ADVERTISEMENT

കേരളത്തിൽ വാശിയേറിയ തിരഞ്ഞെടുപ്പു പോരാട്ടത്തിലൂടെ നാം ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷിക്കുന്നു. അതേസമയം ഡൽഹിയിൽ മുഴങ്ങുന്നു, ജനാധിപത്യത്തിന്റെ മരണമണി!

അവിടെ ലോക്സഭ പുതിയ നിയമം പാസാക്കിയിരിക്കുന്നു. ജനങ്ങൾ തിരഞ്ഞെടുത്ത ഡൽഹി മുഖ്യമന്ത്രിക്ക് ഇനിയൊരു തീരുമാനവും എടുക്കാൻ അധികാരമില്ല; ഓരോ തീരുമാനവും കേന്ദ്രസർക്കാർ നിയമിക്കുന്ന ഉദ്യോഗസ്ഥനായ ലഫ്റ്റനന്റ് ഗവർണറുടെ അംഗീകാരത്തിനു സമർപ്പിക്കണം. അതുകഴിഞ്ഞു മാത്രം സംസ്ഥാന സർക്കാരിന് ഉത്തരവിറക്കാം. ഇതോടെ രണ്ടരക്കോടി ജനങ്ങൾക്കു ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു.

 ‘ഡൽഹി തലസ്ഥാന ഭൂവിഭാഗം’ എന്നറിയപ്പെടുന്ന ഡൽഹി സംസ്ഥാനത്തിന്റെ ഭരണസംവിധാനത്തിൽ മാറ്റം വരുത്തുന്ന ഭേദഗതി ബില്ലാണ് ലോക്സഭ പാസാക്കിയിരിക്കുന്നത്. അവിടെയിനി നിയമത്തിൽ ‘ഗവൺമെന്റ്’ എന്നു പറയുന്നിടമെല്ലാം ‘ലഫ്.ഗവർണർ’ എന്നായിത്തീരും!

ഒരു അഴിമതിയാരോപണം പോലുമില്ലാതെ, ഏറ്റവും സുതാര്യമായി തീരുമാനങ്ങളെടുത്ത് പാവപ്പെട്ടവർക്കു സൗജന്യ ശുദ്ധജലം, വൈദ്യുതി, ചികിത്സ, വിദ്യാഭ്യാസം ഇവയെല്ലാം നൽകുന്ന ആംആദ്മി പാർട്ടി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ സർക്കാരിനെയാണ് കേന്ദ്രം നിർവീര്യമാക്കാൻ നോക്കുന്നത്.

അവിടെ മുഖ്യമന്ത്രിയും ലഫ്.ഗവർണറും തമ്മിൽ 2015ൽ അധികാരത്തർക്കമുണ്ടായി. വിഷയം സുപ്രീംകോടതി പരിഗണിച്ച് 2018ൽ വിധി വന്നു: ലഫ്.ഗവർണർക്ക് ഒരു കാര്യത്തിലും സ്വതന്ത്രമായി തീരുമാനമെടുക്കാൻ അധികാരമില്ല; മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ചുമാത്രം തീരുമാനമെടുക്കണം. രാഷ്ട്രപതിയുടെ ഉപദേശത്തിന് ഏതെങ്കിലും വിഷയം സമർപ്പിച്ചാൽ അവിടെ ആ ഉപദേശമനുസരിച്ചു മാത്രം തീരുമാനമെടുക്കണം.

അങ്ങനെ സ്വന്തമായി തീരുമാനമെടുക്കാൻ അവകാശമില്ലെന്ന് കോടതി വിധിച്ച ലഫ്.ഗവർണർക്ക് എല്ലാ അധികാരവും നൽകാനുള്ള ഭേദഗതി നിയമം പാസാക്കിയിരിക്കുന്നു, കേന്ദ്രസർക്കാർ! 

പി.സി.സിറിയക്

ജനാധിപത്യത്തെ വഞ്ചിക്കരുത് 

നാമെല്ലാം തിരഞ്ഞെടുപ്പു മാമാങ്കം ഗംഭീരമായി ആഘോഷിക്കുകയാണല്ലോ. കോവിഡ്കാലത്ത് ഏറെ ത്യാഗം സഹിച്ചാണ് എല്ലാ രാഷ്ട്രീയകക്ഷികളുടെയും പ്രവർത്തകർ തങ്ങളുടെ സ്ഥാനാർഥിക്കായി അരയും തലയും മുറുക്കി രംഗത്തിറങ്ങുന്നത്. ജയിച്ചു കഴിഞ്ഞാൽ ചിലരെങ്കിലും ‘വന്ന വഴി’ മറക്കുന്നത് രാജ്യത്തു പലയിടത്തും നാം കാണുന്നുണ്ട്.

മറുപാളയത്തിൽനിന്നു ജയിച്ചവരെ സ്വന്തം പാളയത്തിലെത്തിക്കാൻ നോട്ടുപെട്ടികളിറക്കുന്നു, പലരെയും റിസോർട്ടുകളിൽ ഒളിപ്പിക്കേണ്ടി വരുന്നു. അങ്ങനെ പണവും കയ്യൂക്കും കൊണ്ട് കാര്യം നേടുന്ന അനഭിലഷണീയ രാഷ്ട്രീയ സംസ്കാരം വളർന്നുവരുന്നു. ഇങ്ങനെ കൂടുമാറി ജനാധിപത്യത്തെ അട്ടിമറിക്കുന്ന ജനപ്രതിനിധികൾ വോട്ടു ചെയ്ത ജനത്തെയും സ്വന്തം പ്രവർത്തകരെയും വഞ്ചിക്കുകയാണ്.

ഇക്കുറി ജനവിധി തേടുന്നവരൊക്കെയും ഇത്തരം രാഷ്ട്രീയ നാടകങ്ങളിൽ പങ്കാളികളാകില്ലെന്ന് ഇപ്പോൾത്തന്നെ ദൃഢപ്രതിജ്ഞ എടുക്കേണ്ടതാണ്.

കുരീപ്പുഴ സിറിൾ, കൊല്ലം

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com