വിദ്യാധിരാജ ചട്ടമ്പിസ്വാമി; ജീവകാരുണ്യത്തിന്റെ ആചാര്യൻ
Mail This Article
1923ലെ ഒരു പകൽ. കൊല്ലം– ആലപ്പുഴ ബോട്ടിൽ യാത്ര ചെയ്തിരുന്ന ഒരു വിജ്ഞാനി മറ്റു സഞ്ചാരികളോടു പറഞ്ഞു: ‘‘എനിക്കു ചില സംശയങ്ങളുണ്ട്. പല പണ്ഡിതന്മാരെ കണ്ടു സംസാരിച്ചിട്ടും തൃപ്തികരമായ മറുപടി കിട്ടുന്നില്ല. എന്റെ സംശയങ്ങൾ ഒരു അതിയോഗ്യനെ കണ്ടാൽ തീരുമെന്ന് എനിക്കറിയാം. അതു ചട്ടമ്പിസ്വാമിയാണ്. ഇതുപോലുള്ള ഒരു മഹാൻ അടുത്തകാലത്തെങ്ങും ജനിച്ചിട്ടില്ല.’’ (സദ്ഗുരു മാസിക, 1925 സെപ്റ്റംബർ). 1892ലെ ദക്ഷിണേന്ത്യൻ യാത്രയിൽ, ചിന്മുദ്രാവിദ്യയെക്കുറിച്ചു പലരോടു ചോദിച്ചിട്ടും കിട്ടാതിരുന്ന ഉത്തരം സ്വാമി വിവേകാനന്ദനു ലഭിച്ചതു ചട്ടമ്പിസ്വാമിയിൽ നിന്നായിരുന്നു. വേദാന്തവും ഖുർആനും ക്രിസ്തുമത സാരവും ഹൃദയത്തിലേറ്റിയ സ്വാമി ആദ്യമെഴുതിയതു ‘സർവമത സാമരസ്യം’ എന്ന കൃതിയാണ്.
മതത്തിന്റെ മറവിൽ അറിവിനെ വിലക്കുകയും അധികാരത്തെ പോറ്റുകയും ചെയ്യുന്ന ഹിന്ദു പൗരോഹിത്യത്തെയും വിദേശ അധിനിവേശത്തെയും ചട്ടമ്പിസ്വാമി രൂക്ഷമായി വിമർശിച്ചു. ‘‘എനിക്ക് ആരുടെയും ആചാര്യനാകേണ്ട, എല്ലാവരുടെയും ദാസനായാൽ മതി’’ എന്നായിരുന്നു നിലപാട്.‘‘പേരറിയിക്കാതെ ലോകോപകാരികളായി തിരോധാനം ചെയ്യണം’’ എന്ന ധർമഗതിയിലായിരുന്നു സഞ്ചാരം. ‘ആദ്യം മനുഷ്യനാകൂ, പിന്നീടാകാം മറ്റെല്ലാം’ എന്ന ഉപദേശത്തിലും മാനവികതയാണു മർമം. 1875ൽ ജ്ഞാനപ്രജാഗരം സഭയിലൂടെ തന്റെ ബൗദ്ധിക വിപ്ലവങ്ങൾക്കു തുടക്കമിട്ട ചട്ടമ്പിസ്വാമിയെ ‘വിദ്യാധിരാജൻ’ എന്ന വിശേഷണത്തോടെ സഭയിൽ ആദരിച്ചതു പണ്ഡിതനായ കൂപക്കരമഠം പോറ്റിയായിരുന്നു. ‘വേദാധികാര നിരൂപണം’ എന്ന കൃതിയിലൂടെ എല്ലാ മനുഷ്യർക്കും അറിവുനേടാൻ അധികാരമുണ്ടെന്നു സ്വാമി വ്യക്തമാക്കി. ഈ കൃതിക്കു നൂറുവയസ്സ് തികയുന്ന ഈ സന്ദർഭത്തിൽ, അറിവിന്റെ അധികാരത്തെയാണു മനുഷ്യനെന്നു നിർവചിക്കേണ്ടതെന്ന സ്വാമിബോധനം നമ്മിലുണ്ടാകണം.
വിമർശനത്തെയും വിവർത്തനത്തെയും തരാതരം പ്രയോഗിച്ച സ്വാമിയെക്കുറിച്ചു ‘‘വ്യാസനും ശങ്കരനും ചേർന്നാൽ നമ്മുടെ സ്വാമിയായി’’ എന്നഭിപ്രായപ്പെട്ടതു ശ്രീനാരായണ ഗുരുവാണ്. മലയാള ഭാഷയുടെ പഴക്കത്തിനു തെളിവായി 1200 കൊല്ലം മുൻപ് എഴുതപ്പെട്ട മർമവിദ്യാ ഗ്രന്ഥത്തെ ചൂണ്ടിക്കാണിച്ച ചട്ടമ്പിസ്വാമി, എഴുത്തച്ഛൻ ഭഗവദ്ഗീതയ്ക്കു പ്രത്യേകം പരിഭാഷ നൽകി എന്നും വെളിപ്പെടുത്തി.
പത്തൊൻപതാം നൂറ്റാണ്ടിനൊടുവിൽ ‘ജാതിഭേദ നിരൂപണം’ എന്ന പേരിൽ ആറു ഭാഗങ്ങളിലായി എഴുതിയ മഹാപ്രബന്ധമാണ് ‘പ്രാചീന മലയാള’മായി പിൽക്കാലത്ത് അച്ചടിച്ചത്. സാധാരണക്കാരോടു നേരമ്പോക്കുഭാഷയിൽ ജീവിതരഹസ്യങ്ങൾ പറയാനായിരുന്നു ഇഷ്ടം. പണ്ഡിതസഭകളിലെ സൗഹൃദകൂട്ടായ്മകളിൽ സൈദ്ധാന്തികഭാരമുള്ള അറിവുകൾ പങ്കുവച്ച വിദ്യാധിരാജനെ പിന്തുടരാൻ കേൾവിക്കാർക്കു ബുദ്ധിമുട്ടായിരുന്നു. ഒരു വെള്ളമുണ്ടും ഉടുത്ത് എവിടെയും സഞ്ചരിച്ചിരുന്ന സ്വാമി കാഷായവസ്ത്രം ധരിച്ചിരുന്നില്ല. ‘‘ആത്മശുദ്ധിയുള്ള ആർക്കും ക്ഷേത്രപൂജ ചെയ്യാം’’ എന്നായിരുന്നു ക്ഷേത്രപ്രവേശന സമരങ്ങളുടെ പശ്ചാത്തലത്തിൽ സ്വാമി പറഞ്ഞത്. ‘‘പട്ടിയും പൂച്ചയും ശ്രീകോവിലിനുള്ളിൽ കയറിയിറങ്ങുന്നതിന് ഒരു പുരോഹിതനും പരാതിയില്ല. അവർണനെന്നു പറഞ്ഞു തരംതാഴ്ത്തപ്പെട്ട മനുഷ്യർ ദേവന്റെ മുന്നിലോ പരിസരത്തുള്ള വഴിയിലോ വന്നുകയറിയിറങ്ങിപ്പോയാൽ മതഭ്രാന്ത് പിടിക്കുന്ന മനുഷ്യർ ഇവിടെയുണ്ട്. അതു പൂർണമായി മാറണം’’ എന്ന നിർദേശം ഇന്നും പ്രസക്തമാണ്.
‘സർവതന്ത്രസ്വതന്ത്രയായ ത്രൈലോക്യനായികയാണ് സ്ത്രീ’ എന്ന വിമോചനസന്ദേശം സ്വാമി നടത്തിയകാലത്ത് ഫെമിനിസം എന്ന ആശയം മലയാളികളുടെ സ്വപ്നത്തിൽപോലും ഉണ്ടായിരുന്നില്ല. ‘‘എല്ലാ സ്ത്രീകളെയും അമ്മയായിക്കണ്ടു പുരുഷൻ ശീലിക്കണം’’ എന്ന സ്വാമിപാഠം എക്കാലത്തേക്കും വേണ്ടിയുള്ളതാണ്.
‘അനുകമ്പയുടെ തേൻ കൊണ്ടു നിറഞ്ഞതായിരിക്കണം മനുഷ്യ മനസ്സ്’ എന്ന സ്നേഹസന്ദേശമാണു സ്വാമിദർശനത്തിന്റെ കാതൽ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പെരുമ്പാവൂരിലെയും തൃശൂരിലെയും അധഃസ്ഥിതരുടെ ചേരികളിൽ പടർന്നുപിടിച്ച പകർച്ചവ്യാധി നിയന്ത്രിക്കാൻ ചട്ടമ്പി സ്വാമി മുന്നിലുണ്ടായിരുന്നു. ‘അയിത്തം അറബിക്കടലിൽ തള്ളേണ്ട കാലം അതിക്രമിച്ചിരിക്കുന്നു’ എന്ന പ്രഖ്യാപനം നവോത്ഥാനത്തിന്റെ മുന്നോടിയായിരുന്നു. സഹജീവനത്തിന്റെ ഏറ്റവും ലളിതമായ തത്വശാസ്ത്രമാണ് ‘ജീവകാരുണ്യ നിരൂപണ’ത്തിലൂടെ ആവിഷ്കരിച്ചത്. സർക്കാർ പതിച്ചുകൊടുത്ത എൺപതേക്കർ സ്ഥലം സ്വന്തമായി ഉണ്ടായിരുന്നിട്ടും ഒട്ടേറെ ഭക്തരുടെ പ്രസ്ഥാനങ്ങൾ ഉണ്ടായിരുന്നിട്ടും കൊല്ലത്ത് പന്മന എന്ന ഗ്രാമത്തിലെ സർപ്പക്കാവിൽ വന്നു ചട്ടമ്പിസ്വാമി സമാധിയായി. 1934ൽ പന്മന ആശ്രമത്തിൽ ഒരുദിവസം ചെലവഴിച്ച ഗാന്ധിജി ‘‘വരുംകാലങ്ങളിൽ ചട്ടമ്പിസ്വാമിയുടെ മഹത്വം ലോകമറിയു’’മെന്നു പ്രവചിക്കുകയുണ്ടായി. ‘‘ജീവകാരുണ്യമുണ്ടെങ്കിൽ എല്ലാ ഐശ്വര്യങ്ങളും നമ്മുടെ നടയിൽ കാത്തുകിടക്കും’’ എന്നരുളിയ വിദ്യാധിരാജൻ, നവലോകത്തിനു മുന്നിൽ വച്ചതു കാരുണ്യമതത്തെയാണ്.
(പന്തളം എൻഎസ്എസ് കോളജിലെ മലയാളം അധ്യാപകനും ചരിത്രഗവേഷകനുമാണു ലേഖകൻ).
English Summary: Chattampi Swamikal birth anniversary