ADVERTISEMENT

കോളജുകളുടെയും സർവകലാശാലകളുടെയും എണ്ണം കൂടിയതോടെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണം കുറഞ്ഞു. സർവകലാശാലകൾ കക്ഷിരാഷ്ട്രീയത്തിന്റെ വേദികളായി. സർക്കാരും ചാൻസലറും കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിച്ചാലേ ഈ രംഗത്ത് അനക്കമുണ്ടാക്കാനാകൂ. 

സ്വാതന്ത്ര്യം കിട്ടുന്നതിനുമുൻപ് ഇന്ത്യയിൽ വളരെക്കുറച്ചു സർവകലാശാലകളേ ഉണ്ടായിരുന്നുള്ളൂ. അവയുടെ ഭരണത്തിൽ ബ്രിട്ടിഷ് സർക്കാരും നാട്ടുരാജാക്കന്മാരും ദത്തശ്രദ്ധരായിരുന്നു. ഭരണകർത്താക്കൾ പ്രഗല്ഭരെ മാത്രം വൈസ് ചാൻസലർമാരായി നിയമിച്ചു. മാസം 6000 രൂപ ശമ്പളത്തിൽ തിരുവിതാംകൂർ യൂണിവേഴ്സിറ്റി (ഇന്നത്തെ കേരള യൂണിവേഴ്സിറ്റി) സാക്ഷാൽ ആൽബർട്ട് ഐൻസ്റ്റൈനെ വൈസ് ചാൻസലറാകാൻ ക്ഷണിച്ചുവെന്നതു ചരിത്രവസ്തുതയാണ്. യുഎസിലെ പ്രിൻസ്റ്റൻ യൂണിവേഴ്സിറ്റിയിൽ ചേരാൻ പോകുകയാണെന്നു പറഞ്ഞ് ഐൻസ്റ്റൈൻ പദവി വിനയപുരസരം നിരസിച്ചു.

സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷവും ഉന്നതവിദ്യാഭ്യാസരംഗത്തു മികവു പുലർത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ശ്രദ്ധിച്ചു. സ്വാതന്ത്ര്യസമരത്തിന്റെ ആദർശങ്ങൾ കാത്തുസൂക്ഷിച്ചിരുന്നവരായിരുന്നു അന്നത്തെ രാഷ്ട്രീയനേതൃത്വത്തിലെ പലരും. സംസ്ഥാനങ്ങളിലേക്കു ഗവർണർമാരായി അയയ്ക്കപ്പെട്ടവരും നല്ല ഖ്യാതിയുള്ളവരായിരുന്നു. വിവിധ സർവകലാശാലകളെ സംബന്ധിച്ചു നിയമനിർമാണം ആ കാലങ്ങളിൽ നടന്നപ്പോൾ സർവകലാശാലകളുടെ ചാൻസലർ പദവി ഗവർണർക്കു നൽകിയതു സ്വാഭാവികമായിരുന്നു.

ഉന്നതവിദ്യാഭ്യാസം അന്നൊക്കെ വളരെക്കുറച്ചുപേർക്കു മാത്രം പ്രാപ്യമായിരുന്ന ഒരു സ്വപ്നമായിരുന്നു എന്നതാണ് ഇക്കൂട്ടത്തിൽ ഓർക്കേണ്ട മറ്റൊരുകാര്യം. കാലക്രമേണ, പ്രത്യേകിച്ച് 1980കൾക്കു ശേഷം, ഈ രംഗത്തു ജനാധിപത്യവൽക്കരണം നടന്നു. വളരെയധികം കോളജുകളും സർവകലാശാലകളും നിലവിൽ വന്നു. ഈ അതിദ്രുതവികസനത്തിനിടെ ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരം കാത്തുസൂക്ഷിക്കാനായില്ല. അതോടൊപ്പം, സർവകലാശാലകൾ കക്ഷിരാഷ്ട്രീയത്തിന്റെ വേദികളുമായി. ഗവർണർ പദവിയിലും ഈ കാലത്തു മൂല്യശോഷണം സംഭവിച്ചു. മുഖ്യധാരാ രാഷ്ട്രീയത്തിൽനിന്നു മാറ്റി നിർത്തണമെന്നു കേന്ദ്രം ഭരിക്കുന്ന പാർട്ടിക്കാർക്കു തോന്നുന്നവർ ഗവർണർ പദവി കൂടുതലായി അലങ്കരിക്കാൻ തുടങ്ങി.

ഈ പശ്ചാത്തലത്തിൽ വേണം കണ്ണൂർ വിസി നിയമനം തുടങ്ങിയ കാര്യങ്ങൾ പറഞ്ഞു സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രിക്കു കത്തയച്ചതിനെയും അതിനെ ചുറ്റിപ്പറ്റി വിവാദങ്ങൾ ഉയർന്നതിനെയും വിലയിരുത്താൻ. ഇതിൽ അസ്വാഭാവികമായി ഒന്നുമില്ല. ചാൻസലർമാരുടെ പ്രധാന കർത്തവ്യം വൈസ് ചാൻസലർമാരെ നിയമിക്കുക എന്നതാണ്. അതിനായുള്ള ചട്ടങ്ങൾ അതതു സർവകലാശാലകളെ സംബന്ധിച്ച നിയമങ്ങളിൽ കാണാം. പൊതുവേ പറഞ്ഞാൽ, കേന്ദ്രം ഭരിക്കുന്ന പാർട്ടിയിൽനിന്നു വ്യത്യസ്തമായ ഒരു പാർട്ടിയാണു സംസ്ഥാനം ഭരിക്കുന്നതെങ്കിൽ വിസി നിയമനകാര്യത്തിൽ സംഘർഷം ഏതാണ്ട് ഉറപ്പാണെന്നു പറയാം.

ns-madhavan
എൻ.എസ്.മാധവൻ

ഇതു സംബന്ധിച്ച ഉദാഹരണങ്ങൾ പലതുണ്ടെങ്കിലും, കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്ഥിതിയിലേക്ക് എത്തിയതു ജയലളിത തമിഴ്നാട് ഭരിച്ച 1990കളുടെ ആദ്യകാലത്താണ്. കോൺഗ്രസ് നേതാവായിരുന്ന ചന്ന റെഡ്ഢിയായിരുന്നു ഗവർണർ. മദ്രാസ് യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറായി നിയമിക്കാൻ സമർപ്പിച്ച പേരുകളൊന്നും ഗവർണർ അംഗീകരിക്കാതിരുന്നപ്പോഴാണു ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള ശീതസമരം പൊട്ടിത്തെറിയുടെ വക്കിലെത്തിയത്. ഗവർണറെ ചാൻസലർ പദവിയിൽ നിന്നു മാറ്റുന്നതിനായി സർവകലാശാലാ നിയമങ്ങളിൽ ഭേദഗതി കൊണ്ടുവരുന്ന ബിൽ തമിഴ്നാട് നിയമസഭ പാസാക്കി. ബിൽ നിയമമാകാൻ ഗവർണറുടെ ഒപ്പു വേണമല്ലോ; അതു ഗവർണർ വച്ചു താമസിപ്പിച്ചു. അപ്പോഴേക്കും തിരഞ്ഞെടുപ്പു കഴിഞ്ഞ് ഡിഎംകെ ഭരണത്തിലെത്തിയതിനാൽ ബിൽ ഒരു കാര്യമല്ലാതായി.

ഭരണഘടനപ്രകാരം മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചു പ്രവർത്തിക്കാൻ ഗവർണർ ബാധ്യസ്ഥനാണ്. എന്നാൽ, ചാൻസലർ പദവി നിർവചിക്കപ്പെടുന്നതു സർവകലാശാലാ നിയമങ്ങളിലൂടെയാണ്. രാംദുലാരി സിൻഹ കേരളത്തിലെ ഗവർണറായിരുന്നപ്പോൾ യൂണിവേഴ്സിറ്റി സെനറ്റിലേക്കു സർക്കാരിന്റെ ശുപാർശ മറികടന്ന് 9 പേരെ നാമനിർദേശം ചെയ്തു. ഇതിനെ എതിർത്തു സമർപ്പിച്ച ഹർജി ഹൈക്കോടതി തീർപ്പാക്കിയത് ഇപ്രകാരമാണ്: ‘കേരള യൂണിവേഴ്സിറ്റി ആക്ട് 17-ാം വകുപ്പനുസരിച്ച്, ചാൻസലറിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച്, മന്ത്രിസഭയുടെ സഹായവും ഉപദേശവും ഇല്ലാതെ തന്നെ നാമനിർദേശങ്ങൾ ചെയ്യാനുള്ള അധികാരം ചാൻസലർക്കുണ്ട്.” (ഗോപാലകൃഷ്ണനും ചാൻസലർ, കേരള യൂണിവേഴ്സിറ്റിയും തമ്മിലുള്ള കേസ്, 1990.)

ചാൻസലറും ഗവർണറും ആയുള്ള ഗവർണറുടെ ഈ ദ്വന്ദവ്യക്തിത്വം ചില പ്രശ്നങ്ങൾക്കും വഴിവയ്ക്കുന്നു: ഭരണഘടനയനുസരിച്ചു ഗവർണർ കോടതികൾക്ക് അതീതനാണ്. എന്നാൽ, ചാൻസലർ എന്ന നിലയിൽ ഗവർണർക്ക് ഈ പരിരക്ഷ ഇല്ലെന്നാണു മധ്യപ്രദേശ് ഹൈക്കോടതി വിധിച്ചിട്ടുള്ളത്. അതുകൊണ്ടാണു പല കേസുകളിലും ചാൻസലർക്ക് കക്ഷിയാകേണ്ടി വരുന്നത്. സംസ്ഥാനത്തെ പരമോന്നതനായ ഭരണാധികാരി മറ്റു പദവികൾ വഹിക്കുന്നതു ഗവർണർ പദവിയുടെ മഹിമ കുറയ്ക്കും എന്നതുകൊണ്ടാണു കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് മദൻ മോഹൻ പുഞ്ചി കമ്മിഷൻ റിപ്പോർട്ട് ചാൻസലർ പദവിയിൽ നിന്നു ഗവർണറെ ഒഴിവാക്കണമെന്നു ശുപാർശ ചെയ്തത്.

സർവകലാശാലകളുടെ ചാലകശക്തികളായ വൈസ് ചാൻസലർമാരുടെ നിയമനങ്ങളിൽ രാഷ്ട്രീയാതിപ്രസരം കേരളത്തിൽ കടന്നുകൂടിയിട്ടു കാലം കുറച്ചായി. ആ പദവിക്കു യോജിക്കാത്ത കക്ഷിരാഷ്ട്രീയത്തിന്റെ പിണിയാളുകൾ വൈസ് ചാൻസലർമാരാകുന്നു. ബോർഡുകളും കോർപറേഷനുകളും വീതം വയ്ക്കുന്ന പോലെ യൂണിവേഴ്സിറ്റികൾ ഘടകകക്ഷികൾ പങ്കിട്ടെടുക്കുന്നു. ഇങ്ങനെ നിയമിക്കപ്പെടുന്ന വൈസ് ചാൻസലർമാരിൽ നിന്ന് എന്ത് അക്കാദമിക് ഔന്നത്യം പ്രതീക്ഷിക്കണം? യു.ആർ.അനന്തമൂർത്തി തുടങ്ങിയ പ്രഗല്ഭരെ വൈസ് ചാൻസലറാക്കി കൊണ്ടുവന്ന 1987ലെ നായനാർ മന്ത്രിസഭയ്ക്കു ശേഷം ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്താനുള്ള നടപടികൾ സർക്കാരുകളുടെ ഭാഗത്തുനിന്ന് വളരെക്കുറച്ചേ ഉണ്ടായിട്ടുള്ളൂ. നിലവിലെ ചട്ടങ്ങൾക്കുള്ളിൽ നിന്ന് സർക്കാരും ചാൻസലറും കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവർത്തിച്ചാലേ ഈ രംഗത്ത് അനക്കം ഉണ്ടാകുകയുള്ളൂ. ഓർക്കുക, ഐൻസ്റ്റൈനെ കൊണ്ടുവരാൻ ശ്രമിച്ച നാടാണിത്. 

car

ആപ്പിനു തലവച്ചവരുടെ ഗതികേടുകൾ

മഞ്ഞു പെയ്യുന്ന രാത്രിയിൽ ട്രാവിസ് കലാനിക്കിനും അദ്ദേഹത്തിന്റെ കൂട്ടുകാരനും ടാക്സി കിട്ടാതെ പാരിസിലൂടെ അലഞ്ഞു നടക്കേണ്ടി വന്നു. അതിൽ നിന്നാണു ടാക്സികളെയും യാത്രക്കാരെയും ബന്ധിപ്പിക്കുന്ന ആപ്പിന്റെ ആശയം, ഇപ്പോൾ ഊബറിന്റെ സിഇഒയായ കലാനിക്കിന്റെ തലയിലുദിച്ചത്. അദ്ദേഹത്തിനൊരു കേരളബന്ധം കൂടിയുണ്ട്: വർഷങ്ങൾക്കു മുൻപു വർക്കലയിൽ ആഴ്ചകളോളം അദ്ദേഹവും സംഘവും താമസിച്ചു കോഡിങ് നടത്തിയിരുന്നു.

ഇത്തരം ആപ്പുകൾ നമ്മുടെ ജീവിതം എളുപ്പമാക്കി. ടാക്സി ഡ്രൈവർമാർക്കു പതിവിലും കൂടുതൽ യാത്രക്കാരെ കിട്ടി. ആവശ്യക്കാർ കൂടുമ്പോൾ ടാക്സിക്കൂലി കുത്തനെ ഉയർത്തുന്ന ‘സർജ് പ്രൈസിങ്’ പോലെയുള്ള ചില്ലറ അലോസരങ്ങൾ ഒഴിച്ചാൽ ഈ ആപ്പുകൾ വലിയ സൗകര്യമായിരുന്നു. എന്നാൽ മധുവിധു കുറച്ചു കൊല്ലങ്ങളേ നീണ്ടുനിന്നുള്ളൂ.

അടുത്തിടെ ഡൽഹിയിൽ ഊബർ വിളിച്ചപ്പോൾ വിചിത്രമായ അഭ്യർഥന ഡ്രൈവറുടെ ഭാഗത്തുനിന്നു കേൾക്കാനിടയായി: ട്രിപ് കാൻസൽ ചെയ്യാനാണ് അയാൾ അഭ്യർഥിച്ചത്. അയാൾ വന്നുകൊള്ളാമെന്നും ആപ്പിൽ കാണിച്ച തുക തന്നാൽ മതിയെന്നും പറഞ്ഞു. പല ഡ്രൈവർമാരും ഇതേ ആവശ്യം ആവർത്തിച്ചപ്പോൾ ഡൽഹിയിൽ ഇതു പതിവാണെന്നു മനസ്സിലായി. കേരളത്തിൽ ഇപ്പോൾ ഇത്തരം ആപ്പുകളിലൂടെ വണ്ടി കിട്ടാതെയായി. ഈ ആപ്പുകൾ മുന്നിൽക്കണ്ട് യാത്ര നടത്താമെന്നു പദ്ധതിയിടുന്നതു മണ്ടത്തരമായിരിക്കും. കേരളത്തിൽ ഈ ആപ്പുകൾ അവയുടെ നാളുകളെണ്ണുന്നു.

എന്താണു സംഭവിക്കുന്നത്? വിവരസാങ്കേതികവിദ്യയുടെ ബലിയാടുകളാണു ഗിഗ് തൊഴിലാളികൾ എന്നു പറയുന്ന ഭക്ഷ്യവിതരണ ആപ്പുകളിലെ വിതരണക്കാർ, ടാക്സി ലഭിക്കുന്ന ആപ്പുകളിലെ ഡ്രൈവർമാർ തുടങ്ങി വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ. സംഘടിത തൊഴിൽ മേഖല പോലെ ഇവർക്കു നിയമ പരിരക്ഷ ലഭിക്കുന്നില്ല. ലാഭം കൂട്ടാൻ ഈ ആപ്പുകളുടെ ഉടമസ്ഥരായ മുതലാളിമാർ ഗിഗ് തൊഴിലാളികളെ ഞെക്കിപ്പിഴിയുകയാണ് ആദ്യം ചെയ്യുക. അവരുടെ വേതനം കുറച്ചു മുതലാളിമാർ ലാഭം കൂട്ടുന്നു.

ടാക്സി വിളിക്കാൻ    സഹായിക്കുന്ന ആപ്പുകളിൽ സംഭവിക്കുന്നതും ഇതുതന്നെയാണ്. ഊബർ ഇപ്പോൾ ഒരു ട്രിപ്പിനു ഡ്രൈവർമാരുടെ അടുത്തുനിന്നു വാങ്ങുന്നത് 35% കമ്മിഷനാണ്. അതുകൊണ്ടും   തീരുന്നില്ല; ആവശ്യക്കാർ കുറഞ്ഞ സമയത്ത് (ലോ ഡിമാൻഡ്)     കമ്മിഷൻ 46 % ആയി ഉയരുന്നു. കാറും ഇന്ധനവും അറ്റകുറ്റപ്പണിയുമെല്ലാം ഡ്രൈവർമാരുടെ ചുമതല; എന്നിട്ട് അയാളുടെ വരുമാനത്തിന്റെ ഏതാണ്ടു പകുതിയോളം മുതലാളിമാർ പിടിച്ചെടുക്കുന്നു. ഗതികെട്ട ഡ്രൈവർമാർ ഒന്നുകിൽ കേരളത്തിലെപ്പോലെ പണിക്കു പോകാതെയായി, അല്ലെങ്കിൽ ‍ഡൽഹിയിലെപ്പോലെ വിചിത്രമായ ആവശ്യങ്ങളുമായി വരുന്നു. വളരെ ജനോപകാരപ്രദമായ ആപ്പുകളാണിവ. ഇവകൊണ്ട് ആയിരക്കണക്കിനു കുടുംബങ്ങൾ ഒരുകാലത്ത് കഴിഞ്ഞിരുന്നു. ഇപ്പോൾ അവർ നടത്തുന്നതു പകൽക്കൊള്ളയ്ക്കു തുല്യമാണ്. അതുകൊണ്ടു സർക്കാർ അടിയന്തരമായി ഈ മേഖലയിൽ ശ്രദ്ധിച്ചേ തീരൂ.

മോട്ടർ വെഹിക്കിൾസ് (ഭേദഗതി) നിയമം, 2019 അനുസരിച്ച് ഇത്തരം ആപ്പുകളെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ, ഡിസംബർ 2020ൽ ആദ്യമായി ‘മോട്ടർ വെഹിക്കിൾസ് അഗ്രഗേറ്റർ മാർഗനിർദേശങ്ങൾ’ പുറത്തിറക്കിയിട്ടുണ്ട്. അവ നടപ്പിലാക്കേണ്ടതു സംസ്ഥാന സർക്കാരുകളുടെ ചുമതലയാണ്. മാർഗനിർദേശങ്ങളിൽ പറയുന്ന പ്രധാനപ്പെട്ട കാര്യം കമ്പനികൾ 20 ശതമാനത്തിൽ കൂടുതൽ കമ്മിഷൻ ചുമത്താൻ പാടില്ലെന്നാണ്.

സ്കോർപിയൺ കിക്ക്

പുരുഷന്മാരെപ്പോലെ സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കാൻ കേന്ദ്ര മന്ത്രിസഭാ തീരുമാനം.

സർവത്ര ജെൻഡർ ന്യൂട്രൽ!

English Summary: Kerala varsities and political games

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com