ADVERTISEMENT

പതിവായി ഗോൾഫ് കളിക്കുന്ന സുഹൃത്തുക്കളുണ്ടായിരുന്നു. പുരോഹിതനും ഡോക്ടറും ബിസിനസുകാരനും ഭൂവുടമയും നാൽവർസംഘത്തിലുണ്ട്. ഒരു ദിവസം അവർ കളിക്കാൻ മൈതാനത്തെത്തിയപ്പോൾ മറ്റൊരു സംഘം കളി തുടങ്ങിയിരുന്നു. വളരെ ഇഴഞ്ഞുനീങ്ങുന്ന കളിയായിരുന്നു അത്. കാത്തുനിന്നു മടുത്ത അവർ ഗോൾഫ് ക്ലബ്ബിലെ ജോലിക്കാരനോടു ചോദിച്ചു: ‘ഇതെന്താണ് ഇത്രയും വേഗം കുറഞ്ഞ കളി’. അയാൾ പറഞ്ഞു: ‘ഇവർ കാഴ്ചയില്ലാത്തവരാണ്. ഫയർഫോഴ്സിലെയും പൊലീസിലെയും സൈന്യത്തിലെയും ജോലിക്കിടെ കാഴ്ച നഷ്ടപ്പെട്ടതാണ്’. നാൽവർസംഘം നിശബ്ദരായി. എങ്കിലും പുരോഹിതൻ പറഞ്ഞു: ഞാൻ എന്റെ പ്രാർഥനകളിൽ ഇവരെ ഓർക്കും. ഡോക്ടർ അവർക്കുള്ള ചികിത്സ ഏറ്റെടുത്തു. ബിസിനസുകാരൻ പണം മുടക്കാനും തയാറായി. ഭൂവുടമ പറഞ്ഞു: മറ്റുള്ളവർക്കു ശല്യമാകാതെ ഇവർക്കു രാത്രിയിൽ കളിച്ചുകൂടേ.

സ്വന്തമായി നിർമിക്കുന്ന അതിജീവന കഥകളിലൂടെയാണ് ഓരോരുത്തരുടെയും ജീവിതയാത്ര. കഥയറിയാതെ ആട്ടം കാണരുതെന്ന് മാത്രമല്ല അവഹേളിക്കുകയുമരുത്. എല്ലാ ജീവിതങ്ങൾക്കും ആരും കാണാത്ത ചില പിന്നാമ്പുറങ്ങളുണ്ട്. ഏതു വെള്ളിവെളിച്ചത്തിൽ നിൽക്കുമ്പോഴും ഇരുളടഞ്ഞ അധ്യായങ്ങൾ എല്ലാവർക്കുമുണ്ടാകും. ഒരാളുടെ നിലവിലെ അവസ്ഥയ്ക്കനുസരിച്ചു മാത്രം മാർക്കിട്ടാൽ പലരും അവഗണനാർഹമായ മാർക്ക് മാത്രം ലഭിക്കുന്നവരായിരിക്കും. ആ അവസ്ഥയിലേക്കെത്തിച്ചേരാനുള്ള കാരണങ്ങളും അത്തരം അവസ്ഥകളിൽനിന്നുള്ള തുടർസാധ്യതകളും പരിശോധിച്ചാൽ പലരെയും നമ്മൾ എഴുന്നേറ്റുനിന്ന് ആദരിക്കും.

അർഹിക്കുന്ന ആദരം എല്ലാവർക്കും നൽകണം, സ്ഥാനമോ ശേഷിയോ നോക്കാതെ. ഉപയോഗശേഷിയും പ്രതിഫലസാധ്യതയും മാത്രം കണക്കിലെടുത്തു നൽകുന്ന സ്നേഹാദരം സ്വഭാവവൈശിഷ്ട്യമല്ല കൗശലമാണ്. ആലംബഹീനരും മാറ്റിനിർത്തപ്പെടുന്നവരുമാണ് ആദരിക്കപ്പെടേണ്ടത്. പ്രശസ്തർക്കും ജനപ്രിയർക്കും നൽകുന്ന ബഹുമതികൾ അവർക്കുള്ള അംഗീകാരം മാത്രമല്ല, നൽകുന്നവർക്കുള്ള കാര്യലാഭം കൂടിയാണ്. ആരും ശ്രദ്ധിക്കാത്തവർക്കു നൽകുന്ന അംഗീകാരങ്ങൾ സ്വീകരിക്കുന്നവർക്ക് പ്രചോദനമാണ്, നൽകുന്നവരുടെ സന്മനസ്സാണ്.

ആർക്ക് എന്ത് നൽകുന്നു എന്നതാണ് ദാനശീലത്തിന്റെ അളവുകോൽ. എല്ലാമുള്ളവർക്കു വീണ്ടും നൽകുന്നത് പെരുമയ്ക്കുവേണ്ടിയാണ്. ഒന്നുമില്ലാത്തവർക്കു ന‍ൽകുന്നത് ദീനാനുകമ്പയും. ഓരോരുത്തർക്കും വേണ്ടത് നൽകാൻ എല്ലാവർക്കും കഴിഞ്ഞെന്നുവരില്ല. എങ്കിലും ഉള്ളതു നൽകാൻ കഴിയും. പലരൊരുമിച്ചാൽ പരിഹരിക്കാൻ കഴിയാത്ത ഒരു പോരായ്മയുമില്ല. എല്ലാവരുമൊരുമിക്കുമ്പോൾ അതിൽനിന്ന് ഒഴിഞ്ഞുമാറാതിരിക്കാനുള്ള മഹാമനസ്കതയെങ്കിലും ഉണ്ടാകണം. ഒഴിവായാലും അധിക്ഷേപിക്കരുത്.

Content Highlights: Subhadinam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com