അക്ഷരങ്ങളേ, മടങ്ങിവരൂ
Mail This Article
എന്നും നമ്മോടൊപ്പമുള്ള അമ്മയാണു ഭാഷ. നാവിൽതൊട്ട മലയാളത്തിന്റെ രുചിയിൽനിന്നാണു മലയാളി മറ്റു ഭാഷകളുടെ അനന്തവിഹായസ്സിലേക്കും ലോകത്തേക്കുതന്നെയും പറന്നുയരുന്നത്. ശക്‌തിസൗന്ദര്യങ്ങളോടെ നമ്മുടെ ഭാഷ വാമൊഴി - വരമൊഴിച്ചന്തങ്ങളിൽ എന്നും നിലനിൽക്കാനും അകന്നുപോകുന്നവരെ മലയാളത്തിലേക്കു തിരിച്ചുകൊണ്ടുവരാനും എന്തുചെയ്യണമെന്ന ആലോചനകൾ പല തലങ്ങളിൽ സജീവമായിക്കഴിഞ്ഞു. ഇതിനിടയിലാണ്, അക്ഷരമാലപോലും നമ്മുടെ കുട്ടികൾക്ക് അപ്രാപ്യമാക്കിയതുപോലുള്ള അപമാനങ്ങൾ മലയാളത്തിനുനേരെ ഉണ്ടാവുന്നത്.
പ്രൈമറി ക്ലാസുകളിലെ മലയാളം പാഠപുസ്തകങ്ങളിൽ വർഷങ്ങളായി മലയാളം അക്ഷരമാല ഇല്ലാത്തതു ഭാഷാസ്നേഹികളുടെ വലിയ എതിർപ്പിനു കാരണമാകുകയുണ്ടായി. നിയമസഭയിൽവരെ പ്രതിഷേധം അലയടിക്കുകയും ചെയ്തു. മലയാളം പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാല ഇല്ലാത്തതു ഗുണകരമല്ലെന്നും ഇക്കാര്യം പരിശോധിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി കഴിഞ്ഞ ദിവസം സഭയിൽ വ്യക്തമാക്കിയത് ഇക്കാര്യത്തിൽ വലിയ പ്രതീക്ഷ പകരുന്നുണ്ട്. പാഠപുസ്തകങ്ങളിൽ നിന്ന് അക്ഷരമാല അപ്രത്യക്ഷമായ വിവരം മലയാള മനോരമയിലെ ‘തരംഗങ്ങളിൽ’ പംക്തി ആക്ഷേപഹാസ്യരൂപേണ പുറത്തുകൊണ്ടുവന്നിരുന്നു.
മലയാളം അക്ഷരമാല ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു മന്ത്രി ശിവൻകുട്ടിക്കു പ്രഫ.എം.എൻ. കാരശ്ശേരി എഴുതിയ തുറന്നകത്ത് ഇക്കാര്യത്തിലുള്ള ആശങ്കകൾ തുറന്നുകാട്ടുന്നതായി. സ്വന്തം സംസ്കാരത്തെപ്പറ്റിയും മാതൃഭാഷയെപ്പറ്റിയും അറിവും അഭിമാനവുമില്ലാത്തവരായി വളരുന്ന ദുരവസ്ഥയിൽനിന്നു കുട്ടികളെ രക്ഷിക്കണമെന്ന് ഓരോ രക്ഷാകർത്താവിന്റെയും പേരിൽ താൻ അപേക്ഷിക്കുന്നുവെന്നാണു പ്രഫ. കാരശ്ശേരി കത്തിലെഴുതിയത്. മാതൃഭാഷയുടെ അക്ഷരമാല നമ്മുടെ വിദ്യാർഥികൾക്കു നിഷേധിക്കുന്ന സാഹചര്യം എത്രയുംവേഗം ഒഴിവാക്കാൻ ഭാഷാശാസ്ത്രം, അധ്യാപനം എന്നിവയിൽ വിദഗ്ധരായ വ്യക്തികളുടെ സമിതി രൂപീകരിക്കണമെന്നും പറഞ്ഞിരുന്നു.
മലയാള പാഠാവലിയിൽനിന്ന് അക്ഷരമാല ഒഴിവാക്കിയത് 2009ലെ പാഠ്യപദ്ധതി പരിഷ്കരണത്തോടെയാണെന്നും തുടർന്നു വന്ന സർക്കാർ 2013ൽ പാഠപുസ്തകം പരിഷ്കരിച്ചെങ്കിലും അക്ഷരമാല പുനഃസ്ഥാപിച്ചില്ലെന്നുമാണു പാഠപുസ്തകങ്ങൾ തയാറാക്കുന്ന സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്‌സിഇആർടി) അധികൃതർ അറിയിച്ചത്. അക്ഷരമാല ഒഴിവാക്കിയത് ഉൾപ്പെടെ 2009ലെ പരിഷ്കാരങ്ങൾ അന്നേ വിവാദമായി. അതു പരിഹരിക്കാനാണ് 2013ൽ പുസ്തകങ്ങളിൽ ഭേദഗതി വരുത്തിയത്. എന്നാൽ, അക്ഷരമാല ഒഴിവാക്കിയ തീരുമാനത്തിൽ അന്നും മാറ്റം വരുത്തിയില്ല.
ഭാഷ ഒരുമിപ്പിച്ച സംസ്‌കാരവും സംസ്ഥാനവുമാണു നമ്മുടെ കേരളം. വൈകിയെങ്കിലും, എട്ടു വർഷംമുൻപു മലയാളത്തിനു ശ്രേഷ്‌ഠഭാഷാ പദവി കൈവരികയും ചെയ്തു. മലയാളത്തിന്റെ പ്രൗഢിയും അന്തസ്സും വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും നാം തുടരുന്നു. മലയാളത്തിൽ ആദ്യമായി ഏകീകൃത ആംഗ്യഭാഷാ അക്ഷരമാല തയാറാക്കിയ ധന്യത ഈയിടെയാണു നമുക്കുണ്ടായത്. കെഎഎസ് പരീക്ഷ ഉൾപ്പെടെ, പിഎസ്‌സി നടത്തുന്ന എല്ലാ പൊതു പരീക്ഷകളുടെയും ചോദ്യങ്ങൾ മലയാളത്തിലും നൽകാൻ ധാരണയായതും ഭാഷയ്ക്കുവേണ്ടിയുള്ള മുന്നേറ്റത്തിലെ വിജയംതന്നെ. സർക്കാർ ഉത്തരവുകളും ഔദ്യോഗിക കത്തുകളുമെല്ലാം മലയാളത്തിലാകണമെന്നാണു സർക്കാരിന്റെ ഭാഷാനയം. അതേസമയം, നിയമസഭ ആറു വർഷംമുൻപു ബിൽ പാസ്സാക്കിയെങ്കിലും കേന്ദ്രതലത്തിൽ തുടർനടപടിയുണ്ടാകാത്തതിനാൽ മലയാളം ഇപ്പോഴും കേരളത്തിന്റെ ഒൗദ്യോഗിക ഭാഷയായിട്ടില്ലെന്ന യാഥാർഥ്യവുമുണ്ട്.
ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകത്തെ 6800 ഭാഷകളിൽ പാതിയെങ്കിലും അപ്രത്യക്ഷമാകുമെന്നാണ് ഏകദേശ കണക്ക്. ഇങ്ങനെയൊരു ദുർവിധി മലയാളത്തിനുണ്ടാകാതിരിക്കാൻ എന്തുചെയ്യണമെന്ന ചോദ്യം കുറെക്കാലമായി ഉയരുന്നുണ്ട്. അതീവഗൗരവമുള്ള ഈ സാഹചര്യത്തിലാണ് അക്ഷരമാലയെ കുഞ്ഞുകണ്ണുകളിൽനിന്നു മാറ്റിനിർത്തിയതെന്നതു വേദനാജനകമാണ്. അതുകൊണ്ടുതന്നെ, പാഠപുസ്തകത്തിലേക്കുള്ള അക്ഷരമാലയുടെ മടക്കം യാഥാർഥ്യമാക്കാൻ സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും ഇടപെടൽ അടിയന്തരാവശ്യമാകുന്നു. നിയമസഭയിൽ നൽകിയ പ്രതീക്ഷ എത്രയുംവേഗം ഫലപ്രാപ്തിയിലെത്തിക്കാൻ വിദ്യാഭ്യാസ മന്ത്രി സജീവശ്രദ്ധ പുലർത്തേണ്ടതുണ്ട്.
ശ്രേഷ്ഠഭാഷാ പ്രഖ്യാപനമറിഞ്ഞ വേളയിൽ മലയാളത്തിന്റെ പ്രിയകവി ഒഎൻവി ‘മലയാള മനോരമ’യിൽ എഴുതിയത് ഇപ്പോഴത്തെ സാഹചര്യത്തിലും ഓർമിക്കാവുന്നതാണ്: ‘നാം ഏകശിലപോലെ ഒത്തുനിന്നാലേ നമ്മുടെ ദേശത്തിന്റെ ഭാഷയ്‌ക്കും സംസ്‌കാരത്തിനും അർഹിക്കുന്ന അന്തസ്സും അംഗീകാരവും എവിടെ നിന്നായാലും ലഭിക്കുകയുള്ളൂ.’
English Summary: Malayalam letters will include in primary text books