ADVERTISEMENT

എന്തുകൊണ്ടും സുഭിക്ഷമാണു തുടർഭരണകാലത്തെ സിപിഎം സമ്മേളനങ്ങൾ. തിരഞ്ഞെടുക്കുന്ന ഹാളിൽ തുടങ്ങി ഇവന്റ് മാനേജ്മെന്റ് വിരുതുകൾ നിറയുന്ന അധ്യക്ഷ വേദിയിൽ വരെ അതു പ്രകടം

മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആദ്യന്തം പങ്കെടുത്ത സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സമ്മേളനം ജില്ലാ കമ്മിറ്റിയെയും ജില്ലാ സെക്രട്ടറിയെയും മാത്രമല്ല തിരഞ്ഞെടുത്തത്. മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി സമ്മേളനവേദിയിൽത്തന്നെ ജില്ലാ സെക്രട്ടേറിയറ്റിനെയും നിശ്ചയിച്ചു.

സാധാരണഗതിയിൽ സംസ്ഥാന സമ്മേളനത്തിനു ശേഷമാണു ജില്ലാ സെക്രട്ടേറിയറ്റ് രൂപീകരണം നടക്കുന്നത്. വിഭാഗീയത കത്തിക്കാളിയ വേളയിൽ, അതു പാർട്ടി കോൺഗ്രസും കഴിഞ്ഞാക്കിയ ചരിത്രവുമുണ്ട്. അതുപോലെ കാത്തിരിക്കേണ്ട കാര്യമൊന്നും ഇപ്പോഴില്ല, പാർട്ടിയിൽ എല്ലാം ഭദ്രവും ശാന്തവുമാണെന്ന സന്ദേശമാണു കണ്ണൂരിലെ ആദ്യ ജില്ലാ സമ്മേളനത്തിലൂടെ നേതൃത്വം നൽകാൻ ശ്രമിച്ചത്.

യഥാർഥത്തിൽ, സമ്മേളനഘട്ടത്തിൽ എല്ലായിടത്തും ജില്ലാ സെക്രട്ടേറിയറ്റ് രൂപീകരിക്കാൻ സംസ്ഥാന നേതൃത്വം മുൻകൂട്ടിയുള്ള തീരുമാനം കൈക്കൊണ്ടിരുന്നില്ല. ഐക്യത്തോടെ അവിടെ വച്ചുതന്നെ സെക്രട്ടേറിയറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അന്തരീക്ഷമുള്ള ജില്ലകളിൽ അതു ചെയ്യുമെന്നാണു നേതാക്കൾ ഇപ്പോൾ പറയുന്നത്. 

തുടർഭരണ വേളയിലെ സിപിഎം സമ്മേളനങ്ങൾ പലതുകൊണ്ടും വ്യത്യസ്തമാണ്. പാർട്ടിക്കകത്തെ കണക്കുകൾ തെരുവുകളിൽ തീർക്കുന്ന രീതി ചിലയിടങ്ങളിൽ  പ്രകടമായത് ‘കേരളീയം’ നേരത്തെ പരാമർശിച്ചതാണ്. 75 വയസ്സ് കഴിഞ്ഞവരെ ജില്ലാ കമ്മിറ്റി തൊട്ടു മുകളിലേക്കുള്ള ഘടകങ്ങളിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം കണ്ണൂർ സമ്മേളനത്തോടെ വിജയകരമായി നടപ്പാക്കിത്തുടങ്ങി. ജില്ലാ സെക്രട്ടേറിയറ്റുകളിൽ ഒരു വനിത എന്ന തീരുമാനം നടപ്പാക്കലും എൻ.സുകന്യയെ ഉൾപ്പെടുത്തുക വഴി കണ്ണൂരിൽ നിന്ന് ആരംഭിച്ചു. ബ്രാഞ്ച് സെക്രട്ടറിമാരായി 1951 വനിതകൾ വന്നു. ലോക്കൽ, ഏരിയ സെക്രട്ടറിമാരായും സ്ത്രീകൾ‍ തിരഞ്ഞെടുക്കപ്പെട്ടത് ഇത്തവണത്തെ വലിയ മാറ്റമാണ്. പൊതു സമ്മേളനങ്ങളിൽ പാർട്ടി ലക്ഷ്യമിട്ടതിലും വലിയ പങ്കാളിത്തവുമുണ്ട്. 

സമ്മേളനം ഒരു ആഘോഷം 

ഇതിനെല്ലാം അപ്പുറമുള്ള വ്യത്യാസം സമ്മേളനങ്ങളുടെ നടത്തിപ്പിലും അവിടെ നടക്കുന്ന ചർച്ചകളിലുമാണ്. മുൻകാലങ്ങളിൽ സമ്മേളനങ്ങളുടെ ആന്തരിക സ്വഭാവത്തിനു മാത്രമായിരുന്നു പ്രാധാന്യം. ബന്ധപ്പെട്ട ഘടകത്തിന്റെ സെക്രട്ടറി അവതരിപ്പിക്കുന്ന റിപ്പോർട്ട്, അതിന്മേലുള്ള ചർച്ച, വിമർശനം, സ്വയം വിമർശനം, പുതിയ കമ്മിറ്റിയുടെയും സെക്രട്ടറിയുടെയും തിരഞ്ഞെടുപ്പ് എന്നിവയായിരുന്നു സമ്മേളനങ്ങളുടെ കാതൽ. 

ആ രീതി പൂർണമായും മാറി എന്നല്ല, പക്ഷേ പുറംമോടിക്കു പുതിയ സമ്മേളനകാലത്ത് ഊന്നലുണ്ട്. തുടർഭരണത്തിന്റെ ഉത്സവഛായ പ്രകടം. എന്തുകൊണ്ടും സുഭിക്ഷമാണു പുതിയകാലത്തെ സിപിഎം സമ്മേളനങ്ങൾ. തിരഞ്ഞെടുക്കുന്ന ഹാളിൽ തൊട്ട് ഇവന്റ് മാനേജ്മെന്റ് വിരുതുകൾ നിറയുന്ന അധ്യക്ഷ വേദിയിൽ വരെ അതു പ്രകടമാണ്. സമ്മേളന വേദികളോടു ചേർന്നു താൽക്കാലിക ‘തട്ടുകട’ വരെ ചില ഏരിയ സമ്മേളനങ്ങളിൽ സജ്ജമാക്കിയിരുന്നു.

ആകപ്പാടെ ആഘോഷമായി നടക്കുന്ന സമ്മേളനങ്ങളിൽ വിമർശന–സ്വയം വിമർശനങ്ങൾക്കു പഴയതുപോലുള്ള ശ്രദ്ധയോ താൽപര്യമോ സഖാക്കളിൽ പലരും നൽകുന്നില്ല. അതതു കമ്മിറ്റികൾക്കു നേതൃത്വം കൊടുക്കുന്നവരെയും ജില്ലാ നേതൃത്വത്തെയും നോവിക്കാതിരിക്കാനുള്ള ജാഗ്രതയാണു പലരും പ്രകടിപ്പിക്കുന്നത്. ഭരണവും അതിലെ പാർട്ടിയുടെ നിയന്ത്രണവും നൽകുന്ന സൗകര്യങ്ങളും സംരക്ഷണങ്ങളും നഷ്ടപ്പെടുത്താൻ പലരും ആഗ്രഹിക്കുന്നില്ല. 

മങ്ങിക്കത്തുന്ന വിമർശനങ്ങൾ 

പൊലീസിനെതിരെ ഉയരുന്ന വിമർശനമാണ് ഇതിനൊരു അപവാദം. പാർട്ടിക്കു പൊലീസ് വിധേയമല്ലെന്ന വിമർശനം ഏരിയ സമ്മേളനങ്ങളിൽ പൊതുവിൽ ഉയരുന്നു. പൊലീസിനെ ആർഎസ്എസിനു വിറ്റുവെന്നുവരെ ആരോപിക്കാൻ തലസ്ഥാനത്തെ ഒരു ഏരിയ സമ്മേളനത്തിൽ പ്രതിനിധികൾ ധൈര്യം കാട്ടി. എന്നാൽ, വിമർശനങ്ങൾ പൊതുവിൽ ക്രിയാത്മകമാണെന്നാണു നേതൃത്വത്തിന്റെ വിലയിരുത്തൽ. സംഘടിതമായും മുൻകൂട്ടി നിശ്ചയിച്ചും സർക്കാരിനെതിരെ ആക്രമണം അഴിച്ചുവിടുന്ന രീതിയില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

മത്സരം നടന്ന സമ്മേളനങ്ങളുണ്ടെങ്കിലും ഭൂരിപക്ഷം ഇടത്തും ഔദ്യോഗിക പാനൽ തന്നെയാണു തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ, സംസ്ഥാനതല ചേരിതിരിവിനു പകരം പ്രാദേശികമായ അഭിപ്രായവ്യത്യാസങ്ങളും നേതാക്കളെ ചുറ്റിപ്പറ്റിയുള്ള ഗ്രൂപ്പുകളിയും ശക്തമാണ്. അത്തരം ഭിന്നത പ്രതിഫലിച്ച സമ്മേളനങ്ങളിലെ അടിയൊഴുക്കുകൾ സംസ്ഥാന സമ്മേളനത്തിനു ശേഷം പരിശോധിക്കാനാണു തീരുമാനം. വലിയ തർക്കത്തെത്തുടർന്നു സമ്മേളനങ്ങൾ നിർത്തിവച്ച് അപ്പോൾ തന്നെ അച്ചടക്കനടപടി എടുക്കേണ്ടി വന്ന പഴയ കാലവുമായി തട്ടിച്ചുനോക്കുമ്പോൾ പിരിമുറുക്കം കുറഞ്ഞ സമ്മേളന കാലയളവ് എന്നു തന്നെയുള്ള വിലയിരുത്തലാണു നേതൃത്വത്തിന്റേത്. ‘‘ പാർട്ടിയിൽ രാഷ്ട്രീയ– സംഘടനാപരമായി തികഞ്ഞ യോജിപ്പാണുള്ളത്. ഗൗരവതരമായ പ്രശ്നങ്ങൾ ഒന്നും തന്നെ ഉയർന്നു വന്നിട്ടില്ല’’–: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ഒരു ഏരിയ സമ്മേളനത്തിൽപോലും മത്സരം നടക്കാതിരുന്ന എറണാകുളത്തും ആറിൽ അഞ്ച് ഏരിയ സമ്മേളനങ്ങളിലും മത്സരം നടന്ന വയനാട്ടിലുമാണ് ഇപ്പോൾ ജില്ലാ സമ്മേളനങ്ങൾ നടക്കുന്നത്. ഒരിക്കൽ വിഎസ് പക്ഷത്തിന്റെ ശക്തിദുർഗങ്ങളായിരുന്നു ഈ രണ്ടു ജില്ലകളും. വയനാട്ടിൽ മത്സരം നടന്ന രണ്ട് ഏരിയ സമ്മേളനങ്ങളിൽ ഏരിയ സെക്രട്ടറിമാർതന്നെ തോറ്റ് കമ്മിറ്റികളിൽ നിന്നു പുറത്തായി. കണ്ണൂർ നൽകിയ ഐക്യ സന്ദേശം മറ്റു ജില്ലകൾക്കും ബാധകമാകുമോയെന്നു വരും ദിവസങ്ങൾ വ്യക്തമാക്കും.

English Summary: CPM district conference Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com