ADVERTISEMENT

കുടുംബം മുഴുവൻ സർക്കസ് അഭ്യാസികളാണ്. അതിസാഹസികത പതിവായതിനാൽ അവരുടെ അഭ്യാസപ്രകടനങ്ങൾ കാണാൻ വലിയ ജനക്കൂട്ടമുണ്ടാകും. ഒരിക്കൽ വലിച്ചുകെട്ടിയ ഇരുമ്പുകമ്പിക്കു മുകളിൽ മനുഷ്യപിരമിഡ് നിർമിക്കുന്നതിനിടെ ഏറ്റവും താഴെ നിന്നയാളുടെ ബാലൻസ് തെറ്റി. കുടുംബത്തിലെ മൂന്നു പേർ ആ അപകടത്തിൽ മരിച്ചു. പക്ഷേ, ദിവസങ്ങൾക്കുശേഷം ആ കുടുംബം അതേ അഭ്യാസവുമായി തിരിച്ചെത്തി. കാണികളിലൊരാൾ ചോദിച്ചു: ‘ഇതെങ്ങനെ സാധിക്കുന്നു?’ സർക്കസുകാരൻ പറഞ്ഞു: ‘ഈ ഇരുമ്പുകയറിലെ അഭ്യാസമാണ് ഞാൻ ജീവിച്ചിരിക്കുന്നു എന്നതിന്റെ ഏക തെളിവ്’.

തിരിച്ചുവരവാണു താരോദയം; പുനർജന്മമാണു പോംവഴി. തകരുമ്പോൾ ഓടിയൊളിക്കുന്നവരും പുനരാഗമനത്തിനുള്ള ഊർജം സമ്പാദിക്കുന്നവരുമുണ്ട്. ജയിക്കാനായി ജനിച്ചവർ ആരുമില്ല; തോൽക്കാനായി മാത്രം ജന്മമെടുത്തവരും. പ്രതികരണവും പ്രവൃത്തിയുമാണു ജയത്തിനും പരാജയത്തിനും അന്തിമരൂപം നൽകുന്നത്. പതനങ്ങളോടു രണ്ടു തരത്തിൽ പ്രതികരിക്കുന്ന ആളുകളുണ്ട്. താൻതന്നെ പരാജയമാണെന്നു കരുതുന്നവരും തന്റെ പ്രവൃത്തികളിലൊന്നു മാത്രമാണു പരാജയപ്പെട്ടതെന്നു തിരിച്ചറിഞ്ഞ് ഉയിർത്തെഴുന്നേൽക്കാൻ കഴിയുമെന്നു വിശ്വസിക്കുന്നവരും.

തകർച്ചയല്ല ആരെയും തളർത്തുന്നത്, തകർച്ചയിൽ നിന്നു രൂപപ്പെട്ട അപകർഷതാബോധവും സ്വയംപരിഹാസവുമാണ്. ഇച്ഛാശക്തിയുള്ളവനെ തകർക്കാൻ സാഹചര്യങ്ങൾക്കോ അത്യാഹിതങ്ങൾക്കോ കഴിയില്ല. ന്യായീകരിക്കാൻ കാരണം നോക്കുന്നവർക്ക് കാറ്റും മഴയും പോലും കാരണമാണ്. ജന്മം ഒരു തവണയേയുള്ളൂ. ‘പുനർജന്മം’ എത്രതവണ സാധ്യമായി എന്നതിലാണു ജീവിതത്തിന്റെ സൗന്ദര്യവും സാഹസികതയും. 

Content Highlight: Subhadinam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com