ADVERTISEMENT

ഉയർന്ന കൂലി, പരിസ്ഥിതിബോധം, ഭൂമിവില, വിദ്യാഭ്യാസനിലവാരം തുടങ്ങിയവ കാണിക്കുന്നത് കേരളം പരിഷ്കൃതനാടുകൾക്ക് ഒപ്പമാണെന്നാണ്. ‘കേരള മോഡലിന്റെ’ ആകെത്തുകയാണ് ഇപ്പോൾ വ്യവസായമേഖലയ്ക്ക് ബാധ്യതയായി തീർന്നിരിക്കുന്നത്. ഈ വക ‘പ്രശ്നങ്ങൾ' ഇല്ലാത്ത സംസ്ഥാനങ്ങൾ ഇന്ത്യയിൽ ധാരാളമുണ്ട്.  അവരോട്മത്സരിക്കുക കേരളത്തിനു പ്രയാസകരമാണ്

വ്യവസായങ്ങളെ ആകർഷിക്കാൻ സംസ്ഥാനങ്ങളുടെ കയ്യിൽ ഇപ്പോൾ കാര്യമായി ഉപാധികളില്ല. ജിഎസ്‌ടി നടപ്പാക്കിയതാണ് അതിനു കാരണം. ജിഎസ്‌ടി വരുന്നതിനു മുൻപു സംസ്ഥാനങ്ങൾ പുതിയ സംരംഭകർക്കു മത്സരിച്ചു നികുതിയിളവുകൾ നൽകിയിരുന്നു. ഇപ്പോൾ ചില സബ്സിഡികൾ മാത്രമേ സംസ്ഥാനങ്ങളുടെ കയ്യിലുള്ളൂ. മത്സരം കൊടുമ്പിരികൊള്ളുമ്പോൾ പ്രയോഗിക്കുന്ന അസാധാരണ നടപടികളിൽപ്പെട്ടതാണു കിറ്റെക്സിനു തെലങ്കാന സർക്കാർ അയച്ചു കൊടുത്ത വിമാനം.

കിറ്റെക്സ് സംഭവം, അതിന്റെ ശരിതെറ്റുകളിലേക്കു കടക്കാതെ പറയട്ടെ, കേരളത്തിൽ വ്യവസായം തുടങ്ങുന്നതിനും നടത്തിക്കൊണ്ടുപോകുന്നതിനുമുള്ള ബുദ്ധിമുട്ടുകൾ മാധ്യമങ്ങളിൽ ദേശീയതലത്തിൽ ചർച്ചയാകാൻ കാരണമായി. കേരളം നിക്ഷേപസൗഹൃദമല്ലെന്ന ആരോപണമുയർന്നു. അതുകൊണ്ടു കിറ്റെക്സ് കേരളത്തിൽനിന്നു പോകുന്നതു നമുക്കു നിസ്സാരവൽക്കരിച്ചു കാണാൻ പറ്റില്ല.  

ഒരുകാലത്തു കേരളം, അല്ലെങ്കിൽ, അന്നത്തെ തിരുവിതാംകൂറും കൊച്ചിയും, വൻകിടവ്യവസായങ്ങളെ ആകർഷിക്കുന്ന കാന്തങ്ങളായിരുന്നു. അതിന്റെ അവശേഷിപ്പുകൾ ഇപ്പോഴും ആലുവയിലെ ഉദ്യോഗമണ്ഡലിൽ കാണാം. അതിനു പ്രധാനകാരണം കേരളത്തിൽ വളരെക്കുറഞ്ഞ വിലയ്ക്കു വൈദ്യുതി ലഭിക്കുമെന്നതായിരുന്നു. തുടർന്ന് ഈ മേഖല ക്ഷയിച്ചതിന്റെയും വൻകിട സ്വകാര്യവ്യവസായങ്ങൾ കേരളത്തിൽ വരാതിരിക്കുന്നതിന്റെയും കാരണങ്ങൾ സമീപകാല കേരളചരിത്രം പരിശോധിച്ചാൽ കാണാം. 

ഉയർന്ന വിദ്യാഭ്യാസവും അവകാശങ്ങളെപ്പറ്റിയുള്ള ബോധവും ഇവിടത്തെ കൂലി വർധിപ്പിച്ചു. തൊഴിൽസംഘടനകളിൽ ഇടക്കാലത്തു കണ്ടുവന്നിരുന്ന അക്രമാസക്തിയും സഹായകരമായിരുന്നില്ല. തൊഴിൽ അവസരനഷ്ടത്തെക്കുറിച്ചുള്ള അമിത ആശങ്കകൾ ആധുനികസങ്കേതികവിദ്യ കേരളത്തിൽ വരുന്നതിനു തടസ്സമായി. ഒരുകാലത്ത് കെൽട്രോണിൽക്കൂടി കേരളം ഇലക്ട്രോണിക് രംഗത്ത് ഇന്ത്യയിൽ മുന്നിലായിരുന്നു. പക്ഷേ, തുടക്കത്തിലുണ്ടായ കുതിപ്പു നമുക്കു നിലനിർത്താനായില്ല. മറ്റിടങ്ങളിൽ കാണാത്തരീതിയിൽ കേരളത്തിൽ ഉയർന്ന പരിസ്ഥിതിബോധവുമുണ്ട്. പുഴകളും മറ്റും കലങ്ങാതിരിക്കാൻ ജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നു. എല്ലാറ്റിനും പുറമേ കേരളത്തിലെ ഭൂമിവിലയും അധികമാണ്.

ഉയർന്ന കൂലി, പരിസ്ഥിതിബോധം, ഭൂമിവില, വിദ്യാഭ്യാസനിലവാരം തുടങ്ങിയവ കാണിക്കുന്നതു കേരളം പരിഷ്കൃതനാടുകൾക്ക് ഒപ്പമാണെന്നാണ്. ‘കേരള മോഡലിന്റെ’ ആകെത്തുകയാണ് ഇപ്പോൾ വ്യവസായമേഖലയ്ക്കു ബാധ്യതയായി തീർന്നിരിക്കുന്നത്. ഈ വക ‘പ്രശ്നങ്ങൾ' ഇല്ലാത്ത സംസ്ഥാനങ്ങൾ ഇന്ത്യയിൽ ധാരാളമുണ്ട്. അവരോടു മത്സരിക്കുക കേരളത്തിനു പ്രയാസകരമാണ്. 

മറ്റു സംസ്ഥാനങ്ങളെക്കാൾ മെച്ചപ്പെട്ട ചില കാര്യങ്ങൾ കേരളത്തിലുണ്ട്. മികച്ച ക്രമസമാധാനനില, തൊഴിൽദിവസങ്ങൾ വർധിപ്പിക്കുന്ന പൊതുജനാരോഗ്യമേഖല, വലിയ അളവിൽ അഭ്യസ്തവിദ്യരുടെയും പുറത്തുനിന്നുള്ള തൊഴിലാളികളുടെയും ലഭ്യത– ഇവയൊക്കെയാണു കേരളത്തിന്റെ പ്രത്യേകതകൾ. അവയിലൂന്നി, നീതി ആയോഗും കേന്ദ്ര വ്യവസായമന്ത്രാലയവും ചിട്ടപ്പെടുത്തി നൽകുന്ന വ്യവസായസങ്കൽപങ്ങളെ മാറ്റിനിർത്തി, കേരളം തനതായ പാത കണ്ടെത്തേണ്ടതുണ്ട്. 

ns-madhavan
എൻ.എസ്. മാധവൻ

കിറ്റെക്സിന്റെ ഏറ്റവും വലിയ പരാതി ഇവിടെ ഇൻസ്പെക്ടർരാജ് നിലനിൽക്കുന്നു എന്നാണ്; പ്രത്യേകിച്ചും തൊഴിൽവകുപ്പു നടത്തിയ പരിശോധനകൾ. നിയമങ്ങൾ പാലിച്ചേ മതിയാകൂ; അതിനായി പരിശോധനകളൂം വേണ്ടിവരും. യുഎസ് പോലുള്ള മുതലാളിത്തരാജ്യങ്ങളിൽപ്പോലും വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്ന കാര്യങ്ങളാണിത്. അവ വൈരനിര്യാതനത്തിനും രാഷ്ട്രീയ പകപോക്കലിനും ഉപയോഗിക്കുകയാണെന്ന കിറ്റെക്സിന്റെ മാത്രമല്ല, എതു സംരംഭകന്റെയും പരാതികൾ, പെട്ടെന്നു തീർപ്പാക്കുന്ന സംവിധാനം നമുക്കു വേണം.

കിറ്റെക്സ് കുട്ടിയുടുപ്പുകൾ പ്രധാനമായി കയറ്റുമതി ചെയ്യുന്ന യുഎസിലും മറ്റു പാശ്ചാത്യരാജ്യങ്ങളിലും തൊഴിൽ നിയമങ്ങൾ പാലിക്കാത്ത ഫാക്ടറികളെ വിയർപ്പുശാലകൾ (sweat shops) എന്നാണു വിളിക്കുന്നത്. വിയർപ്പുശാലകളിൽനിന്നുള്ള ഉൽപന്നങ്ങൾ, പ്രത്യേകിച്ചു വസ്ത്രങ്ങൾ, ബഹിഷ്കരിക്കാൻ ‘നൈതികത പുലർത്തുന്ന ഉപയോക്താക്കൾ' (Ethical Consumers) തുടങ്ങിയ ബഹുജനപ്രസ്ഥാനങ്ങൾ അവിടെ രൂപം കൊണ്ടിട്ടുണ്ട്. 

പെനൽറ്റി നഷ്ടത്തിന്റെ പാപഭാരങ്ങൾ

അഞ്ചു ബിന്ദുക്കൾ ലാക്കാക്കി ശക്തിയായി അടിച്ചാലേ പെനൽറ്റി കിക്ക് ഗോളാകുകയുള്ളൂ - പറഞ്ഞത് എക്കാലത്തെയും മഹാന്മാരായ ഫുട്ബോൾ മാനേജർമാരിൽ ഒരാളായ ഹൊസെ മൗറീഞ്ഞോയാണ്. ഗോൾവലയത്തിന്റെ ഇടതുമൂലയിൽ ഉയരത്തിൽ, ഇടതുമൂലയുടെതന്നെ താഴെ, വലതുവശത്തു താഴെയും മുകളിലും ഉള്ള മൂലകൾ, നേരെയാണെങ്കിൽ ഉയരത്തിൽ മാത്രം. ഇതു തെറ്റിക്കുമ്പോഴെല്ലാം പെനൽറ്റി കിക്ക് നഷ്ടപ്പെടും. കഴിഞ്ഞ യൂറോ 2020 പ്രീ ക്വാർട്ടർ ഫൈനലിൽ ലോക ചാംപ്യന്മാരായ ഫ്രാൻസ് സ്വിറ്റ്സർലൻഡിനോടു തോൽക്കാൻ കാരണം കിലിയൻ എംബപ്പെ വിജയിയെ നിശ്ചയിക്കാനുള്ള പെനൽറ്റി ഷൂട്ടൗട്ടിൽ കിക്ക് നഷ്ടപ്പെടുത്തിയതാണ്. എംബപ്പെ ഗോൾവലയത്തിന്റെ വലതുഭാഗത്ത് ഒരാൾപ്പൊക്കത്തിനെക്കാൾ താഴ്ത്തിയാണ് അടിച്ചത്.  

football

കളിയുടെ വിജയിയെ നിശ്ചയിക്കാനുള്ള ഷൂട്ടൗട്ടിൽ പെനൽറ്റി നഷ്ടപ്പെടുക എന്നത് ഒരു കളിക്കാരനെ സംബന്ധിച്ചിടത്തോളം ജീവിതകാലം മുഴുവൻ കൊണ്ടുനടക്കേണ്ട പാപഭാരമാണ്. ഹോളണ്ടിന്റെ പ്രസിദ്ധ കളിക്കാരനായിരുന്ന മാർക്കോ വാൻ ബാസ്റ്റൻ യൂറോ 1992ൽ ഡെന്മാർക്കുമായുള്ള സെമിഫൈനലിൽ പിഴവു വരുത്തി. 2004ൽ പോർച്ചുഗലിനെതിരായ മത്സരത്തിൽ ഇംഗ്ലണ്ടിന്റെ സാക്ഷാൽ ഡേവിഡ് ബെക്കാം തന്നെ പെനൽറ്റി നഷ്ടപ്പെടുത്തി. ഫ്രാൻസിന്റെ ഡേവിഡ് ട്രെസഗെയും ഇറ്റലിയുടെ റോബർട്ടോ ബാജിയോയും ഏറ്റവും ഹൃദയഭേദകമായി, ലോകകപ്പ് ഫൈനലുകളിൽ പെനൽറ്റി കിക്കും അതുവഴി ലോകകപ്പും നഷ്ടപ്പെടുത്തി. ഇവയൊന്നും ആരും മറക്കുന്നില്ല. യൂറോ 2020ലെ ഇംഗ്ലണ്ടിന്റെ പരിശീലകൻ ഗാരെത് സൗത്ത്ഗേറ്റിന്റെ കാര്യം പറയുമ്പോൾ കമന്റേറ്റർമാർ യൂറോ 1996ൽ ജർമനിയുമായുള്ള സെമിഫൈനലിലെ ഷൂട്ടൗട്ടിൽ അദ്ദേഹം നഷ്ടപ്പെടുത്തിയ പെനൽറ്റിയെ ഓർമിപ്പിക്കും.

അതേ സൗത്ത്ഗേറ്റിന്റെ ചില തീരുമാനങ്ങൾ, യൂറോ 2020ലെ വിജയിയെ കണ്ടെത്താനുള്ള പെനൽറ്റി ഷൂട്ടൗട്ടിനെപ്പറ്റി വിവാദങ്ങൾ ഉയർത്തിയിട്ടുണ്ട്. അതിൽ മാർക്കസ് റാഷ്ഫഡ്, ജയ്ഡൻ സാഞ്ചോ, ബുകായോ സാക എന്നിവർ പെനൽറ്റികൾ നഷ്ടപ്പെടുത്തി.  55 വർഷങ്ങൾക്കു ശേഷമായിരുന്നു ഇംഗ്ലണ്ട് ഒരു രാജ്യാന്തര ടൂർണമെന്റിന്റെ ഫൈനൽ കളിച്ചത്. സൗത്ത്ഗേറ്റിന്റെ തീരുമാനത്തിനെതിരെ ആദ്യം രംഗത്തെത്തിയതു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ ക്യാപ്റ്റൻ റോയ് കീൻ ആയിരുന്നു. ടീമിൽ സ്റ്റെർലിങ്, ഗ്രീലിഷ് തുടങ്ങിയ പരിചയസമ്പന്നരായ കളിക്കാരുള്ളപ്പോൾ എന്തിനു പത്തൊൻപതുകാരനായ സാകയെ അഞ്ചാമത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ കിക്ക് എടുക്കാൻ അയച്ചു? 

പരിശീലനത്തിനിടെ താൻ കണ്ട മികവിന്റെ അടിസ്ഥാനത്തിലാണു പെനൽറ്റി അടിക്കുന്നവരെ തീരുമാനിച്ചതെന്നാണു സൗത്ത്ഗേറ്റ് പറഞ്ഞത്. അങ്ങനെയെങ്കിൽ എന്തുകൊണ്ടു കളിയുടെ അവസാന നിമിഷങ്ങളിൽ മാത്രം അവരെ ഇറക്കി. ജയ്ഡൻ സാഞ്ചോ കളിയിൽ ആദ്യമായി പന്തുതൊട്ടതു പെനൽറ്റി ഷൂട്ടൗട്ടിലാണ്. ടീം അംഗങ്ങൾക്കിടയിൽനിന്നു തന്നെ അപസ്വരങ്ങൾ ഉയർന്നിട്ടുണ്ട്. താൻ പെനൽറ്റി എടുക്കാൻ തയാറായിരുന്നെന്നു ഗ്രീലിഷ് പ്രസ്താവിച്ചു. പ്രതിഭാസമ്പന്നരെക്കൊണ്ടു നിറഞ്ഞ യുവടീമാണ് ഇംഗ്ലണ്ട്. ടൂർണമെന്റിൽ ആകെ സൗത്ത്ഗേറ്റ് പ്രകടിപ്പിച്ച ഇടുങ്ങിയ മനഃസ്ഥിതിയും പെനൽറ്റി ഷൂട്ടൗട്ടിലെ ദുരന്തവും അടിവരയിട്ടു പറയുന്ന കാര്യം ഫുട്ബോളിൽ ടീം മാത്രം പോരാ, മാനേജരും അവസരത്തിനൊത്ത് ഉയരണം എന്നാണ്. 

സ്കോർപ്പിയൺ കിക്ക്: ബാർസിലോന മെസ്സിയുടെ വേതനം  പകുതിയാക്കി.

മറ്റൊരു കോവിഡ് ഇര

English Summary: Kerala needs new methods for industrial development

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com