ADVERTISEMENT

കാസർകോട്ടെ ഒരു ചെറുപ്പക്കാരൻ സ്വന്തം ജീവിതംകൊണ്ടു പറയുന്നത് ഈ കോവിഡ്കാലത്തു കേരളം കേട്ട ഏറ്റവും സുന്ദരമായ പ്രചോദനകഥകളിലൊന്നാണ്. ആകാശത്തോളം ഉയരമുള്ള ഒരു ജീവിതകഥ; സാഹചര്യങ്ങളുടെ പരിമിതികൾ സ്വപ്നലക്ഷ്യത്തിലേക്കുള്ള ചിറകുകൾ തളർത്താൻ പോന്നതായിട്ടും ഉയരത്തിൽ പറക്കാൻ കഴിഞ്ഞൊരാളുടെ വിജയകഥ. 

ലക്ഷ്യബോധവും നിശ്‌ചയദാർഢ്യവുംകൊണ്ടു പരിമിതികൾ മാറ്റിയെഴുതുകയായിരുന്നു പാണത്തൂർ കേളപ്പംകയത്തെ ആർ.രഞ്ജിത്. പ്ലാസ്റ്റിക് ഷീറ്റുകൊണ്ടു മറച്ച മേൽക്കൂരയുള്ള ചെറിയൊരു മൺകുടിലിലിരുന്നു പഠിച്ച് റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (ഐഐഎം) അസിസ്റ്റന്റ് പ്രഫസറായി ജോലി നേടുമ്പോൾ കേരളത്തിലെ മുഴുവൻ യുവതയ്ക്കുമായി തിളക്കമേറെയുള്ളൊരു പ്രചോദനപാഠമാണ് ആ യുവാവ് നൽകുന്നത്. സാഹചര്യങ്ങളിൽപെട്ടു വഴിമാറിപ്പോകാവുന്നൊരു ജീവിതത്തെ സ്വപ്നസാക്ഷാത്കാരത്തിന്റെ ദിശയിലേക്കു തിരിച്ചുവിട്ടതും അതു പിടിയിലൊതുക്കാനായി കഠിനശ്രമം ചെയ്തതും ആ സ്വപ്നം നേടിയെടുത്തതും രഞ്ജിത്തിനെ കേരളത്തിന്റെ മുഴുവൻ അഭിവാദ്യത്തിന് അർഹനാക്കുന്നു. 

പിതാവ് എ.രാമചന്ദ്രൻ തയ്യൽ തൊഴിലാളി; മാതാവ് ബേബി തൊഴിലുറപ്പു തൊഴിലാളിയും. ഉയർന്ന മാർക്കോടെ പ്ലസ്ടു പരീക്ഷ പാസായ രഞ്ജിത് ജീവിതസാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാൽ പഠനം നിർത്താനാണ് ആദ്യം തീരുമാനിച്ചത്. ഈ സമയത്താണു പാണത്തൂർ ടെലിഫോൺ എക്സ്ചേഞ്ചിൽ സെക്യൂരിറ്റി ജോലി ലഭിക്കുന്നത്. ആ രാത്രിജോലിപോലും ലക്ഷ്യത്തിലേക്കുള്ള പ്രകാശമാക്കാൻ രഞ്ജിത്തിനു കഴിഞ്ഞു. പകൽ പഠിക്കാൻ സമയം ലഭിച്ചതോടെ അടഞ്ഞെന്നു കരുതിയ വാതിൽ വീണ്ടും തുറക്കുകയായിരുന്നു. 

പ്രകാശമാനമായ വലിയ ലക്ഷ്യത്തിലേക്ക് എളുപ്പവഴികളില്ലെന്ന് അറിഞ്ഞ ആ ചെറുപ്പക്കാരൻ അതുകൊണ്ടുതന്നെ, ഓരോ പടവിലും ശ്രദ്ധിച്ചു മുന്നേറി. ബിരുദാനന്തര ബിരുദത്തിനുശേഷം മദ്രാസ് ഐഐടിയിൽനിന്നു സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്ഡി നേടി. ഐഐടിയിലെ പഠനം മലയാള ഭാഷ മാത്രമറിയുന്ന തനിക്കു വെല്ലുവിളിയായിരുന്നെന്നും എന്നാൽ, തോറ്റു പിന്മാറാൻ തയാറായില്ലെന്നും രഞ്ജിത് പറയുന്നുണ്ട്. ബെംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രഫസറായി ജോലി ചെയ്യുമ്പോഴാണ് റാഞ്ചി ഐഐഎമ്മിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്. 

വ്യക്തമായ ലക്ഷ്യവും അതു നേടാനുള്ള നിശ്ചയദാർഢ്യവും കൈമുതലായുണ്ടെങ്കിൽ ഒന്നിനും തന്നെ പിൻവിളിക്കാനാവില്ലെന്നും തളർത്താനാവില്ലെന്നും രഞ്ജിത് സ്വജീവിതത്തിന്റെ സാക്ഷ്യത്തോടെ പറഞ്ഞുതരുന്നു. അടുത്ത മാസം റാഞ്ചിയിലേക്കു പോകാനുള്ള തയാറെടുപ്പിലാണ് രഞ്ജിത്. ഓർമവച്ച കാലം മുതൽ സഹയാത്ര ചെയ്യുന്ന ആത്മവിശ്വാസത്തിന്റെ കൈപിടിച്ചുള്ള ഈ ജീവിതയാത്ര നമ്മുടെ യുവജനതയ്ക്കു സ്വന്തം വഴികളിൽ പകർത്താനുള്ളതു തന്നെയാണ്.  

വീടിന്റെ ഫോട്ടോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത് രഞ്ജിത് എഴുതിയതിങ്ങനെയാണ്: ‘ഈ വീട്ടിലാണു ഞാൻ ജനിച്ചത്, ഇവിടെയാണു വളർന്നത്, ഇവിടെയാണു ജീവിക്കുന്നത്. ഒരുപാടു സന്തോഷത്തോടെ പറയട്ടെ, ഈ വീട്ടിൽ ഒരു ഐഐഎം പ്രഫസർ ജനിച്ചിരിക്കുന്നു’ – കേരളം ആവേശം കൊള്ളേണ്ട വാക്കുകൾ.

പ്രിയപ്പെട്ട രഞ്ജിത്, കേരളമാകെ അഭിമാനം കൊള്ളുന്നു; താങ്കളുടെ ലക്ഷ്യബോധത്തിനു മുന്നിൽ ആകാശം പോലും അതിർത്തിയാവുന്നില്ല. വിജയവഴികളിലൂടെയുള്ള ഈ യാത്ര തുടർന്നുകൊണ്ടേയിരിക്കുക. അഭിമാനത്തോടെ ഈ നാട് ആ അശ്വമേധം കണ്ടുനിൽക്കും; പുതുമുറക്കാർക്ക് ഇക്കഥ പറഞ്ഞുകൊടുക്കുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com