സ്വപ്നങ്ങൾക്കായി ഉണരാം
Mail This Article
അധ്യാപകൻ കുട്ടികളോട് ഒരു ചോദ്യം ചോദിച്ചു. നിങ്ങളെല്ലാവരും ഉറങ്ങുകയാണ്. നിങ്ങൾ ഒരു സ്വപ്നം കാണുന്നു. കടുവ നിങ്ങളെ ഓടിക്കുകയാണ്. കുറച്ചുദൂരം ചെന്നപ്പോൾ മുന്നിൽ മറ്റൊരു കടുവ. വശങ്ങളിലേക്ക് ഓടാൻ നോക്കിയപ്പോൾ അവിടെയും കടുവകൾ. നാലു വശത്തും കടുവകൾ നിൽക്കുന്ന സാഹചര്യത്തിൽ രക്ഷപ്പെടാൻ നിങ്ങൾ ഏതുവഴി തിരഞ്ഞെടുക്കും? ക്ലാസിലാകെ നിശ്ശബ്ദത. പിൻസീറ്റിലിരുന്ന കുട്ടി വിളിച്ചു പറഞ്ഞു: സർ, ഉറക്കത്തിൽ നിന്ന് ഉണർന്നാൽ മതി.
ഉറങ്ങുന്നതു തെറ്റല്ല. ഉണരാൻ മടിക്കുന്നതാണു തെറ്റ്. ഉണർന്നിരിക്കുമ്പോഴും മയക്കത്തിലാവുന്നത് അതിനെക്കാൾ വലിയ പിഴവ്. സ്വപ്നങ്ങളിൽനിന്നു രക്ഷപ്പെടാൻ മാത്രമല്ല, അവയിൽ പ്രയോജനകരമായവ സാധ്യമാകണമെങ്കിലും കണ്ണു തുറന്നേ മതിയാകൂ. കണ്ണു തുറക്കുമ്പോൾ അവസാനിക്കുന്ന സ്വപ്നങ്ങൾ മനോരാജ്യം മാത്രം. കണ്ണുതുറക്കുമ്പോൾ ജീവൻവയ്ക്കുന്ന സ്വപ്നങ്ങൾക്കു ചുവടുവയ്പുകളും നിരന്തര പ്രയത്നവും വേണം. സ്വപ്നങ്ങളിൽനിന്ന് ഉണരുന്നതു സ്വാഭാവിക പ്രക്രിയയും സ്വപ്നങ്ങൾക്കുവേണ്ടി ഉണരുന്നതു നിർബന്ധിത കർമവുമാണ്.
സ്വപ്നം കാണാൻ മിനിറ്റുകൾ മതി; കാണുന്ന സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരായുസ്സ് തന്നെ വേണ്ടിവരും. സ്വപ്നങ്ങൾ കാണുമ്പോഴുള്ള ഭംഗിയോ സുഖമോ നടപ്പാക്കുമ്പോഴുണ്ടാകില്ല. സ്വപ്നത്തിൽ ഭയന്നാൽ കണ്ണുതുറന്നാൽ മതി. പ്രവൃത്തിയിൽ ഭയന്നാൽ എന്തുചെയ്യും? വിട്ടുവീഴ്ചയില്ലാത്ത തുടർച്ച മാത്രമാണു പരിഹാരം. പൂർത്തീകരിക്കപ്പെടുന്ന സ്വപ്നങ്ങളെല്ലാം ഉണർന്നതിനു ശേഷം സംഭവിക്കുന്നതാണ്. സ്വപ്നത്തിൽ കൂടെയുണ്ടായിരുന്ന ഒരാളും സ്വപ്നസാക്ഷാത്കാരത്തിൽ കൂടെയുണ്ടാകണമെന്നില്ല. അയാൾ കാണുന്ന സ്വപ്നം വേറെയായിരിക്കും. ആരെങ്കിലും വിളിച്ചെഴുന്നേൽപിക്കുമ്പോൾ നഷ്ടമാകുന്നത് ഉറക്കത്തിലെ സ്വപ്നം മാത്രമാണ്. കർമപഥത്തിലെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സ്വയമുണർത്തൽ പ്രക്രിയ നടത്തണം.
സ്വപ്നവും യാഥാർഥ്യവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുമ്പോഴാണു ഗുണമേന്മയും കാര്യക്ഷമതയുമുള്ള ജീവിതം സാധ്യമാകുന്നത്. വെറുതെ കണ്ണടച്ചിരുന്നാൽ എന്തും സാധ്യമാകുന്നതാണു സ്വപ്നം. എല്ലുമുറിയെ പണിയെടുത്താൽ മാത്രം എന്തെങ്കിലുമായിത്തീരും എന്നതാണു യാഥാർഥ്യം. സ്വപ്നങ്ങൾ അർധബോധാവസ്ഥയുടെ സംഭാവനയാണ്. യാഥാർഥ്യം ബോധമനസ്സിൽ അംഗീകരിക്കേണ്ടതാണ്. സ്വപ്നങ്ങൾക്കു യാഥാർഥ്യബോധമുണ്ടാകില്ല. പക്ഷേ, കർമങ്ങൾക്കതുണ്ടാകണം. സ്വപ്നങ്ങളെ യാഥാർഥ്യമാക്കിയവരെല്ലാം കണ്ണുതുറന്ന് പ്രവർത്തിച്ചവരാണ്.
Content Highlight: Subhadhinam