വൈവിധ്യങ്ങളുടെ ഓസ്കർ
Mail This Article
ഓസ്കർ പുരസ്കാരത്തിന്റെ 93-ാം വർഷത്തിൽ ക്ലോയ് ഷാവോ മികച്ച സംവിധായികയ്ക്കുള്ള പുരസ്കാരം നേടുമ്പോൾ, ഒരു നൂറ്റാണ്ടോളം പ്രായമുള്ള പുരസ്കാരത്തിലെ രണ്ടാമത്തെ സ്ത്രീ മാത്രമേ ആകുന്നുള്ളൂ ഈ ചൈനീസ് വംശജ. ഹർട്ട് ലോക്കർ സംവിധാനം ചെയ്ത കാതറിൻ ബിഗ്ലോവ് ആണ് ആദ്യമായി മികച്ച സംവിധായികയ്ക്കുള്ള ഓസ്കർ നേടുന്നത്, 2008ൽ. ആകെ 5 വനിതാ സംവിധായികമാർക്കു മാത്രമേ നോമിനേഷൻ പോലും ലഭിച്ചിട്ടുള്ളൂ. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടിയ എമറാൾഡ് ഫെനലും മികച്ച സംവിധായികയ്ക്കുള്ള നോമിനേഷൻ നേടിയിരുന്നു.
ഇതാദ്യമായി 76 നോമിനേഷനുകളിലായി 70 സ്ത്രീകൾ മത്സരരംഗത്തുണ്ടായിരുന്ന ഈ വർഷം 17 പുരസ്കാരങ്ങളും നേടിയതു വനിതകൾ. ക്ലോയ് ഷാവോയ്ക്ക് 4 നാേമിനേഷനുകളാണു ലഭിച്ചത്. ഗോൾഡൻ ഗ്ലോബ്, ബാഫ്റ്റ, വെനീസ് ചലച്ചിത്രമേള തുടങ്ങിയവയിലും ക്ലോയ് ഷാവോ പുരസ്കാരം നേടിയിരുന്നു.
കോവിഡ് പശ്ചാത്തലത്തിൽ ലൊസാഞ്ചലസിലെ യൂണിയൻ സ്റ്റേഷനിൽ നടന്ന ഓസ്കർ പുരസ്കാരച്ചടങ്ങും സിനിമാ ചരിത്രത്തിലേക്കുള്ള കാൽവയ്പായി. പുരസ്കാരങ്ങളുടെ ഓരങ്ങളിലേക്കു മാറ്റിനിർത്തപ്പെട്ടിരുന്ന സ്ത്രീകളും കറുത്ത വർഗക്കാരും ഏഷ്യക്കാരും ഹിസ്പാനിക്കുകളുമടക്കം പലർക്കും അക്കാദമി അവാർഡിന്റെ ചരിത്രത്തിലേക്കുള്ള പുതിയ കാൽവയ്പായിരുന്നു ഈ ഓസ്കർ.
ഏകശിലാരൂപമെന്ന പോലെ പരിഗണിക്കപ്പെടുന്ന പാശ്ചാത്യ സംസ്കാരിക മേഖലയിൽ ആഗോള വൈവിധ്യത്തെ അഭിസംബോധന ചെയ്യാൻ അക്കാദമി തയാറായതിന്റെ തുടർച്ച, കഴിഞ്ഞ തവണ ‘പാരസൈറ്റ്’ മികച്ച സിനിമയായതിന്റെ തുടർച്ച ഇക്കുറിയും സംഭവിച്ചു. അങ്ങേയറ്റം വികസിതമായ ഒരു സമൂഹത്തിൽ വർഗപരമായി പിന്നാക്കം നിൽക്കുന്നവരുടെ പുഴുജീവിതങൾ എന്ന നിലയിലാണു ലോകം പാരസൈറ്റ് എന്ന സിനിമയെ കണ്ടത്. അത്തരമൊരു തിരഞ്ഞെടുപ്പിന്റെ തുടർച്ച ഇപ്പോഴുമുണ്ടായിരിക്കുന്നു.
വെള്ളക്കാരന്റെ മാനസിക വ്യവഹാരങ്ങളിൽനിന്ന് വംശീയമായും വർഗവ്യത്യാസങ്ങളിൽ താഴെത്തട്ടിൽ നിൽക്കുന്നവരുമായ മനുഷ്യരുടെ ജീവിതങ്ങളിലേക്കുള്ള പറിച്ചുനടൽ സാധ്യമാക്കുന്ന ചലച്ചിത്രനോട്ടങ്ങൾ ഓസ്കറിന്റെ പരിഗണനയിലേക്കു വരാൻ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. 2017ൽ ‘ലാലാലാൻഡി’നൊപ്പം ‘മൂൺലൈറ്റ്’ ഓസ്കർ പട്ടികയിൽ ഇടംപിടിച്ചത് മാറ്റത്തിന്റെ തുടക്കമായിരുന്നു. അത്തരം സിനിമകൾ പരിഗണിക്കപ്പെടുന്ന ഒരു മനോഭാവമാറ്റം സംഭവിച്ചപ്പോഴാണു സിനിമയ്ക്കു പിന്നിലുള്ള സത്രീകളുടെ സാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.
2017ൽ 32% സ്ത്രീകളെ ഉൾപ്പെടുത്തി അക്കാദമി സിലക്‌ഷൻ കമ്മിറ്റി പുനഃസംഘടിപ്പിച്ചിരുന്നു. അപ്പോഴും ‘ഡയറക്‌ഷൻ’ വിഭാഗത്തിലെ സ്ത്രീപ്രവേശം ബാലികേറാമല തന്നെയായി നിലകൊണ്ടു. മികച്ച സംവിധായകരെ തിരഞ്ഞെടുക്കാനുള്ള കമ്മിറ്റിയിലേക്ക് ഉൾപ്പെടണമെങ്കിൽ 2 കാര്യങ്ങളാണു മാനദണ്ഡമാക്കിയിരുന്നത്. കമ്മിറ്റിയിൽ ഉൾപ്പെടുന്നവർ ഏറ്റവും കുറഞ്ഞത് 2 സിനിമകളെങ്കിലും ചെയ്തിരിക്കണം. 10 വർഷത്തിനുളളിൽ ഒരു സിനിമയെങ്കിലും തിയറ്ററിൽ റിലീസ് ചെയ്തിരിക്കണം.
ഒരു വർഷം നിർമിക്കപ്പെടുന്ന സിനിമകളിൽ 4% മാത്രം സ്ത്രീകളുടേതായി പുറത്തുവരുമ്പോൾ, അതിൽത്തന്നെ 15 ശതമാനത്തിൽ താഴെ സ്ത്രീകൾക്കുമാത്രം രണ്ടാമതൊരു സിനിമ ചെയ്യാൻ അവസരം കിട്ടുമ്പോൾ മേൽപറഞ്ഞ കമ്മിറ്റിയിലെത്താൻ കഴിയുന്ന സ്ത്രീകളുടെ എണ്ണം തുച്ഛമായി മാറുന്നു.
അക്കാദമി കമ്മിറ്റിക്കുള്ളിൽ വൈവിധ്യം ഉറപ്പാക്കണമെന്ന സമ്മർദമുണ്ടാകുമ്പോൾ തന്നെയാണ് യുഎസ് പ്രസിഡന്റായിരുന്ന ട്രംപിന്റെ നിലപാടുകൾക്കെതിരെ സിനിമാലോകത്തിന്റെ പ്രതിഷേധമെന്ന നിലയിൽ മൂൺലൈറ്റ് മികച്ച സിനിമയായത്. ഘടനാപരമായും സാംസ്കാരികമായും എതിർശബ്ദമുയർത്തുന്ന സിനിമ എന്ന നിലയിൽ മൂൺലൈറ്റിനെ അവാർഡ് കമ്മിറ്റി ശ്രദ്ധിക്കുകയും ഒരു രാഷ്ട്രീയനിലപാടായി ആ അവാർഡ് പുറത്തുവരികയും ചെയ്തു. 2019ൽ പാരസൈറ്റ് എന്ന വിദേശഭാഷാചിത്രം മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിന്റെ തുടർച്ചയായാണ് രണ്ടാമതും ഒരു സ്ത്രീക്ക്, ഒരു ഏഷ്യൻ വംശജയ്ക്കു ലഭിച്ച പുരസ്കാരത്തെ കാണേണ്ടത്. ക്ലോയ് ഷാവോയെ കണ്ടില്ലെന്നു നടിക്കാൻ കഴിയാത്തവിധം ഘടനാപരമായ ചില മാറ്റങ്ങൾ അക്കാദമി കമ്മിറ്റിക്കുള്ളിലും സംഭവിച്ചിട്ടുണ്ട് എന്നതാണു ശ്രദ്ധേയം.
വംശവും ദേശവും ഭാഷയും ലിംഗവും പരിഗണിക്കപ്പെട്ടു തുടങ്ങി എന്നു നാം കരുതുമ്പോൾത്തന്നെ ഇതു തരിമ്പും ബോധ്യപ്പെട്ടിട്ടില്ലാത്ത ഒരു വിഭാഗവും നമ്മുടെ ചുറ്റുമുണ്ട് എന്നു തിരിച്ചറിയുന്നതും നല്ലതാണ്. മികച്ച സഹനടിക്കുള്ള പുരസ്കാരം നേടിയ കൊറിയക്കാരി യോ ജോങ് യൂനോട് അവർ അഭിനയിച്ച സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്ന ബ്രാഡ് പിറ്റിനെക്കുറിച്ച് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചത്, ബ്രാഡ് പിറ്റ് അടുത്തുവരുമ്പോൾ എന്തു മണമാണു നിങ്ങൾക്കനുഭവപ്പെടുക എന്നാണ്. അതിന് അവർ പറഞ്ഞ മറുപടി: ബ്രാഡ് പിറ്റിനെ മണക്കാൻ ഞാൻ പട്ടിയല്ലല്ലോ...!
Content Highlight: Oscar award