ADVERTISEMENT

മുൻപുണ്ടായിട്ടില്ലാത്ത വിധം നിയമസഭയിലും പാർട്ടിയിലും കുഞ്ഞാലിക്കുട്ടി ചോദ്യം ചെയ്യപ്പെടുന്നു. പാണക്കാട് കുടുംബത്തിൽനിന്നു തന്നെ  അദ്ദേഹത്തിനെതിരെ ശബ്ദമുയർന്നു. ഈ പുതിയ സാഹചര്യങ്ങളെയും മാറ്റങ്ങളെയും എങ്ങനെ സമീപിക്കുന്നു എന്നത് കുഞ്ഞാലിക്കുട്ടിക്കും ലീഗിനും നിർണായകം

ഇപ്പോൾ നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷത്തിന്റെ കടമ വീറോടും വാശിയോടും മുസ്‌ലിം ലീഗ് നിർവഹിക്കുന്നുണ്ട്. അവരുടെ പ്രകടനത്തിലും സഹകരണത്തിലും കോൺഗ്രസ്  തൃപ്തരാണ്. പക്ഷേ, ലീഗിനെ നയിക്കുന്ന പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ശരീരഭാഷ അത്ര സുഖകരമല്ല. സഭയിൽ‍ കെ.ടി.ജലീൽ വഴിയും പുറത്തു പാർട്ടിയിലും മുൻപില്ലാത്തവിധം അദ്ദേഹം ചോദ്യം ചെയ്യപ്പെടുന്നു.

കുഞ്ഞാലിക്കുട്ടിയോടുള്ള കുടിപ്പക തീർക്കാൻ കെ.ടി.ജലീൽ തുനിയുന്നതു ലീഗിന് അപ്രതീക്ഷിതമല്ല. എല്ലാ തർക്കവും മാറ്റിവച്ച് അവർ അതിനെ നേരിടുകയും ചെയ്യും. പക്ഷേ, ജലീലിന്റെ വാക്കുകൾക്കു ലീഗിൽനിന്ന്, പ്രത്യേകിച്ച് തങ്ങൾ തറവാട്ടിൽനിന്നു തന്നെ പ്രതിധ്വനികൾ ഉണ്ടായതിന്റെ ആഘാതം വലുതായി. ഉന്നതാധികാര സമിതിയും പാണക്കാട് കുടുംബത്തിന്റെ യോഗവും തിരക്കിട്ടു ചേർന്നു വെടിനിർത്തൽ കരാർ രൂപപ്പെടുത്തിയിട്ടുണ്ടാകാം. പക്ഷേ, സഭാ സമ്മേളനം കഴിഞ്ഞുള്ള പ്രവർത്തകസമിതിയോഗ ചർച്ച എങ്ങനെ കലാശിക്കും എന്നതു ലീഗിനു നിർണായകമാണ്. തിരഞ്ഞെടുപ്പു തിരിച്ചടിക്കുശേഷം ചേരുന്ന ആദ്യ പ്രവർത്തകസമിതിയാണത്.  

kunhalikkutty

യഥാർഥത്തിൽ ജൂലൈ മധ്യത്തിൽ ചേ‍ർന്ന സംസ്ഥാന ഭാരവാഹികളുടെയും എംഎൽഎമാരുടെയും യോഗമാണു സ്ഫോടനാത്മക അന്തരീക്ഷത്തിനു തിരികൊളുത്തിയത്. വിശ്വസ്തരെന്നു വിചാരിക്കുന്നവരും ആ യോഗത്തിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ കൈചൂണ്ടി. എംഎൽഎ ആയിരിക്കെ എംപിയാകാൻ പോയതും എംപിയായിരിക്കെ തിരിച്ച് എംഎൽഎ ആയതും അദ്ദേഹത്തിനു ചില്ലറ ക്ഷീണമല്ല വരുത്തിവച്ചിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിയും ജനറൽ സെക്രട്ടറി കെ.പി.എ.മജീദും മത്സരിച്ചതു മന്ത്രിപദം മുന്നിൽക്കണ്ടാണെന്നിരിക്കെ, അധികാരമോഹം അണികളിലും അടിത്തറയിലും അസ്വസ്ഥതകൾ വീഴ്ത്തിയെന്ന വിലയിരുത്തൽ ശക്തം. ആ വികാരം പ്രതിഫലിച്ച നേതൃയോഗത്തിൽനിന്നു ശക്തി ആവാഹിച്ചാണു കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യവിമർശനത്തിനു മുഈൻ അലി ശിഹാബ് തങ്ങൾ ഇറങ്ങിപ്പുറപ്പെട്ടത്. 

പിടികൊടുക്കാത്ത മുഈൻ 

ലീഗിന്റെ അമരക്കാരനായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ രണ്ട് ആൺമക്കളിൽ രാഷ്ട്രീയ അനന്തരാവകാശിയാണു മുഈൻ അലി. അദ്ദേഹത്തിന്റെ ജ്യേഷ്ഠസഹോദരൻ പൊതു രംഗത്തില്ല. തങ്ങൾമാർ ഓരോരുത്തരുമായും ഹൃദയബന്ധംതന്നെ സ്ഥാപിക്കാനായ കുഞ്ഞാലിക്കുട്ടിക്കു മുഈൻ അലി ഒരിക്കലും പിടികൊടുത്തില്ലെന്നു കരുതുന്നവരാണേറെ. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റായ മുഈൻ ആഗ്രഹിച്ചതു സംസ്ഥാനത്തു സ്വാധീനം ഉറപ്പിക്കാവുന്ന പദവിയാണ്. അദ്ദേഹത്തിന്റെ പ്രവചനാതീത സ്വഭാവംമൂലം കുഞ്ഞാലിക്കുട്ടിയും സംഘവും അതിനു വഴങ്ങിയുമില്ല. 

വ്രണിതനായ മുഈനെ പിതാവ് ഹൈദരലി തങ്ങളുടെ രോഗാവസ്ഥയും ‘ചന്ദ്രിക’യുമായി ബന്ധപ്പെട്ട ആരോപണങ്ങളും കൂടുതൽ പ്രകോപിപ്പിച്ചതാണു ലീഗിനെ പെട്ടെന്നു പ്രതിസന്ധിയിലേക്കു തള്ളിവിട്ടത്. കുഞ്ഞാലിക്കുട്ടിക്കെതിരെ മുഈൻ പൊട്ടിത്തെറിക്കുന്നതു കണ്ട പാർട്ടി നടുങ്ങി. ചോദ്യം ചെയ്യപ്പെടുന്നതിന്റെ അസ്വസ്ഥത പൊതിയുമ്പോഴും നയിക്കാൻ കുഞ്ഞാലിക്കുട്ടിയല്ലാതെ മറ്റാര് എന്ന ചോദ്യം പാർട്ടിക്കോ പാണക്കാട് കുടുംബത്തിനോ അവഗണിക്കാനാകുമായിരുന്നില്ല. ഈ ഗൗരവം ഉൾക്കൊണ്ടാണു പാണക്കാട് കുടുംബം മുഈന്റെ പ്രവൃത്തിയെ തള്ളിപ്പറഞ്ഞത്. അച്ചടക്ക നടപടി മാറ്റിവച്ചത് ഒത്തുതീർപ്പുസാധ്യതകൾ തുറന്നിടാൻ വേണ്ടിയുമാണ്.  

നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവി, പത്തുവർഷം അധികാരത്തിൽനിന്നു മാറിനിൽക്കേണ്ടി വരുമെന്നതിന്റെ യാഥാർഥ്യബോധം, ന്യൂനപക്ഷ സ്കോളർഷിപ് സംബന്ധിച്ച സർക്കാർ തീരുമാനത്തെ ഇരുകയ്യുംവിട്ട് എതിർക്കാനാവാത്തതിന്റെ പരിമിതി... ഇതെല്ലാം ലീഗിനു മുന്നിൽ വൈതരണികളാണു സൃഷ്ടിക്കുന്നത്. 

സാഹചര്യം മുതലാക്കി, സമുദായത്തിൽ ലീഗിനുള്ള സ്വാധീനത്തിൽ മറ്റു സംഘടനകൾ വിള്ളൽ വീഴ്ത്താൻ നോക്കുമോ എന്ന ആശങ്കയും ശക്തം. അപ്പോൾ കുഞ്ഞാലിക്കുട്ടിയുടെ നയചാതുര്യമാണോ ഇ.ടി.മുഹമ്മദ് ബഷീറിന്റെ മൂർച്ചയുള്ള നാവാണോ ആവശ്യം എന്നതിൽത്തന്നെ നേതൃത്വം ഇപ്പോൾ ആശയക്കുഴപ്പത്തിലാണ്. സംഘടനാപരമായ കെട്ടുറപ്പില്ലായ്മയാണു ജലീലിന് ആയുധങ്ങൾ സമ്മാനിക്കുന്നതെന്നു കരുതുന്നവരേറെ. അച്ചടക്ക ലംഘനങ്ങൾ തുടർക്കഥയാകുന്നു. ജലീലിനെ മുന്നിൽ നിർത്തുമ്പോഴും ലീഗിനോട് അതേ ശത്രുതാനയം പുലർത്താനല്ല സിപിഎമ്മിന്റെ പരിപാടി. ചിലരെ സ്നേഹിച്ച് അടർത്തിയെടുത്തു ലീഗിനെ ദുർബലമാക്കാനുള്ള അടവാകും  പാർട്ടി പയറ്റുക.

തിരിച്ചടികളിൽനിന്നു കോൺഗ്രസ് ഒന്നും പഠിക്കുന്നില്ലെന്നായിരുന്നു കുറെക്കാലമായി ലീഗിന്റെ പരാതി. പുതിയ പ്രതിപക്ഷ നേതാവിനെയും കെപിസിസി പ്രസിഡന്റിനെയും വരെ കോൺഗ്രസ് വച്ചിട്ടും ലീഗിൽ ഒരു മാറ്റവും ഉണ്ടായില്ല. കെ.പി.എ. മജീദ് മത്സരിക്കാൻ പോയപ്പോൾ സീറ്റ് കിട്ടാതെ ഇടഞ്ഞ പി.എം.എ.സലാമിനു താൽക്കാലികാശ്വാസമായി നൽകിയതാണു ജനറൽ സെക്രട്ടറിയുടെ ചുമതല. അഖിലേന്ത്യ ലീഗിന്റെയും ഐഎൻഎലിന്റെയും മാറാപ്പു പേറുന്ന സലാമിനെ താൽക്കാലികമായി വാഴിച്ചതും കുഞ്ഞാലിക്കുട്ടി വിരുദ്ധരുടെ ആയുധമാണ്. അദ്ദേഹം തുടരുമോ അല്ലെങ്കിൽ പകരം ആര് ജനറൽസെക്രട്ടറി എന്നതാണു പാർട്ടിക്കുള്ളിലെ ഒരു ചോദ്യം. ഹൈദരലി തങ്ങൾ രോഗാവസ്ഥയിൽ ആയതിനാൽ സഹോദരൻ സാദിഖലി ശിഹാബ് തങ്ങൾ അധികാര കേന്ദ്രമായി മാറുകയുമാണ്. അതിജീവനത്തിന്റെ ഉസ്താദ് ആയ കുഞ്ഞാലിക്കുട്ടി ഈ പുതിയ സാഹചര്യങ്ങളെയും മാറ്റങ്ങളെയും എങ്ങനെ സമീപിക്കുന്നു എന്നത് അദ്ദേഹത്തിനും ലീഗിനും നിർണായകമാണ്.

English Summary: Internal crisis Muslim League

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com