ആകാശമല്ല അതിർത്തി
Mail This Article
വ്യവസായക്കുതിപ്പിന് ഊർജം പകരാൻ രാജ്യവ്യാപക ഏകജാലക സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചുകഴിഞ്ഞു, കേന്ദ്ര സർക്കാർ. കേരളവും ഈ സംവിധാനത്തിൽ ചേരുന്നതു ഗുണകരമാകുമെന്നാണു വിലയിരുത്തൽ. കേരളത്തിലെ നിക്ഷേപകർക്കും കേരളത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്കും ഇതു സഹായകമാകും. പ്രത്യേകിച്ചും, സ്റ്റാർട്ടപ്് സംരംഭങ്ങൾക്ക്. വിവിധ സർക്കാർ അനുമതികൾ ഒരേ ജാലകത്തിലൂടെ ലഭ്യമാക്കുക തന്നെയാണു പ്രധാനലക്ഷ്യം. ഓരോ സംസ്ഥാനത്തും എന്തൊക്കെ അനുമതികൾ ആവശ്യമാണ്, സൗകര്യങ്ങൾ ലഭ്യമാണ് തുടങ്ങിയ വിവരങ്ങൾ വിരൽത്തുമ്പിൽ ലഭിക്കാൻ ഇതു സഹായിക്കും. സ്റ്റാർട്ടപ് സംരംഭകരെ സംബന്ധിച്ചിടത്തോളം ഇത്തരം അറിവുകൾ പ്രധാനമാണ്.
യുഎസിലും ചൈനയിലുമൊക്കെ പടർന്നു കയറിയ സ്റ്റാർട്ടപ് തരംഗം ഇന്ത്യയിൽ വീശിയടിക്കാൻ സമയമെടുത്തുവെങ്കിലും നമ്മുടെ നാടും ആ വഴിക്കു ശ്രദ്ധേയ നേട്ടങ്ങളിലേക്കാണു വളരുന്നത്. ഇതുവരെ ആരും ചിന്തിക്കാത്ത ഗംഭീരമായ പുതിയൊരാശയം, അതു സാങ്കേതികവിദ്യയുടെ തുണയോടെ നടപ്പാക്കാനുള്ള ആത്മവിശ്വാസം, വിപണി പിടിക്കാനുള്ള കഴിവ്, മികച്ച ടീം; ഒപ്പം സാമ്പത്തിക പിന്തുണയും – ഇത്രയൊക്കെ ചേരുമ്പോൾ സ്റ്റാർട്ടപ്പിനുള്ള ചേരുവകളായി. പക്ഷേ, അങ്ങേയറ്റം വൈവിധ്യമാർന്ന ഉപയോക്താക്കളുള്ള ലോകത്ത് ഏറ്റവും സ്വീകാര്യമായ ആശയങ്ങൾ കണ്ടെത്തുകയും അത് ഉൽപന്നമോ സേവനമോ ആക്കി മാറ്റുകയും വിപണിയിൽ വിജയിക്കുകയും ചെയ്യുക വലിയ വെല്ലുവിളി തന്നെയാണ്.
സ്റ്റാർട്ടപ്പുകൾക്കു വളരാനുള്ള അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതിൽ രാജ്യത്ത് ഏറ്റവും മുന്നിലുള്ള സംസ്ഥാനങ്ങളിലൊന്നാണു കേരളം. കേന്ദ്ര സർക്കാർ 2016ൽ സ്റ്റാർട്ടപ് ഇന്ത്യ മിഷൻ പ്രഖ്യാപിക്കും മുൻപുതന്നെ കേരളം ആ വഴിക്കു ‘ലോഗ് ഇൻ’ ചെയ്തു തുടങ്ങിയിരുന്നു. യുവ സംരംഭങ്ങൾക്കു പുതിയപാത തെളിക്കാൻ സംസ്ഥാന സർക്കാർ രൂപീകരിച്ച നോഡൽ ഏജൻസിയായ കേരള സ്റ്റാർട്ടപ് മിഷനു കീഴിൽ സ്റ്റാർട്ടപ് വില്ലേജ് പിറവിയെടുത്തതു 2012ലാണ്. രാജ്യത്തെ ആദ്യത്തെ ടെക്നോളജി ബിസിനസ് ഇൻകുബേറ്ററായിരുന്നു സ്റ്റാർട്ടപ് വില്ലേജ്.
ആഗോളതലത്തിൽ നൂറിൽ 90 സ്റ്റാർട്ടപ്പുകളും പരാജയപ്പെടുന്നുവെന്നാണു വിലയിരുത്തൽ. പരാജയത്തിന്റെ അളവുകോലിലൂടെയാണു സ്റ്റാർട്ടപ്പുകളെ ലോകം ഒരുകാലത്തു കണ്ടിരുന്നത്. പക്ഷേ, ആ കാഴ്ചപ്പാടു മാറുകയാണ്. വിജയിച്ച 10% സൃഷ്ടിച്ച വിപ്ലവങ്ങൾ അത്രയേറെ! യുഎസിലെ സിലിക്കൺവാലിയിൽനിന്നു പടർന്നുകയറിയ ടെക് സ്റ്റാർട്ടപ്പുകളിലൂടെ പുറത്തുവന്നതു കമ്യൂണിക്കേഷൻ, ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ തീരാത്ത അദ്ഭുതങ്ങളാണ്.
ടെക് ഭീമന്മാരായ ഗൂഗിളും ഫെയ്സ്ബുക്കും മൈക്രോസോഫ്റ്റുമൊക്കെ ഇന്നു കാണുന്ന ആകാശങ്ങളിലേക്കു വളർന്നത് ഏതാനും പ്രതിഭകളുടെ ബുദ്ധിയിൽ വിരിഞ്ഞ കുഞ്ഞൻ സ്റ്റാർട്ടപ്പുകളായാണ് എന്നതിൽനിന്നുതന്നെ സ്റ്റാർട്ടപ് എന്ന ആശയത്തിന്റെ പ്രാധാന്യം വ്യക്തം. അതുകൊണ്ടുതന്നെ സംസ്ഥാന സർക്കാരും സ്റ്റാർട്ടപ്പുകളുടെ കരുത്തിൽ വിശ്വസിക്കുകയാണ്. സാമ്പത്തിക, സാമ്പത്തിക ഇതര സഹായങ്ങൾ പ്രഖ്യാപിച്ചു സർക്കാർ ഒപ്പം നിൽക്കുന്നുണ്ട്. ഒട്ടേറെ യുവാക്കൾ തൊഴിൽദാതാക്കളായപ്പോൾ തൊഴിൽ സംസ്കാരത്തിനുതന്നെ മാറ്റം വരികയും ചെയ്തു.
പുതിയ തന്ത്രങ്ങളും നയങ്ങളും സമീപനങ്ങളുമാണു കേരളത്തിലെ സ്റ്റാർട്ടപ് മുന്നേറ്റത്തിനു വേണ്ടത്. സ്റ്റാർട്ടപ്പുകളുടെ വളർച്ചയുടെ ഘട്ടത്തിലെ ഫണ്ടിങ് സാധ്യതകൾ വർധിപ്പിക്കേണ്ടത് അത്യാവശ്യംതന്നെ. തുടക്കകാലത്തു ഫണ്ട് ലഭിക്കാനുള്ള സാധ്യതകൾ ഉണ്ടെങ്കിലും തുടർന്നുള്ള ഘട്ടങ്ങളിൽ അതേ പിന്തുണ ലഭിക്കുന്നില്ലെന്ന പ്രശ്നം പല സംരംഭകരും നേരിടുന്നു. കേരളത്തിലെ യുവാക്കൾ മികവുള്ള ചില മേഖലകളിൽ ശ്രദ്ധയൂന്നണം.
തുടക്കത്തിൽ കേരളത്തിനു പിന്നിലായിരുന്ന പല സംസ്ഥാനങ്ങളും വലിയ കുതിപ്പു നേടുന്നതു നാം കാണാതിരുന്നുകൂടാ. അത്തരം സ്റ്റാർട്ടപ് മാർക്കറ്റുകളുമായി കൂടുതൽ ബന്ധം സ്ഥാപിക്കണം. ഗൂഗിളും മൈക്രോസോഫ്റ്റും പോലെയുള്ള ഭീമന്മാർ പുതുകാലത്തെ സ്റ്റാർട്ടപ്പുകൾക്കായി പലവിധ പദ്ധതികളും ഫണ്ടിങ്ങുമൊക്കെ നടപ്പാക്കുന്നുണ്ട്. സമാനരീതിയിൽ, സ്റ്റാർട്ടപ്പുകളിലൂടെ വിജയിച്ച മലയാളികളെ കൂട്ടുചേർത്ത് ഇത്തരം ഫണ്ടിങ് പ്രോത്സാഹിപ്പിക്കണം. ഇക്കാര്യങ്ങളിലെല്ലാം സംസ്ഥാന സർക്കാരിന്റെ ഇടപെടലും ഉണ്ടാവണം.