്റെ കാലത്താണു കരാറുണ്ടാക്കിയത്. ക്രിസ്റ്റ്യൻ മിഷേലും മറ്റു രണ്ടു വിദേശ ഇടനിലക്കാരും യുപിഎ സർക്കാരിലെ പ്രമുഖരെയും ഉദ്യോഗസ്ഥരെയും സ്വാധീനിക്കാൻ കമ്പനിയിൽനിന്നു കോഴ വാങ്ങിയെന്ന ആരോപണം ഉയർന്നതോടെ യുപിഎ സർക്കാർ കരാർ റദ്ദാക്കി. പക്ഷേ, കേസ് തുടർന്നു. ദുബായിൽ താമസക്കാരനായ മിഷേലിനെ ഇന്ത്യയിലേക്കു കൊണ്ടുവന്ന് ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.
2019 ജനുവരിയിൽ മിഷേലിന് ബ്രിട്ടിഷ് എംബസി ഉദ്യോഗസ്ഥരുമായി ആശയവിനിമയത്തിന് അവസരം നൽകിയിരുന്നു. ബ്രിട്ടിഷ് പൗരൻ എന്ന നിലയിലുള്ള തന്റെ അവകാശങ്ങൾ ജയിലിൽ ലംഘിക്കപ്പെടുന്നതായി മിഷേൽ ആരോപണമുന്നയിക്കുകയും ചെയ്തു. കോപ്റ്റർ ഇടപാടിൽ മിഷേൽ 225 കോടി രൂപ കോഴ വാങ്ങിയെന്നാണു സിബിഐയുടെ കുറ്റപത്രത്തിലെ ആരോപണം. ഇന്ത്യയുടെ ഔദ്യോഗിക രഹസ്യങ്ങളടങ്ങിയ രേഖകളും സിബിഐ ഇയാളിൽനിന്നു പിടിച്ചെടുത്തിരുന്നു. ബ്രിട്ടിഷ് സർക്കാരിലെ ഒരു മുതിർന്ന മന്ത്രിയുടെയും ഹൈക്കമ്മിഷന്റെയും സഹായത്തോടെ തനിക്ക് 2008ൽ ഇന്ത്യയുടെ ഔദ്യോഗിക രഹസ്യരേഖകൾ ലഭിച്ചിരുന്നുവെന്ന് ഇയാൾ സിബിഐക്കു മൊഴി നൽകിയത് ബ്രിട്ടിഷ് ഹൈക്കമ്മിഷനെയും അമ്പരപ്പിച്ചു.
ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ഇത്തരം കേസുകൾ സ്വാധീനിക്കാറില്ല. ഇത്തവണ റിപ്പബ്ലിക്ദിന പരേഡിൽ ഔദ്യോഗിക അതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചതു ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെയായിരുന്നു. യുകെയിലെ കോവിഡ് വ്യാപനം മൂലം അദ്ദേഹം യാത്ര റദ്ദാക്കിയെങ്കിലും ഈ വർഷം ഇന്ത്യ സന്ദർശിക്കുമെന്നു വാഗ്ദാനം ചെയ്തിട്ടുണ്ട്.
ജൂണിൽ നടക്കുന്ന ജി 7 രാജ്യങ്ങളുടെ സാമ്പത്തിക ഉച്ചകോടിയിൽ വിശിഷ്ടാതിഥിയായി നരേന്ദ്ര മോദിയെ ബോറിസ് ജോൺസൻ ക്ഷണിച്ചിട്ടുണ്ട്. യുഎസ്, ഫ്രാൻസ്, ജർമനി, ജപ്പാൻ, കാനഡ, ഇറ്റലി എന്നീ രാജ്യങ്ങളുടെയും രാഷ്ട്രത്തലവന്മാർ പങ്കെടുക്കുന്ന ഈ ഉച്ചകോടിയിൽ മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയും നടന്നേക്കും. അതിനു മുൻപേ മല്യയെ ഇന്ത്യയ്ക്കു കൈമാറാനുള്ള നടപടികൾ ബ്രിട്ടനിൽ പൂർത്തിയാകുമെന്നാണു കേന്ദ്ര സർക്കാരിന്റെ പ്രതീക്ഷ.