ആവേശത്തിൽ യുഡിഎഫ്; കുലുക്കമില്ലാതെ എൽഡിഎഫ്, പ്രതീക്ഷകൾ സജീവമാക്കി എൻഡിഎ
Mail This Article
ആവേശത്തിൽ യുഡിഎഫും കുലുക്കമേതുമില്ലാതെ എൽഡിഎഫും പ്രതീക്ഷ കൈവിടാതെ ബിജെപിയും തുടരുന്നതാണു സംസ്ഥാനത്തു വോട്ടെടുപ്പു പൂർത്തിയാകുമ്പോഴുള്ള രാഷ്ട്രീയ ചിത്രം. വിശദമായ അവലോകനങ്ങളിലേക്ക് അവർ കടക്കുന്നതേയുള്ളൂ.
യുഡിഎഫ് തരംഗമെന്ന് ഇന്നലെ വൈകിട്ടോടെ അവകാശപ്പെടാൻ കോൺഗ്രസ് നേതൃത്വം തയാറായി. അവകാശവാദങ്ങളിലും വാക്കുകളിലും മിതത്വം പുലർത്തുന്ന എ.കെ. ആന്റണി ഒരു സന്ദേഹവും തനിക്കില്ലെന്നു പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ഇടതു നേതാക്കൾ രാവിലെ ചരിത്ര വിജയം പ്രവചിച്ചുവെങ്കിലും വൈകിട്ട് കൂടുതൽ പ്രതികരണങ്ങൾക്കു മുതിർന്നില്ല. അതേസമയം, തദ്ദേശ വോട്ടെണ്ണൽ കഴിഞ്ഞും തരംഗം അവകാശപ്പെട്ടവരാണു യുഡിഎഫുകാർ എന്നു സിപിഎം നേതാക്കൾ പരിഹസിച്ചു. പാർട്ടി അവലോകനത്തിനു ശേഷം കൂടുതൽ പ്രതികരണങ്ങൾ നടത്തുന്ന രീതിയാണു സിപിഎമ്മിനെന്നും വ്യക്തമാക്കി.
വോട്ടെടുപ്പുദിനം പ്രതീക്ഷിക്കാത്തതൊന്നും സംഭവിച്ചില്ലെന്ന അനുമാനമാണു യുഡിഎഫിനും എൻഡിഎയ്ക്കും. അതേസമയം, ശബരിമല ചർച്ച ഇന്നലെയും പടർന്നത് എൽഡിഎഫിന് ആശങ്ക പകർന്നു. പ്രചാരണരംഗത്തു സിപിഎം ഏറ്റവുമധികം ഒഴിവാക്കാൻ ആഗ്രഹിച്ച ചർച്ചയാണു വിധിദിനത്തിൽ തത്സമയം വോട്ടർമാരിലേക്ക് എത്തിയത്.
എൻഎസ്എസ് അവരുടെ രാഷ്ട്രീയം പരസ്യമാക്കിയതു വിപരീത പ്രതികരണങ്ങൾക്കു വഴിയൊരുക്കുമെന്ന പ്രതീക്ഷ ഉണ്ടെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ ശബരിമല സൃഷ്ടിച്ച ആഘാതം ഇടതുമുന്നണിയെ വേട്ടയാടുന്നു.
ഒറ്റപ്പെട്ട പരാതികൾ ഉണ്ടായെങ്കിലും ഇരട്ട വോട്ടിൽ കാട്ടിയ ജാഗ്രത കള്ളവോട്ട് ഭീഷണി പരമാവധി കുറച്ചുവെന്നു യുഡിഎഫ് വിലയിരുത്തുന്നു. എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് പ്രവർത്തകർ ആദ്യാവസാനം സജീവമായി പോളിങ് കേന്ദ്രങ്ങളിൽ ഉണ്ടായതും നല്ല ലക്ഷണമായി നേതൃത്വം കരുതുന്നു.
എൽഡിഎഫിന്റെ സ്വാധീന മേഖലയായ വടക്കൻ കേരളത്തിലെ കനത്ത പോളിങ് തങ്ങൾക്ക് അനുകൂലമായി സിപിഎമ്മും സർക്കാർവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമായി കോൺഗ്രസും അവകാശപ്പെടുന്നു. ഉച്ചവരെ 50 ശതമാനത്തിലേറെ പേർ വോട്ടു ചെയ്തതോടെ റെക്കോർഡ് ഭേദിക്കുമെന്നു പ്രവചിക്കപ്പെട്ടെങ്കിലും പിന്നീടു മന്ദഗതിയിലായി. മൂന്നര ലക്ഷത്തോളം തപാൽ വോട്ട് ഉള്ളതിനാൽ ഓരോ മണ്ഡലത്തിലും ശരാശരി 2500 പേർ അങ്ങനെ ചെയ്തതിൽ പെടും. പോളിങ് ശതമാനത്തിലെ ഏറ്റക്കുറച്ചിൽ ഏതെങ്കിലും മുന്നണിയെ അനുകൂലമോ പ്രതികൂലമോ ആയി ബാധിക്കുന്നതായി ചരിത്രം സൂചിപ്പിക്കുന്നില്ല.
തിരഞ്ഞെടുപ്പിന്റെ അജൻഡ തന്നെ തീരുമാനിച്ചതു പ്രതിപക്ഷം ആയതിനാൽ അന്തിമ വിജയവും തങ്ങൾക്കു തന്നെയെന്ന ആത്മവിശ്വാസത്തിലാണു യുഡിഎഫ്. പ്രതിപക്ഷം കൊണ്ടുവന്ന വിഷയങ്ങൾക്കു മറുപടി പറയാനല്ലാതെ സ്വന്തമായി ഒരു അജൻഡ ഉയർത്താൻ എൽഡിഎഫിനു സാധിച്ചില്ലെന്ന് അവർ പറയുന്നു. സർക്കാരിന്റെ മറുപടികൾ ദുർബലമായെന്നും ചൂണ്ടിക്കാട്ടുന്നു. രാഹുൽ–പ്രിയങ്ക പര്യടനങ്ങൾക്കു പകരം വയ്ക്കാനും എൽഡിഎഫിനു സാധിക്കാതെ വന്നു.
പ്രചാരണത്തിൽ പ്രകടമായ ആവേശം കണ്ടുകൊണ്ടുള്ള അനുമാനം മാത്രമാണ് യുഡിഎഫിന്റേത് എന്ന് എൽഡിഎഫ് വാദിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രകടമായ രാഷ്ട്രീയ സ്ഥിതിയിൽ നിന്നു മാറ്റം ഉണ്ടായിട്ടില്ല, സർക്കാരിനെതിരായുള്ള ആക്രമണങ്ങൾ കുറയുകയും ചെയ്തു. എൽഡിഎഫിന്റെ പകരം വയ്ക്കാനില്ലാത്ത സംഘടനാ മികവിലും ഭരണവിരുദ്ധ വികാരം ഇല്ലെന്ന വിശ്വാസത്തിലും പ്രതീക്ഷയർപ്പിക്കുന്നു സിപിഎം.
മുന്നണികൾക്കു വെല്ലുവിളി ഉയർത്തിയ മണ്ഡലങ്ങളിലെ മികച്ച പോളിങ് ബിജെപിയുടെ അട്ടിമറി പ്രതീക്ഷകൾ സജീവമാക്കുന്നു. മണ്ഡലങ്ങളിൽ അവരുടെ വോട്ടിലെ ഏറ്റക്കുറച്ചിൽ സാധ്യതകൾ മുന്നണികളുടെ ഉറക്കം കെടുത്തും.