സന്തോഷം പോയ പോക്ക്
Mail This Article
സന്തോഷം മൊത്തമായും ചില്ലറയായും വാരിവിതറിയ തിരഞ്ഞെടുപ്പകാലം കഴിഞ്ഞു തിരിഞ്ഞുനോക്കുമ്പോൾ, കഷ്ടം, സന്തോഷിക്കാൻ ഒന്നും ബാക്കിയില്ല.
ആഗോള സന്തോഷ റിപ്പോർട്ട് ഈയിടെ പുറത്തുവന്നപ്പോൾ ഇന്ത്യ 139–ാം സ്ഥാനത്തു മുഖംകുനിച്ചു നിൽക്കുകയാണ്. ഇന്ത്യയ്ക്കു താഴെ വെറും പത്തു രാജ്യങ്ങൾ മാത്രം. ഇന്ത്യമുഖത്തിന്റെ ഭാഗമാണല്ലോ കേരളമുഖവും; വെറും മ്ലാനം.
നമ്മുടെ ചില സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുൻപാവും സന്തോഷ പരിശോധന നടന്നതെന്ന് അപ്പുക്കുട്ടൻ വിചാരിക്കുന്നു. പ്രകടനപത്രികകളിലൂടെ സന്തോഷം വഴിഞ്ഞൊഴുകിയ ദിനങ്ങളിലെങ്ങാൻ കണക്കെടുത്തിരുന്നെങ്കിൽ, തുടർച്ചയായി നാലാം വർഷവും ഒന്നാം സ്ഥാനം നേടിയ ഫിൻലൻഡിനെ നാം കടത്തിവെട്ടിയേനെ.
ഏതൊരു മലയാളിക്കും തുടർച്ചയായി സന്തോഷാശ്രുക്കൾ പൊഴിക്കാനുള്ള കാര്യങ്ങളാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ നടന്നുകൊണ്ടിരുന്നതെന്നു നമുക്കറിയാം.
മധുരമനോഹര വാഗ്ദാനങ്ങളുടെ സമ്മാനപ്പെട്ടികൾ നമുക്കു മുൻപിൽ തുറന്നുവച്ച പ്രകടന പത്രികകൾ, തിയറ്ററിൽ പോയി സിനിമ കാണാൻ ഇപ്പോഴും ഭയപ്പെടുന്നവർക്കായി ഒന്നാംതരം നാടകീയ രംഗങ്ങൾ, മണ്ണും ചാരി നിന്നവർ പെണ്ണുംകൊണ്ടുപോകുന്നയിനം സ്ഥാനാർഥിപ്പട്ടികകൾ, ആഘോഷങ്ങൾ, പ്രതിഷേധ മൊട്ടത്തലകൾ...
സത്യത്തിൽ, സന്തോഷം അതിന്റെ എവറസ്റ്റിൽ കൊടികുത്തിനിൽക്കുകയായിരുന്നു.
ഇന്നലെ നാം വോട്ടു ചെയ്തുപേക്ഷിച്ച ചിഹ്നങ്ങളിലേക്കു നോക്കുമ്പോൾ നമ്മുടെ മനസ്സിൽ സന്തോഷം നിറയുകയായിരുന്നല്ലോ. കുത്തുപാളയും കോവിഡ് വാക്സീനും വാക്സീൻ കുത്തുന്ന സൂചിയുമൊഴികെയുള്ള ഏതാണ്ടെല്ലാ ഉപകരണങ്ങളും ചിഹ്നപ്പട്ടികയിലുണ്ടായിരുന്നു.
ആ സുവർണ സന്തോഷ നാളുകളാണ് ഇന്നലെ അവസാനിച്ചത്. ഇനിയിപ്പോൾ ബാക്കിയുള്ളത് നമ്മുടെ ദൈനംദിന സങ്കടങ്ങളും തമാശകളും മാത്രം. സന്തോഷമളക്കുന്നവർ ഇനി വന്നുനോക്കിയാൽ ഹാ കഷ്ടം, നമ്മുടെ സ്ഥാനം 139–ൽ നിന്ന് 149–ന്റെ കുഴിയിലേക്കു വീണുപോകും. അതിനു താഴേക്കു പോകാൻ വയ്യ; അതാണ് നിലവിൽ സന്തോഷത്തിന്റെ അവസാന സ്ഥാനം.