ADVERTISEMENT

സത്യമേ ജയിക്കൂ, സത്യം മാത്രം എന്നു പറഞ്ഞത് ആരാണെന്നു ചോദിച്ചാൽ അശോക ചക്രവർത്തി മുതൽ ഗാന്ധിജിയുടെ വരെ പേരുകളായിരിക്കും ക്വിസ് പ്രോഗ്രാമിൽ പങ്കെടുക്കുന്നവർ പറയുക. സത്യത്തിൽ അതു പറഞ്ഞത് കെ.ടി.ജലീൽ സായ്‌വാണെന്നു ക്വിസ് മാസ്റ്റർ വെളിപ്പെടുത്തുമ്പോഴാണു മത്സരാർഥികൾ മൂക്കത്തു വിരൽ വയ്ക്കുക. ഫുൾ മാർക്കും ക്വിസ് മാസ്റ്റർക്കു പോകും.

സത്യമേവ ജയതേ, സത്യം വദഃ, ധർമം ചരഃ എന്നെല്ലാം പറഞ്ഞതും ജലീൽ സായ്‌വല്ലാതെ മറ്റാരുമല്ല. പോയ ജന്മങ്ങളിലേതിലോ മറ്റേതോ പേരിൽ ജീവിക്കുമ്പോൾ പറഞ്ഞതായതു കൊണ്ടു മാത്രമാണ് അതിന്റെയൊന്നും ക്രെഡിറ്റ് അദ്ദേഹത്തിനു ലഭിക്കാതെ പോയത്. അല്ലെങ്കിലും മഹാന്മാരുടെ വിധി അങ്ങനെയാണ്. അവർ ചെയ്യുന്നതിന്റെയും പറയുന്നതിന്റെയും ക്രെഡിറ്റ് മറ്റുള്ളവർ അടിച്ചുമാറ്റും.

ബന്ധുനിയമനത്തിൽ സായ്‌വ് എന്തെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെന്നു ലോകായുക്തയ്ക്കു പറയാം. അവർക്കില്ലാത്ത ഏക കാര്യം യുക്തിയാണ്. എന്നാൽ, ദൈവത്തിന്റെ കോടതി ജലീൽ സായ്‌വിനെ കുറ്റവിമുക്തനാക്കുമെന്നതു മൂന്നുതരം. അവിടത്തെ വക്കാലത്ത് എ.കെ.ബാലൻ വക്കീലിനെ ഏൽപിച്ചിട്ടുണ്ട്. പാവങ്ങളുടെ പൽക്കിവാലയെന്നു പേരെടുത്ത ബാലേട്ടൻ, സന്നതെടുത്ത ശേഷം ഒരിക്കലേ കോടതിയിൽ പോയിട്ടുള്ളൂ. അന്നു കേസ് പരിഗണിച്ച സെഷൻസ് ജഡ്ജിയുടെ വിധി ഇങ്ങനെയായിരുന്നു: ഈ കേസ് വാദിച്ച അഭിഭാഷകനെ മരിക്കും വരെ തൂക്കിലേറ്റാൻ വിധിക്കാത്തത് അദ്ദേഹത്തിന്റെ പ്രായം പരിഗണിച്ചു മാത്രമാണ്.

വിധിപ്പിറ്റേന്നു കോട്ടൂരി കോടതിവരാന്തയിൽ നിന്നിറങ്ങി ഡിവൈഎഫ്ഐ നാദാപുരം തൂണേരി ബ്രാഞ്ചിൽ മെംബർഷിപ് എടുത്തു പടിപടിയായി ഉയർന്ന് മന്ത്രിക്കസേരയിൽ എത്തിയതാണ്. എങ്കിലും പഴയ നിയമപഠനത്തിന്റെ ഓർമകൾ പലപ്പോഴും തികട്ടിവരും. അപ്പോൾ ചിലപ്പോൾ വക്കാലത്ത് ഏറ്റെടുക്കാൻ തോന്നും. എന്നാൽ, കോടതിയുടെ മതിൽ‍ക്കെട്ടിനകത്തു കയറാതെയേ കേസ് വാദിക്കൂ. കാരണം, പഴയ വിധി സൃഷ്ടിച്ച ഉൾക്കിടിലം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.

ക്യാപ്റ്റൻ കേസിൽ വിജയേട്ടന്റെ വക്കാലത്ത് സ്വയം ഏറ്റെടുത്തതും എൻഎസ്എസ് ജനറൽ സെക്രട്ടറിക്കെതിരെ തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചതുമെല്ലാം പഴയ ലോ കോളജ് പഠനത്തിന്റെ ഹാങ്ങോവറിലാണ്. ജലീൽ സായ്‌വിന്റെ കേസ് ഏറ്റെടുത്തതും അങ്ങനെ തന്നെ.

എന്നാൽ, ബാലേട്ടൻ വക്കീലിന്റെ വാദത്തിൽ പ്രസക്തമായ ചില ലോ പോയിന്റുകൾ ഉണ്ടെന്നത് ഏതു കോടതിക്കും ബോധ്യമാകും. ബന്ധുക്കളെ ഡപ്യൂട്ടേഷനിൽ നിയമിക്കരുതെന്ന് ഒരിടത്തും നിയമമില്ലെന്നതാണ് അതിലൊന്ന്. ‘ലോകമേ തറവാട്, തനിക്കിപ്പുൽകളും പുഴുക്കളും കൂടിത്തൻ കുടുംബക്കാർ’ എന്നു കരുതുന്നവരാണു കമ്യൂണിസ്റ്റുകാർ. അവർക്ക് എല്ലാവരും സഖാക്കളാണ്. പൂച്ചയെപ്പോലും പൂച്ചസഖാവെന്നു വിളിക്കുന്നവരാണു കറതീർന്ന കമ്യൂണിസ്റ്റുകാർ. അങ്ങനെ വരുമ്പോൾ അവർക്ക് എല്ലാവരും ബന്ധുക്കളാണ്. അതിനാൽത്തന്നെ അവർക്ക് ഒരാളെയും ഡപ്യൂട്ടേഷനിൽ നിയമിക്കാൻ കഴിയില്ല. ലോകായുക്തയ്ക്ക് എന്തെങ്കിലും യുക്തിയുണ്ടെങ്കിൽ ‘പ്ലീസ് നോട്ട് ദ് പോയിന്റ്’.

സത്യത്തിൽ അതൊരു തമാശയായിരുന്നു 

ചോമ്പാൽ ഗാന്ധിയെന്നു പുകൾപെറ്റ മുല്ലപ്പള്ളി രാമചന്ദ്ര ഗാന്ധി വലിയ ഗൗരവക്കാരനാണെന്നാണു പരക്കെ സംസാരം. എന്നാൽ, സത്യത്തിൽ അദ്ദേഹം വലിയ തമാശക്കാരനും പരിഹാസക്കാരനുമാണെന്ന് അടുത്തറിയാവുന്നവർ പോലും മനസ്സിലാക്കിയത് അദ്ദേഹം തന്നെ ആ രഹസ്യം പുറത്തുവിട്ടപ്പോഴാണ്.

ആൾ തമാശക്കാരനാണെങ്കിലും ഒരു പ്രശ്നമുണ്ട്, വളരെ സീരിയസായേ അദ്ദേഹം തമാശ പറയൂ. പറഞ്ഞതു തമാശയാണെന്നു തിരിച്ചറിയാൻ, കേൾക്കുന്നവർ സ്വയം ഇക്കിളിയിട്ടു നോക്കണം. ചിരി വരുന്നുണ്ടെങ്കിൽ തമാശ; ഇല്ലെങ്കിൽ സംഗതി ഗൗരവം. യഥാർഥ ഹാസ്യസമ്രാട്ടുകൾ അങ്ങനെയാണ്. അവർ ചിരിപ്പിക്കുകയേ ഉള്ളൂ, ചിരിക്കാറില്ല. മാണിക്കോത്ത് രാമുണ്ണി നായർ എന്ന് അംശം കോൽക്കാരന്റെ രേഖകളിലും പാറപ്പുറത്തു സഞ്ജയൻ എന്നു സാഹിത്യ അധികാരിയുടെ നാൾവഴിയിലും പേരുകേട്ട പ്രസിദ്ധ ഹാസസാഹിത്യകാരൻ ഒരിക്കലും ചിരിച്ചതായി ചരിത്രം രേഖപ്പെടുത്തിയിട്ടില്ല. മുല്ലപ്പള്ളിയും സഞ്ജയനെക്കാൾ ഒട്ടും മോശക്കാരനല്ല.

മഞ്ചേശ്വരത്തെ എൽഡിഎഫുകാർ യുഡിഎഫിനു വോട്ടു ചെയ്യണമെന്ന് അദ്ദേഹം പറ‍ഞ്ഞതിലെ തമാശയും പരിഹാസവുമൊന്നും ഉമ്മൻ ചാണ്ടിക്കും രമേശിനും പോലും മനസ്സിലായിട്ടില്ല. പിന്നെയല്ലേ, കോടിയേരിയുടെയും വിജയരാഘവന്റെയും കാര്യം! മാധ്യമപ്രവർത്തകരുടെ കാര്യം പറയുകയും വേണ്ട. ചോമ്പാൽ ഗാന്ധി ഇച്ചിരിത്തീ എന്നു പറഞ്ഞാൽ ഒരു പടലപ്പഴം എന്നായിരിക്കും അതിന്റെ അർഥം. അതുകേട്ടു വോട്ടുകച്ചവടം, മറിക്കൽ എന്നൊക്കെ വിശകലന വിദ്വാന്മാർ ചർച്ചിക്കുന്നതു കേട്ടപ്പോൾ ഗൗരവപ്രകൃതക്കാരനായ മുല്ലപ്പള്ളി പോലും ചിരിച്ചുപോയി. ഇതൊക്കെ തമാശയും പരിഹാസവുമാണെന്നു മാധ്യമപ്രവർത്തകർക്കു മനസ്സിലാകാൻ അദ്ദേഹം തന്നെ വിശദീകരണക്കുറിപ്പ് ഇറക്കേണ്ടിവന്നു.

തമാശക്കാർ പറയുന്നതു തമാശയാണെന്നു മനസ്സിലാക്കി, തലകുത്തി മറിഞ്ഞു ചിരിച്ചു മണ്ണുകപ്പേണ്ട ബാധ്യത കേൾക്കുന്നവർക്കാണ്. അതിനുള്ള ബുദ്ധിപരമായ ഔന്നത്യമൊന്നും കേരളത്തിലെ രാഷ്ട്രീയക്കാർക്കോ മാധ്യമപ്രവർത്തകർക്കോ ഇല്ല. അതിന് അദ്ദേഹത്തെ പഴിച്ചിട്ടു കാര്യമില്ല.

ധർമടത്തെ കാഴ്ചപ്പൂരം 

ധർമടം മണ്ഡലത്തിലും പരിസരത്തുമായി പ്രസിദ്ധമായ ഉത്സവങ്ങൾ നടക്കുന്ന 4 കാവുകളുണ്ട്. അണ്ടലൂർക്കാവ്, മാവിലാക്കാവ്, പടുവിലാക്കാവ്്, കാപ്പാട്ടുകാവ് എന്നിവയാണവ. ഉത്സവങ്ങളുടെ ഭാഗമായി നടക്കുന്ന ആചാരങ്ങളായ മുടി, അടി, പിടി, വെടി എന്നിവ ഓരോ കാവിന്റെയും സവിശേഷതയാണ്. ഇതെല്ലാം എന്താണെന്നു ചോദിച്ചാൽ അവിടത്തുകാർക്കേ പറയാൻ കഴിയൂ.

ഏതായാലും അണ്ടലൂർക്കാവിൽ ഇത്തവണ ഉത്സവം നടത്താൻ കോവിഡ് ഭീതി മൂലം അനുമതി നൽകിയില്ല. എന്നുവച്ചു നാട്ടുകാർക്കു കാഴ്ചപ്പൂരം നഷ്ടമാകരുതെന്നു കരുതിയാണ് ധർമടത്തു മുഖ്യമന്ത്രിക്കു വേണ്ടി താരനിശ നടത്തിയത്. തലയെടുപ്പുള്ള ആനകളെയാണു പൂരത്തിന് എഴുന്നള്ളിച്ചത്. സുഹാസിനി, നവ്യ നായർ, ഇന്നസന്റ്, ടി.എം.കൃഷ്ണ എന്നിവ അവയിൽ ചിലതു മാത്രം. പള്ളിക്കുന്ന് വലിയ പത്മനാഭനായിരുന്നു പ്രധാനി. 

‘തേരുകൾ തെളിക്കൂ സാരഥേ, നേരുന്നൂ ഞങ്ങൾ ഉള്ളിൽ വിജയം’ എന്ന് ഉപചാരം ചൊല്ലിയാണു പൂരം പിരിഞ്ഞത്. വിജയം എന്നതിനു മുന്നിൽ പിണറായി എന്നുകൂടി ചേർത്തിരുന്നെങ്കിൽ സംഗതി ഇരമ്പിയേനെ എന്നാണു കേട്ടുനിന്നവർ റിപ്പോർട്ട് ചെയ്തത്.

സ്റ്റോപ് പ്രസ്: ബന്ധുക്കളെ ഡപ്യൂട്ടേഷനിൽ നിയമിക്കരുതെന്ന് നിയമമില്ലെന്ന് മന്ത്രി എ.കെ.ബാലൻ.

തു പോസ്റ്റിലും കുടുംബത്തിൽപിറന്നവരെ നിയമിക്കണം എന്നാണു നിയമം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com