വിട്ടൊഴിഞ്ഞ കസേര വീണ്ടും
Mail This Article
ഒരു വർഷം മുൻപ് രാജിവച്ചൊഴിഞ്ഞ കെപിസിസി പ്രചാരണവിഭാഗം അധ്യക്ഷസ്ഥാനത്തേക്ക് വീണ്ടും കെ.മുരളീധരനെ നിയമിച്ച് ഹൈക്കമാൻഡ്. പാർട്ടിക്ക് പുതുജീവൻ പകരാൻ ഈ നിയമനം വഴിയൊരുക്കുമോ എന്നതാണു വലിയ ചോദ്യം
കെ.മുരളീധരൻ ആഗ്രഹിക്കാത്ത നിയമനമാണ് അദ്ദേഹത്തിനു ഹൈക്കമാൻഡ് കഴിഞ്ഞ ദിവസം നൽകിയത്. ഒരു വർഷം മുൻപ്, അന്നത്തെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്നു മുരളി രാജിവച്ചൊഴിഞ്ഞതാണു പിസിസിയുടെ പ്രചാരണവിഭാഗം അധ്യക്ഷസ്ഥാനം. ഇപ്പോഴിതാ അതേ പദവിയിലേക്കുതന്നെ മുരളിയെ വീണ്ടും നിയമിച്ചിരിക്കുന്നു. ഈ പദവിയിൽ തനിക്കു നല്ല ഓർമകൾ ഒന്നുമില്ലെന്നാണു കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനോടു മുരളി പറഞ്ഞത്. സംസ്ഥാനത്തെ കോൺഗ്രസിന്റെ നേതൃശ്രേണിയിൽ ഏഴാമനായി ഇരിക്കുന്നതിലും ഭേദം സാധാരണ എംപിയായി തുടരുന്നതാണെന്ന് അദ്ദേഹത്തിന്റെ അനുയായികൾ വാദിക്കുന്നു. പിസിസി അധ്യക്ഷൻ, നിയമസഭാ കക്ഷി നേതാവ്, യുഡിഎഫ് കൺവീനർ, മൂന്നു വർക്കിങ് പ്രസിഡന്റുമാർ ഇവർക്കെല്ലാം ശേഷമേ പ്രചാരണവിഭാഗം അധ്യക്ഷൻ വരൂ. എന്നാൽ, സംസ്ഥാനത്തു വർഷംമുഴുവൻ പാർട്ടി പ്രചാരണസജ്ജമായിരിക്കാനാണു ഗാന്ധികുടുംബം ആഗ്രഹിക്കുന്നതെന്നാണു മുരളിയോടു പാർട്ടി ഹൈക്കമാൻഡ് പറഞ്ഞത്. അതാണു കേരളം ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും പ്രചാരണവിഭാഗം അധ്യക്ഷന്മാരെ നിയോഗിക്കാൻ കാരണം. എന്നാൽ, പ്രത്യേകിച്ച് അധികാരമോ ജോലിയോ ഇല്ലാത്ത അലങ്കാരപദവിയാണിതെന്നാണു മുരളിയുടെ അനുഭവം.
32 വർഷം പിന്നിടുന്ന പാർലമെന്ററി ജീവിതത്തിൽ യഥാർഥ അധികാരം എപ്പോഴും മുരളിയുടെ കയ്യിൽനിന്നു വഴുതിപ്പോയ ചരിത്രമാണുള്ളത്. രാജീവ് ഗാന്ധിയുടെ കീഴിലുള്ള പാർട്ടി പാർലമെന്ററി ബോർഡ് മൂന്നു ദശകം മുൻപു കെ.മുരളീധരനെ കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായി നാമനിർദേശം ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ പിതാവ് കെ.കരുണാകരൻ പാർലമെന്ററി ബോർഡിലെ ശക്തനായ അംഗവും കേരളത്തിന്റെ പ്രതിപക്ഷ നേതാവുമായിരുന്നു. മകനെ സ്ഥാനാർഥിയായി നിശ്ചയിക്കുമ്പോൾ താൻ യോഗത്തിലില്ലായിരുന്നുവെന്നും തനിക്കതിൽ പങ്കില്ലെന്നുമാണ് അന്നു കരുണാകരൻ പറഞ്ഞത്.
ആ തിരഞ്ഞെടുപ്പിൽ മുരളീധരൻ കോഴിക്കോട്ടുനിന്നു ജയിച്ചു. രണ്ടു വർഷത്തിനുശേഷം കരുണാകരൻ കേരള മുഖ്യമന്ത്രിയായി വീണ്ടും അധികാരത്തിൽ തിരിച്ചെത്തി. മുരളിയുടെ ഭാവി ശോഭനമായെന്ന് എല്ലാവരും വിശ്വസിച്ചു. പക്ഷേ, മന്ത്രിയായോ സംഘടനാതലത്തിലോ യഥാർഥ അധികാരം ലഭിക്കാതെയാണു മുരളിയുടെ രാഷ്ട്രീയ ജീവിതം തുടർന്നത്. നിയമസഭാംഗമല്ലാതിരുന്നിട്ടും 2004ൽ പിസിസി അധ്യക്ഷസ്ഥാനം രാജിവച്ചു മുരളി മന്ത്രിയായത് എല്ലാവരെയും അമ്പരപ്പിച്ചു. തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെടുകയും ചെയ്തു. അങ്ങനെ മുരളീധരൻ സ്വന്തം രാജ്യമില്ലാത്ത രാജകുമാരനായി ശേഷിച്ചു.
കോൺഗ്രസ് രാഷ്ട്രീയത്തിലെ പ്രഹേളികയാണു കെ. മുരളീധരൻ. സോണിയ ഗാന്ധിയുടെ നേതൃത്വത്തിനു കീഴിലുള്ള കോൺഗ്രസിലാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിന്റെ വലിയൊരു കാലഘട്ടം കടന്നുപോയത്. കെ.കരുണാകരന്റെ രാഷ്ട്രീയജീവിതത്തിന്റെ അവസാനകാലത്ത് അദ്ദേഹത്തിനു സോണിയയുമായി നല്ല ബന്ധമായിരുന്നില്ല. മുരളിയാകട്ടെ സോണിയയെയും പൊളിറ്റിക്കൽ സെക്രട്ടറി അഹമ്മദ് പട്ടേലിനെയും കടുത്തവാക്കുകളിലാണു വിമർശിച്ചത്. ഈ വിമർശനഭാരം അദ്ദേഹം ഇപ്പോഴും ചുമക്കുന്നുണ്ട്.
മുരളീധരന്റെ പാർട്ടിയിലേക്കുള്ള മടങ്ങിവരവിനുവേണ്ടി വാദിച്ചത് എ.കെ.ആന്റണിയായിരുന്നുവെന്നതാണു കേരളത്തിലെ ഗ്രൂപ്പു രാഷ്ട്രീയത്തിന്റെ വൈരുധ്യങ്ങളിലൊന്ന്. പുനരധിവാസം ലഭിച്ച മുരളിയോട് ആന്റണി പറഞ്ഞത്, നല്ല പദവിക്കായി ക്ഷമയോടെ കാത്തിരിക്കണമെന്നാണ്. 2011ൽ യുഡിഎഫ് അധികാരത്തിൽ മടങ്ങിയെത്തിയപ്പോൾ മുരളിക്കു മന്ത്രിസ്ഥാനം കിട്ടിയില്ല. എങ്കിലും നാലു ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിലും മികച്ച വിജയം നേടി ജനകീയാടിത്തറ ഉറപ്പിച്ചു.
മികച്ച പ്രസംഗകനായ അദ്ദേഹത്തിന് ഓരോ മണ്ഡലത്തിലും അനുയായിവൃന്ദമുണ്ട്. രാഷ്ട്രീയ എതിരാളികളുടെ മർമത്തടിക്കുന്ന തന്ത്രങ്ങളും മുരളിക്ക് അറിയാമെങ്കിലും അദ്ദേഹം സംസ്ഥാന ഗ്രൂപ്പുരാഷ്ട്രീയത്തിൽ ഒറ്റയാനായി തുടരുന്നു. സ്വന്തം കക്ഷിയുണ്ടാക്കി നേരിട്ട പരാജയത്തിനുശേഷം കോൺഗ്രസിൽ മടങ്ങിയെത്തിയ അദ്ദേഹം വേറിട്ടുനിന്നും തന്റേതായി ഒരിടമുണ്ടാക്കിയുമാണു മുന്നോട്ടുപോയത്. യുഡിഎഫിന്റെ വിഷമമണ്ഡലമായിരുന്ന വട്ടിയൂർക്കാവിൽനിന്ന് രണ്ടുവട്ടം ശ്രദ്ധേയമായ വിജയമാണു മുരളി നേടിയത്. പിന്നീടു മലബാറിൽ തിരിച്ചെത്തി, ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽനിന്നു മികച്ച വിജയം നേടാൻ മുരളിക്കു സാധിച്ചു.
സംസ്ഥാനത്തു കെ.സുധാകരൻ, വി.ഡി.സതീശൻ എന്നീ നേതാക്കൾക്കൊപ്പവും ദേശീയതലത്തിൽ രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറിമാരായ ഉമ്മൻ ചാണ്ടി, കെ.സി വേണുഗോപാൽ, പ്രഫഷനൽ കോൺഗ്രസ് ചെയർമാൻ ശശി തരൂർ എന്നിവർക്കൊപ്പവും പാർട്ടിക്കു പുതുജീവൻ പകരാനായി കെ. മുരളീധരനു പ്രവർത്തിക്കാൻ കഴിയുമോ എന്നതാണു വലിയ ചോദ്യം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 19 സീറ്റ് നേടിയ വൻവിജയം 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും യുഡിഎഫിന് ആവർത്തിക്കാനായി തന്റെ പ്രവർത്തകബന്ധം ഉപയോഗപ്പെടുത്താനാകുമോ എന്ന വെല്ലുവിളിയാണു മുരളിയും ഒപ്പം പാർട്ടിയും അഭിമുഖീകരിക്കുന്നത്.
English Summary: K Muraleedharan again as KPCC campaign committee chairman