ജനങ്ങളുടെ രാജകുമാരൻ; ജി.വി.രാജ ഓർമയായിട്ട് ഇന്ന് അര നൂറ്റാണ്ട്
Mail This Article
സംഭവബഹുലവും ജനകീയ സംഭാവനകൾ കൊണ്ടു സമൃദ്ധവുമായിരുന്നു ജി.വി.രാജയുടെ ജീവിതം. കായികകേരളത്തിന് അടിത്തറ പാകിയതുൾപ്പെടെ ഇഷ്ടമേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചു വിടവാങ്ങിയ ആ ബഹുമുഖ പ്രതിഭ എന്നും നാടിന്റെ അഭിമാനം
അച്ഛനോടൊപ്പം എരിഞ്ഞടങ്ങിയ ഒരു മോബ്ലാ പേനയുടെ ഓർമയിൽനിന്നു തുടങ്ങാം. എനിക്കു സമ്മാനമായി ലഭിച്ചതായിരുന്നു ആ പേന. ഒരിക്കൽ അച്ഛൻ അത് എഴുതാനെടുത്തു. പേന അച്ഛന്റെ പക്കലിരിക്കട്ടെയെന്നു ഞാൻ പറഞ്ഞെങ്കിലും വിദേശയാത്രയ്ക്കു പോകുന്നതിനാൽ കൈമോശം വന്നാലോ എന്നു ചൂണ്ടിക്കാട്ടി തിരിച്ചു തന്നു. കയ്യിലിരിക്കട്ടെയെന്നു പറഞ്ഞ് നിർബന്ധപൂർവം പേന ഞാനേൽപിച്ചു. ആ യാത്രയിൽ മനാലി വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന വിമാനം തകർന്നുവീണ് അച്ഛൻ മരിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ അറം പറ്റിയതുപോലെ ആ പേനയും ഒപ്പം എരിഞ്ഞടങ്ങി. 1971ൽ 63–ാം വയസ്സിൽ അദ്ദേഹം വിടപറഞ്ഞപ്പോൾ നാട്ടുകാർക്കു നഷ്ടപ്പെട്ടത് അവരുടെ പ്രിയപ്പെട്ട ‘കേണൽ തിരുമേനി’യെയാണ്.
കേരളത്തിൽ ഐടി വസന്തം വരുന്നതിനു വർഷങ്ങൾക്കു മുൻപ് അദ്ദേഹം പറഞ്ഞു: ‘‘രണ്ട് ‘ടി’കളിലാണു കേരളത്തിന്റെ ഭാവി – ടൂറിസവും ഐടിയും’’. ആ പ്രവചനം സത്യമെന്നു കാലം തെളിയിച്ചു. ‘കേരളത്തിന്റെ അംബാസഡറാ’യി മാറിയ അദ്ദേഹത്തിന്റെ സുദീപ്ത സ്മരണ തിരുവനന്തപുരം വിമാനത്താവളം, ഗോൾഫ് ക്ലബ്, ടെന്നിസ് ക്ലബ്, ഫ്ലയിങ് ക്ലബ്, കേരള ക്രിക്കറ്റ് അസോസിയേഷൻ, കേരള ഫുട്ബോൾ അസോസിയേഷൻ, സ്പോർട്സ് കൗൺസിൽ തുടങ്ങിയ ഒട്ടേറെ പ്രസ്ഥാനങ്ങളിലൂടെ മായാതെ നിൽക്കുന്നു. കോവളത്തെ ടൂറിസ്റ്റ് ഹബ്ബാക്കി മാറ്റിയതിലും അദ്ദേഹത്തിന്റെ കയ്യൊപ്പുണ്ട്.
പൂഞ്ഞാർ രാജകുടുംബാംഗമായിരുന്ന അച്ഛൻ, ഞങ്ങളുടെ അമ്മ കാർത്തിക തിരുനാൾ ലക്ഷ്മിബായിയെ വിവാഹം കഴിച്ചാണ് 1943ൽ തലസ്‌ഥാനത്തെത്തുന്നത് (തിരുവിതാംകൂറിന്റെ അവസാനത്തെ ഭരണാധികാരിയായ ചിത്തിര തിരുനാൾ ബാലരാമ വർമയുടെ സഹോദരിയാണ് അമ്മ). അന്നുമുതൽ തിരുവനന്തപുരം അദ്ദേഹത്തിന്റെ ശ്വാസത്തിന്റെ ഭാഗമായി.
വികസനത്തിനായുള്ള പോരാട്ടം
പല കാര്യങ്ങളും നേടിയെടുക്കാൻ അച്ഛനു നന്നായി പൊരുതേണ്ടി വന്നിട്ടുണ്ട്. ചിലപ്പോൾ മഹാരാജാവിന്റെ (ചിത്തിര തിരുനാൾ) പിന്തുണ ലഭിക്കും, ചിലപ്പോൾ ഒറ്റയ്ക്കു പോരാടേണ്ടി വരും. തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനത്തിനായി അദ്ദേഹം നടത്തിയത് ഒറ്റയാൾ പോരാട്ടമായിരുന്നു. ഭാവിയിൽ റൺവേ വികസിപ്പിക്കാൻ ആവശ്യമായി വരുന്ന സ്ഥലത്ത് സർക്കാർ ഐടിഐ നിർമിക്കാൻ തീരുമാനിച്ചു. ഇതു വിമാനത്താവള വികസനം മുടക്കുമെന്ന് അച്ഛൻ വാദിച്ചു. തീരുമാനം പിൻവലിച്ചില്ലെങ്കിൽ അവിടെ കുത്തിയിരുന്നു സമരം ചെയ്യുമെന്നും പ്രഖ്യാപിച്ചു.
വി.വി.ഗിരിയായിരുന്നു അന്നത്തെ ഗവർണർ. അച്ഛനെ ഉപദേശിക്കണമെന്ന് ഗവർണർ മഹാരാജാവിനോട് ആവശ്യപ്പെട്ടു. പിന്തിരിഞ്ഞില്ലെങ്കിൽ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും സൂചിപ്പിച്ചു. എന്നാൽ, അച്ഛന്റെ ശരിയായ ബോധ്യത്തെ തിരുത്താൻ മഹാരാജാവ് തയാറായില്ല. എതിർപ്പു വകവയ്ക്കാതെ അധികാരികൾ കെട്ടിടം പണിതു. വർഷങ്ങൾക്കു ശേഷം റൺവേ വികസിപ്പിക്കാനായി ഈ കെട്ടിടം പൊളിക്കേണ്ടിവന്നു!
വലിയ വിമാനങ്ങൾ തിരുവനന്തപുരത്ത് ഇറങ്ങാനുള്ള സൗകര്യമുണ്ടാകണമെന്നാണ് അദ്ദേഹം എപ്പോഴും ആഗ്രഹിച്ചത്. ദൗർഭാഗ്യകരമെന്നു പറയട്ടെ, തിരുവനന്തപുരത്തെ ആ റൺവേയിൽ പറന്നിറങ്ങിയ ആദ്യ വലിയ വിമാനം അച്ഛന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിസ്കൗണ്ട് ചാർട്ടർ ഫ്ലൈറ്റായിരുന്നു!
കായികപ്രേമം, സംഘാടന മികവ്
കാറിൽ പോകുമ്പോൾ വഴിയരികിൽ ആരെങ്കിലും ഷട്ടിലോ ഫുട്ബോളോ കളിക്കുന്നതു കണ്ടാൽ കാർ നിർത്തി അവർക്കൊപ്പം കൂടുന്നതായിരുന്നു അച്ഛന്റെ ശീലം. ജനങ്ങളുടെ രാജകുമാരനെന്ന് അദ്ദേഹം അറിയപ്പെടാനുള്ള കാരണമിതായിരുന്നു. രാജ്യാന്തര കായികരംഗത്തെ അതികായന്മാരെ തലസ്ഥാനത്ത് എത്തിക്കാൻ അദ്ദേഹം പ്രത്യേക താൽപര്യമെടുത്തു. 1938ൽ യൂണിവേഴ്സിറ്റി മൈതാനത്തെ പ്രത്യേക വേദിയിൽ ബിൽ ടിൽഡൻ, റോയ് എമേഴ്സൺ, കെൻ റോസ്‍വോൾ ഉൾപ്പെടെയുള്ള ലോക ടെന്നിസ് താരങ്ങളാണു മാറ്റുരച്ചത്. ട്രിവാൻഡ്രം ടെന്നിസ് ക്ലബ്ബിൽ തനിക്കൊപ്പം കളിക്കാൻ വിദേശത്തു നിന്നെത്തുന്ന പ്രശസ്ത ടെന്നിസ് കളിക്കാരുടെ യാത്രകൾക്കു സ്വയം സൗകര്യമുണ്ടാക്കാനായി തുടങ്ങിയ ട്രാവൻകൂർ - കൊച്ചിൻ കോഓപ്പറേറ്റീവ് ട്രാവൽ സർവീസസ് കേരളത്തിലെ ആദ്യ ട്രാവൽ ഏജൻസിയാണ്. ഇതു പിന്നീട് കേരള ട്രാവൽസായി മാറി.
എയർ സ്പോർട്സിന്റെ മേൽനോട്ടസമിതിയായ ഫെഡറേഷൻ എയ്റോനോട്ടിക് ഇന്റർനാഷനലിന്റെ 63–ാം വാർഷിക രാജ്യാന്തര സമ്മേളനത്തിന് ഇന്ത്യ വേദിയായതും അച്ഛന്റെ ശ്രമഫലമായാണ്. യുഎസിന്റെയും സോവിയറ്റ് റഷ്യയുടെയും ബഹിരാകാശസഞ്ചാരികളെ പങ്കെടുപ്പിച്ചു. ഇതിൽ നീൽ ആംസ്ട്രോങ്ങും യൂറി ഗഗാറിനുമുണ്ടായിരുന്നു.
യുഎസും സോവിയറ്റ് റഷ്യയും തമ്മിലുള്ള ശീതയുദ്ധം അതിന്റെ പാരമ്യത്തിലായിരുന്നു. ഇന്ത്യയിലെ യുഎസ് അംബാസഡർ ആ സമയത്ത് സോവിയറ്റ് റഷ്യയിൽ നിന്നുള്ള പ്രതിനിധികൾ ഒഴികെയുള്ളവർക്കു സൽക്കാരമൊരുക്കി. റഷ്യൻ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തണമെന്ന് അച്ഛൻ ശക്തിയുക്തം ആവശ്യപ്പെട്ടു. ഒടുവിൽ അവർ വഴങ്ങി. ചുരുക്കത്തിൽ ആ സൽക്കാരം സമാധാനശ്രമങ്ങളിൽ ഒരു ചരിത്രമായി മാറുകയും ചെയ്തു.
മടങ്ങിവരാത്ത യാത്ര
എല്ലാ ഇംഗ്ലിഷ് മാസവും ഒന്നാം തീയതി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആനകളെ കൊട്ടാരത്തിൽ കൊണ്ടുവരുന്ന പതിവുണ്ട്. ഇവയ്ക്കു ശർക്കരയും തേങ്ങയുമൊക്കെ നൽകും. 1970 ഡിസംബർ ഒന്നിന് ആന വന്നപ്പോൾ അച്ഛൻ പുറത്തെവിടെയോ പോകാൻ ഒരുങ്ങുകയായിരുന്നു.
പേരക്കുട്ടികൾക്കൊപ്പം ആനസവാരി നടത്തിയാലോ എന്നൊരു ആലോചന അദ്ദേഹത്തിനുണ്ടായെങ്കിലും ഞങ്ങളുടെ അമ്മ തടഞ്ഞു. സവാരി ഉപേക്ഷിച്ച് ആനയ്ക്കു തീറ്റ കൊടുത്തു. ഒരുവട്ടം കൂടി തീറ്റ കൊടുക്കാൻ ശ്രമിക്കുന്നതിനിടെ ആന അച്ഛനെ തുമ്പിക്കൈ കൊണ്ട് അടിച്ചു. അച്ഛന്റെ തല ചെന്നിടിച്ചത് അടുത്തുള്ള ചെടിച്ചട്ടിയിൽ. തലപൊട്ടി. തീർന്നില്ല, അടുത്ത നിമിഷം ചെറിയ കൊമ്പുകൊണ്ട് വലത്തെ തുടയിൽ കുത്തി. ആന അടുത്ത ചുവടുവയ്ക്കുന്നതിനു മുൻപ് അച്ഛൻ ഒരുവിധം കൊട്ടാരത്തിനുള്ളിൽ കയറിപ്പറ്റി. വിറങ്ങലിച്ചു നിൽക്കുകയായിരുന്നു ഞങ്ങൾ. അച്ഛന്റെ തുടയിലെ മാംസം പിളർന്നു തൂങ്ങിയിരുന്നു. ഒരു മാസത്തെ ചികിത്സയ്ക്കും വിശ്രമത്തിനുമൊടുവിൽ അദ്ദേഹം ഊന്നുവടിയുടെ സഹായത്തോടെ നടന്നുതുടങ്ങി.
ഇതിനു ശേഷം അച്ഛന്റെ സഹോദരങ്ങൾ അദ്ദേഹത്തിന്റെ ഗ്രഹനില നോക്കാൻ ബന്ധുകൂടിയായ മിത്രൻ നമ്പൂതിരിപ്പാടിനെ സമീപിച്ചു. സമയദോഷം തീർന്നിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. 29,30 തീയതികളിൽ യാത്ര ഒഴിവാക്കണമെന്നും ആകാശത്ത് അപകടം കാത്തിരിക്കുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. അവർ അച്ഛനോട് ഇക്കാര്യം പറഞ്ഞെങ്കിലും കവടിയാർ കൊട്ടാരത്തിലുള്ള ഞങ്ങളാരും ഈ വിവരമറിഞ്ഞില്ല. അറിഞ്ഞിരുന്നെങ്കിൽ അച്ഛനെ യാത്രയിൽനിന്നു പിന്തിരിപ്പിക്കുമായിരുന്നു.
എന്റെ മൂത്തമകന്റെ വിദ്യാരംഭം മേയ് 4നു നടത്താൻ നിശ്ചയിച്ചിരുന്നു. എഴുത്തിനിരുത്തേണ്ടിയിരുന്നത് മിത്രൻ നമ്പൂതിരിപ്പാടാണ്. 10 വർഷത്തിലൊരിക്കൽ വരുന്ന ശുഭമുഹൂർത്തമാണ് അതെങ്കിലും ചില തടസ്സങ്ങൾ കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, അച്ഛനു നേരത്തേ നൽകിയ മുന്നറിയിപ്പുകളുടെ കാര്യം അദ്ദേഹം പരാമർശിച്ചതുമില്ല. വിദ്യാരംഭച്ചടങ്ങിനു മുൻപായി മടങ്ങിയെത്തുമെന്ന് അറിയിച്ചാണ് അച്ഛൻ പോയത്. ഇന്ത്യ സ്പോർട്സ് കൗൺസിലിന്റെ യോഗത്തിൽ പങ്കെടുക്കാൻ പട്യാലയിലേക്കായിരുന്നു യാത്ര. കുളു താഴ്‌വരയിൽ വച്ചായിരുന്നു അപകടം.
എവിടെവച്ചു മരിച്ചാലും അദ്ദേഹത്തിന്റെ തറവാടുള്ള പൂഞ്ഞാറിലേ ദഹിപ്പിക്കാവൂ എന്ന് അച്ഛൻ പ്രത്യേകം പറഞ്ഞിരുന്നു. ആറാം വയസ്സിൽ മരിച്ചുപോയ, ഞങ്ങളുടെ മൂത്ത സഹോദരൻ അവിട്ടം തിരുനാൾ രാമവർമയുടെ ഉടുപ്പ് അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ആ വസ്ത്രം ദേഹത്തിട്ടാണ് അച്ഛൻ യാത്രയായത്. ബാക്കിവച്ചതാകട്ടെ, ഒരായിരം നല്ല ഓർമകളും.