ADVERTISEMENT

ആഫ്രിക്കൻ രാജ്യമായ സാംബിയയിൽ അധികാരക്കൈമാറ്റം പൊതുവേ ശാന്തവും ജനാധിപത്യപരവുമാണ്. പ്രതിപക്ഷ നേതാവ് ഹകൈൻഡെ ഹിചെലിമയോടു പരാജയപ്പെട്ട എഡ്ഗർ ലുംഗു തോൽവി സമ്മതിച്ചു പ്രസിഡന്റ് പദവിയിൽനിന്നു പടിയിറങ്ങി. അധികാരപ്രയോഗങ്ങളോ അടിച്ചമർത്തലോ നടത്തിയില്ലെന്നു മാത്രമല്ല, പുതിയ പ്രസിഡന്റിനെ അഭിനന്ദനമറിയിക്കുകയും ചെയ്തു. എന്നിരിക്കിലും, സാംബിയയിലെ ജനാധിപത്യ ഇടങ്ങൾ സമീപകാലത്തായി ചുരുങ്ങുന്നുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പു നടന്ന ഓഗസ്റ്റ് 12ലെ ഇന്റർനെറ്റ് നിയന്ത്രണം ഉദാഹരണം.

യുണൈറ്റഡ് പാർട്ടി ഫോർ നാഷനൽ ഇൻഡിപെൻഡൻസ് (യുപിഎൻഡി) നേതാവായ ഹിചെലിമയ്ക്ക് 59.38% വോട്ടുകളാണു ലഭിച്ചത്. പേട്രിയോട്ടിക് ഫ്രണ്ട് (പിഎഫ്) പാർട്ടിയുടെ നേതാവായ ലുംഗുവിന് 38.33% വോട്ടുകളും. ലുംഗുവിന്റെ 6 വർഷത്തെ ഭരണത്തിൽ ജനങ്ങൾക്കു പൊതുവേയുള്ള അസംതൃപ്തിയാണു ഹിചെലിമയും യുപിഎൻഡിയും മുതലെടുത്തു വോട്ടാക്കി മാറ്റിയത്. മനുഷ്യാവകാശലംഘനങ്ങൾ നടന്നു; അഴിമതി വർധിച്ചു; രാജ്യത്തെ പണപ്പെരുപ്പവും കടബാധ്യതയും തൊഴിലില്ലായ്മയും കൂടി. ഇതിനു പുറമേയാണ് കോവിഡ് മഹാമാരി ആക്കം കൂട്ടിയ സാമ്പത്തിക പ്രതിസന്ധി. 

യുവാക്കളെ സ്വാധീനിക്കാനും അവരുടെ വോട്ട് ഹിചെലിമയ്ക്ക് ഉറപ്പാക്കാനും യുപിഎൻഡിക്കു കഴിഞ്ഞു. ചെറുപാർട്ടികളെ ഒപ്പം കൂട്ടാൻ സാധിച്ചെന്നു മാത്രമല്ല, ലുംഗുവിന്റെ പിഎഫ് പാർട്ടി പാളയത്തിൽനിന്ന് ധനമന്ത്രി ഫെലിക്സ് മുറ്റാറ്റി ഉൾപ്പെടെ നേതാക്കളെ അടർത്തിയെടുക്കാനുമായി. ഇതെല്ലാം ഹിചെലിമയെ കരുത്തനാക്കി. അങ്ങനെ അദ്ദേഹം അധികാരം ഉറപ്പിച്ചു.

ബർമിങ്ങാമിൽനിന്ന് എംബിഎ

സാംബിയയിലെ തെക്കൻ ജില്ലകളിലൊന്നായ മൊൺസെയാണു ഹിചെലിമയുടെ നാട്. മൊൺസെക്കാരൻ കാലിപ്പയ്യനെന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കാറ്. എളിയ കുടുംബപശ്ചാത്തലത്തിൽ ജനിച്ചുവളർന്നെന്നാണ് അവകാശവാദമെങ്കിലും യഥാർഥത്തിൽ ഹിചെലിമ കോടീശ്വരനാണ്. സാംബിയയിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിൽ അദ്ദേഹമുണ്ട്. 

     കൃഷി, ഭൂമിയിടപാട്, ആരോഗ്യമേഖല, ടൂറിസം എന്നിവയിലെല്ലാം സജീവമാണ്. ഉയർന്ന വിദ്യാഭ്യാസയോഗ്യതകളുമുണ്ട്. സാംബിയ സർവകലാശാലയിൽനിന്നു ബിരുദമെടുത്തശേഷം യുകെയിലെ ബർമിങ്ങാം സർവകലാശാലയിൽനിന്ന് എംബിഎ നേടിയ ഹിചെലിമയിലൂടെ സാംബിയയുടെ ഭാഗ്യനക്ഷത്രമുദിക്കുമോ എന്നു ലോകം ഉറ്റുനോക്കുന്നു.

hichilema-1248
ഹകൈൻഡെ ഹിചെലിമ

ചെമ്പ്, വെള്ളി,രത്നക്കല്ലുകൾ...

വസ്തുനിഷ്ഠമായിപ്പറഞ്ഞാൽ, ആഫ്രിക്കയുടെ തെക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന, നാലുപാടും കരകളാൽ അതിരിട്ട, ജനസാന്ദ്രത കുറവുള്ള, വിഭവസമ്പന്നമായ വലിയൊരു ഭൂപ്രദേശമാണു സാംബിയ. ചെമ്പിന്റെ ഉൽപാദനത്തിൽ ഡമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ കഴിഞ്ഞാൽ രണ്ടാം സ്ഥാനത്തുള്ള ആഫ്രിക്കൻ രാജ്യം സാംബിയയാണ്. ചെമ്പ് കയറ്റുമതിയിലൂടെ വലിയതോതിൽ വരുമാനവുമുണ്ട്. ചെമ്പിനു പുറമേ യുറേനിയം, കൊബാൾട്ട്, വെള്ളി, ഈയം, കൽക്കരി, സിങ്ക്, സ്വർണം, മരതകം തുടങ്ങിയവകൊണ്ടും സമ്പന്നമാണ്. ടൂർമലിൻ, അമിതിസ്റ്റ്, അക്വാമറീൻ തുടങ്ങിയ രത്നക്കല്ലുകളും സാംബിയയ്ക്കുണ്ട്.

മാറ്റു കുറച്ച് പ്രതിസന്ധികൾ

2020ൽ 0.6% മാത്രം വളർച്ചാനിരക്കുമായി ക്ഷീണത്തിലായിരുന്നു സാംബിയയുടെ സമ്പദ്‌വ്യവസ്ഥ. ചെമ്പിന്റെ വിലയിടിവായിരുന്നു കാരണങ്ങളിലൊന്ന്. വരുമാനത്തിന്റെ നാലിൽ മൂന്നും ചെമ്പ് കയറ്റുമതിയിലൂടെയായ രാജ്യത്തിന് അതൊരു പ്രഹരമായി. മഴ കുറഞ്ഞതുമൂലം വരൾച്ചയുണ്ടായതു കൃഷിയെ ബാധിച്ചു; ജലവൈദ്യുതോൽപാദനത്തിൽ ഇടിവുണ്ടായി. മുൻ പ്രസിഡന്റ് വരുത്തിവച്ച ബാധ്യതകളിൽ നിന്നു കരകയറാൻ സാംബിയയ്ക്കു രാജ്യാന്തര നാണ്യനിധിയുടെ സഹാനുഭൂതിയും കൈത്താങ്ങും ഉറപ്പാക്കേണ്ട വലിയ ദൗത്യമാണു ഹിചെലിമയുടെ ചുമലുകളിൽ. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ ഘട്ടത്തിൽ സ്ഥിതിഗതികൾ മെച്ചപ്പെടാൻ സമയം കുറച്ചെടുത്തേക്കുമെന്നു സാരം. ആഭ്യന്തര ധനവിനിയോഗത്തിൽ കർശന മേൽനോട്ടവും മികവ് ഉറപ്പാക്കുന്ന വിധം തൊഴിൽസംസ്കാര പരിഷ്കാരവും വേണ്ടി വരും. ഇന്ത്യ പോലെയുള്ള സുഹൃദ്‍രാജ്യങ്ങളിൽനിന്നു സഹായം തേടിയും സാംബിയയ്ക്ക് ഈ പ്രതിസന്ധിയെ തരണം ചെയ്യാനാകും.

ഇന്ത്യയുടെ കൂട്ട്

സാമ്പത്തിക, സാങ്കേതിക മേഖലകളിൽ ഇന്ത്യയുടെ നിരന്തര സഹകരണം സാംബിയയ്ക്കുണ്ട്. ധാതുമേഖലയിലും പ്രതിരോധരംഗത്തും സാംബിയയുമായി സഹകരണം മെച്ചപ്പെടുത്താൻ 2019ൽ ഇന്ത്യ ഒപ്പിട്ടത് 6 കരാറുകളാണ്. ജമ്മു കശ്മീർ, 1998ലെ ആണവപരീക്ഷണം, യുഎൻ രക്ഷാസമിതി അംഗത്വം തുടങ്ങിയ കാര്യങ്ങളിൽ രാജ്യാന്തരവേദികളിൽ സാംബിയ നിറഞ്ഞ പിന്തുണ നൽകി ഇന്ത്യയോടുള്ള കൂറ് ഉറപ്പിച്ചിട്ടുള്ളതുമാണ്.

ഇന്ത്യൻ വംശജരായ 25,000 പേർ സാംബിയയിലുണ്ട്. റീട്ടെയിൽ, ബാങ്കിങ്, ഐടി, കൃഷി, ഖനനം തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവർ. നിതാന്തപരിശ്രമങ്ങളിലുടെ ഇന്ത്യയും സാംബിയയും കെട്ടിപ്പടുത്ത ഊഷ്മള ബന്ധത്തിനു തുടിപ്പും തുടർച്ചയും നൽകാൻ ഇവർക്കാകും.

ആഫ്രിക്കൻ രാജ്യങ്ങളിലെ ഇന്ത്യയുടെ വ്യാപാര, ബാങ്കിങ്, വാണിജ്യ, സൈനിക, നയതന്ത്ര താൽപര്യങ്ങൾക്കു വലിയ പ്രാധാന്യം നരേന്ദ്ര മോദി സർക്കാർ നൽകിവരുന്നു. ധാതുസമ്പന്നമായ രാജ്യമെന്നനിലയിൽ സാംബിയയ്ക്ക് ഇന്ത്യയുമായുള്ള സഹകരണ സാധ്യതകൾ ഏറെയാണ്. അതുവഴി കരുത്തുനേടാനും സാമ്പത്തിക സ്വയംപര്യാപ്തതയിലേക്കു വളരാനും സാംബിയയ്ക്കു കഴിയും.

(അലഹാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറാണു ലേഖകൻ)

English Summary: Zambia's opposition leader Hichilema wins presidential vote at sixth bid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com