നന്മ തുറക്കുന്ന വഴികൾ
Mail This Article
കോവിഡ് എന്ന മഹാമാരി ലോകത്തോടൊപ്പം കേരളത്തെയും അതിസങ്കീർണ സാഹചര്യത്തിലേക്കു കൊണ്ടുപോകുമ്പോൾ, എത്രയോ ജീവിതങ്ങൾ ആശയറ്റു വഴിമുട്ടിനിൽക്കുമ്പോൾ, പ്രത്യാശയും ആത്മവിശ്വാസവും നൽകുന്ന വാർത്തകൾക്കു മൂല്യമേറെയാണ്. പത്തനംതിട്ട ജില്ലയിലെ പന്തളത്തുനിന്നു കഴിഞ്ഞ ദിവസം കേരളം കേട്ടൊരു സുന്ദരവാർത്തയിൽനിന്ന് അതുകൊണ്ടുതന്നെ നന്മയുടെ പരിമളം പരക്കുന്നു.
ബാങ്ക് വായ്പ തിരിച്ചടയ്ക്കാനാവാതെ ജപ്തിയടക്കമുള്ള തുടർനടപടികൾ നേരിടേണ്ടിവരുന്ന ഒട്ടേറെപ്പേരുണ്ട് കേരളത്തിൽ. ചിലപ്പോഴൊക്കെ മാനുഷികത മറന്നുള്ള നടപടികളും ഉണ്ടാകാറുണ്ട്. അക്കൂട്ടത്തിൽ വ്യത്യസ്തമായി ചിന്തിക്കുന്നവരും ഇവിടെയുണ്ടെന്നറിയിക്കുകയാണ് കേരള ബാങ്ക് പന്തളം ശാഖയിലെ ഉദ്യോഗസ്ഥർ.
തോന്നല്ലൂർ ഇളശേരിൽ കെ.രാജമ്മയ്ക്ക് ഈ ശാഖയിലെ ഉദ്യോഗസ്ഥരുടെ കനിവിൽ കിടപ്പാടം തിരികെ കിട്ടിയതു കേരളം മുഴുവൻ സന്തോഷത്തോടെയാണു കേട്ടത്. വീടുപണിക്കെടുത്ത വായ്പ കുടിശികയായപ്പോൾ രാജമ്മയുടെ കിടപ്പാടം ജപ്തി ചെയ്യാനെത്തിയ ബാങ്ക് ഉദ്യോഗസ്ഥർ പണിതീരാത്ത വീടും അതിൽ രാജമ്മയുടെയും സഹോദരങ്ങളുടെയും ദുരിതജീവിതവും കണ്ടപ്പോൾ പിന്മാറുകയായിരുന്നു. തുടർന്ന്, ബാങ്ക് മാനേജരും ഉദ്യോഗസ്ഥരും ചേർന്നു പിരിവെടുത്ത് കുടിശിക അടച്ച്, കിടപ്പാടം തിരികെ നൽകുകകൂടി ചെയ്തപ്പോൾ തുറന്നത് ഒരു കുടുംബത്തിന്റെ ആശ്വാസത്തിലേക്കുള്ള വഴി തന്നെയാണ്.
കുടിശിക അടക്കം തുക 2,45,000 രൂപയായപ്പോഴാണു ബാങ്ക് ജപ്തി നടപടികൾ തുടങ്ങിയത്. പല ഘട്ടങ്ങളിലായി രാജമ്മ തിരികെ അടച്ചത് 17,876 രൂപയാണ്. ബാങ്ക് നടത്തിയ അദാലത്തിൽ 1,28,486 രൂപ ഇളവു ചെയ്തു നൽകി. ശേഷിക്കുന്ന തുകയുടെ കാര്യത്തിൽ ബാങ്ക് മാനേജർ കെ.സുശീല സാവകാശം തേടിയെന്നു മാത്രമല്ല, ഇനിയെന്തു വേണമെന്ന്, നിസ്സഹായമായ ആ കുടുംബത്തിനുവേണ്ടി ആലോചിക്കുകയും ചെയ്തു. അങ്ങനെയാണ് ബാങ്ക് ഉദ്യോഗസ്ഥരെയും മുൻ ജീവനക്കാരെയും ഉൾപ്പെടുത്തി വാട്സാപ് ഗ്രൂപ്പിനു രൂപം കൊടുക്കുന്നത്. സ്നേഹത്തിന്റെ, ഹൃദയവായ്പിന്റെ സുവർണനൂലിനാൽ പരസ്പരം ബന്ധിപ്പിക്കപ്പെട്ട കുറെപ്പേർ അങ്ങനെ ഒത്തുചേർന്നപ്പോൾ കരുണയുടെ കൈക്കുമ്പിൾ നിറയുകയും ചെയ്തു. രാജമ്മയുടെ പേരിൽ തുടങ്ങിയ അക്കൗണ്ടിൽ 98,638 രൂപ ലഭിച്ചു. കഴിഞ്ഞ ദിവസം രാജമ്മയെ ബാങ്കിൽ വിളിച്ച്, വായ്പ കുടിശിക തീർത്ത് പ്രമാണവും കൈമാറി.
ഇങ്ങനെയല്ലാത്ത സംഭവങ്ങൾ ഏറെ കേട്ടുപോരുന്ന സാഹചര്യത്തിലാണ് ഈ സ്നേഹകഥയുടെ പ്രസക്തി. തങ്ങളുടെ കിടപ്പാടമല്ലല്ലോ ജപ്തിയായിപ്പോവുന്നതെന്നും ഇതൊക്കെ നടപടിക്രമങ്ങൾ മാത്രമാണല്ലോ എന്നും നിസ്സംഗമായി ചിന്തിച്ചില്ലെന്നത് ആ ബാങ്ക് മാനേജരെയും കൂടെയുള്ളവരെയും വ്യത്യസ്തരാക്കുന്നു. മറ്റൊരാളുടെ നിസ്സഹായത അവർക്കു തിരിച്ചറിയാനായി; അതിനു പരിഹാരം കാണാൻ കൈകോർക്കുകയും ചെയ്തു. പരസ്‌പരവിശ്വാസവും സൗഹാർദവും ഊട്ടിയുറപ്പിക്കാനും സഹജീവികളോടു കാരുണ്യം കാണിക്കാനും പ്രചോദനമാകുന്ന വ്രതവിശുദ്ധിയുടെ പുണ്യറമസാൻ മാസത്തിന്റെ ദിവസങ്ങളാണിത്. വർഷം മുഴുവൻ ഉണ്ടാവേണ്ട നന്മയുടെ, നിറവിന്റെ, സ്നേഹത്തിന്റെ അമൂല്യ പാഠവുമായി വിഷുക്കണിയും കണ്ണിലെത്തി. തിന്മയുടെ ആധിപത്യംകൊണ്ട് ഇരുൾമൂടിവരുന്ന സമകാലലോകത്തിൽ, ഏതിരുട്ടിലും വെളിച്ചം തെളിയുമെന്ന പ്രത്യാശ പകരാൻ പന്തളത്തുനിന്നു കേട്ടതുപോലെയുള്ള സ്‌നേഹവാർത്തകൾക്കു കഴിയുന്നു.
ദൈവത്തെക്കുറിച്ചു പറയാനാവശ്യപ്പെട്ടപ്പോൾ മറുപടിയായി സ്വയം പൂവിട്ട മരത്തെക്കുറിച്ച് എഴുതിയിട്ടുണ്ട് ഗ്രീക്ക് ചിന്തകനും എഴുത്തുകാരനുമായ നിക്കോസ് കസൻദ്‌സാക്കിസ്. ചില സ്നേഹവഴികൾക്കും നിർമലവും നിസ്വാർഥവുമായ പൂവിരിയലിന്റെ തെളിച്ചമുണ്ടെന്നതു നമുക്കു തരുന്ന ആത്മവിശ്വാസവും പ്രത്യാശയും വലുതാണ്.