തപാലിലുമെത്തുന്നു, ക്രമക്കേടിന്റെ ആശങ്ക
Mail This Article
ഏപ്രിൽ ആറിനു സമ്മതിദാനാവകാശം വിനിയോഗിക്കാൻ ബൂത്തിൽ ഒപ്പം നിന്നവരിൽ എത്രപേർ വ്യാജ വോട്ടർമാരായിരുന്നുവെന്ന ആശങ്ക ജനാധിപത്യവിശ്വാസികളെ കഠിനമായി അലട്ടുമ്പോഴാണ് തപാൽ വോട്ടുകളിലും വൻതോതിൽ ക്രമക്കേടുണ്ടായെന്ന വിവരം പുറത്തുവന്നത്. തപാൽ ബാലറ്റുകളിലെ ഇരട്ടിപ്പുകളെക്കുറിച്ചുള്ള കണ്ടെത്തലിനൊപ്പം, ആവശ്യമുള്ളതിനെക്കാൾ രണ്ടര ലക്ഷത്തിലേറെ തപാൽ ബാലറ്റുകൾ അധികം അച്ചടിച്ചതായ സൂചനയും വന്നതോടെ അത്യധികം സങ്കീർണവും ആപൽക്കരവുമായ സാഹചര്യമാണു കേരളം അഭിമുഖീകരിക്കുന്നത്; തിരഞ്ഞെടുപ്പു ഫലം പുറത്തുവരാൻ ഇനി മൂന്നാഴ്ച പോലുമില്ലെന്നിരിക്കെ വിശേഷിച്ചും.
തപാൽ ബാലറ്റ് വഴി വോട്ട് ചെയ്തവർ ഏഴര ലക്ഷം പോലും വരില്ലെങ്കിലും 10 ലക്ഷത്തിലേറെ ബാലറ്റുകൾ അച്ചടിച്ചെന്ന വിവരം ജനാധിപത്യവിശ്വാസികളെയാകെ ഞെട്ടിക്കുന്നു. മൂന്നര ലക്ഷത്തോളം പേരുടെ വോട്ടുകൾ വീടുകളിലെത്തി തപാൽ ബാലറ്റിൽ രേഖപ്പെടുത്തിയതായാണു തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചിട്ടുള്ളത്. തപാൽ ബാലറ്റ് ഉപയോഗപ്പെടുത്തിയ പോളിങ് ഉദ്യോഗസ്ഥരുടെയും അവശ്യ സർവീസ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെയും എണ്ണം വ്യക്തമാക്കിയിട്ടുമില്ല. ഈ രണ്ടു വിഭാഗങ്ങളിലെ മുഴുവൻ പേരും വോട്ടു ചെയ്താലും 4 ലക്ഷത്തിലേറെ വരില്ലെന്ന സാഹചര്യത്തിൽ ഇത്രയധികം ബാലറ്റുകൾ അച്ചടിച്ചത് എന്തിനെന്ന ചോദ്യത്തിനു വലിയ വിലയാണുള്ളത്.
പോളിങ് ഉദ്യോഗസ്ഥർക്കുള്ള തപാൽ ബാലറ്റിലും വൻ ഇരട്ടിപ്പു നടന്നതായാണ് ആശങ്ക. ഈ മാസം ഒന്നു മുതൽ മൂന്നു വരെ അതതു നിയോജക മണ്ഡലങ്ങളിലെ കേന്ദ്രങ്ങളിൽ തപാൽ വോട്ടു ചെയ്തവർക്കു വീട്, ഓഫിസ് വിലാസങ്ങളിൽ വീണ്ടും ബാലറ്റ് എത്തുന്നു. ഫെസിലിറ്റേഷൻ സെന്ററുകളിൽ വോട്ട് ചെയ്ത പോളിങ് ഉദ്യോഗസ്ഥർക്കാണു വീണ്ടും ലഭിച്ചത്. ഈ സെന്ററുകളിൽ വോട്ട് ചെയ്യാത്ത, യഥാസമയം അപേക്ഷിച്ചവർക്കാണു ബാലറ്റുകൾ അയയ്ക്കേണ്ടിയിരുന്നത്. ഇവർ വീണ്ടും വോട്ടു ചെയ്താൽ ഇരട്ടിപ്പു തിരിച്ചറിയാൻ വഴിയില്ലെന്നതു പ്രശ്നം സങ്കീർണമാക്കുന്നു. വോട്ടെണ്ണൽ ദിനമായ മേയ് 2നു രാവിലെ 8 വരെ ലഭിക്കുന്ന, വോട്ടു രേഖപ്പെടുത്തിയ തപാൽ ബാലറ്റുകൾ സ്വീകരിക്കും. ഇരട്ടിപ്പു സംബന്ധിച്ച വാർത്ത ‘മലയാള മനോരമ’ പുറത്തുവിട്ടതിനെത്തുടർന്ന്, മൂന്നര ലക്ഷം വരുന്ന പോളിങ് ഉദ്യോഗസ്ഥർക്കുള്ള തപാൽ ബാലറ്റിലെ ഇരട്ടിപ്പ് എത്രത്തോളമെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ വിവരശേഖരണം നടത്തുകയുണ്ടായി.
പ്രത്യേക കേന്ദ്രങ്ങളിൽ വോട്ടു ചെയ്ത ഉദ്യോഗസ്ഥർക്കു വീണ്ടും തപാൽ ബാലറ്റുകൾ ലഭിച്ചതു സംബന്ധിച്ച അന്വേഷണം തുടരുമ്പോൾ ഇതു മനഃപൂർവം ചെയ്തതോ അബദ്ധമോ എന്ന ചോദ്യമുയരുന്നു. ശരാശരി 2000 – 3000 തപാൽ വോട്ട് ഓരോ മണ്ഡലത്തിലും ഉണ്ടാകാമെന്നതിനാൽ നേരിയ ഭൂരിപക്ഷത്തിനു വിജയിക്കുന്ന മണ്ഡലങ്ങളിൽ ഇതു നിർണായകമാകുമെന്ന കാര്യത്തിൽ സംശയമില്ല. അങ്ങനെയെങ്കിൽ ഇപ്പോഴത്തെ സാഹചര്യത്തിനു ഗുണഭോക്താക്കളുമുണ്ടാവും.
തപാൽ വോട്ടിന് അപേക്ഷിച്ച വോട്ടർമാരുടെ വീട്ടിലെത്തി വോട്ടു രേഖപ്പെടുത്തിയ വേളയിൽത്തന്നെ പല പരാതികളും ഉയരുകയുണ്ടായി. തപാൽ വോട്ടെടുപ്പു നടത്താൻ ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കിയതു പോലും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്ന ആരോപണവും ഉയർന്നു.
ഇരട്ടവോട്ടുകൾ തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി തിരഞ്ഞെടുപ്പു കമ്മിഷനു നിർദേശം നൽകിയിരുന്നെങ്കിലും ഇത് എത്രത്തോളം ഫലപ്രദമായി എന്ന ആശങ്ക കേരളത്തിനുണ്ട്. ഇരട്ടവോട്ടുകൾ കമ്മിഷൻ വേണ്ടവിധം പരിശോധിച്ചിട്ടില്ലെന്ന ആരോപണവും അതീവ ഗൗരവമുള്ളതാണ്. ഇതിനു തുടർച്ചയായി വേണം, തപാൽ വോട്ടുകളിൽ ക്രമക്കേടു നടന്നിരിക്കാമെന്ന ആരോപണത്തെയും കാണാൻ. അതുകൊണ്ടുതന്നെ, തിരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ അവ കൃത്യമായി കണ്ടെത്തി വോട്ടെണ്ണലിനു മുൻപ് ജനാധിപത്യപ്രക്രിയ ശുദ്ധീകരിക്കാൻ തീർച്ചയായും കമ്മിഷന് ഉത്തരവാദിത്തമുണ്ട്.