വലിച്ചെറിയരുതേ; അവരും ജീവിച്ചോട്ടെ
Mail This Article
നടുറോഡിൽ ചിതറിക്കിടക്കുന്ന മത്സ്യങ്ങൾ. അവയ്ക്കുമേൽ വാഹനത്തിന്റെ ചക്രങ്ങൾ കയറിയിറങ്ങുന്നതു കണ്ട് തലതല്ലിക്കരയുന്ന ഒരു സ്ത്രീ. മത്സ്യവിൽപനക്കാരിയായ അൽഫോൻസിയയ്ക്കുണ്ടായ ദുരനുഭവം നിയമവും ഭരണവും മനുഷ്യർക്കു വേണ്ടിയല്ലേ എന്ന ചോദ്യമുയർത്തുന്നു
മനസ്സിനെ വല്ലാതെ മഥിച്ച ആ ദൃശ്യം ഇപ്പോഴും കണ്ണിൽനിന്നു മായുന്നില്ല. നടുറോഡിലേക്കു തെറിച്ചുവീണ മത്സ്യങ്ങളും, സ്വന്തം ജീവനോപാധിക്കുമേൽ വാഹനത്തിന്റെ ചക്രങ്ങൾ കയറിയിറങ്ങുന്നതുകണ്ടു റോഡിൽ കിടന്നു തലതല്ലിക്കരയുന്ന ഒരു സ്ത്രീയും. ടെലിവിഷനിലും സമൂഹമാധ്യമങ്ങളിലുമെല്ലാം ഇന്നലെ പ്രചരിച്ച ദൃശ്യം. ആറ്റിങ്ങൽ അവനവഞ്ചേരിയിൽ മത്സ്യവിൽപനക്കാരിയായ അൽഫോൻസിയയ്ക്കു നഗരസഭാ ജീവനക്കാരിൽനിന്നുണ്ടായ ദുരനുഭവം, നിയമവും ഭരണവും മനുഷ്യർക്കു വേണ്ടിയല്ലേ എന്ന ചോദ്യമുയർത്തുകയാണ്.
മത്സ്യവിൽപനക്കാരായ സ്ത്രീകളെ ചെറുപ്പംമുതൽ ഞാൻ അടുത്തറിയുന്നതാണ്. തിരുവനന്തപുരത്തെ ഒട്ടുമിക്ക വീടുകളിലും വീട്ടുകാരെ വിളിച്ചുണർത്തുന്നത് അവരാണ്. ചരുവമോ കൊട്ടയോ തലയിലേറ്റി ഓരോ വീടും നടന്നുകയറും. മറ്റു ചിലർ കടവക്കത്തും റോഡരികിലും ചരുവവുമായിരിക്കും. പുലർച്ചെ എഴുന്നേറ്റ്, വീട്ടിലുള്ളവർക്ക് ഉച്ചക്കഞ്ഞിവരെ ഉണ്ടാക്കിവച്ചിട്ടുവേണം കടപ്പുറത്തേക്ക് ഓടാൻ. ദിവസപ്പലിശയ്ക്കെടുത്ത കാശാകും കയ്യിൽ. കച്ചവടക്കാരോടു പേശിപ്പേശിയാകും ചരുവം നിറയ്ക്കുക. മത്സ്യവുമായി ഇവരെ പല ബസിലും കയറ്റാറില്ല. അതുകൊണ്ടു ചോദിക്കുന്ന ഓട്ടോക്കൂലി കൊടുത്തോ ഷെയർ ഓട്ടോ പിടിച്ചോ മത്സ്യവുമായി ഏതെങ്കിലും കവലയിലെത്തും. കച്ചവടസ്ഥലത്തു ദൈനംദിന ആവശ്യങ്ങൾ സാധിക്കാനുള്ള സൗകര്യം പോലുമുണ്ടാകില്ല.
പ്രാഥമികാവശ്യങ്ങൾ അടക്കിവച്ചും വിശപ്പുസഹിച്ചും അവർ, മത്സ്യം വാങ്ങാനെത്തുന്നവരെ കാത്തിരിക്കും. മുഴുവൻ വിറ്റുതീരാതെയോ അവശേഷിക്കുന്നതു തുച്ഛവിലയ്ക്കു കൊടുത്തോ ആകും വൈകിട്ടു വീട്ടിൽ തിരിച്ചെത്തുക. മിക്ക വീടുകളിലും കുടുംബം നടത്തുന്നത് ഈ സ്ത്രീകൾ തന്നെയായിരിക്കും. കുട്ടികളുടെ പഠിപ്പ്, കല്യാണം എല്ലാം മത്സ്യം വിറ്റുകിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ടു നിർവഹിക്കേണ്ടിവരും. മധ്യവയസ്സെത്തുമ്പോഴേക്കും ആരോഗ്യം തകരും. എന്നാൽ കാലുകൾ കുഴഞ്ഞുവീഴുംവരെ ഇതേ തൊഴിൽ തുടരും. അധികമാരും ശ്രദ്ധിക്കാറില്ലെങ്കിലും, ജീവിതമെന്ന സമരമുഖത്തെ നിശ്ശബ്ദരായ പോരാളികളാണിവർ.
രാത്രിയിലും റോഡരികിൽ മത്സ്യം വിൽക്കുന്ന സ്ത്രീകളെ കാണാം. ചിലപ്പോൾ വഴിവിളക്കുപോലുമുണ്ടാകില്ല. പണം കൈമാറുമ്പോൾ ചിലർ ഇവരെ പറ്റിക്കും. ഇരുട്ടിൽ നോട്ട് തിരിച്ചറിയാനാകില്ല. ഇതെല്ലാം കഴിഞ്ഞു രാത്രി വീട്ടിലെത്താനുള്ള പെടാപ്പാട്. അവിടെയും കാത്തിരിക്കുന്നുണ്ടാകും ജോലികൾ ഒട്ടേറെ. ഇങ്ങനെ എന്തെല്ലാം തരണം ചെയ്താണ് ഓരോ ദിവസവും ഇവർ തള്ളി നീക്കുന്നത്. അങ്ങനെയുള്ളവരോടു നിയമത്തിന്റെ കാർക്കശ്യം പ്രയോഗിക്കുമ്പോൾ ഉദ്യോഗസ്ഥർ ഹൃദയശൂന്യരാകാൻ പാടില്ല. പാവപ്പെട്ട സ്ത്രീകൾ കഷ്ടപ്പെട്ടു ചുമന്നുകൊണ്ടുവന്ന മീൻ വഴിയിലെറിയാൻ ആരാണ് അവർക്ക് അധികാരം കൊടുത്തത്? പണക്കാരോട് ഒരു സമീപനവും പാവപ്പെട്ടവരോടു മറ്റൊരു സമീപനവും എന്നാണോ? വഴിയോരത്തു വിൽക്കാൻ പറ്റില്ലെങ്കിൽ, ഗതാഗതതടസ്സമില്ലാത്ത മറ്റൊരു സ്ഥലം കണ്ടെത്തി നൽകേണ്ട കടമ തദ്ദേശസ്ഥാപനങ്ങൾക്കുണ്ട്. അതായിരുന്നു ആറ്റിങ്ങൽ നഗരസഭ അൽഫോൻസിയയോടും ചെയ്യേണ്ടിയിരുന്നത്.
കോവിഡ് അടച്ചുപൂട്ടലിൽ സാധാരണക്കാരായ ജനങ്ങളുടെയെല്ലാം ജീവനോപാധികളടഞ്ഞു. ഞാൻ താമസിക്കുന്ന ഹൗസിങ് കോളനിയിലേക്ക് ഓരോ ദിവസവും പലതരം ജീവിതവൃത്തികളുമായി എത്രയോപേർ വന്നുപോയിരുന്നു. നെല്ലിക്കയും പേരയ്ക്കയും വിൽക്കുന്നവർ മുതൽ കത്തിക്കു മൂർച്ച കൂട്ടുന്നവർ വരെ. അടച്ചുപൂട്ടലിൽ അവരൊന്നും വരാതായി. ഇവരിൽ ചിലരെ പിന്നീടു കണ്ടപ്പോഴാണറിഞ്ഞത്, അടച്ചുപൂട്ടൽകാലത്തെ ജീവിതം അവർക്കെത്രമേൽ ദുഷ്കരമായിരുന്നെന്ന്. പൂട്ടഴിച്ചപ്പോൾ, തിരിച്ചടയ്ക്കാത്ത വായ്പകളുടെ കുന്നുകളാണ് ഓരോരുത്തരുടെയും മുൻപിൽ. ഇന്ത്യയിലെ കർഷകരെക്കുറിച്ചു കടത്തിൽ ജനിക്കുന്നു, കടത്തിൽ ജീവിക്കുന്നു, കടത്തിൽ മരിക്കുന്നു എന്നു പറയാറുണ്ട്. മത്സ്യത്തൊഴിലാളികളും മത്സ്യവിൽപനക്കാരും അക്കൂട്ടത്തിലുണ്ട്.
നിയമം മനുഷ്യനുവേണ്ടിയാണ്; നിയമത്തിനു വേണ്ടിയല്ല മനുഷ്യരെന്നു തിരിച്ചറിയണം. ഈ ദുരിതകാലത്തു കുറെക്കൂടി അലിവോടെ ആളുകളെ സമീപിക്കേണ്ടതുണ്ട്. വളരെക്കുറച്ചുപേർ മാത്രമാണ് ഇക്കാലത്ത് ‘സേഫ് സോണി’ലുള്ളത്. ബഹുഭൂരിപക്ഷവും ജോലിയും വരുമാനവും ഇല്ലാതെ ദുരിതത്തിലാണ്. അക്കൂട്ടർക്കുനേരെയാണു തുടർച്ചയായി നിയമത്തിന്റെ കാർക്കശ്യം പ്രകടമാകുന്നത് എന്നത് എത്രയോ ദൗർഭാഗ്യകരം. ഓരോ ദിവസവും ഇത്തരം എത്രയോ അനുഭവങ്ങളാണു നമ്മുടെ മുന്നിലേക്കെത്തുന്നത്. ഇതിന് അറുതിവരുത്താൻ അധികാരികൾ ഉണരേണ്ടതുണ്ട്.
English Summary: Atrocities against street vendors in Kerala