ADVERTISEMENT

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വർഷത്തിലാണ് പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ 132–ാം ജന്മദിനം രാഷ്ട്രം നാളെ ആഘോഷിക്കുന്നത്. ജനാധിപത്യവും മതനിരപേക്ഷതയും സോഷ്യലിസവും ഇന്ത്യൻ സാമൂഹികതയുടെ കൊടിയടയാളങ്ങളാക്കി മാറ്റിയതിൽ നെഹ്റു വഹിച്ച പങ്ക് ചെറുതല്ല. വർത്തമാനകാലം നെഹ്റുവിന്റെ ഓർമകളെ കൂടുതൽ ആവശ്യപ്പെടുന്നത് എന്തുകൊണ്ട്? പ്രമുഖ എഴുത്തുകാരും പ്രഭാഷകരുമായ  എം.എൻ.കാരശ്ശേരിയും  സുനിൽ പി.ഇളയിടവും സംഭാഷണത്തിൽ

സുനിൽ പി. ഇളയിടം: നെഹ്‌റു പ്രതിനിധാനം ചെയ്യുന്ന ആശയവും അദ്ദേഹം കെട്ടിപ്പടുത്ത രാഷ്ട്രഭാവനയും പല തരത്തിൽ വിമർശിക്കപ്പെട്ടിട്ടുണ്ട്. ആ വിമർശനങ്ങളെല്ലാം നിലനിൽക്കെത്തന്നെ, ഇന്നത്തെ സന്ദർഭത്തിൽ നെഹ്റു ഓർമിക്കപ്പെടേണ്ടതുണ്ട്. നെഹ്റു രൂപപ്പെടുത്തിയെടുക്കാൻ ശ്രമിച്ച സമൂഹം ഏതാണ്ടു പൂർണമായും പിൻവാങ്ങുന്ന ഇക്കാലത്ത് നെഹ്റുവിന്റെ കാഴ്ചകൾക്കു കൂടുതൽ പ്രാധാന്യം കൈവരുന്നു.

എം.എൻ.കാരശ്ശേരി: ആധുനിക ഭാരതത്തിനു ഗാന്ധിജിയോടും നെഹ്റുവിനോടുമുള്ള കടപ്പാട് മറ്റാരോടുമില്ല. ഗാന്ധിജിയെ തട്ടിക്കൊണ്ടുപോകാനും നെഹ്റുവിനെ തമസ്കരിക്കാനും ഇന്നു നടക്കുന്ന ശ്രമങ്ങൾ ഭയപ്പെടുത്തുന്നു. ആധുനിക ഇന്ത്യ എന്ന സങ്കൽപംതന്നെ വരുന്നത് ഇന്ത്യയെ കണ്ടെത്തൽ എന്ന നെഹ്റുവിന്റെ പുസ്തകത്തിലാണ്. അദ്ദേഹം ചരിത്രം സൃഷ്ടിക്കുകയും ചരിത്രം എഴുതുകയും ചെയ്തു. ആധുനികവൽക്കരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യം മതനിരപേക്ഷതയാണ് എന്ന് അദ്ദേഹത്തിന് ഉത്തമ ബോധ്യമുണ്ടായിരുന്നു.

സുനിൽ പി.ഇളയിടം: ഒരു സ്റ്റേറ്റ് മതനിരപേക്ഷമായി നിലനിൽക്കണമെങ്കിൽ അതിനു രണ്ട് അടിസ്ഥാനങ്ങളുണ്ടാവണം. ഒന്ന്: ഭരണസംവിധാനങ്ങൾ ആകെ മതനിരപേക്ഷമാകണം. രണ്ട്: സമൂഹത്തിന്റെ അവബോധം മതനിരപേക്ഷമാകണം. സാമൂഹിക അവബോധത്തെ മതനിരപേക്ഷമാക്കുന്നതിൽ ഗാന്ധിയുടെ സംഭാവന വളരെ വലുതായിരുന്നു. മതത്തിനുള്ളിൽ നിന്നുകൊണ്ടുതന്നെ ഗാന്ധിജി അതിനെ മതനിരപേക്ഷതയിലേക്കു കൊണ്ടുവന്നു. അതേസമയം, നമ്മുടെ സ്ഥാപനങ്ങളെ  മതനിരപേക്ഷതയിലും ജനാധിപത്യത്തിലും നിലനിർത്തുന്നതിൽ നെഹ്‌റുവിന്റെ സംഭാവന വലുതാണ്. 

mn-karassery
എം.എൻ. കാരശ്ശേരിയും സുനിൽ പി.ഇളയിടവും സംഭാഷണത്തിനിടെ. ചിത്രം: മനോരമ

കാരശ്ശേരി: നെഹ്‌റു സന്ദേഹവാദിയായിരുന്നു. ഈശ്വരൻ ഉണ്ടോ ഇല്ലയോ എന്നു തീർച്ചയില്ലാത്ത ആൾ. അദ്ദേഹം ഒരു മതത്തിലും വിശ്വസിച്ചിട്ടില്ല. മതത്തെ രാഷ്ട്രീയത്തിൽ കൊണ്ടുവന്നു എന്നു പലരും കുറ്റപ്പെടുത്തുന്ന ഗാന്ധിജി തന്റെ പിൻഗാമിയായി തിരഞ്ഞെടുത്തത് ഈ മതമില്ലാത്ത നെഹ്‌റുവിനെയായിരുന്നു. 

വികസനത്തിലെ മധ്യമാർഗി

കാരശ്ശേരി: അടിസ്ഥാനപരമായി നെഹ്‌റു സോഷ്യലിസ്റ്റാണ്. കോൺഗ്രസിനകത്ത് അദ്ദേഹം ഇടതുപക്ഷമായിരുന്നു.  ആധുനികതയെക്കുറിച്ച് ഗാന്ധിജി വേറെ വാക്കുകളിൽ പറഞ്ഞത് നെഹ്‌റു മറ്റൊരു തരത്തിൽ കൃത്യമായിപ്പറഞ്ഞു. സ്വകാര്യമേഖലയും പൊതുമേഖലയും നിലനിൽക്കണമെന്ന മധ്യമാർഗം നെഹ്റുവിനുണ്ടായിരുന്നു. ഗാന്ധിയുടെ ശിഷ്യനായിട്ടും ഗ്രാമീണഭാരതം മാത്രമാണ് ഭാരതം എന്ന് അദ്ദേഹം ഒരിക്കലും വിചാരിച്ചിട്ടില്ല. 

 വെള്ളക്കാരോടു വെറുപ്പില്ലാത്ത ആളായിരുന്നു നെഹ്‌റു. അഹിംസയുടെ യഥാർഥസന്ദേശം അതാണ്. ഒരാളെ എതിർക്കുമ്പോഴും അയാളോടു വെറുപ്പില്ലാതിരിക്കുക. സുഭാഷ് ചന്ദ്രബോസിന് അതു മനസ്സിലാകുമായിരുന്നില്ല. സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞാൽ ആദ്യത്തെ അഞ്ചു വർഷം ഇവിടെ ഏകാധിപത്യഭരണം ഉണ്ടാവണം, എന്നാലേ രാഷ്ട്രപുനർനിർമാണം സാധ്യമാവൂ എന്നു സുഭാഷ് പറഞ്ഞിട്ടുണ്ട്. നെഹ്‌റു വിചാരിച്ചാൽ ഇവിടെ അമേരിക്കയിലേതുപോലെ രണ്ടു പാർട്ടികൾ മാത്രമുള്ള സംവിധാനം കൊണ്ടുവരാമായിരുന്നു. പക്ഷേ, അതു ചെയ്തില്ല. അദ്ദേഹം ബഹുസ്വരതയിലാണു വിശ്വസിച്ചത്. സ്വയം ഏകാധിപതിയാകാനുള്ള സാധ്യതകളെ അദ്ദേഹം അകമേനിന്നു ചെറുത്തു തോൽപിച്ചു. 

nehru-gandhi

സുനിൽ: നെഹ്‌റു പാശ്ചാത്യ വികസനമാതൃകയെ അതേപടി പിൻപറ്റാൻ ശ്രമിച്ചു എന്നോ, ഗാന്ധി തീർത്തും തദ്ദേശീയമായിരുന്നു എന്നോ  ഞാൻ കരുതുന്നില്ല. 

പാശ്ചാത്യ മാതൃകയ്ക്ക് അപ്പുറത്തേക്ക്, ഇന്ത്യയുടെ ആന്തരികതയെയും ഗ്രാമജീവിതത്തെയും ഉൾക്കൊള്ളുന്ന വീക്ഷണമാണു ഗാന്ധിജി മുന്നോട്ടുവച്ചത്. അത്തരമൊരു വികസനതന്ത്രം സ്വന്തമായി രൂപപ്പെടുത്താൻ നെഹ്റുവിനു കഴിഞ്ഞോ എന്നു സംശയമാണ്. നെഹ്‌റു ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യം, മതനിരപേക്ഷത, സാർവദേശീയത ഇതിനെയെല്ലാം ഉൾക്കൊള്ളുമ്പോൾ തന്നെ, അദ്ദേഹം പിൻപറ്റിയ ആധുനികത പലപ്പോഴും കൊളോണിയൽ ആയിരുന്നു. കോളനിവൽക്കരണത്തോടൊപ്പം വന്ന ആധുനികത എല്ലാ മനുഷ്യരെയും ഉൾക്കൊണ്ടിട്ടില്ല. ഏറ്റവും ഗ്രാമീണനായ ആളെ അത് ഉൾക്കൊള്ളുന്നില്ല എന്നു ഗാന്ധിജി തിരിച്ചറിയുന്നുണ്ട്. 

 പക്ഷേ, നെഹ്റുവിന്റെ രാഷ്ട്രവികസന സങ്കൽപത്തിൽ അത്തരം ആന്തരികമായ വിമർശനം പലപ്പോഴും ഉൾച്ചേർന്നില്ല എന്നു ‍ഞാൻ കരുതുന്നു. അതേസമയം, നെഹ്‌റു വളരെയധികം ഇൻക്ലൂസീവ് ആയിരുന്നു. ഭരണത്തിലും വ്യക്തിജീവിതത്തിലും. എല്ലാ വ്യത്യസ്ത അഭിപ്രായങ്ങളെയും ഉൾക്കൊള്ളാനുള്ള സന്നദ്ധത അദ്ദേഹത്തിനുണ്ടായിരുന്നു. 

വിമോചന സമരം, കുടുംബവാഴ്ച

കാരശ്ശേരി: ഒന്നാം ഇഎംഎസ് മന്ത്രിസഭയെ പിരിച്ചുവിടാൻ രാഷ്ട്രപതിയോടു ശുപാർശ ചെയ്തതു നെഹ്റുവിനു പറ്റിയ വലിയ തെറ്റായിരുന്നു. കെ.പി. കേശവമേനോനും കേളപ്പനുമെല്ലാം വിമോചനസമരത്തെ എതിർ‌ത്തിട്ടും വഴങ്ങാതെയാണു നെഹ്റു അതു ചെയ്തത്. 

സുനിൽ: അതെ. നെഹ്റുവിന്റെ ജനാധിപത്യ പാരമ്പര്യത്തിലെ ഏറ്റവും വലിയ കളങ്കമായിരുന്നു അത്. ഇന്ദിരാഗാന്ധിയുടെ വലിയ സമ്മർദം അതിനു പിന്നിലുണ്ട്.

കാരശ്ശേരി: നെഹ്‌റു സ്വന്തം വംശം സ്ഥാപിച്ചു എന്ന വിമർശനം ഞാൻ അംഗീകരിക്കുന്നില്ല. അദ്ദേഹം പ്രധാനമന്ത്രിയായിരിക്കെ മകൾ ഇന്ദിരാ ഗാന്ധി കോൺഗ്രസ് പ്രസിഡന്റായിരുന്നിട്ടു പോലും അവരെ മന്ത്രിസഭയിലെടുക്കാൻ നെഹ്റു തയാറായില്ല. ഇന്ദിര ആദ്യമായി കേന്ദ്രമന്ത്രിസഭയിൽ വരുന്നത് ലാൽ ബഹാദൂർ ശാസ്ത്രി പ്രധാനമന്ത്രിയായപ്പോഴാണ്. നെഹ്‌റുവിനു ശേഷം ആര് എന്ന ചോദ്യമുണ്ടായപ്പോഴും നെഹ്റു പറഞ്ഞതു കുടുംബവാഴ്ചയല്ല തന്റെ ലക്ഷ്യം എന്നാണ്. നെഹ്‌റു വംശവാദിയാണ് എന്നു പ്രചരിപ്പിക്കുന്നതു സംഘപരിവാറാണ്. 

sunil-p-ilayidom
സുനിൽ പി.ഇളയിടം

സുനിൽ: നെഹ്റുവിനെ വംശവാദിയായി ചിത്രീകരിക്കുക വഴി അദ്ദേഹത്തിന്റെ  പാരമ്പര്യത്തെ മറച്ചുവയ്ക്കുകയാണ് അവർ ചെയ്യുന്നത്. 

കാരശ്ശേരി: ദേശീയ പ്രസ്ഥാനത്തിന്റെയും ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും ആസാദിന്റെയും വലിയ പാരമ്പര്യമുള്ള കോൺഗ്രസ് ഇവിടെ എല്ലാക്കാലത്തും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്, പ്രതിപക്ഷത്തായാലും. നെഹ്റുവിന്റെ ജനാധിപത്യരീതികൾ ഇന്ദിരാ ഗാന്ധി കയ്യൊഴിഞ്ഞതാണു കോൺഗ്രസിനെ തകർത്തത്. നെഹ്‌റുവിന്റെ കാലത്തു പാർട്ടിയെ ചോദ്യം ചെയ്യാൻ ഗവൺമെന്റും ഗവൺമെന്റിനെ ചോദ്യം ചെയ്യാൻ പാർട്ടിയും ഉണ്ടായിരുന്നു. 

സുനിൽ: രാഷ്ട്രനിർമാണത്തിലും ജനാധിപത്യസ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിലും നെഹ്റു വളരെ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ചിതറിക്കിടക്കുന്നൊരു സമൂഹത്തെ രാഷ്ട്രമായി കെട്ടിപ്പടുക്കുന്ന സമയത്ത്, അതിനെയെല്ലാം ഭരണഘടനാപരമായി ഉറപ്പിക്കാനും ജനാധിപത്യപരമായ ഉള്ളടക്കം നിലനിർത്താനും അദ്ദേഹം ശ്രദ്ധിച്ചു. പാർലമെന്റിനെ ജനാധിപത്യ സ്ഥാപനമായി നിലനിർത്തുക എന്നതിലും, പാർലമെന്റ് കേവലഭൂരിപക്ഷത്തിന്റെ സ്ഥലമല്ല എന്നുറപ്പിക്കുന്നതിലും നെഹ്‌റു വഹിച്ച പങ്ക് വലുതാണ്. 

ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർ കാണാതിരുന്നത്

കാരശ്ശേരി: നെഹ്‌റു കമ്യൂണിസ്റ്റുകാരോട് അങ്ങേയറ്റം ആദരമുള്ള ആളായിരുന്നു. പക്ഷേ, അദ്ദേഹത്തെ ശരിയായി വിലയിരുത്തുന്നതിൽ കമ്യൂണിസ്റ്റുകാർ‌ക്കു തെറ്റു പറ്റിയിട്ടുണ്ടോ? 

സുനിൽ: നെഹ്റുവിനെ മനസ്സിലാക്കുന്നതിൽ കമ്യൂണിസ്റ്റുകാർക്കു തെറ്റു പറ്റിയിട്ടില്ല, പരിമിതി ഉണ്ടായിട്ടുണ്ട് എന്നു പറയാം. ഗാന്ധിജിയോടുള്ള വിമർശനം കമ്യൂണിസ്റ്റുകാർ നെഹ്‌റുവിനോടു പുലർത്തിയിട്ടില്ല. നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ് വീക്ഷണം, സോവിയറ്റ് യൂണിയനുമായി പുലർത്തിയിരുന്ന ബന്ധം, ആദ്യഘട്ടത്തിൽ റഷ്യയിൽ നിന്നു കിട്ടിയിരുന്ന പിന്തുണ, ഇതെല്ലാം അതിനു കാരണമാണ്. സ്വകാര്യസ്വത്ത് നിർമാർജനം ചെയ്യാൻ ഗാന്ധിയോ നെഹ്‌റുവോ ശ്രമിച്ചിട്ടില്ല, അതുകൊണ്ട് അവരെ ബൂർഷ്വാസി എന്നു വിളിക്കുന്നതിൽ തെറ്റില്ല എന്നാണു മാർക്സിയൻ ചരിത്രകാരൻ ഇർഫാൻ ഹബീബ് പറയുന്നത്. പക്ഷേ, കാൾ മാർക്‌സ് അങ്ങനെ വിളിച്ചിട്ടില്ല. സമൂഹത്തിന്റെ മൊത്തം പുരോഗമനത്തിനു ശ്രമിക്കുന്നവരിൽ ഈ ഒരു അംശമില്ല എന്നതുകൊണ്ടു മാത്രം അവരെ അങ്ങനെ താഴ്ത്തിക്കെട്ടേണ്ടതില്ല എന്നായിരുന്നു മാർക്‌സിന്റെ കാഴ്ചപ്പാട്. 

കാരശ്ശേരി: കമ്യൂണിസ്റ്റ് നേതാക്കളായിരുന്ന ബുൾഗാനിനും ക്രൂഷ്‌ചേവും ചെ ഗവാരയും നെഹ്റുവിനെ വന്നു കണ്ടിട്ടുണ്ട്. അവർക്കു ബഹുമാനിക്കാം. എന്തുകൊണ്ടാണ്  ഇന്ത്യയിലെ കമ്യൂണിസ്റ്റ് നേതാക്കൾക്കു നെഹ്‌റുവിനെ അംഗീകരിക്കാൻ കഴിയാതിരുന്നത്? 

സുനിൽ: സ്വാതന്ത്ര്യം കിട്ടി എന്നതു ദേശീയ ബൂർഷ്വാസിയിലേക്കുള്ള അധികാരക്കൈമാറ്റം മാത്രമാണ് എന്ന വിലയിരുത്തലാണല്ലോ കമ്യൂണിസ്റ്റുകാർക്ക് 1948ലൊക്കെ ഉള്ളത്. അങ്ങനെയാണു സായുധ കലാപത്തിലേക്കും മറ്റും പോകുന്നത്. അതു നമ്മുടെ ദേശീയ പ്രസ്ഥാനത്തെയും അതിന്റെ സ്വഭാവത്തെയും വിലയിരുത്തുന്നതിൽ വന്ന വലിയ വീഴ്ചയായിരുന്നു. 

karassery
എം.എൻ.കാരശ്ശേരി

കാരശ്ശേരി: അക്കാലത്തെ ഇന്ത്യയിലെ കമ്യൂണിസ്റ്റ് നേതാക്കളെല്ലാം നെഹ്‌റുവിനെ അറിയുന്നവരായിരുന്നു. അവരെല്ലാം കോൺഗ്രസിൽ പ്രവർത്തിച്ചവരായിരുന്നു. എന്നിട്ടും, നെഹ്‌റു അത്രമാത്രം എതിർപ്പ് അർഹിച്ചിരുന്നോ?

സുനിൽ: നെഹ്‌റു കോൺഗ്രസിനകത്ത് എടുത്തിരുന്ന സോഷ്യലിസ്റ്റ് വീക്ഷണങ്ങളും അദ്ദേഹത്തിന്റെ ഭരണകൂടം പുലർത്തിയ സമീപനങ്ങളും ചേർന്നു പോകുന്നതായിരുന്നില്ല. കോൺഗ്രസിനകത്തെ പ്രധാനധാര വലതുപക്ഷമാണ്. ജന്മിത്വം നിർമാർജനം ചെയ്യാതെ ഇന്ത്യയെ മോചിപ്പിക്കാൻ കഴിയില്ല. പക്ഷേ, അത്തരം ഒരു നീക്കവും ഉണ്ടായിട്ടില്ല. നെഹ്‌റു  സോഷ്യലിസ്റ്റായിരിക്കെത്തന്നെ, ഇന്ത്യൻ ഭരണകൂടത്തിന്റെ അടിസ്ഥാന സ്വഭാവത്തിൽ നാടുവാഴിത്തത്തിന്റെയും ഭൂപ്രഭുത്വത്തിന്റെയും അംശങ്ങൾ തുടരുന്നുണ്ട്. ജന്മിത്വവും മതനിരപേക്ഷതയും ഒന്നിച്ചു നിലനിൽക്കില്ല. നാടുവാഴിത്തത്തിന്റെ അടിസ്ഥാനം തന്നെ ജാതിബന്ധങ്ങളാണ്. ആ ജാതിബന്ധത്തിനുള്ളിൽ ഒരു സെക്കുലറിസവും സാധ്യമല്ല. ചെ ഗവാരയും ക്രൂഷ്‌ചേവും ചൈനയും നെഹ്‌റുവിനെ അംഗീകരിക്കാൻ കാരണം രാജ്യാന്തര ബന്ധങ്ങളിൽ നെഹ്‌റു എടുത്ത നിലപാടുകളായിരുന്നു. പക്ഷേ, ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികളെ സംബന്ധിച്ച്, ഇവിടത്തെ ഫ്യൂഡൽ ബന്ധങ്ങളിൽ മാറ്റം വരുന്നുണ്ടോ, നാടിന്റെ അടിസ്ഥാന ഘടകങ്ങളിൽ മാറ്റം വരുന്നുണ്ടോ എന്നതായിരുന്നു പ്രധാനം. 

കാരശ്ശേരി: കേരളത്തിലും ബംഗാളിലും നക്‌സലൈറ്റുകൾ പ്രവർത്തനം തുടങ്ങിയത് ഗാന്ധിപ്രതിമയുടെ തല വെട്ടിക്കൊണ്ടാണ്. അന്നത്തെ നക്‌സലൈറ്റ് നേതാക്കൾ പിന്നീട് ഗാന്ധിയെ പഠിക്കുകയും പുസ്തകം എഴുതുകയും ചെയ്തു. നെഹ്‌റുവിനെയും വീണ്ടെടുക്കേണ്ടതില്ലേ? 

സുനിൽ: അതുണ്ടാവും. പക്ഷേ, അതിൽ ഗാന്ധിയിലുള്ളത്രയും സാധ്യത നെഹ്‌റുവിലുണ്ടെന്നു കരുതുന്നില്ല. വിമർശനങ്ങൾ നിലനിൽക്കുമ്പോഴും, ആ കാലഘട്ടം നൽകിയ തെളിച്ചങ്ങളായിരുന്നു ഗാന്ധിജിയും നെഹ്റുവും. നെഹ്‌റുവിനു പകരം മറ്റാരെങ്കിലുമാണ് ഇന്ത്യയുടെ ആദ്യ ഭരണാധികാരിയായി വന്നിരുന്നതെങ്കിൽ രാജ്യവും ഭരണഘടനാ സ്ഥാപനങ്ങളും ഇന്നത്തെപ്പോലെ മതനിരപേക്ഷമായി നിലനിൽക്കില്ലായിരുന്നു. 

ശാസ്ത്രം, സ്ഥാപനം

സുനിൽ:  നെഹ്റു ശാസ്ത്ര അവബോധമുള്ള ആളായിരുന്നെങ്കിലും സ്റ്റേറ്റിനെ, അതിന്റെ സ്ഥാപനങ്ങളെ മതനിരപേക്ഷമാക്കുന്നതിനൊപ്പം അതു സമൂഹത്തിന്റെ അവബോധത്തിലേക്കു കൊണ്ടുവരുന്നതിൽ അദ്ദേഹം വിജയിച്ചില്ലെന്നു ഞാൻ വിശ്വസിക്കുന്നു. നെഹ്റുവും ഗാന്ധിയും തമ്മിലുള്ള വ്യത്യാസം അവിടെയാണ്.  മതം  ആത്മീയമൂല്യമാണെന്നും അഹിംസയാണെന്നും അതു മതനിരപേക്ഷതയാണെന്നും പറയുമ്പോഴും ശാസ്ത്രീയ അവബോധം ആളുകളിലേക്ക് ആഴത്തിൽ എത്തിക്കാൻ ഗാന്ധി ശ്രമിച്ചു. ദീർഘകാലം ഭരണാധികാരിയായിരുന്നിട്ടും നെഹ്റു അതുപോലൊരു ഇടപെടൽ നടത്തിയില്ല എന്നാണു ഞാൻ കരുതുന്നത്. 

നെഹ്‌റുവിനെക്കുറിച്ചുള്ള പുസ്തകത്തിൽ എസ്. ഗോപാൽ പറയുന്നുണ്ട്, നെഹ്‌റു വലിയ ആദർശവാദിയായിരുന്നെങ്കിലും പ്രായോഗികതയെ വിഴുങ്ങാൻ ആദർശത്തെ അനുവദിച്ചില്ലെന്ന്. അദ്ദേഹം അനുരഞ്ജന വാദിയായിരുന്നു. 

കാരശ്ശേരി: ഗാന്ധിയായിരുന്നുവെങ്കിൽ ഇങ്ങനെ ചെയ്യില്ലായിരുന്നു എന്ന് ആരോ പറഞ്ഞപ്പോൾ നെഹ്‌റു പറഞ്ഞത്, ഗാന്ധിജിക്കു രാജ്യം ഭരിക്കേണ്ട ഉത്തരവാദിത്തമില്ലല്ലോ എന്നായിരുന്നു. 

സുനിൽ: വ്യവസായ സ്ഥാപനങ്ങളെല്ലാം പൊതുമേഖലയിലാക്കണമെന്നു ഭരണഘടനാ അസംബ്ലിയിൽ അംബേദ്കർ ആവശ്യപ്പെട്ടപ്പോൾ കോൺഗ്രസിലെ തീവ്രവലതുപക്ഷം എതിർത്തു. അതിൽ ഒത്തുതീർപ്പിന്റെ പാതയാണു നെഹ്റു സ്വീകരിച്ചത്. അങ്ങനെ ആ നിർദേശം തള്ളിപ്പോയി. നെഹ്റുവിന്, അദ്ദേഹം ഉയർത്തിപ്പിടിച്ച സോഷ്യലിസവും ശാസ്ത്രീയ അവബോധവും സാമൂഹികതലത്തിലേക്കു വ്യാപിപ്പിക്കാൻ കഴിഞ്ഞില്ല. ഭരണകൂടപരമായി അദ്ദേഹം ശരിയായിരുന്നു.  കോടതികളും സർവകലാശാലകളും അക്കാദമികളും അദ്ദേഹം സ്ഥാപിച്ചു. പക്ഷേ, സ്ഥാപനങ്ങളിലുണ്ടായ ആ ഉറപ്പ് സമൂഹത്തിന്റെ ആന്തരികഘടനയിൽ ഉണ്ടാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞോ എന്നു സംശയമാണ്. 

independence

കാരശ്ശേരി: ഗാന്ധിജി സ്ഥാപനങ്ങളിലല്ല, മനപ്പരിവർത്തനത്തിലും ബോധവൽക്കരണത്തിലുമാണു വിശ്വസിച്ചത്. നെഹ്റു സ്ഥാപനങ്ങളിൽ വിശ്വസിച്ചു. ഗാന്ധിജി മനുഷ്യരിൽ വിശ്വസിച്ചു. 

സുനിൽ: അതെ, ഗാന്ധി സ്ഥാപനങ്ങളെ ശ്രദ്ധിക്കുന്നില്ല. നെഹ്‌റു വ്യക്തികളെ ശ്രദ്ധിക്കുന്നില്ല. അതുകൊണ്ടുതന്നെ, ഇൻസ്റ്റിറ്റ്യൂഷനലായ ബലം കുറയുന്നതോടെ, നെഹ്‌റു ഉയർത്തിപ്പിടിച്ച മൂല്യങ്ങൾക്കു സമൂഹത്തിൽനിന്നു പിൻവലിയേണ്ടി വരുന്നു.  

കാരശ്ശേരി: എങ്കിലും നമ്മൾ ഈ 75 കൊല്ലം നിലനിന്നതിൽ ഏറ്റവും കടപ്പെട്ടിരിക്കുന്നതു നെഹ്‌റുവിനോടാണ്. ഇത്രയധികം വിഭിന്നങ്ങളായ ഭാഷകൾ, മതങ്ങൾ, ജാതികൾ, ആചാരങ്ങൾ, ഭൂപ്രകൃതികൾ എല്ലാം ചേർന്ന് ഇന്ത്യ എന്ന അദ്ഭുതം നിലനിൽക്കുന്നതിൽ...

സുനിൽ: ജനാധിപത്യ സ്ഥാപനങ്ങളെ കെട്ടിപ്പടുക്കുന്നതിൽ നെഹ്‌റു നൽകിയ സംഭാവനയും അതിന്റെ പ്രാധാന്യവും വേണ്ട അളവിൽ തിരിച്ചറിയപ്പെട്ടിട്ടില്ല. ഇന്ന്, ഭരണഘടനാ സ്ഥാപനങ്ങളെ ഏതാണ്ട് പൂർണമായും ഇല്ലാതാക്കാൻ ശ്രമിക്കുന്ന കാലത്തിരുന്നു നോക്കുമ്പോഴാണ്, അന്നു നെഹ്‌റു ചെയ്ത കാര്യങ്ങളുടെ വലുപ്പം മനസ്സിലാവുക. 

English Summary: Birth anniversary of Jawaharlal Nehru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com